നാലുമാസത്തിനുള്ളിൽ രണ്ടാംതവണയാണ് കേരളത്തിൽ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരട്ട സംഭവങ്ങൾ ഭരണത്തെയും സാമൂഹിക കെട്ടുറപ്പിനെയും പരീക്ഷിക്കുന്നത്. പോപുലർ ഫ്രണ്ട് നേതാവ് എ. സുബൈറിനെ വെള്ളിയാഴ്ച അക്രമികൾ വെട്ടിക്കൊന്നു. ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനെയും കൂട്ടി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുബൈർ. ഒരു കാർ അവരെ ഇടിച്ചുതെറിപ്പിക്കുന്നു, പിന്നിൽ വന്ന മറ്റൊരു കാറിലുണ്ടായിരുന്നവർ സുബൈറിനെ മാരകമായി വെട്ടുന്നു. ആസൂത്രിതമായിരുന്നു കൃത്യം എന്നർഥം.
24 മണിക്കൂറിനുള്ളിലാണ് ആർ.എസ്.എസ് നേതാവ് എസ്.കെ. ശ്രീനിവാസനെ അദ്ദേഹത്തിന്റെ ഓട്ടോമൊബൈൽ കടയിൽവെച്ച് മറ്റൊരു സംഘം അക്രമികൾ വെട്ടിക്കൊന്നത്. മൂന്നു ബൈക്കുകളിലെത്തിയ സംഘത്തിലെ മൂന്നുപേരാണ് കടയിൽ കയറി കൊലനടത്തിയത്. ഇതും ആസൂത്രിതംതന്നെ. പ്രതികാരക്കൊലകളാണ് രണ്ടും എന്ന് സൂചനകളിൽനിന്ന് അനുമാനിക്കാം. അതിനർഥം, കൊലപാതകങ്ങളും പ്രതികാരക്കൊലകളും നയമായും മുഖ്യപ്രവർത്തനമായും സ്വീകരിച്ച സംഘങ്ങൾ സംസ്ഥാനത്ത് ശക്തിപ്പെട്ടുവരുന്നു എന്നാണ്. അക്രമരാഷ്ട്രീയത്തിൽനിന്ന് ഊർജമുൾക്കൊണ്ട ശക്തികൾ ആ രാഷ്ട്രീയശൈലി വ്യാപിപ്പിക്കുകയാണ്.
മുമ്പ് കണ്ണൂരിൽ ഒതുങ്ങിയിരുന്ന കൊലയും മറുകൊലയും ഇപ്പോൾ മറ്റിടങ്ങളിലേക്കുകൂടി പരക്കുന്നു. കഴിഞ്ഞ ഡിസംബറിൽ ആലപ്പുഴയിലാണ് ഇരട്ടക്കൊല നടന്നത്. എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ. ഷാനെ ഘാതകസംഘം വെട്ടിക്കൊന്നതും ഇരുചക്രവാഹനത്തിൽ കാറിടിച്ച് വീഴ്ത്തിയശേഷമായിരുന്നു. പിറ്റേന്ന് പുലർച്ചെ ഒ.ബി.സി മോർച്ച നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസനെ മറ്റൊരു ഘാതകസംഘം വീട്ടിൽവെച്ച് വെട്ടിക്കൊന്നു. ഇപ്പോൾ പാലക്കാട്ടാണ് ഇതേതരം കുരുതികൾ ആവർത്തിച്ചിരിക്കുന്നത്. എങ്ങോട്ടാണ് കേരളം പോകുന്നത്?
പൊലീസിന്റെ കാര്യക്ഷമതയില്ലായ്മ അന്നെന്നപോലെ ഇപ്പോഴും ചർച്ചയായിട്ടുണ്ട്. ഒന്നാമത്തെ കൊല നടന്ന ശേഷം പൊലീസ് ജാഗ്രത പുലർത്തിയിട്ടും രണ്ടാമത്തേത് നടന്നുവെങ്കിൽ ജാഗ്രതയിലെ പോരായ്മ എന്തെന്ന് വിലയിരുത്തേണ്ടതുണ്ട്. ഒന്നാമത്തെ കൊലപാതകംതന്നെയും തടയാൻ കാര്യക്ഷമമായ രഹസ്യാന്വേഷണ സംവിധാനത്തിന് കഴിയുമായിരുന്നു എന്ന വിലയിരുത്തലുമുണ്ട്.
