കോവിഡിെൻറ കെടുതിയിൽ അന്ധാളിച്ചുനിൽക്കുന്ന കേരളത്തിെൻറ മ നസ്സാക്ഷിയിലേക്ക് (അങ്ങനെയൊന്നുള്ളവരുടെ) കനൽ കോരിയിട്ട് ഒരു കു ഞ്ഞിെൻറ അടക്കിപ്പിടിച്ച നിലവിളിയുയരുന്നുണ്ട് കണ്ണൂർ ജില്ലയി ലെ പാലത്തായിയിൽ നിന്ന്. കോവിഡുമായി ബന്ധപ്പെട്ട കൊച്ചുകൊച്ചു വിവരങ്ങളും നിർദേശങ്ങളും വരെ കൃത്യവും കണിശവുമായി കേരളത്തിന് നൽകിവരുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ജില്ലയിൽനിന്നാണ്, ആരോഗ്യരംഗത്തെ സ്തുത്യർഹമായ സേവനങ്ങളിലൂടെ കേരളമാതൃകയുടെ പേരും പെരുമയും വിശ്വത്തോളം ഉയർത്തിയ വനിത ശിശുക്ഷേമത്തിെൻറ കൂടി ചുമതലയുള്ള ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സ്വന്തം മണ്ഡലത്തിൽ നിന്നാണ്, മേനിയും മാനവും പിശാച് പിച്ചിച്ചീന്തിയ നോവിൽ പുളയുന്ന ആ പിഞ്ചുകുഞ്ഞിെൻറ ഒരു മാസമായി നിർത്താതെയുള്ള കരച്ചിൽ. നാലാം തരത്തിൽ പഠിക്കുന്ന അനാഥയായ ആ ഒമ്പതുകാരിയെ നശിപ്പിച്ചിരിക്കുന്ന കശ്മലൻ സ്വന്തം അധ്യാപകനാണ്. രക്ഷിതാവാകേണ്ടവൻ രാക്ഷസവേഷം പൂണ്ടപ്പോൾ ചകിതയായ ആ കുഞ്ഞ് ക്ലാസിൽ തലവേദന നടിച്ച് പുസ്തകങ്ങൾക്കിടയിൽ മുഖം പൂഴ്ത്തിനോക്കി, ക്ലാസിൽ വരാതെ മാറിനിന്നു നോക്കി. അതെല്ലാം അവസരമാക്കിയെടുത്ത്, അമ്മ മാത്രമേ സ്വന്തമായുള്ളൂ എന്ന നിസ്സഹായതയിൽ കുരുക്കിട്ട് അവധിനാളുകളിൽപോലും പാവം കുരുന്നിനെ സ്കൂളിലേക്ക് വിളിച്ചുവരുത്തി ആ നരാധമൻ പൈശാചികതക്കിരയാക്കി. മിണ്ടിയാൽ അമ്മയെ കൊന്നുകളയും എന്ന രാക്ഷസഭീഷണിക്കു മുന്നിൽ ലോകത്ത് തനിക്കാകെയുള്ള അമ്മയെ ഒാർത്ത് വഴങ്ങിക്കൊടുക്കേണ്ടി വരുന്ന ആ കുരുന്നിനോട് സാക്ഷരകേരളീയരേ, നമ്മൾ എന്ത് മാപ്പിരക്കാനാണ്? എല്ലാ സഹിയും കെട്ട് നശിപ്പിച്ചവനെതിരെ പേരും തെളിവും ചൊല്ലി പരാതിപ്പെട്ടിട്ട് ആ കുഞ്ഞുമോളുടെ കണ്ണീർ തുടക്കാൻ അറച്ചുനിന്ന കളങ്കം എത്ര കഴുകിക്കളഞ്ഞാലാണ് വൃത്തിയാകുക?
ലോക്ഡൗണിെൻറ കൈയകലത്തിലുള്ള കുറ്റാരോപിതനെ വിട്ട്, തെളിവിനെന്ന പേരിൽ ചവിട്ടിമെതിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ മാറിമാറി വിസ്തരിക്കാൻ കഴിഞ്ഞ ഒരു മാസമായി വലിച്ചിഴച്ചു നടന്ന വിവിധ അധികാര കോയ്മകളുടെ വൈറസ് ബാധിച്ച സാഡിസ്റ്റ് സംവിധാനത്തെ ഏതു സാനിറ്റൈസർ തളിച്ചാണ് വെടിപ്പാക്കാനാവുക? ഡിവൈ.എസ്.പി വരെയുള്ള ഉദ്യോഗസ്ഥതലത്തിൽ പരാതി, വിവിധ കക്ഷികളുടെ സമയോചിതമായ ഇടപെടൽ, മുഖ്യമന്ത്രി വരെയുള്ളവർക്ക് കത്തുകൾ, മണ്ഡലം എം.എൽ.എ കൂടിയായ ശിശുക്ഷേമമന്ത്രി ഡിവൈ.എസ്.പിക്കു കൊടുക്കുന്ന തീട്ടൂരങ്ങൾ, ഭരണം കൈയാളുന്ന സ്വന്തം പാർട്ടിക്കാരുടെ സമൂഹമാധ്യമ പരിദേവനങ്ങൾ...തെളിവും സാക്ഷിയുമുണ്ടായിട്ടും പൊലീസിനും മജിസ്ട്രേറ്റിനും കൗൺസലർമാർക്കും മുന്നിൽ ഒരു കുഞ്ഞിനെ ഞെട്ടറ്റുവീഴ്ത്തുവോളം മാറിമാറിയെടുത്ത മൊഴികളുമുണ്ടായിട്ടും പാലത്തായി സ്കൂളിലെ അധ്യാപകനും ബി.െജ.പി പ്രാദേശികനേതാവുമായ ‘പ്രതി’യെ പിടികൂടാൻ ഒരു മാസത്തോളം കാത്തുനിൽക്കേണ്ടി വന്നു. വിവിധ സംഘടനകൾ വീടകങ്ങൾ സമരവേദിയാക്കുകയും നിരാഹാരത്തിനടക്കം ഇറങ്ങിത്തിരിക്കുകയും ചെയ്തതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാൻ തയാറായിരിക്കുന്നു. മന്ത്രി ൈശലജ ടീച്ചർ മുന്നറിയിപ്പു നൽകിയതുപോലെ ഗവൺമെൻറിന് നാണക്കേടുണ്ടാക്കുന്നതിൽനിന്നു പൊലീസ് പിൻവാങ്ങി. കഴിഞ്ഞ മാസം 16ന് തലശ്ശേരി ഡിൈവ.എസ്.പി ഒാഫിസിൽ വീട്ടുകാർ പരാതി നൽകി, പിറ്റേന്നു തന്നെ കേസ് പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയ കേസിലാണ് അറസ്റ്റ് ഇത്രനാൾ വൈകിയത്. പോക്സോ കേസിൽ ഉടനടി അറസ്റ്റും തുടർനടപടികളുമുണ്ടാകേണ്ടതാണെങ്കിലും ഇൗ കേസിൽ അതുണ്ടായില്ലെന്നു മാത്രമല്ല, പ്രതിയെ പിടികൂടാതിരിക്കാനും പരാതിപ്പെട്ട പിഞ്ചുകുഞ്ഞിനെ മാനസികനില പരിശോധിക്കുന്നിടത്തോളം പ്രതിക്കൂട്ടിൽ നിർത്താനുമുള്ള നീക്കം വരെയെത്തി. അതേതുടർന്നാണ് വിവിധ കക്ഷികളും സാംസ്കാരികപ്രവർത്തകരും സജീവമായി ഇടപെട്ടതും ഇപ്പോൾ വിഷയത്തിൽ വഴിത്തിരിവുണ്ടായതും.
പ്രതി പത്മരാജെൻറ അറസ്റ്റോടെ എല്ലാം തീരുന്നില്ല. ഇരകളായ സ്കൂളിലെ കുട്ടികൾക്ക് നീതിലഭിക്കാൻ കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുത്തേ മതിയാകൂ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമത പുലർത്തണം. സംഭവത്തിെൻറ നാൾവഴി നോക്കുേമ്പാൾ പൊലീസ് സംശയത്തിെൻറ നിഴലിലാണ്. നേരത്തേ വാളയാറിലെ പതിനൊന്നും ഒമ്പതും വയസ്സുള്ള ദലിത് സഹോദരിമാർക്ക് സംഭവിച്ച ദുര്യോഗം പാലത്തായിയിലെ കുഞ്ഞിന് ഉണ്ടായിക്കൂടാ. 2017 ജനുവരി 13ന് പാലക്കാട് വാളയാറിലെ അട്ടപ്പള്ളത്ത് ഒറ്റമുറി വീട്ടിൽ പതിനൊന്നുകാരി ദലിത് ബാലികയെയും രണ്ടു മാസത്തിനുശേഷം ഒമ്പതു വയസ്സുള്ള അനിയത്തിയെയും ഒരേ മുറിയിൽ ഒരേ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടികളിരുവരും പൈശാചികമായ രീതിയിൽ മാനഭംഗത്തിനിരയായി എന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വ്യക്തമാക്കി. തൂങ്ങിമരിച്ച നിലയിലെ അസ്വാഭാവികത, ഇളയ കുട്ടി ക്രൂരമായ പീഡനത്തിനിരയായതിെൻറ ദേഹപരിശോധന റിപ്പോർട്ട്, പരിക്കുകളുടെ ഫോട്ടോകൾ, കുറ്റവാളികളെക്കുറിച്ച് അമ്മ നൽകിയ വ്യക്തമായ സൂചനകൾ, ഡോക്ടർമാരുടെ മൊഴികൾ-എല്ലാമുണ്ടായിട്ടും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അന്ന് സജീവമായിരുന്നു. തെളിവിനു ബലം പോരാഞ്ഞ് വിട്ടയച്ച പ്രതികളെ ജനകീയസമ്മർദത്തിനൊടുവിൽ വീണ്ടും കോടതി കയറ്റുകയായിരുന്നു. അന്ന് ഇടതുപക്ഷം കേസ് തേച്ചുമായ്ച്ചു കളയുന്നുവെന്ന് ആരോപിച്ച് കലാപം കൂട്ടിയിരുന്ന ബി.ജെ.പിയാണ് ഇപ്പോൾ പാലത്തായിയിൽ പ്രതിക്കൂട്ടിൽ. സ്വന്തം കക്ഷിനേതാവിനെ രക്ഷപ്പെടുത്താനുള്ള കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സമ്മർദവും അതിനുമുന്നിൽ നിസ്സഹായമായ പൊലീസും ആഭ്യന്തരവകുപ്പുമാണ് കാര്യങ്ങൾ കൈവിട്ട നിലയിലേക്ക് എത്തിച്ചതെന്ന് പരക്കെ ആക്ഷേപമുണ്ട്. അതുകൊണ്ട്, വാളയാറിലെ ദുരനുഭവം പാലത്തായിയിൽ ആവർത്തിക്കാതിരിക്കാനും ഇക്കാര്യത്തിൽ പൊലീസിനെയും നിയമത്തെയും വഴിക്ക് നടത്താനും സംസ്ഥാനസർക്കാർ ജാഗ്രത പുലർത്തണം. ആ കുഞ്ഞുമകളുടെ കണ്ണീർ പാഴാകില്ലെന്നുറപ്പു വരുത്താൻ വഴിക്കണ്ണുകളായി ജനങ്ങളും ഉണർന്നിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.