ഫലസ്തീൻ: തിരുത്തേണ്ട നിലപാടുകളും നടപടികളും

ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ബോംബുവർഷവും വംശനശീകരണവും ആഗോള പ്രതിഷേധങ്ങൾ നേരിടുകയാണ്. ദശകങ്ങളായി ഇസ്രായേൽ അധിനിവിഷ്ട ഭൂമിയിൽ നടത്തുന്ന അതിക്രമങ്ങൾ നിർത്താൻ അന്താരാഷ്ട്ര നേതൃത്വങ്ങൾക്ക് സാധിക്കാതെപോയപ്പോൾ ജനകീയ- സായുധ ചെറുത്തുനിൽപുകളിലൂടെ ഫലസ്തീൻകാരുടെ അവകാശസംരക്ഷണത്തിന് പോരാടുകയാണ് ഹമാസ് എന്ന ചെറുത്തുനിൽപ് സംഘടന.

നൂറുകണക്കിന് ഫലസ്തീനികളെ വധിക്കുകയും ഭവനരഹിതരാക്കുകയും ചെയ്ത ഇസ്രായേലി ഭീകരതക്കെതിരെ ഹമാസ് ഒക്ടോബർ ഏഴിന് നടത്തിയ സൈനികാക്രമണത്തിന് പിന്നാലെ തങ്ങളുടെ സൈനിക- ഇന്റലിജൻസ് സംവിധാനങ്ങൾക്കേറ്റ പരാജയം മറച്ചുവെക്കാനും സൈനികശക്തി സ്ഥാപിക്കാനും ഹമാസിനെ തകർക്കാനുമായി അഴിച്ചുവിട്ട തീക്കളിയാണ് ഇപ്പോൾ ഗസ്സയിൽ തുടരുന്നത്.

ഭൂരിഭാഗം കുട്ടികളും അനേകം ഗർഭിണികളുൾപ്പെടെ ആയിരക്കണക്കിന് സിവിലിയന്മാർ കൊല്ലപ്പെടുകയോ അഭയാർഥികളായി മാറുകയോ ചെയ്യുമ്പോൾ അന്യരാജ്യങ്ങളിലെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ബഹുജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുക സ്വാഭാവികം. ഇക്കഴിഞ്ഞ ഞായറാഴ്ചയും അതിനുമുമ്പും വിവിധ ലോകനഗരങ്ങളിൽ ലക്ഷക്കണക്കിന് പ്രതിഷേധങ്ങൾ നടന്നതും അങ്ങനെയാണ്.

ഫലസ്തീന് ഐക്യദാർഢ്യമറിയിച്ചും അധിനിവേശകരോട് അരുതെന്നുപറഞ്ഞും ഇന്ത്യയുടെ പലഭാഗങ്ങളിലും പ്രകടനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, അവയോട് അസഹിഷ്ണുതയോ ശത്രുതയോ നിറഞ്ഞ സമീപനമാണ് ചില സംസ്ഥാന സർക്കാറുകൾ കാണിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ വിവിധ വിദ്യാർഥി-യുവജന സംഘടനകൾ ജന്തർമന്തറിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയെ ഡൽഹി പൊലീസ് ബലപ്രയോഗംകൊണ്ടാണ് നേരിട്ടത്. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിലെ ഹാമിർപുർ ജില്ലയിലെ ആതിഫ് ചൗധരി, സുഹൈൽ അൻസാരി എന്നീ മതപണ്ഡിതർക്കെതിരെ പൊലീസ് ആരോപിച്ച കുറ്റം അവരുടെ വാട്സ്ആപ് ഡിസ്‍പ്ലേ ഫോട്ടോയിൽ ‘ഞാൻ ഫലസ്തീനൊപ്പം’ എന്ന വാക്യം പ്രദർശിപ്പിച്ചതാണ്.

അതുവഴി സമുദായങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കിയത്രെ അവർ!. അലീഗഢ് സർവകലാശാലയിലെ നാലു വിദ്യാർഥികളെ ഒക്ടോബർ എട്ടിന് നടന്ന ഫലസ്തീൻ അനുകൂല പ്രകടനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു. ഗസ്സയിലെ ആക്രമണങ്ങളിൽ പ്രതിഷേധിച്ചതിന്റെ പേരിൽ, മഹാരാഷ്ട്രയിൽ രുചീർ ലാഡ്‌, സുപ്രീത് രവീഷ് എന്നീ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത് പ്രകടനത്തിന് മുൻകൂട്ടി അനുമതി എടുത്തിട്ടില്ല എന്നുപറഞ്ഞായിരുന്നു.

പക്ഷേ, അനുമതിക്കായി പോയ റവലൂഷനറി വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യയുടെ നാല് നേതാക്കളെ അപ്പോൾതന്നെ അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു. ഫലസ്തീന് അനുകൂലമായി ഒന്നും അനുവദിക്കുകയില്ല എന്ന ഭാവത്തിലാണ് ബി.ജെ.പി. എന്നാൽ, രസകരമായ കാര്യം കേന്ദ്രസർക്കാറിന്റെ ഇസ്രായേൽ അനുകൂല നിലപാടുകളെക്കുറിച്ച് വിമർശനങ്ങൾ വന്നപ്പോൾ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ തന്നെ പറഞ്ഞത് ഇന്ത്യ എപ്പോഴും ഫലസ്തീൻ ജനതക്കൊപ്പമാണെന്നാണ്.