എന്തുതന്നെയായാലും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ആഭ്യന്തര വകുപ്പിന് നിരന്തരം വീഴ്ചകൾ സംഭവിക്കുന്നു എന്നത് വസ്തുതയാണ്. ഇത് പരിഹരിക്കാൻ ആദ്യം വേണ്ടത് വീഴ്ചയുണ്ട് എന്ന് സമ്മതിക്കലാണ്. ഞങ്ങൾ മുമ്പ് എഴുതിയപോലെ, ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങൾ സ്വതന്ത്രമായ ഓഡിറ്റിന് വിധേയമാക്കുന്നതുവഴി പിഴവുകൾ കണ്ടെത്താനും പരിഹരിക്കാനും വഴിതുറക്കും. പ്രതിപക്ഷമടക്കമുള്ള രാഷ്ട്രീയ നേതൃത്വങ്ങളെയും സാമൂഹിക നേതൃത്വങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ട് പോരായ്മകൾ പരിഹരിക്കാൻ ശ്രമം വേണം.
ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിയുടെ മുൻഗണനയിൽ ഉണ്ടായിരിക്കേണ്ട കാര്യമാണ് ഭീതിജനകമായ തോതിൽ വെല്ലുവിളി നേരിടുന്ന നമ്മുടെ സൗഹാർദാന്തരീക്ഷത്തെ തിരിച്ചുപിടിക്കുക എന്നത്. വെറും സാധാരണ ക്രമസമാധാന പ്രശ്നമെന്നതിലുപരി, ജനങ്ങളുടെ സ്വൈരജീവിതത്തെ കലുഷമാക്കാൻ പോന്ന ആഴത്തിലോടുന്ന വിദ്വേഷ പ്രചാരണങ്ങളുടെ തായ് വേര് കണ്ടെത്തി പിഴുതുകളയാൻ കഴിയണം.
ഗുണ്ടാസംഘങ്ങൾ, ക്വട്ടേഷൻ മാഫിയ, മയക്കുമരുന്ന് വാണിഭക്കാർ തുടങ്ങിയ കുറ്റകൃത്യ പ്രായോജകർക്കു പുറമെ, മതവിഭാഗീയത വളർത്തി മുതലെടുപ്പ് നടത്തുന്നവരും സമൂഹത്തിലെ ക്രിമിനൽ ബാധയാണ്. സത്യസന്ധമായും പക്ഷപാതരഹിതമായും ഇവയെ നേരിടുകയാണ് സർക്കാറിന് ചെയ്യാനുള്ളത്; ജനങ്ങൾ ആഗ്രഹിക്കുന്നതും അതാണ്. പക്ഷേ അതിന്, സ്വന്തം രാഷ്ട്രീയ താൽപര്യങ്ങളെ വിശാലമായ ഭരണ ഉത്തരവാദിത്തങ്ങളിൽനിന്ന് വേർപെടുത്തി കാണാൻ സർക്കാറിനും കഴിയണം. നിഷ്പക്ഷതയും വിശ്വാസ്യതയും പൊലീസിന് കൈമോശം വന്നുകൂടാ.
പൊലീസ് സേനയുടെ കാര്യക്ഷമതക്ക് ഭംഗമുണ്ടാക്കുന്ന രാഷ്ട്രീയ സ്വാധീനവും വർഗീയച്ചായ്വുമെല്ലാം അന്തിമമായി സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്നവർക്കുള്ള പ്രോത്സാഹനമായിട്ടാണ് ഭവിക്കുക. അക്രമരാഷ്ട്രീയം വഴി ലാഭമല്ല, നഷ്ടമേ ഉണ്ടാകൂ എന്ന് അതിന്റെ പ്രയോക്താക്കളെ ബോധ്യപ്പെടുത്താൻ ആദ്യം വേണ്ടത് സർക്കാറിന്റെയും പൊലീസ് സേനയുടെയും കാര്യക്ഷമതയും വിശ്വാസ്യതയും ഉറപ്പുവരുത്തുകയാണ്. നിർഭാഗ്യവശാൽ കുറ്റവാളികളെ കൃത്യമായും വേഗത്തിലും കണ്ടെത്തി അവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലുള്ള നമ്മുടെ റെക്കോഡ് തൃപ്തികരമല്ല. ആശയംകൊണ്ട് പൊരുതാൻ ആത്മവിശ്വാസമില്ലാത്തവർ ഹിംസയിൽ അഭയംതേടുന്നത് അത് ലാഭകരമാണ് എന്ന് തോന്നുന്നതുകൊണ്ടാവണം. മനുഷ്യരെ വെട്ടിക്കൊന്നുകൊണ്ട് ശക്തിതെളിയിക്കുന്ന ഭീരുത്വം നഷ്ടമേ ഉണ്ടാക്കൂ എന്ന് ബോധ്യപ്പെട്ടാൽ അതോടെ തീരും ഈ കശാപ്പു രാഷ്ട്രീയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.