അഴിമതിയുടെ വിഷയത്തിൽ ഏഷ്യ-പസഫിക് മേഖലയിലെ മുഴുവൻ രാജ്യങ്ങളെയും ഇന്ത്യ കടത്തിവെട്ടി മുന്നേറുകയാണെന്ന് ഓർമിപ്പിക്കുന്നത് ‘ട്രാൻസ്പരൻസി ഇൻറർനാഷനലി’െൻറ അഴിമതിയെക്കുറിച്ചുള്ള 2017ലെ പഠനങ്ങളാണ്. പൊതുമേഖല ബാങ്കുകളുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകൾ യഥാർഥത്തിൽ ഭരണനേതൃത്വവും കോർപറേറ്റ് അമരക്കാരും ബ്യൂറോക്രസിയും ചേർന്ന് നടത്തുന്ന ഭീമൻ കുംഭകോണങ്ങളുടെ അരികുമാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്നിനു പിറകെ മറ്റൊന്നായി ഓരോ ദിവസവും കൊമ്പൻ സ്രാവുകൾ, കേട്ടാൽ ഞെട്ടുന്ന തുക തട്ടിയെടുത്ത് നാട് വിട്ടെന്നോ അറസ്റ്റിലായെന്നോ അറിയുമ്പോൾ ഇതെന്തൊരു വെള്ളരിക്കാപ്പട്ടണമാണെന്ന് സാമാന്യ ജനം അമ്പരപ്പോടെ ചോദിച്ചുപോകാം. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 11,800 കോടി തട്ടി വജ്രവ്യാപാരി നീരവ് മോദി കുടുംബസമേതം രാജ്യം വിട്ട വാർത്തയുടെ ഞെട്ടൽ വിട്ടുമാറുന്നതിനുമുമ്പാണ് റോട്ടോമാക് പേന വ്യവസായി വിക്രം കോത്താരി 3695 കോടി തട്ടിയ റിപ്പോർട്ട് വരുന്നത്. ഇതിനെല്ലാം പുറമെ, കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 61,260 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് നേരത്തേതന്നെ ആർ.ബി.ഐ വെളിപ്പെടുത്തിയതാണ്.
കിട്ടാക്കടം എന്ന് ഓമനപ്പേരിട്ട് എഴുതിത്തള്ളുന്ന ഏർപ്പാടുതന്നെ പച്ചയായ അഴിമതിയാണ്. വൻകിട ബിസിനസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഭരിക്കുന്ന സർക്കാറും കൂടിച്ചേർന്നു നടത്തുന്ന വൻ തട്ടിപ്പാണിത്. ലക്ഷക്കണക്കിന് കോടികളുടെ അവിഹിത ഇടപാട് ബാങ്കിങ് മേഖലയിൽ നടമാടുന്നുണ്ട്. ഖജനാവിൽനിന്ന് ഒഴുക്കുന്ന പണമാണ് പൊതുമേഖല ബാങ്കുകൾ ഇത്തരത്തിൽ ധൂർത്തടിക്കുന്നത്. രാജ്യത്തിെൻറ ധനകാര്യവ്യവസ്ഥയുടെ അടിത്തറയാണ് ഇതുവഴി തകർന്നുകൊണ്ടിരിക്കുന്നത്. ആരാണ് ഉത്തരവാദി എന്ന് ചോദിച്ചാൽ ഭരിക്കുന്ന സർക്കാർ മുൻഗാമികളിലേക്ക് വിരൽചൂണ്ടി സ്വയം രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പതിവ്. അഴിമതിയുടെ വിഷയം വരുമ്പോൾ വിശദീകരണം നൽകേണ്ട ധനമന്ത്രിപോലും മൗനം ദീക്ഷിക്കുന്ന നിരുത്തരവാദപരമായ രീതി. പഞ്ചാബ് നാഷനൽ ബാങ്കിലെ ഗുരുതര ക്രമക്കേടിനെക്കുറിച്ച് ഇതുവരെ വായ അടക്കിപ്പിടിച്ച ധനമന്ത്രി അരുൺ െജയ്റ്റ്ലി ഒടുവിൽ നാവെടുത്തപ്പോൾ കുറ്റഭാരം ബാങ്ക് മേധാവികളുടെയും ഓഡിറ്റർമാരുടെയും പിരടിയിൽവെച്ച് തലയൂരാൻ ശ്രമിക്കുന്നുണ്ട്. നീരവ് മോദിമാർ അധികാരിവർഗത്തിെൻറ തണലിൽ വിലസുന്നവരായതുകൊണ്ടാണ് ബാങ്കുകാർ നിർലോഭം വായ്പകൾ നൽകി, അവരുടെ ദുര ശമിപ്പിക്കാൻ കൂട്ടുനിൽക്കുന്നതെന്ന വലിയ സത്യം െജയ്റ്റ്ലി അടക്കമുള്ളവർ വിസ്മരിച്ചുകളയുന്നു.
