അപ്രതീക്ഷിതമല്ലെങ്കിലും ബിഹാറിലെ വിശാല മതേതര സഖ്യത്തെ തകർത്ത് ബി.ജെ.പിയോടൊപ്പം കൈകോർക്കാനും അധികാരം പങ്കിടാനും ജനതാദൾ (യു) നേതാവ് നിതീഷ് കുമാർ നടത്തിയ വഞ്ചനപരമായ നീക്കങ്ങൾ നേരും നെറിയുമുള്ള ജനാധിപത്യവിശ്വാസികളെ അങ്ങേയറ്റം സങ്കടപ്പെടുത്താതിരിക്കില്ല. ലാലുപ്രസാദ് യാദവ് നേതൃത്വം കൊടുക്കുന്ന ആർ.ജെ.ഡിയും കോൺഗ്രസും ഉൾക്കൊള്ളുന്ന സഖ്യത്തിൽനിന്ന് പുറത്തുവരേണ്ട താമസം ബി.ജെ.പി നിതീഷിനെ ബിഹാർ മുഖ്യമന്ത്രിസ്ഥാനത്ത് പുന$പ്രതിഷ്ഠിച്ചിരിക്കയാണ്. 243 അംഗ നിയമസഭയിൽ ജനതാദൾ. യുവും ബി.ജെ.പിയും ചേർന്നാൽ കേവല ഭൂരിപക്ഷം എന്ന കടമ്പ കടക്കാൻ പ്രയാസമുണ്ടാവില്ലെന്നിരിക്കെ, നിതീഷിെൻറ മുഖ്യമന്ത്രിസ്ഥാനം തൽക്കാലം ഭദ്രമാണ്. 2015ൽ തങ്ങൾക്കേറ്റ വലിയൊരു രാഷ്ട്രീയപ്രഹരത്തിന് പകരം വീട്ടാൻ അവസരം ഒത്തുവന്നു എന്നതാണ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇവിടെ ആഹ്ലാദം പകരുന്ന സംഗതി. ലാലുപ്രസാദിെൻറ പുത്രനും സംസ്ഥാന ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന് നേരെ ഉയർന്ന അഴിമതി ആരോപണത്തിെൻറ മറവിൽ ബി.ജെ.പി ആസൂത്രണം ചെയ്ത രാഷ്ട്രീയ അട്ടിമറിയാണ് വിജയിച്ചിരിക്കുന്നത്. ഹിന്ദുത്വയുടെ മുന്നേറ്റം പിടിച്ചുനിർത്തുന്നതിന് ദേശീയതലത്തിൽ 18 കക്ഷികൾ ഉൾപ്പെട്ട വിശാലമായൊരു മതേതരസഖ്യത്തെ സജീവമാക്കാനുള്ള അണിയറ നീക്കങ്ങൾ പുരോഗമിക്കവെയാണ് നിതീഷിെൻറ ഈ കുതികാൽവെട്ട്. പ്രതിപക്ഷസഖ്യത്തിെൻറ പ്രധാനമന്ത്രി സ്ഥാനാർഥിയായി എടുത്തകാട്ടപ്പെട്ട വ്യക്തിയാണിദ്ദേഹം എന്നോർക്കുമ്പോൾ ചിരിവരാം. രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രതിപക്ഷം പൊതുസമ്മതനായ ഒരു സ്ഥാനാർഥിയെ നിർത്തണമെന്ന ആവശ്യം ആദ്യം മുന്നോട്ടുവെച്ചതും നിതീഷ് തന്നെയാണ്. അതേസമയം, ബിഹാർ ഗവർണർ രാംനാഥ് കോവിന്ദിെൻറ പേര് ബി.ജെ.പി നേതൃത്വം പ്രഖ്യാപിക്കേണ്ട താമസം എൻ.ഡി.എ സ്ഥാനാർഥിക്ക് പിന്തുണയുമായി ഓടിച്ചെന്നതും വാജ്പേയിയുടെ കാലത്ത് റെയിൽവേ മന്ത്രിയായിരുന്ന നിതീഷ് കുമാർ തന്നെ.
