കാവിപുരണ്ട ആരോഗ്യരംഗം


ഇന്ത്യൻ ചികിത്സാ പദ്ധതികളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായുള്ള കേന്ദ്രസർക്കാറിന് കീഴിലുള്ള സ്ഥാപനമാണ് നാഷനൽ കമീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ (എൻ.സി.ഐ.എസ്.എം). രണ്ടു വർഷം മുമ്പ് നിലവിൽവന്ന ഈ സ്ഥാപനം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിചിത്രമായൊരു സർക്കുലർ പുറപ്പെടുവിക്കുകയുണ്ടായി. രാജ്യത്തെ അംഗീകൃത ആയുർവേദ മെഡിസിൻ ബിരുദ കോഴ്സായ ബി.എ.എം.എസിൽ പുതുതായി ഒരു വിഷയംകൂടി ചേർക്കുന്നു: മെഡിക്കൽ അസ്ട്രോളജി. സംഘ്പരിവാറിന് വലിയ സ്വാധീനമുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അസ്ട്രോണമിക്കൽ സയൻസസിന്റെ ആശീർവാദത്തോടെ മെഡിക്കൽ ബിരുദ വിദ്യാർഥികളെ മന്ത്രവാദവും ജ്യോതിഷവുമെല്ലാം പഠിപ്പിക്കുകയാണ് ഇത്തരമൊരു സിലബസ് മാറ്റത്തിലൂടെ എൻ.സി.ഐ.എസ്.എം ലക്ഷ്യമിട്ടത്. ആധുനിക ശാസ്ത്രം അസംബന്ധമെന്ന് തള്ളിയ കാര്യങ്ങൾ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ കരിക്കുലത്തിൽ ഉൾപ്പെടുത്താനുള്ള നീക്കം പക്ഷേ വിജയിച്ചില്ല.

ബ്രേക് ത്രൂ സയൻസ് സൊസൈറ്റിപോലുള്ള ശാസ്ത്ര സംഘടനകളും ഏതാനും യുക്തിവാദി പ്രസ്ഥാനങ്ങളും കേന്ദ്രനീക്കത്തിനെതിരെ ശക്തമായ കാമ്പയിൻ ആരംഭിച്ചതോടെ എൻ.സി.ഐ.എസ്.എമ്മിന് ദൗത്യത്തിൽനിന്ന് പിൻവാങ്ങേണ്ടിവന്നു. ഇത്രയും കാലം കേവല മിത്തുകളായി പരിഗണിച്ചിരുന്ന വിഷയങ്ങളെ ആദ്യം ചരിത്രമായും പിന്നീട് ശാസ്ത്ര-വിജ്ഞാനീയ പദ്ധതിയായും പരിവർത്തിപ്പിക്കുന്ന സംഘ്പരിവാർ പദ്ധതിയുടെ ഒരധ്യായം മാത്രമാണിത്. ഇതല്ലാതെയും നിരവധി കാവിവത്കരണ ശ്രമങ്ങൾ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ അഭംഗുരം നടന്നുകൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ആ നീക്കങ്ങൾക്ക് വേഗവും കൂടി. നാഷനൽ മെഡിക്കൽ കമീഷന്റെ ലോഗോയിൽ ധന്വന്തരിയെ പ്രതിഷ്ഠിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഹിന്ദുത്വയുടെ ആശയപ്രചാരണത്തിന് ഭരണകൂട സംവിധാനങ്ങളെ ഇവ്വിധം ഫാഷിസ്റ്റ് സർക്കാർ ഉപയോഗപ്പെടുത്തുന്ന നിർലജ്ജമായ പ്രവണതക്കെതിരെ പ്രതിഷേധിച്ചേ മതിയാകൂ.

ദേശീയ ചിഹ്നമായ അശോകസ്തംഭം ഒഴിവാക്കിയാണ് ഹിന്ദു ദൈവമായ ധന്വന്തരിയെ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം, ഇന്ത്യ എന്നതിന് പകരം മറ്റു പലയിടങ്ങളിലും ചെയ്തതുപോലെ ‘ഭാരതം’ എന്ന് പേരുമാറ്റുകയും ചെയ്തിരിക്കുന്നു. അടിയന്തരമായുള്ള ഈ മാറ്റത്തിന് പിന്നിലെന്തെന്ന് വ്യക്തം. ദേവന്മാരുടെ വൈദ്യനായ ദേവൻ എന്നതാണ് ധന്വന്തരിയെക്കുറിച്ചുള്ള സങ്കൽപം. വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്ന ധന്വന്തരിയെ വേദങ്ങളും പുരാണങ്ങളും ആരോഗ്യത്തിന്റെയും ചികിത്സയുടെയും ദൈവമായാണ് വർണിച്ചിട്ടുള്ളത്. തീർത്തും ഹൈന്ദവ മതവിശ്വാസത്തിന്റെ ഭാഗമാണ് ധന്വന്തരി. അങ്ങനെയൊരു ദൈവസങ്കൽപത്തെ മെഡിക്കൽ കമീഷൻ ലോഗോയിൽ ഉൾപ്പെടുത്തുക വഴി ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷതയുടെ നഗ്നമായ ലംഘനമാണെന്നുതന്നെ പറേയണ്ടിവരും. ഇതിപ്പോൾ, ആദ്യമായല്ല മെഡിക്കൽ കമീഷൻ ഇത്തരം നീക്കങ്ങൾ നടത്തുന്നത്.

