ഇരുപത്തിയഞ്ച്​ കൂട്ടി രണ്ടര കുറക്കു​േമ്പാൾ

സർവകാല റെക്കോഡിലെത്തിയ പെട്രോൾ, ഡീസൽ വിലയിൽ ഒന്നര രൂപയുടെ കേന്ദ്ര തീരുവ കുറക്കാനും ഒരു രൂപ കുറക്കാൻ പെട്രോളിയം കമ്പനികളോട്​ ആവശ്യപ്പെടാനും കേന്ദ്ര സർക്കാർ തീരുമാനിച്ചത്​ നേരിയ ആശ്വാസം തന്നെയാണ്​. കുതിച്ചുയർന്ന വിലയിൽ രണ്ടര രൂപയുടെ കുറവ്​ വലിയ ആശ്വാസമാണെന്നല്ല. എന്നാൽ, ജനങ്ങൾ സഹിക്കുന്ന ബുദ്ധിമുട്ടിനെപ്പറ്റി ഉന്നതങ്ങളിൽ ചിന്ത തുടങ്ങി എന്നത്​ ശുഭസൂചനതന്നെയാണ്​. നോട്ടുനിരോധനവും ചരക്കു​ സേവന നികുതിയും (ജി.എസ്​.ടി) ഇതിനകം തന്നെ ചെറുകിട-ഇടത്തരം വ്യാപാരികളുടെ നടുവൊടിച്ചതാണ്​; സാധാരണക്കാർക്ക്​ ജീവിതഭാരം ദുസ്സഹമായി. അതിനു പുറമെയാണ്​ നാൾക്കുനാൾ കൂടി​ക്കൊണ്ടിരിക്കുന്ന ഇന്ധനവിലയുടെ ഭാരം. പെട്രോൾ, ഡീസൽ വിലകളൊന്നും സാധാരണക്കാരെ ബാധിക്കില്ലെന്ന തിയറിയുമായി ചില കേന്ദ്രമന്ത്രിമാർ രംഗത്തിറങ്ങിയെങ്കിലും സർക്കാറി​​​െൻറ സാമ്പത്തികഭരണത്തി​​​െൻറ കെടുതികൾ നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളിൽ അത്​ ഏശിയിട്ടില്ല.

ഇന്ധനവില കുറക്കുമെന്നും രൂപയുടെ മൂല്യം വർധിപ്പിക്കുമെന്നും വാക്കുപറഞ്ഞാണ്​ നരേന്ദ്ര മോദി വോട്ടു​ചോദിച്ചിരുന്നത്​. അത്​ നടന്നില്ലെന്നു മാത്രമല്ല, എണ്ണവില എൺപതും രൂപ ഡോളറിന്​ എഴുപതും കടന്ന്​ കുതിക്കുന്നതാണ്​ രാജ്യം കണ്ടത്​. അന്താരാഷ്​ട്ര വിപണിയിൽ അസംസ്​കൃത എണ്ണവില കുറഞ്ഞപ്പോഴും ഇവിടെ എണ്ണവില പൊങ്ങിക്കൊണ്ടിരുന്നു. എണ്ണവില നിയന്ത്രണം കേന്ദ്രം കൈയൊഴിഞ്ഞതോടെ വിലയുടെ കാര്യത്തിൽ നമു​െക്കാന്നും ചെയ്യാനില്ലെന്ന മറുപടിയാണ്​ കേന്ദ്രം കുറച്ചുനാളായി നൽകിവന്നത്​. അത്​ ശരിയല്ലെന്ന ഏറ്റുപറച്ചിൽ കൂടിയാണ്​ ഇപ്പോൾ വരുത്തിയ വിലക്കുറവ്​.
എന്നാൽ, ഇതൊരു രാഷ്​ട്രീയക്കസർത്ത്​ മാത്രമാണെന്ന്​ തോന്നിക്കുന്നതാണ്​ സർക്കാർ വിശദീകരണം. തെരഞ്ഞെടുപ്പിലേക്ക്​ രാജ്യം അടുക്കുന്നു. സമ്പദ്​രംഗം സാധാരണക്കാരെ ഞെരുക്കുന്നു. അവശ്യസാധനങ്ങളുടെ വില കുറച്ചുമുമ്പുവരെ ഏറിക്കൊണ്ടിരുന്നു; അത്​ ഇപ്പോഴും വളരെയൊന്നും കുറഞ്ഞിട്ടില്ല. അതേസമയം, കർഷകരുടെ ദുരിതം വർധിച്ചി​േട്ടയുള്ളൂ. ഇത്തരമൊരവസ്​ഥയിൽ വോട്ടർമാരെ അഭിമുഖീകരിക്കാൻ ആവശ്യമായ ചൊട്ടുവിദ്യകളാണ്​, ജനങ്ങളുടെ കഷ്​ടപ്പാടകറ്റുന്ന വലിയ നടപടികളെക്കാൾ സർക്കാറിന്​ പ്രിയമെന്ന്​ തോന്നുന്നു. ഒന്നര രൂപ തീരുവയിൽ ഇളവുവരുത്തിയ കേന്ദ്രം സംസ്​ഥാനങ്ങളോട്​ രണ്ടര രൂപ കുറക്കാൻ ആവശ്യപ്പെടുന്നു.

വിലക്കയറ്റത്തിൽ തങ്ങൾക്ക്​ ചെയ്യാനുള്ളത്​ ചെയ്​തുകഴിഞ്ഞെന്നും ഇനി ഉത്തരവാദിത്തം സംസ്​ഥാനങ്ങൾക്കാണെന്നും വാദിക്കാൻ ഇത്​ സൗകര്യമാകുമെങ്കിലും കേന്ദ്രത്തിനുതന്നെയാണ്​ ഇനിയും കൂടുതൽ ചെയ്യാനുള്ളത്​ എന്നതാണ്​ വസ്​തുത. എണ്ണവില ജി.എസ്​.ടിക്കു വിധേയമാക്കുകയും മറ്റു നികുതികളും തീരുവകളും ഒഴിവാക്കുകയുമാണ്​ ഒന്ന്​. ഇക്കാര്യത്തിൽ മുൻകൈയെടുക്കേണ്ടത്​ കേന്ദ്രംതന്നെയാണ്​. രാജ്യം മുഴുവൻ ഒരൊറ്റ നികുതിസംവിധാനത്തിൽ എന്ന മുദ്രാവാക്യവുമായി തുടങ്ങിയ ജി.എസ്​.ടി, ഏറ്റവും കൂടുതൽ നികുതി വരുമാനം നൽകുന്ന എണ്ണക്ക്​ ബാധകമല്ലെന്നത്​ അയുക്​തികവും വഞ്ചനാപരവുമാണ്​. ജി.എസ്​.ടിയുടെ ദോഷങ്ങളും എണ്ണവിലയുടെ തന്നിഷ്​ട നികുതി സംവിധാനവും ഒരേസമയം അനുഭവിക്കേണ്ടിവരുന്നുണ്ട്​ ജനങ്ങൾ. പിഴിയാവുന്നതി​​​െൻറ പരമാവധി എന്നതുമാത്രമാണ്​ ഇതിലെ യുക്​തി. കേന്ദ്രത്തിന്​ സ്വീകരിക്കാവുന്ന മറ്റൊരു നടപടി, എണ്ണയുടെ തീരുവ ഗണ്യമായി കുറക്കുകയാണ്​. ഇതു ചെയ്​തശേഷം സംസ്​ഥാനങ്ങളോട്​ മൂല്യവർധിത നികുതി (വാറ്റ്​) കുറക്കാൻ പറയുന്നതിൽ ന്യായമുണ്ട്​. ഇന്ന്​, അന്താരാഷ്​ട്ര നിരക്കനുസരിച്ച്​ ഇൗടാക്കാവുന്നതി​​​െൻറ ഇരട്ടി തുകയോളം എണ്ണക്ക്​ വില വരുന്നുണ്ട്​ -തീരുവയും നികുതിയും അത്രയേറെയാണ്​. അസംസ്​കൃത എണ്ണയുടെ വില അന്താരാഷ്​ട്ര വിപണിയിൽ കുറഞ്ഞപ്പോഴും കേന്ദ്രം തീരുവനിരക്ക്​ വർധിപ്പിക്കുകയാണ്​ ചെയ്​തത്​. ഇന്ത്യ എണ്ണ സംസ്​കരിച്ച്​ പല രാജ്യങ്ങളിലേക്കുമായി കയറ്റുമതി ചെയ്യുന്നതും നാട്ടിലെ എണ്ണവിലയെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണല്ലോ.