അഴിമതി ആരോപണവിധേയനായ ലാലുപുത്രനെ കൂടെയിരുത്തി സർക്കാറുമായി മുന്നോട്ടുപോവാൻ തെൻറ മന$സാക്ഷി സമ്മതിക്കുന്നില്ല എന്ന് പറഞ്ഞാണ് നിതീഷ് കുമാർ കളംമാറ്റി ചവിട്ടിയിരിക്കുന്നത്. വിവാദമായ കാലിത്തീറ്റ കുംഭകോണമടക്കം ലാലു-റബ്റി ദേവി ദമ്പതികൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും അവരുടെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരായ കേന്ദ്രസർക്കാറിെൻറയും നിതീഷിെൻറയും കരുനീക്കങ്ങൾ തീർത്തും ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കാണാൻ വലിയ ബുദ്ധിവൈഭവമൊന്നും വേണ്ട. എട്ടുവർഷം മുമ്പ് ലാലുപ്രസാദ് കേന്ദ്രമന്ത്രിയായിരുന്നപ്പോൾ നടന്ന ബിനാമി ഇടപാടിനെക്കുറിച്ചാണ് സി.ബി.ഐ ഇപ്പോൾ അന്വേഷണം നടത്തുന്നതെത്ര. കേസിന്നാസ്പദമായ സംഭവം നടക്കുന്ന കാലത്ത് തനിക്ക് പ്രായപൂർത്തിയായിട്ടുപോലുമില്ല എന്ന തേജസ്വിയുടെ വാദം അപ്പടി തള്ളിക്കളയാനാവില്ല. തന്നെയുമല്ല, നിതീഷിന് സാമ്പത്തിക അഴിമതിയോട് എന്നുമുതൽക്കാണ് ഇത്രമാത്രം എതിർപ്പ് തോന്നിത്തുടങ്ങിയത് എന്നത് അന്വേഷിക്കുന്നതും കൗതുകകരമായിരിക്കും. കാലിത്തീറ്റ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അയോഗ്യനായി മാറ്റിനിർത്തപ്പെട്ട ലാലുവുമായി രാഷ്ട്രീയ ചങ്ങാത്തമുണ്ടാക്കുന്ന ഘട്ടത്തിലൊന്നും അഴിമതിക്കെതിരായ ധർമവിചാരം എന്തുകൊണ്ട് മുളപൊട്ടിയില്ല എന്ന ചോദ്യത്തിന് നിതീഷ്തന്നെയാണ് മറുപടിപറയേണ്ടത്. അഴിമതിക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ലോക്ദൾ (ഐ.എൻ.എൽ.ഡി ) നേതാവ് ഓംപ്രകാശ് ചൗതാലയുമായി രാഷ്ട്രീയചങ്ങാത്തം കൂടാൻ ആവേശം കാണിച്ച നിതീഷിന് രാഷ്ട്രീയ പകപോക്കലിെൻറ ഭാഗമായി കേന്ദ്രസർക്കാർ വേട്ടയാടുന്ന ആർ.ജെ.ഡി നേതാവിെൻറ അഴിമതിയുടെ പേരിൽ സഖ്യം വിട്ടുപോകുമ്പോൾ, താൻ പരിഹാസ്യനാവുകയാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല.