നേരത്തേ, എം.ബി.ബി.എസ് വിദ്യാർഥികൾ കോഴ്സ് പൂർത്തീകരിച്ചശേഷം എടുക്കേണ്ട ഹിപ്പോക്രാറ്റസ് പ്രതിജ്ഞക്കു പകരം, ‘ചരകശപഥം’ ചൊല്ലിയാൽ മതിയെന്ന് കമീഷൻ നിർദേശിച്ചതും വിവാദമായിരുന്നു. ഹൈന്ദവ ദർശനങ്ങളുടെയും സങ്കൽപനങ്ങളുടെയും ബിംബങ്ങളും മറ്റും വളരെ ആസൂത്രിതമായി ഇപ്രകാരം ചേർക്കുന്നത് ഹിന്ദുത്വ പ്രചാരണത്തിന്റെ ഭാഗമായാണ്; മറ്റു പല മേഖലകളിലെന്നപോലെ ആരോഗ്യമേഖലയിൽ ഈ പ്രവണത തുടരുമ്പോൾ അത് വലിയ അപകടങ്ങൾക്ക് വഴിതുറക്കും. ഇപ്പോൾതന്നെ, നമ്മുടെ ആരോഗ്യമേഖല ഏറെ ശോഷിച്ച സ്ഥിതിയിലാണ്. കേരളത്തിന്റെ സുരക്ഷിതമായ തുരുത്തിലിരുന്ന് നോക്കുമ്പോൾ വലിയ പ്രശ്നങ്ങളില്ലെന്ന് തോന്നാം. എന്നാൽ, വിവിധ ആരോഗ്യ സൂചികകൾ പരിശോധിക്കുമ്പോൾ പല സംസ്ഥാനങ്ങളുടെയും അവസ്ഥ ഏറെ ദയനീയമാണ്. കോവിഡ് കാലം സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയിൽനിന്ന് ഇനിയും മോചനം നേടാത്ത ഒരു രാജ്യത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ട പല മേഖലകളുണ്ട്. അവയിൽനിന്നെല്ലാം തെന്നിമാറി, ഹിന്ദുത്വ പോപുലിസത്തിൽ അഭിരമിക്കുകയാണ് ആരോഗ്യവകുപ്പും കേന്ദ്രസർക്കാറും.

മേൽസൂചിപ്പിച്ച കാവിവത്കരണ പരിപാടികളല്ലാതെ, ജനകീയാരോഗ്യം മുൻനിർത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്തെങ്കിലും ക്രിയാത്മകമായി ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല. അതേസമയം, മാതൃകാപരമായി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങൾക്ക് പാരപണിയാനും അവരുടെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കാനും കേന്ദ്രം ആവത് ശ്രമിക്കുന്നുമുണ്ട്. കേരളത്തിൽ, ഏതാനും വർഷങ്ങളായി സാമാന്യം നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പദ്ധതിയാണ് ആർദ്രം മിഷൻ. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നിർമിച്ച ‘ജനകീയാരോഗ്യ കേന്ദ്ര’ങ്ങളുടെ പേര് ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്ന് മാറ്റണമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്രം നിർദേശിച്ചത് അധികം വാർത്തയായിട്ടില്ല.

പുനർനാമകരണം മാത്രമല്ല, അതോടൊപ്പം ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈൻകൂടി നൽകി പദ്ധതിക്ക് വൻ പരസ്യം നൽകാനും മന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്. ഈ പദ്ധതിയുടെ 95 ശതമാനം ചെലവും വഹിക്കുന്നത് സംസ്ഥാന സർക്കാറാണെന്നോർക്കണം. അപ്പോൾ വിജയകരമായൊരു പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാനുള്ള പരിപാടിയാണ്. അതോടൊപ്പം, ക്ഷേത്രത്തിന് പകരമായി പലപ്പോഴും ഉപയോഗിക്കാറുള്ള ‘മന്ദിർ’ പോലെയുള്ള പദങ്ങൾകൂടിയാകുമ്പോൾ അതിന് മറ്റു രാഷ്ട്രീയ അജണ്ടകളുമുണ്ട്. കേന്ദ്രത്തിന്റെ ധനസഹായം ലഭ്യമാക്കാൻ ഇത്തരം പേരുമാറ്റങ്ങൾ മാനദണ്ഡമായി കണക്കാക്കുമെന്ന ധനകാര്യ മന്ത്രിയുടെ പ്രസ്‍താവനയിൽ ഭീഷണിയുടെ സ്വരവുമുണ്ട്. ഫെഡറൽ മൂല്യങ്ങൾക്കുനേരെയുള്ള പച്ചയായ കടന്നുകയറ്റമായിക്കൂടി ഇതിനെ കാണണം. ചുരുക്കത്തിൽ, ആരോഗ്യമന്ത്രാലയമിപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് സമ്പൂർണമായും ഫാഷിസ്റ്റ് അജണ്ടയിലാണെന്ന് പറയേണ്ടിവരും. ഈ നീക്കം ചെറുക്കപ്പെടേണ്ടതുണ്ട്. 

Tags:    
News Summary - National Commission for Indian System of Medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT