ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമീഷന് ‘എ’ പദവി പുതുക്കിനൽകാൻ ആഗോള മനുഷ്യാവകാശ കൂട്ടായ്മ (ഗ്ലോബൽ അലയൻസ് ഓഫ് ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻസ്) വിസമ്മതിച്ചത് ഒരു ഓർമപ്പെടുത്തലാണ്. യു.എൻ അംഗീകാരമുള്ള ഗ്ലോബൽ അലയൻസാണ് വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ കമീഷനുകളെയും പ്രസ്ഥാനങ്ങളെയും വിലയിരുത്തി അക്രഡിറ്റേഷൻ നൽകുന്നത്. ലോകമെങ്ങുമുള്ള 110 മനുഷ്യാവകാശ സംഘങ്ങളെ പ്രതിനിധാനംചെയ്യുന്ന ഈ കൂട്ടായ്മ, യു.എൻ അംഗീകരിച്ച ‘പാരിസ് തത്ത്വങ്ങ’ളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ നടത്തുക. അഞ്ചുവർഷം കൂടുമ്പോൾ നടത്തുന്ന വിലയിരുത്തലിൽ എപ്പോഴും ‘എ’ ഗ്രേഡ് നേടി വന്നിരുന്ന ഇന്ത്യ ആദ്യമായി പിറകോട്ടടിച്ചത് 2016ലാണ്. അന്നും ‘എ’ പദവി പുതുക്കുന്നത് നീട്ടിവെക്കുകയായിരുന്നു -ഒരു കൊല്ലത്തിനകം ന്യൂനതകൾ പരിഹരിക്കണമെന്ന നിർദേശത്തോടെ. 2017ൽ ആ പദവി പുനഃസ്ഥാപിച്ചു.
ഇപ്പോഴും ഗ്ലോബൽ അലയൻസ് എടുത്തുപറഞ്ഞ കുറവുകൾ പരിഹരിക്കാൻ ഒരുവർഷത്തെ സാവകാശം നൽകിയിട്ടുണ്ട്. അക്രഡിറ്റേഷൻ ഇല്ലാതായാൽ ഇന്ത്യക്ക് യു.എൻ മനുഷ്യാവകാശ കൗൺസിലിലെ അംഗത്വം നഷ്ടപ്പെടും. ദേശീയ മനുഷ്യാവകാശ കമീഷന്റെ പ്രവർത്തനത്തിലുള്ള രാഷ്ട്രീയ ഇടപെടലാണ് അക്രഡിറ്റേഷൻ പുതുക്കുന്നതിലെ ഒരു പ്രധാന തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കമീഷൻ അംഗങ്ങളെ നിയമിക്കുന്നതിൽ കേന്ദ്രസർക്കാർ ഇടപെടുന്നു, പൗരസമൂഹവുമായും മനുഷ്യാവകാശ സംഘടനകളുമായുമുള്ള കമീഷന്റെ ബന്ധം കലുഷമാകുന്നു, കമീഷൻ അംഗങ്ങളിൽ നാനാത്വവും ബഹുസ്വര പ്രാതിനിധ്യവും ഇല്ലാതാകുന്നു, മനുഷ്യാവകാശ ലംഘനങ്ങൾ കമീഷൻ അന്വേഷിക്കുമ്പോൾ അതിൽ പൊലീസ് ഉദ്യോഗസ്ഥർ ഇടപെടുന്നു തുടങ്ങിയ പ്രശ്നങ്ങൾ ഗ്ലോബൽ അലയൻസ് എടുത്തുപറഞ്ഞിട്ടുണ്ട്.
1999ൽ യു.എൻ അംഗീകൃത അക്രഡിറ്റേഷൻ സമ്പ്രദായം തുടങ്ങിയതു മുതൽ മുടങ്ങാതെ ‘എ’ പദവി നേടിക്കൊണ്ടിരുന്ന രാജ്യമാണ് ഇന്ത്യ. നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷമുള്ള രണ്ടുതവണയും ഗ്ലോബൽ അലയൻസിന് അക്രഡിറ്റേഷൻ പിടിച്ചുവെക്കേണ്ടിവന്നു എന്നത് ശ്രദ്ധേയമാണ്. 2016ൽ അവർ ഉയർത്തിയ ആശങ്കകൾക്കുശേഷം ‘എ’ ഗ്രേഡ് പുനഃസ്ഥാപിക്കുമ്പോൾ, ആ ആശങ്കകൾ പൂർണമായും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാജ്യത്ത് മനുഷ്യാവകാശരംഗത്ത് സ്ഥിതിഗതികൾ മോശമാകുന്നതായുള്ള പരാതികൾ വർധിക്കുകയും 2017ൽ ഗ്ലോബൽ അലയൻസ് ഉന്നയിച്ച പ്രശ്നങ്ങൾ തിരുത്തപ്പെടാതെ കിടക്കുകയും ചെയ്യുന്നതിനാലാണ് ഇപ്പോൾ വീണ്ടും അക്രഡിറ്റേഷൻ നീട്ടിവെച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. കമീഷന്റെ പ്രവർത്തനസ്വാതന്ത്ര്യത്തെ ഹനിക്കുന്നരീതിയിൽ നിയമനങ്ങളിലുള്ള സർക്കാർസ്വാധീനം തുടരുകയാണ്. ഐ.