ഇവിടെ ജയിക്കുന്നത് പ്രത്യക്ഷത്തിൽ നിതീഷാകാമെങ്കിലും ആത്യന്തികമായി ഹിന്ദുത്വശക്തികളാണ്. സാമ്പത്തിക അഴിമതിയെപ്പോലെത്തന്നെ നിന്ദ്യമാണ് രാഷ്ട്രീയ അഴിമതി. പ്രധാനമന്ത്രി മോദിയെ ബിഹാറിെൻറ നിലം തൊടുവിപ്പിക്കില്ല എന്ന് രണ്ടുവർഷം മുമ്പ് ആണയിട്ട നിതീഷിെൻറ ഈ മലക്കംമറിച്ചിൽ യഥാർഥത്തിൽ രാഷ്ട്രീയ അഴിമതിയാണ്. ആർ.ജെ.ഡി-ജനതാദൾ (യു)-കോൺഗ്രസ് മുന്നണിക്ക് അഞ്ചുവർഷത്തേക്ക് നൽകിയ മാൻഡേറ്റാണ് പാതിവഴിക്ക് അട്ടിമറിച്ചിരിക്കുന്നത്. രാഷ്ട്രീയമാന്യതയുണ്ടെങ്കിൽ അദ്ദേഹം ചെയ്യേണ്ടിയിരുന്നത് സമ്മതിദായകരുടെ അടുത്തേക്ക് തിരിച്ചുപോവുകയാണ്. അതിനൊന്നും തുനിയാതെ, 23 മാസം മുമ്പ് ജനം തെരഞ്ഞെടുപ്പിലൂടെ തള്ളിക്കളഞ്ഞ ഒരു രാഷ്ട്രീയപാർട്ടിയെ കുറുക്കുവഴിയിലൂടെ അധികാരസോപാനത്തിലേക്ക് നയിച്ച ദുഷ്ചെയ്തി വഴി, ജയപ്രകാശ് നാരായണെൻറയും ലോഹ്യയുടെയും കർപ്പൂരി താക്കൂറിെൻറയുമൊക്കെ രാഷ്ട്രീയപാരമ്പര്യം അവകാശപ്പെടാറുള്ള നിതീഷിനെ പോലുള്ളവർക്ക് നാളത്തെ തലമുറ ചരിത്രത്തിൽ എന്തു ഇടമാണ് നീക്കിവെക്കുക എന്ന് ആലോചിക്കുന്നത് നന്നായിരിക്കും.
നിതീഷിെൻറ കാലുമാറ്റം ദേശീയതലത്തിൽ ബി.ജെ.പി ഇതര രാഷ്ട്രീയസഖ്യത്തെ ദുർബലമാക്കുമെന്നതിൽ തർക്കമില്ല. ഉത്തർപ്രദേശിനു ശേഷം ബിഹാർകൂടി ഹിന്ദുത്വ രാഷ്ട്രീയനിയന്ത്രണത്തിൽ വരുന്നതോടെ, ശിഥിലമാവുന്നത് വിശാല മതേതര സഖ്യം എന്ന ആശയം തന്നെയാണ്. സമാജ്വാദി പാർട്ടി നേതാവ് മുലായവും പുത്രനുമൊക്കെ തരവും സന്ദർഭവും നോക്കി രാഷ്ട്രീയമായി ആടിക്കളിച്ചപ്പോൾ മതനിരപേക്ഷപക്ഷത്ത് ഉറച്ചുനിന്ന വ്യക്തിയാണ് ലാലുപ്രസാദ് യാദവ്. അതുകൊണ്ടുതന്നെയാണ് ബദ്ധരാഷ്ട്രീയ വൈരിയായ നിതീഷ് കുമാറിനെ കൂട്ടിപ്പിടിച്ച്, കോൺഗ്രസുമായി ചേർന്ന് ബി.ജെ.പിയുടെ കടന്നുകയറ്റത്തെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്തുതോൽപിക്കാനായത്. ആ പരീക്ഷണമാണ് മോദി--അമിത് ഷാ പ്രഭൃതികളുടെ കുതന്ത്രങ്ങൾക്കു മുന്നിൽ ചിന്നിച്ചിതറിയിരിക്കുന്നത്. ഇന്നല്ലെങ്കിൽ നാളെ തങ്ങളുടെ ലക്ഷ്യം നേടിക്കഴിയുമ്പോൾ മോദിയുടെ പാർട്ടിയും ആൾക്കാരും നിതീഷിനെ കറിവേപ്പിലപോലെ വലിച്ചെറിയും എന്ന് മനസ്സിലാക്കി, മനോവീര്യം തകരാതെ, ഫലപ്രദമായ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പ്രതിപക്ഷപാർട്ടികൾക്ക് ഇനിയും സാധിക്കുമോ എന്നതാണ് ശേഷിക്കുന്ന ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.