ആണവായുധം ആദ്യം പ്രയോഗിക്കില്ല എന്ന പ്രഖ്യാപിത നയത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു വെങ്കിലും ആ നയം സാഹചര്യത്തിനനുസരിച്ച് മാറാമെന്ന് സൂചിപ്പിച്ച് പ്രതിരോധമന്ത്ര ി രാജ്നാഥ് സിങ് ചെയ്ത പ്രസംഗം അപ്രതീക്ഷിതമല്ലാത്ത പ്രതികരണങ്ങൾ ഉണ്ടാക്കിയി രിക്കുന്നു. ഇന്ത്യ രണ്ടുവട്ടം അണുബോംബ് പരീക്ഷിച്ച രാജസ്ഥാനിലെ പൊഖ്റാനിൽ മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ ചരമ വാർഷികത്തിൽ സംസാരിക്കെയാണ് മന്ത്രി ഇത് പറഞ്ഞത്. ‘ആണവായുധം ആദ്യം പ്രയോഗിക്കില്ല എന്നതുതന്നെയാണ് നയം. പക്ഷേ, ഭാവിയിൽ എന്തു സംഭവിക്കും എന്നത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും’ എന്ന പ്രസ്താവനയിലൂടെ അദ്ദേഹം ഉന്നമിട്ടത് പാകിസ്താനെയാണെന്ന് കരുതപ്പെടുന്നു; എന്നാൽ, അത് ആശങ്ക പടർത്തിയത് ആഗോള ആണവായുധ വിരുദ്ധ, സമാധാനവാദികളിൽ കൂടിയാണ്.
ആണവായുധം ആദ്യം ഉപയോഗിക്കാതിരിക്കുക എന്ന നയം 2003ലാണ് ഇന്ത്യ രൂപപ്പെടുത്തിയത്. ആണവായുധം ഇന്ന് വികസിപ്പിക്കുന്നത് അത് പ്രേയാഗിക്കുക എന്നതിനേക്കാൾ ശത്രുവിനെ അതിൽനിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണ്. ഇൗ ആയുധത്തിെൻറ നശീകരണശേഷി ജപ്പാെൻറ ഹിരോഷിമയെയും നാഗസാക്കിയെയും പ്രേതഭൂമിയാക്കിയത് 1945ൽ ലോകം കണ്ടു. ആണവായുധ വ്യാപനം തടയാനും (എൻ.പി.ടി) ആണവ പരീക്ഷണങ്ങൾതന്നെ നിരോധിക്കാനുമുള്ള (സി.ടി.ബി.ടി) കരാറുകൾ രൂപെമടുത്തത് അങ്ങനെയാണ്. എന്നാൽ, ആണവായുധം കൈവശമുള്ള രാജ്യങ്ങൾ അവ നശിപ്പിച്ചുകളയാത്തിടത്തോളം കാലം ഇത്തരം ഉടമ്പടികൾ ഏകപക്ഷീയമാകും. ഇതിനിടക്ക് സ്വന്തമായി ആണവായുധം നിർമിച്ച ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ അതിനെ ന്യായീകരിച്ചത്, അത് ഉപയോഗിക്കണമെന്ന ലക്ഷ്യം ഇല്ല എന്ന് പറഞ്ഞാണ്. മറിച്ച്, ശത്രുവെ അവരുടെ ആണവായുധം ഉപയോഗിക്കുന്നതിൽനിന്ന് തടയുക(ഡിറ്ററൻസ്)യത്രേ ലക്ഷ്യം. 2003ൽ കാബിനറ്റ് ഉപസമിതി അത് തീരുമാനിക്കുക മാത്രമല്ല, ഒരു പ്രമാണമായി പരസ്യപ്പെടുത്തുക കൂടി ചെയ്തു. ആദ്യം പ്രയോഗിക്കില്ലെന്ന തീരുമാനത്തിെൻറ അനിവാര്യമായ ഒരു അനുബന്ധവുമുണ്ടായിരുന്നു: ഇങ്ങോെട്ടങ്ങാനും ആണവായുധം പ്രയോഗിച്ചെന്നുവന്നാൽ തിരിച്ചടി അതിഭയാനകമായിരിക്കും എന്നതാണത്. ഒാങ്ങി ഇരിക്കുക, എന്നാൽ ആദ്യം പ്രയോഗിക്കാതിരിക്കുക -ഇത് ഇത്രയുംകാലം ഫലം ചെയ്തു എന്നുതന്നെ വിദഗ്ധർ പറയുന്നു.