എ.എസുകാരനായ ദേവേന്ദ്രകുമാർ സിങ് ആണ് കമീഷന്റെ സെക്രട്ടറി ജനറൽ. സുപ്രീംകോടതി ജഡ്ജി ആയിരിക്കെ നരേന്ദ്ര മോദിയെ പ്രശംസിച്ച് വിവാദം സൃഷ്ടിച്ച അരുൺകുമാർ മിശ്രയാണ് കമീഷന്റെ അധ്യക്ഷൻ. ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക് കീഴിൽ കമീഷന് സ്വതന്ത്രമായി പ്രവർത്തിക്കാനാവില്ല എന്ന ആശങ്ക അസ്ഥാനത്തല്ല. പൊതുസമൂഹവുമായും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായും ചേർന്ന് രചനാത്മകമായി പ്രവർത്തിക്കാൻ ഇന്ത്യയിലെ ദേശീയ കമീഷന് കഴിയുന്നില്ലെന്നും ഗ്ലോബൽ അലയൻസ് ആരോപിക്കുന്നു. ആംനസ്റ്റി ഇന്റർനാഷനൽ, സെന്റർ ഫോർ പോളിസി റിസർച്, കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനീഷ്യേറ്റിവ് തുടങ്ങിയ വിവിധ മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രം ശ്രമം നടത്തുമ്പോൾ ദേശീയ കമീഷൻ നിഷ്ക്രിയത്വം പുലർത്തുന്നു എന്നതൊരു വസ്തുതയാണ്. ആറു കാര്യങ്ങൾ മനുഷ്യാവകാശ കമീഷനുകൾക്ക് ഉണ്ടാകേണ്ടതുണ്ട്. മതിയായ അധികാരം, സർക്കാറിനോട് ആശ്രിതത്വമോ വിധേയത്വമോ ഉണ്ടാകാത്ത വിധത്തിൽ പ്രവർത്തനസ്വാതന്ത്ര്യം, ഭരണഘടന അംഗീകരിച്ച സ്വയാധികാരം, ബഹുസ്വരത, ആവശ്യാനുസരണം വിഭവങ്ങൾ, അന്വേഷണാധികാരം എന്നിവ അവക്ക് നിർബന്ധമാണ്.
ഇന്ത്യയിൽ പോരായ്മകൾ നേരത്തേ ഉണ്ടെങ്കിലും അടുത്തകാലത്തായി അവ ശരിക്കും പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാറിന് നിയമനങ്ങളിൽ നിർണായക അധികാരം നൽകുന്ന ഇപ്പോഴത്തെ നിയമം മാറണം. പലപ്പോഴും സർക്കാറുകൾക്കെതിരെയാണ് മനുഷ്യാവകാശ ലംഘന ആരോപണങ്ങൾ ഉയരുക; അപ്പോൾ അതേ സർക്കാറുകൾ തന്നെ നിയമിച്ച ദേശീയ-സംസ്ഥാന കമീഷനുകൾക്ക് ഫലപ്രദമായി പ്രവർത്തിക്കാനോ ഇടപെടാനോ കഴിയില്ലെന്ന് ഉറപ്പാണ്. മനുഷ്യാവകാശ ലംഘനങ്ങൾ പലതും കമീഷനുകൾ കണ്ടില്ലെന്ന് നടിക്കുന്നുണ്ട്. വാർത്തകളിലൂടെ അവ ജനശ്രദ്ധയാകർഷിച്ചാൽ മാത്രം കമീഷൻ ഇടപെടുന്നരീതി നിലനിൽക്കുന്നു. പൊലീസും പട്ടാളവും അടക്കമുള്ള ഭരണകൂട ഉപകരണങ്ങൾ തെറ്റുചെയ്താൽ ശിക്ഷിക്കപ്പെടുക അപൂർവമാണ്. ഏറ്റുമുട്ടൽ കൊലകളും ബുൾഡോസർ രാജും ആൾക്കൂട്ട മർദനങ്ങളും പെരുകുന്നതിൽ മനുഷ്യാവകാശ കമീഷനുകളുടെ ഉദാസീനതക്ക് ചെറുതല്ലാത്ത പങ്കുണ്ട്. വംശീയവും വർഗീയവും ജാതീയവുമായ ഹിംസകളോട് സർക്കാറുകളെന്നപോലെ മനുഷ്യാവകാശ കമീഷനുകളും നിഷ്ക്രിയത്വം പുലർത്തുന്ന സ്ഥിതിയാണേറെയും. മനുഷ്യാവകാശലംഘനം നടന്നാൽ അത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയും പരാതിയും പ്രതിഷേധവും ഉയരുകയും ചെയ്താൽമാത്രം ഇടപെടുന്ന കമീഷൻ, ഉള്ളതും ഇല്ലാത്തതും ഒരുപോലെയാണ്. യു.എൻ അംഗീകൃത മനുഷ്യാവകാശ കൂട്ടായ്മ അക്രഡിറ്റേഷൻ മാറ്റിവെച്ചത് പിഴവുകൾ തിരുത്താനുള്ള അവസരമാകേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.