ഇസ്രായേലി പാർലമെൻറ് പാസാക്കിയ ‘ദേശരാഷ്ട്ര നിയമം’ വഴി പുതുതായി ഒരു വിവേചനവും കൊണ്ടുവരാൻ ബാക്കിയില്ലെങ്കിലും സകല വംശീയവിവേചനങ്ങൾക്കും നിയമപരവും ഭരണഘടനാപരവുമായ സാധുത നൽകുന്നതാണത്. ആ നിലക്ക് സ്വയം വംശവിവേചന, അപ്പാർത്തൈറ്റ് രാജ്യമെന്ന് സയണിസ്റ്റ് രാഷ്ട്രം സമ്മതിക്കുകകൂടി ചെയ്തിരിക്കുന്നു. സമ്പൂർണ വംശീയഭരണം നിയമതടസ്സങ്ങളൊന്നുമില്ലാതെ നടത്താൻ ഇസ്രായേലി സർക്കാറിന് ഇനി കഴിയും. ഹിറ്റ്ലറുടെയും മുസോളിനിയുടെയും ദക്ഷിണാഫ്രിക്കൻ വർണവിവേചന വ്യവസ്ഥിതിയുടെയും ഭരണകൂടങ്ങൾക്കുശേഷം സ്ഥാപനവത്കൃത വിവേചനം ‘‘അടിസ്ഥാന നിയമ’’മാക്കിയതിെൻറ ബഹുമതി ഇനി ‘‘മധ്യപൗരസ്ത്യ ദേശത്തെ ഏക ജനാധിപത്യ രാജ്യ’’ത്തിന് സ്വന്തമാകും.
ജൂതമത രാഷ്ട്രമെന്ന പദവിയും ജാതിവിവേചനമെന്ന നയവും ഇസ്രായേലി ഭരണഘടനയുടെ ഭാഗമാവുകയാണ്- അങ്ങനെ അവർ വ്യക്തമായി പറഞ്ഞാലുമില്ലെങ്കിലും ഇസ്രായേലി ജനതയുടെ അഞ്ചിലൊന്നു വരുന്ന അറബ് വംശജർക്ക് സ്വന്തമായി അവകാശാധികാരങ്ങളില്ലെന്ന പ്രഖ്യാപനമാണ് പുതിയ നിയമത്തിെൻറ അന്തസ്സത്ത. ആ 18 ലക്ഷം പൗരന്മാരുടെ മാതൃഭാഷയായ അറബിക്ക് ഒൗദ്യോഗിക പദവി ഇല്ലാതാകുന്നു. കിഴക്കൻ ജറൂസലം ആസ്ഥാനമായി ഫലസ്തീൻ രാഷ്ട്രമെന്ന സാധ്യതപോലും അവഗണിച്ച് മുഴുവൻ ജറൂസലമിനെയും ഇസ്രായേലിെൻറ തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നു. വിവേചനം ഇസ്രായേലിെൻറ ജനിതക സ്വഭാവമാണെന്നതിനാൽ ഇതിലൊന്നും അത്ഭുതപ്പെടാനില്ല. പ്രത്യേകിച്ച്, കുറെ കാലമായി അവിടത്തെ ഭരണം തീവ്ര വലതുപക്ഷ സഖ്യങ്ങളുടെ കൈയിലായിരിക്കെ. പുതിയ ‘‘ദേശരാഷ്ട്ര നിയമം’’ വരുന്നതിന് മുമ്പുതന്നെ ഫലസ്തീനി പൗരന്മാരെ അരികുവത്കരിക്കുന്ന 65 വ്യത്യസ്ത വിവേചന നിയമങ്ങൾ ഇസ്രായേലിൽ നിലവിലുണ്ട്.
ജൂതന്മാരെ ഒന്നാംതരം പൗരന്മാരായും മറ്റുള്ളവരെ രണ്ടും മൂന്നും കിടക്കാരായും -ചില കാര്യങ്ങളിൽ പൗരത്വാവകാശമേ ഇല്ലാത്തവരായും -സ്ഥിരപ്പെടുത്തുന്ന പുതിയ നിയമം സംശയരഹിതമായി ഇസ്രായേലിെൻറ അപ്പാർത്തൈറ്റ് സ്വഭാവം വെളിപ്പെടുത്തുന്നുവെന്നു മാത്രം. ഭൂസ്വത്തവകാശം, സ്വദേശത്തേക്ക് മടങ്ങാനുള്ള അവകാശം, താമസത്തിനുള്ള അവകാശം, കുടുംബജീവിതത്തിനുള്ള അവകാശം, പ്രതിഷേധിക്കാനും ആശയപ്രകാശനത്തിനുമുള്ള അവകാശം, കോടതിയെ സമീപിക്കാനുള്ള അവകാശം -ഇവയൊന്നും ഇല്ലാത്തവരെന്ന ഫലസ്തീനികളുടെ അവസ്ഥ സ്ഥിരപ്പെടുകയാണ്.