മറ്റുതരം ആയുധങ്ങളിൽനിന്ന് ആണവായുധത്തെ വ്യതിരിക്തമാക്കുന്നത് അതിെൻറ പ്രഹരശേഷി മാത്രമല്ല; അനന്തര ആഘാതങ്ങൾ കൂടിയാണ്. ഒരു ഭൂപ്രദേശത്തെ ആകമാനം ചാമ്പലാക്കാൻ അതിന് ശേഷിയുണ്ട്; ഇൗ നശീകരണത്തിൽ സൈനികരും അസൈനികരുമെന്നോ പോർമുഖവും സിവിലിയൻ പ്രദേശവുമെന്നോ ഒരു വിവേചനവും ഉണ്ടാകില്ല. പരിസ്ഥിതിക്ക് അേങ്ങയറ്റത്തെ തകർച്ചയാണ് അതുണ്ടാക്കുക. സ്ഥലപരമായ അതിർത്തികളെ മാത്രമല്ല കാലപരിമിതിയെയും അത് ലംഘിക്കും. ആണവയുദ്ധം ആരും ജയിക്കാത്ത, എല്ലാവരും തോൽക്കുന്ന യുദ്ധമാണ്. വിവരക്കേടിെൻറയോ തെറ്റിദ്ധാരണയുടെയോ പിഴവിെൻറയോ കാരണമായിപ്പോലും ബോംബ് പ്രയോഗിക്കാനിടയായാൽ അത് നിരപരാധികളായ അസംഖ്യം തലമുറകളെ നരകയാതനയിലാക്കും. ഇൗ യാഥാർഥ്യങ്ങളും, ഒപ്പം സ്വന്തം രാജ്യസുരക്ഷ സംബന്ധിച്ച് ഏത് നാടിനുമുള്ള ഉത്കണ്ഠയും ചേർന്നപ്പോഴുണ്ടായ പ്രായോഗിക സൂത്രമായാണ് ‘ആദ്യം പ്രയോഗിക്കാതിരിക്കൽ’ നയം രൂപപ്പെടുന്നത്. ഇന്ന് ആണവായുധം കൂടുതൽ മാരകമാണ്. അത് ആദ്യം പ്രയോഗിക്കില്ലെന്ന നയം അനിവാര്യമാണ്. അക്കാര്യത്തിലെ വ്യക്തത ആണവായുധപ്പന്തയത്തിന് തടയിടുകയും ചെയ്യും. ആ നയം മാറ്റിയിട്ടില്ലെന്ന് പ്രതിരോധമന്ത്രി ആവർത്തിച്ചിട്ടുണ്ടെങ്കിലും, മാറ്റാൻ സാധ്യതയുണ്ടെന്ന സൂചനപോലും ആപത്കരമായ അവ്യക്തത സൃഷ്ടിക്കുന്നുണ്ടെന്നാണ് വിദഗ്ധ മതം.
‘ആദ്യം പ്രയോഗിക്കാതിരിക്കൽ’ നയം കൈക്കൊണ്ടുതന്നെ ആഗോളതലത്തിൽ ഇൗ ഭീകരായുധം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നമുക്ക് തുടങ്ങാവുന്നതാണ്. ശത്രുവിെൻറ പക്കൽ ആണവായുധമുള്ളിടത്തോളം കാലമേ ഏത് രാജ്യത്തിനും അത് ആവശ്യമുള്ളൂ എന്നതിനാൽ എല്ലായിടത്തുനിന്നും അത് നിർമാർജനം ചെയ്യാൻ കഴിഞ്ഞാൽ വലിയ നേട്ടമാകും. ആണവായുധം പ്രയോഗിക്കുന്നില്ലെങ്കിൽപോലും അന്തരീക്ഷത്തിലും കടലിലും ഭൂഗർഭത്തിലുമായി രണ്ടായിരത്തിലേറെ ആണവ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ അന്തരീക്ഷ പരീക്ഷണങ്ങൾ മാത്രം 15 ലക്ഷം പേരുെട മരണത്തിന് ഇടവരുത്താവുന്ന വികിരണം സൃഷ്ടിച്ചിട്ടുണ്ട്. മറ്റു പരീക്ഷണങ്ങളുണ്ടാക്കുന്ന മലിനീകരണവും പരീക്ഷണങ്ങൾ ബാക്കിയാക്കുന്ന വിസർജ്യങ്ങളും വേറെ. ഇതിനെല്ലാം വേണ്ടിവരുന്ന ചെലവ് ഭാവനാതീതവും. ആഗോള ആണവായുധ നിർമാർജനം എല്ലാവർക്കും ലാഭകരവും ഗുണകരവുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.