ഇതൊക്കെ ചെയ്തത് ബി.ജെ.പി സർക്കാറുകൾ മാത്രമല്ല, കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ പൊലീസ് ബംഗളൂരുവിൽ ഒക്ടോബർ 16ന് ഫലസ്തീന് അനുകൂലമായി നിശ്ശബ്ദ മാർച്ച് നടത്തിയ പത്ത് പേരെ അറസ്റ്റ് ചെയ്തു-കുറ്റം പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി എന്നതും. കോൺഗ്രസ് ഫലസ്തീൻജനതയുടെ അവകാശങ്ങൾക്കൊപ്പമെന്ന് ആണയിടുകയും ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് പ്രവർത്തകസമിതി പ്രമേയം പാസാക്കുകയും ചെയ്തിരിക്കെയാണ് ഇത്തരം നടപടികൾ. ഇങ്ങ് കേരളത്തിലും പൂർണമായും ശുഭമല്ല ചിത്രം. ഈരാറ്റുപേട്ടയിൽ ഒക്ടോബർ 20ന് നടന്ന റാലിയിൽ പങ്കെടുത്തതിന് പള്ളി ഇമാമുമാരും നഗരസഭ വൈസ് ചെയർമാനും ഉൾപ്പെടെ 20 പേർക്കെതിരെ കേസ് എടുത്തത് ‘ഗതാഗതം തടസ്സപ്പെടുത്തി’യതിനാണ്.

ഫലസ്തീൻ അനുകൂല പ്രചാരണങ്ങളുടെ കാര്യം ഇങ്ങനെയാണെങ്കിൽ ഹിന്ദുത്വപക്ഷം ഇസ്രായേലിനെ പിന്തുണച്ച് നടത്തുന്ന പരിപാടികൾക്കൊന്നും ഒരു വിലക്കുമില്ല. അവർ സമൂഹ മാധ്യമങ്ങളിൽ സമരോത്സുകമായി ഫലസ്തീൻ വിരുദ്ധവും വർഗീയവിഷം വമിക്കുന്നതുമായ പോസ്റ്റുകൾ നിറക്കുമ്പോൾ ഒരു മുൻ സൈനികൻ ഇസ്രായേൽ എംബസിയിലെത്തി പൊരുതാനുള്ള സന്നദ്ധത അറിയിച്ചുവത്രെ. ഇന്ത്യയിൽ നിന്നുള്ളവർക്കുവേണ്ടി തന്നെ ഒരു ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് രൂപവത്കരിക്കാമെന്ന് തോന്നുന്നുവെന്ന് സ്ഥാനപതി നാവോർ ഗിലോൻ അഭിപ്രായപ്പെടുകയുണ്ടായി, അത്രത്തോളമുണ്ട് എംബസിയുടെ സമൂഹമാധ്യമ ഹാൻഡിലുകളിൽ നിറയുന്ന ഇസ്രായേൽ-അനുകൂല പോസ്റ്റുകൾ.

ഹിന്ദുത്വയുടെ സജീവ വക്താവായ യതി നരസിംഹാനന്ദ് ഇറക്കിയ ഒരു വിഡിയോയിൽ പറഞ്ഞത് ഹിന്ദുക്കൾക്കും യഹൂദർക്കും ഒരേ പൊതു ശത്രുവാണുള്ളതെന്നാണ്: അവ [പ്രവാചകൻ] മുഹമ്മദും അവരുടെ വിശുദ്ധ ഗ്രന്ഥവും. ഇതിൽ യതിക്കെതിരെ എന്തെങ്കിലും നടപടി എടുത്തതായി അറിവില്ല. അതിനിടയിലാണ് അന്തർദേശീയ പ്രതിച്ഛായക്ക് വേണ്ടിയും നിലപാടുകളിലെ സന്തുലിതത്വം പ്രദർശിപ്പിക്കാനും കേന്ദ്രസർക്കാർ ഫലസ്തീനനുകൂല പ്രസ്താവനകളും ഫലസ്തീനികൾക്ക് സഹായദാനവുമായി സത്യങ്ങൾക്കുനേരെ കണ്ണടക്കുന്നത്.

അന്തർദേശീയതലത്തിലും ആഭ്യന്തര രംഗത്ത് ഭരണതലത്തിലും നീതിപൂർവമായ നടപടികളെടുത്തുവേണം ഇത്തരം നിർണായക സന്ദർഭങ്ങളിൽ പെരുമാറാനെന്നും ഇല്ലെങ്കിൽ തങ്ങളുടെ യഥാർഥ മുഖം വികൃതമായി വെളിവാകുമെന്നും ഭരിക്കുന്നവർ മനസ്സിലാക്കണം. ഫലസ്തീൻപ്രശ്നത്തെ ഒരു സാമുദായിക പ്രശ്നമായി ചുരുക്കിക്കാണാതെ സർക്കാറുകൾ ഫലസ്തീൻ അനുകൂല, ഇസ്രായേൽ വിരുദ്ധ ആവിഷ്കാരങ്ങളെ മാനുഷിക പ്രശ്നമായി കൈകാര്യം ചെയ്യണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.