മനുഷ്യത്വത്തിനെന്നല്ല, സാമാന്യ യുക്തിക്കുപോലും നിരക്കാത്ത ചട്ടങ്ങളാണ് ഇങ്ങനെ സാധൂകരിക്കപ്പെടുന്നത്. ‘‘സ്ഥലത്തില്ലാത്തവരുടെ സ്വത്ത്’’ സംബന്ധിച്ച 1950ലെ നിയമമനുസരിച്ച്, ഇസ്രായേലിൽനിന്ന് അഭയാർഥികളായിപ്പോയവർ ‘‘സ്ഥലത്തില്ലാത്ത’’വരും അതുകൊണ്ട് അവകാശങ്ങൾ ഇല്ലാത്തവരുമത്രെ - അവരെ അഭയാർഥികളാക്കിയവരുടേതാണ് ഇൗ നിയമം! ‘‘മടങ്ങാനുള്ള അവകാശ’’മനുസരിച്ച് ലോകത്തിെൻറ ഏതു ഭാഗത്തുനിന്നും ജൂതന്മാർക്ക് ഇസ്രായേലിലേക്ക് ‘‘മടങ്ങി’’പ്പോകാൻ അവകാശമുണ്ട്; അതേസമയം, അവിടെനിന്ന് ആട്ടിയോടിക്കപ്പെട്ട സ്വദേശി ഫലസ്തീൻകാർക്ക് ആ അവകാശമില്ല.
2003ലെ ഒരു നിയമമനുസരിച്ച് ഇസ്രായേലിലെ ഫലസ്തീൻകാർക്ക് അധിനിവിഷ്ട പ്രദേശങ്ങളിലെ ഭാര്യയോടോ ഭർത്താവിനോടോ ഒപ്പം ജീവിക്കാൻ അവകാശമില്ല. ആയിരക്കണക്കിന് ഫലസ്തീൻ കുടുംബങ്ങളെ വേർപെടുത്തിയ ഇൗ നിയമം ഇൗയിടെ പതിനഞ്ചാം തവണയും പുതുക്കി; ഇപ്പോൾ വിവേചനനിയമത്തിന് സാധുത കിട്ടിയിരിക്കെ അത്തരം ചട്ടങ്ങളൊക്കെ സ്ഥിരപ്പെടാൻ പോകുന്നു.
വാസ്തവത്തിൽ ഇൗ നിയമം ഫലസ്തീനികൾക്കെതിരായ വിവേചനം മാത്രമല്ല, ലോകസമൂഹത്തിെൻറ മുഖമടച്ചുള്ള അടികൂടിയാണ്. കാരണം, ആഗോള സമൂഹത്തെയാണ് അത് നേർക്കുനേരെ വെല്ലുവിളിക്കുന്നത്. ഫലസ്തീനിൽ സമാധാനത്തിനായുള്ള ശ്രമം വ്യർഥമായൊരു അജണ്ടയെങ്കിലുമാണ് യു.എന്നിനും മറ്റും. ഇപ്പോൾ ഇസ്രായേൽ പറയുന്നു, തങ്ങൾ തോന്നുന്നപോലെ ചെയ്യുമെന്ന്.
ഇസ്രായേലിനെ ‘‘അപ്പാർത്തൈറ്റ് രാഷ്ട്ര’’മായി പ്രഖ്യാപിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട യു.എന്നിെൻറ മുഖത്തേക്കാണ് ഇസ്രായേൽ വംശവിവേചനം ബഹുമതിയായി കാണുന്ന നിയമം എറിയുന്നത്. സയണിസ്റ്റുകളല്ലാത്ത ജൂതന്മാർവരെ എതിർക്കുന്ന ഇൗ നീക്കത്തെ തള്ളാനും നീതി ഉറപ്പാക്കാനും ലോകസമൂഹത്തിന് കഴിയുമോ എന്നതാണ് ചോദ്യം. അമേരിക്കക്കപ്പുറം, ചില അറബ് രാജ്യങ്ങളിൽവരെ വംശീയ ഇസ്രായേലിന് പിന്തുണ ഏറിയിരിക്കെ മറ്റു രാജ്യങ്ങൾക്ക് ഇതൊരു പരീക്ഷണമാണ്. യൂറോപ്യൻ യൂനിയൻ ചെറിയ എതിർപ്പ് അറിയിച്ചപ്പോഴേക്കും ഇസ്രായേൽ പ്രധാനമന്ത്രി ആഭ്യന്തരകാര്യങ്ങളിൽ തലയിടരുതെന്ന് വിരട്ടിയതും നാം കണ്ടു. സയണിസ്റ്റ് രാഷ്ട്രത്തിനെതിരെ 77 പ്രമേയങ്ങൾ പാസാക്കിയ യു.എന്നിെൻറയും അംഗരാഷ്ട്രങ്ങളുടെയും ആർജവമാണ് പരീക്ഷിക്കപ്പെടുന്നത്. ഇസ്രായേൽ ഇപ്പോൾ എതിർചേരിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് ഫലസ്തീനെയല്ല, ആഗോളസമൂഹത്തെയാണ് എന്നർഥം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.