അഴിമതിയുടെ കാലം കഴിെഞ്ഞന്നും മുൻ സർക്കാറിെൻറ കാലത്തെ ഭരണസംസ്കാരം തൂത്തെറിെഞ്ഞന്നുമൊക്കെ വിദേശമണ്ണിൽ വെച്ച് ഗീർവാണം മുഴക്കുന്ന പ്രധാനമന്ത്രി മോദി, രാജ്യത്തിെൻറ സമ്പത്ത് ഇമ്മട്ടിൽ ഏതാനും പേർ കൊള്ളയടിച്ചുകൊണ്ടുപോയിട്ടും മിണ്ടാത്തത് വ്യവസ്ഥിതിയുടെ തകർച്ചയിൽ തെൻറ പങ്ക് ചർച്ച ചെയ്യപ്പെടാതിരിക്കാനാവണം. ജനങ്ങൾക്ക് പെരുത്ത് ദുരിതങ്ങൾ സമ്മാനിച്ച് നടപ്പാക്കിയ നോട്ട് അസാധുവാക്കൽ നടപടിയുടെ മുഖ്യലക്ഷ്യമായി പറഞ്ഞത് കള്ളപ്പണവും അഴിമതിയും നിർമാർജനം ചെയ്യുക എന്നതാണ്. എന്നാൽ, സ്വതന്ത്ര ഇന്ത്യയിൽ ധനകാര്യ സ്ഥാപനങ്ങൾ വഴി ഇമ്മട്ടിലുള്ള ഭീമമായ തട്ടിപ്പുകൾ നടന്ന ഒരു കാലഘട്ടം ഉണ്ടായിട്ടിെല്ലന്ന് തീർച്ചയാണ്. മുന്നറിയിപ്പുകളും രഹസ്യറിപ്പോർട്ടുകളും ഉണ്ടായിട്ടും അവിഹിത ഇടപാടുകൾ തടയുന്നതിന് തലപ്പത്തിരിക്കുന്നവർ ഒന്നും ചെയ്തില്ല എന്നാണ് മനസ്സിലാക്കേണ്ടത്. സാമ്പത്തിക ക്രമക്കേടുകൾക്ക് കൂട്ടുനിന്ന ഐ.എ.എസ് ഓഫിസർമാർ വരെ ഉൾപ്പെട്ട 23 കേസുകൾ സെൻട്രൽ വിജിലൻസ് കമീഷൻ ഹാജരാക്കിയിട്ടും േപ്രാസിക്യൂഷന് അനുമതി നൽകേണ്ട പ്രധാനമന്ത്രിയുടെ ഓഫിസ് 2014 മുതൽ അതിന്മേൽ അടയിരിക്കുകയാണെത്ര. സീനിയർ എക്സിക്യൂട്ടിവ് അടക്കം തിരിമറിക്ക് ഒത്താശചെയ്ത 39 ഉദ്യോഗസ്ഥർ അങ്ങനെ നിയമത്തിനു പിടികൊടുക്കാതെ, ഭരണത്തിെൻറ തണലിൽ, മല്യമാർക്കും മോദിമാർക്കും കോത്താരിമാർക്കും പാദസേവ ചെയ്ത് ജീവിതം സുഖദായകമാക്കുന്നു.
കോർപറേറ്റ് ഭീമന്മാരും ഇത്തരം ഉദ്യോഗസ്ഥരും ബാങ്ക് മേധാവികളും ചേർന്നു നടത്തുന്ന കള്ളക്കളികളാണ് എല്ലാറ്റിനുമൊടുവിൽ കിട്ടാക്കടമായും പാപ്പർസ്യൂട്ടായുെമാക്കെ വേഷപ്രച്ഛന്നമായി വരുന്നത്. തനിക്കെതിരെ നടപടി സ്വീകരിച്ച ബാങ്ക് അധികൃതരെ തൃണവൽഗണിച്ച്, താൻ ഇനി കുടിശ്ശിക അടക്കില്ല എന്ന് പറയാൻ മാത്രം നീരവ് മോദിക്ക് ധൈര്യം കിട്ടുന്നത് എവിടെനിന്നാണെന്ന് അന്വേഷിക്കുമ്പോഴാണ് ഭരണത്തിെൻറ തലപ്പത്തിരിക്കുന്നവരുടെ അനുഗ്രഹാശിസ്സുകൾ ഇവർക്ക് യഥേഷ്ടം ലഭിക്കുന്നുണ്ടെന്ന സത്യം വെളിപ്പെടുന്നത്. മറ്റു രാജ്യങ്ങളിലെ ധനകാര്യസ്ഥാപനങ്ങളിലും ക്രമവിരുദ്ധമായ ഇടപാടുകൾ അരങ്ങേറാറുണ്ടെങ്കിലും ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്നത് അത്യപൂർവ സംഭവമാണ്. ബാങ്കിങ് മേഖലയുടെ വിശ്വാസ്യത പൂർണമായി തകർന്നുകഴിഞ്ഞു. തെറ്റുതിരുത്താനും വിശ്വാസ്യത വീണ്ടെടുക്കാനും പ്രാപ്തിയും ഇച്ഛാശക്തിയുമുള്ള ഭരണനേതൃത്വം നമുക്കില്ല എന്നതാണ് ഭാവി കൂടുതൽ ഇരുളുറഞ്ഞതാക്കുന്നത്. അഴിമതിയുടെ കൊടുമുടിയിൽ കയറിയിരുന്ന് രാജ്യസ്നേഹത്തിെൻറ മന്ത്രങ്ങൾ ഉരുവിടുന്നവരെ സന്ദർഭം തരപ്പെടുമ്പോൾ ജനം കൈകാര്യം ചെയ്യുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.