നൂറു ശതമാനത്തിലേറെവരുന്ന കേന്ദ്ര, സംസ്​ഥാന നികുതികളാണ്​ ജനങ്ങൾക്ക്​ ദുസ്സഹഭാരമാകുന്നത്​. ഇപ്പോൾ കേന്ദ്രം വരുത്തിയ തീരുവക്കുറവ്​, ഇപ്പോഴത്തെ സർക്കാർ വർധിപ്പിച്ചതി​​​െൻറ പത്തിലൊന്നേ ആവുന്നുള്ളൂ. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടിയ എണ്ണനികുതി നമ്മുടേതാണ്​. കഴിഞ്ഞ ആഗസ്​റ്റ്​ 15നുശേഷം മാത്രം മുപ്പതിലേറെ തവണയാണ്​ എണ്ണവില വർധിപ്പിച്ചത്​. കേന്ദ്രം എണ്ണയിൽനിന്ന്​ ഇൗടാക്കുന്ന തുകയിൽ 130 ശതമാനം വർധനയുണ്ടായെങ്കിൽ (ഡീസലിന്​ 300 ശതമാനം) സംസ്​ഥാനങ്ങളുടെ വരുമാനം 34 ശതമാനമാണ്​ വർധിച്ചത്​. 2013ൽ അസംസ്​കൃത എണ്ണക്ക്​ 109 ഡോളറായിരുന്നപ്പോൾ ഇവിടെ പെ​േ​ട്രാൾവില ലിറ്ററിന്​ 74 രൂപയായിരുന്നു -അതുപോലും വളരെ കൂടുതലാണെന്ന്​ ബി.ജെ.പി ആരോപിച്ചിരുന്നു. എന്നാൽ മോദിഭരണത്തിൽ, ഇ​െക്കാല്ലം അസംസ്​കൃത എണ്ണക്ക്​ 76 ഡോളറായപ്പോൾ നാട്ടിൽ എണ്ണവില ലിറ്ററിന്​ 80 രൂപയായതും കണ്ടു. അടുത്തകാലത്ത്​ 25 രൂപയുടെ വർധന​ വരുത്തിയിട്ട്​ അതിൽനിന്ന്​ രണ്ടര രൂപ കുറക്കുന്നത്​ ജനങ്ങളെ പരിഹസിക്കലാണ്​.

എണ്ണവില ജി.എസ്​.ടിക്കു കീഴിലാക്കുകയും അതിനു കഴിയില്ലെങ്കിൽ കേന്ദ്ര-സംസ്​ഥാന സർക്കാറുകൾ ഇൗടാക്കുന്ന നികുതിയിൽ ഗണ്യമായ കുറവുവരുത്തുകയുമാണ്​ വേണ്ടത്​. വർധിച്ച എണ്ണവില ഇന്ധന ഉപയോഗം കുറക്കുമെന്നും പരിസ്​ഥിതിക്ക്​ അത്​ ഗുണംചെയ്യുമെന്നും ചിലർ വാദിച്ചുനോക്കുന്നുണ്ട്​. എണ്ണ ഉപഭോഗം കുറക്കേണ്ടത്​ ആവശ്യമാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, അത്​ ബദൽ ഉൗർജസ്രോതസ്സുകൾ വികസിപ്പിച്ചുകൊണ്ടേ കഴിയൂ. തെറ്റായ സാമ്പത്തികനയങ്ങളുടെ ഭാഗമായി എണ്ണവില അസഹനീയ തലത്തിലേക്ക്​ ഉയർത്തുകയും എന്നിട്ടതിനെ ‘ശുദ്ധഉൗർജ’ത്തിലേക്കുള്ള പ്രയാണമായി ന്യായീകരിക്കുകയും ചെയ്യുന്നത്​ പരിഹാസ്യമെന്നേ പറയാനാവൂ.

Tags:    
News Summary - Petrol-Disel price hike-Opnion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT