പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളിലും ‘ഇന്ത്യ’ എന്ന പദത്തിനുപകരമായി ‘ഭാരതം’ എന്ന് ഉപയോഗിക്കാൻ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻ.സി.ഇ.ആർ.ടി) സിലബസ് പരിഷ്കരണത്തിന് നിയോഗിച്ച പ്രത്യേക സമിതി ശിപാർശ ചെയ്തിരിക്കുന്നു. പ്രതിപക്ഷ ഐക്യസംഘം തങ്ങളുടെ പേര് ‘ഇന്ത്യ’ എന്നാക്കിയതിനുശേഷം കേന്ദ്രഭരണകൂടം നിലനിർത്തിപ്പോരുന്ന ‘ഇന്ത്യ’വിരോധം പാഠപുസ്തകങ്ങളിലേക്കും പകർന്നിരിക്കുന്നുവെന്ന് ചുരുക്കം. അടുത്തിടെ, സമാപിച്ച ജി 20 ഉച്ചകോടിയിലടക്കം പലയിടത്തും ‘ഭാരത്’ എന്നുപയോഗിച്ചു തുടങ്ങിയതിന്റെ തുടർച്ചയായും ഈ നിർദേശത്തെ വിലയിരുത്താം. അതിനെല്ലാമപ്പുറം, മോദി സർക്കാറിന്റെ ഹിന്ദുത്വ അജണ്ടകളെ എൻ.സി.ഇ.ആർ.ടിയെപ്പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങൾ പച്ചയായി ഏറ്റെടുക്കുന്നതിന്റെ നിദർശകമായിട്ടുതന്നെ ഇതിനെ കാണേണ്ടിവരും.
സമിതിയുടെ മറ്റു ശിപാർശകൾകൂടി നോക്കുക: ചരിത്രത്തിലെ നിരവധിയായ യുദ്ധങ്ങളെക്കുറിച്ച പാഠഭാഗങ്ങളിൽ ‘ഹിന്ദു വിജയ’ങ്ങൾ ഉയർത്തിക്കാട്ടണം; ഒപ്പം, മുഗളന്മാരുടെയും സുൽത്താന്മാരുടെയും ചരിത്രഭാഗങ്ങൾ എടുത്തുകളയണം; പുരാതന ചരിത്രമെന്നതിനു പകരം ക്ലാസിക്കൽ ചരിത്രം എന്ന് ഉപയോഗിക്കണം; സ്വാതന്ത്ര്യ സമര ചരിത്രം ചുരുക്കി സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിന് പ്രാമുഖ്യം നൽകണം. ഒറ്റനോട്ടത്തിൽതന്നെ സിലബസ് പരിഷ്കരണത്തിന്റെ ലക്ഷ്യമെന്തെന്ന് വ്യക്തം. ആൾക്കൂട്ട കൊലപാതകങ്ങളിലേക്കും ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള വംശീയാക്രമണങ്ങൾക്കും വഴിവെച്ച ഹിന്ദുത്വയുടെ ഉന്മാദ ദേശീയതയുടെ ബിംബങ്ങളും പ്രയോഗങ്ങളും വ്യവസ്ഥാപിതമായി ക്ലാസ്മുറികളിലേക്ക് കയറ്റിവിടാനുള്ള പദ്ധതിയുടെ അവസാനഘട്ട പണികളിലാണ് ഭരണകൂടം. ഈ നീക്കത്തെ അപലപിച്ചതുകൊണ്ടുമാത്രമായില്ല; ശക്തമായ രാഷ്ട്രീയ പ്രതിരോധവും വേണ്ടിവരും.
ഏതാണ്ട് ആറുമാസം മുമ്പും സമാനമായ ‘പരിഷ്കരണങ്ങൾ’ എൻ.സി.ഇ.ആർ.ടി നടത്തിയിരുന്നു. അന്ന് ഗാന്ധിവധം അടക്കമുള്ള പാഠഭാഗങ്ങൾ എടുത്തുമാറ്റി. 12ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയ ഭാഗം ഇതായിരുന്നു: ‘‘ഹിന്ദു-മുസ്ലിം ഐക്യത്തിനായി ഗാന്ധിജി നടത്തിയ അതിശക്തമായ നീക്കങ്ങൾ അത്രത്തോളമായതിനാൽ, ഹിന്ദുത്വവാദികളെ അത് പ്രകോപിതരാക്കുകയും അവർ അദ്ദേഹത്തെ വധിക്കാൻ പലകുറി ശ്രമിക്കുകയും ചെയ്തു. ഗാന്ധിവധം രാജ്യത്തെ വർഗീയ സ്ഥിതിഗതികളിൽ വലിയ തോതിലുള്ള അനുരണനം സൃഷ്ടിച്ചു. വിദ്വേഷ സംഘടനകളെ കേന്ദ്രസർക്കാർ അടിച്ചമർത്താൻ ആരംഭിച്ചു. അതിന്റെ ഭാഗമായി ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി’’. ഇത്രയും ഭാഗം വെട്ടിമാറ്റിയതിന്റെ ലക്ഷ്യം ഊഹിക്കാവുന്നതേയുള്ളൂ.
ഇതുമാത്രമല്ല, വിവിധ ക്ലാസുകളിലെ ചരിത്രം, സാമൂഹിക ശാസ്ത്രം, പൗരശാസ്ത്രം, ഹിന്ദി തുടങ്ങിയ വിഷയങ്ങളിലും ഹിന്ദുത്വ ആശയത്തിന് ഹിതകരമല്ലാത്ത ഭാഗങ്ങൾ നിഷ്കരുണം വെട്ടിക്കളഞ്ഞു. മുഗൾ ഭരണകാല ചരിത്രത്തിന്റെ ചില ഭാഗങ്ങൾ ആ ‘പരിഷ്കരണ’ പദ്ധതികളിൽ കുടുങ്ങി ഒഴിവാക്കപ്പെട്ടു; ബാക്കി ഭാഗം പുതിയ ശിപാർശ വഴിയും വെട്ടിയൊതുക്കപ്പെടും. ഗുജറാത്ത് വംശഹത്യയെ സംബന്ധിച്ച പരാമർശങ്ങൾ ഗാന്ധിവധത്തോടൊപ്പംതന്നെ എൻ.സി.ഇ.ആർ.ടി തുടച്ചുനീക്കിയിട്ടുണ്ട്. രാജ്യത്തെ ദലിത് പ്രസ്ഥാനങ്ങളുടെ പുതിയകാല സമരങ്ങളെയും ഇടപെടലുകളെയും അടയാളപ്പെടുത്തുന്ന കവിതയും അന്ന് വെട്ടിമാറ്റി. വലിയ പ്രതിഷേധങ്ങൾ ആ സമയം ഉയർന്നതായിരുന്നു. ആ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചാണ് കൂടുതൽ വിപുലമായ സിലബസ് മാറ്റത്തിന് അധികാരികൾ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
രാജ്യത്തിന്റെ ചരിത്രം മാത്രമല്ല, ഭാഗധേയം കൂടി മാറ്റിത്തിരുത്താനുള്ള ഹിന്ദുത്വയുടെ പടപ്പുറപ്പാടാണിതെന്ന കാര്യത്തിൽ സംശയമില്ല. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നനാൾതൊട്ടു തുടങ്ങിയ പണിയാണിത്. ഏഴാം ക്ലാസിലെ ചരിത്ര പുസ്തകത്തിൽ, മുഗൾ ഭരണാധികാരികളെ നിഷ്ഠുരരായ അധിനിവേശകരും സംസ്കാരശൂന്യരുമെന്നും വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു. സുൽത്താൻ, മുഗൾ ഭരണകാലങ്ങളെ ‘മങ്ങിയ യുഗ’മെന്നുമാണ് പുസ്തകത്തിലുടനീളം പരാമർശിച്ചത്. 2004ൽ, യു.പി.എ സർക്കാർ അധികാരത്തിൽ വന്നയുടൻ ഈ മാറ്റങ്ങളത്രയും റദ്ദാക്കി.
2014ൽ, സംഘ്പരിവാർ വർധിത വീര്യത്തോടെ അധികാരത്തിൽ വന്നപ്പോൾ, മറ്റെല്ലാ മേഖലയിലെന്നപോലെ സിലബസ് കാവിവത്കരണത്തിന്റെ വേഗവും വർധിച്ചു. എട്ടു വർഷത്തിനിടെ നാലു തവണ എൻ.സി.ഇ.ആർ.ടി മാത്രമായി ഈ ദൗത്യത്തിന്റെ ഭാഗമായി. 200ലധികം പാഠപുസ്തകങ്ങളിലായി 2500ഓളം മാറ്റങ്ങളാണ് കടന്നുകൂടിയത്. ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിലടക്കം അവതരിപ്പിക്കപ്പെട്ട വികലവും അബദ്ധജടിലവുമായ കാര്യങ്ങൾ പന്ത്രണ്ടാം ക്ലാസുവരെയുള്ള പാഠപുസ്തകങ്ങളുടെ ഭാഗമായത് അങ്ങനെയാണ്; നെഹ്റു അടക്കമുള്ള ദേശീയ നേതാക്കൾ പാഠപുസ്തകത്തിനു പുറത്തായതും മോദിയുടെ ‘വിദ്യാഭ്യാസ ‘പരിഷ്കരണ’ത്തോടെയാണ്. ആ ‘പരിഷ്കരണം’ ഇപ്പോൾ ‘ഇന്ത്യ’യെയും പുറത്താക്കിയിരിക്കുന്നു.
വിഷ്ണുപുരാണത്തിൽ ‘ഭാരത്’ എന്ന പരാമർശമുണ്ടെന്നാണ് പുതിയ പരിഷ്കരണത്തിന്റെ ന്യായമായി സമിതി കണ്ടെത്തിയിരിക്കുന്നത്. മിത്തും ചരിത്രവും കൂട്ടിക്കുഴക്കുന്ന ഹിന്ദുത്വയുടെ അതേ തന്ത്രമിപ്പോൾ ന്യായമായും അവതരിപ്പിച്ചിരിക്കുന്നു. അധികാരത്തിന്റെ ഹുങ്കിൽ നടക്കുന്ന അപരവിദ്വേഷത്തിന്റെ ഈ ചരിത്രനിർമിതിയെ പ്രതിരോധിക്കാൻ മുഴുവൻ ഇന്ത്യക്കാർക്കും ബാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.