നാർകോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്നിവ ആരോപിച്ച് കതോലിക്കാ ബിഷപ്പുമാരിൽ ചിലർ ഉയർത്തിയ വിദ്വേഷ പ്രചാരണം രണ്ടാഴ്ചയായി കേരളത്തിെൻറ സാമൂഹിക അവസ്ഥയിൽ വലിയ അസ്വാരസ്യമായി പുകയുകയാണ്. സെപ്റ്റംബർ എട്ടിനാണ് കുറവിലങ്ങാട് ചർച്ചിെല പ്രഭാഷണത്തിൽ പാലാ ബിഷപ് വിദ്വേഷജനകമായ പ്രയോഗങ്ങൾ നടത്തുന്നത്. അമുസ്ലിംകളെ തകർക്കാൻ 'ജിഹാദി'കൾ ജ്യൂസ് കടകൾ, ഐസ്ക്രീം പാർലറുകൾ, മധുരപാനീയക്കടകൾ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപിപ്പിക്കുന്നു എന്നതായിരുന്നു വിചിത്രമായ കണ്ടുപിടിത്തം. പ്രാഥമികമായിതന്നെ അങ്ങേയറ്റം അപകടകരമായ ഈ പ്രസ്താവനയെ മുസ്ലിംകൾ മാത്രമല്ല, സമാധാനകാംക്ഷികളായ മുഴുവൻ മനുഷ്യരും തള്ളിപ്പറഞ്ഞു. അതിനിടെയാണ്, ആ പ്രഭാഷണത്തെക്കാൾ മാരകമായ വിദ്വേഷം പരത്തുന്ന മതപാഠപുസ്തകവുമായി താമരശ്ശേരി രൂപത രംഗത്തുവരുന്നത്. സ്വാഭാവികമായും അതിനെതിരായ പ്രതിഷേധവും കനത്തു. താമരശ്ശേരി ബിഷപ് ഖേദം പ്രകടിപ്പിക്കുകയും പുസ്തകത്തിലെ വിവാദ ഭാഗങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ആ നടപടി മൊത്തത്തിൽ സാമൂഹിക അസ്വസ്ഥതകളെ ലഘൂകരിക്കുന്നതിൽ പങ്കുവഹിച്ചിരുന്നു. എന്നാൽ, സഹകരണ മന്ത്രി വാസവൻ പാലാ ബിഷപ്പിനെ അദ്ദേഹത്തിെൻറ അരമനയിൽ സന്ദർശിക്കുകയും ബിഷപ്പിനെ വാനോളം പുകഴ്ത്തി സംസാരിക്കുകയും ചെയ്തതാണ് വിവാദങ്ങൾ വീണ്ടുമുയർത്തിയത്.
ബിഷപ് പണ്ഡിതനാണെന്നും അദ്ദേഹത്തിനെതിരെ സംസാരിക്കുന്നവർ തീവ്രവാദികളാണെന്നും സാക്ഷ്യപ്പെടുത്തിയ വാസവൻ 'ചാപ്റ്റർ ക്ലോസ്' എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിവാദത്തിൽ മുറിവേറ്റ മുസ്ലിംകളെ കേൾക്കുകയോ കാണുകയോ ചെയ്യാതെ സംസ്ഥാനത്തെ ഒരു മന്ത്രി, പ്രശ്നത്തിന് കാരണക്കാരനായ ആളെ അങ്ങോട്ടു ചെന്ന് കണ്ട് മഹത്ത്വപ്പെടുത്തുകയും എതിർക്കുന്നവർ തീവ്രവാദികളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് സമൂഹത്തിന് വലിയ ആഘാതമായിരുന്നു. പാലാ ബിഷപ്പിെൻറ പ്രയോഗത്തെ, മൃദുവായ ഭാഷയിലാണെങ്കിലും, തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയുടെ മുൻനിലപാടിൽനിന്ന് സർക്കാർ പിന്നോട്ടുപോകുന്നുവെന്ന സന്ദേശമാണ് അത് നൽകിയത്. പാലാ ബിഷപ്പിെൻറ പ്രയോഗത്തിൽ ദുരുദ്ദേശ്യമൊന്നുമില്ലെന്ന പാർട്ടി സെക്രട്ടറി വിജയരാഘവെൻറ പ്രഖ്യാപനംകൂടി വന്നതോടെ അത് മുറിവിൽ മുളക് തേക്കുന്നതിന് തുല്യമായി. സർക്കാർ പ്രകടമായും പക്ഷംപിടിക്കുകയാണ് എന്ന തോന്നൽ വ്യാപകമായി. മുസ്ലിം സംഘടനാ നേതാക്കൾ മാത്രമല്ല, ഇടതുപക്ഷത്തുള്ള സാംസ്കാരിക പ്രവർത്തകരിൽ ചിലർപോലും എതിർത്തിട്ടും എന്തെങ്കിലും തിരുത്തൽ വരുത്താനോ മുസ്ലിംകളുടെ വേദന അകറ്റാനോ ഉള്ള നടപടികൾ ഒന്നും സർക്കാർ സ്വീകരിച്ചില്ല. അടുത്ത കാലത്തൊന്നും ഇല്ലാത്ത സാമൂഹിക വിഭജനത്തിന് സംസ്ഥാനം സാക്ഷിയാകുന്നതാണ് പിന്നീട് കണ്ടത്. സമൂഹമാധ്യമങ്ങൾ വിഷംനിറഞ്ഞ പ്രചാരണങ്ങൾകൊണ്ട് നിറഞ്ഞു. അതിനിടെയാണ്, ഈഴവ സമുദായത്തിനെതിരെ വിദ്വേഷപ്രചാരണവുമായി മറ്റൊരു ക്രൈസ്തവ പുരോഹിതൻ രംഗത്തുവന്നത്. പിന്നീടദ്ദേഹം മാപ്പുപറഞ്ഞ് തടിതപ്പി.
നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ച് അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന ഈ സംഭവങ്ങളെല്ലാം നടക്കുമ്പോൾ സർക്കാർ കാഴ്ചക്കാരനായോ പക്ഷംപിടിച്ചോ നിൽക്കുന്ന അവസ്ഥയിലായിരുന്നു. വിദ്വേഷ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കുകയാണ് ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാവേണ്ട മിനിമം സർക്കാർ ഇടപെടൽ. കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി കാലേക്കൂട്ടി പ്രഖ്യാപിച്ചു. അങ്ങേയറ്റം അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുന്നതാണ് സർക്കാറിെൻറ ഈ സമീപനം. ഇനി ആരെങ്കിലും വിദ്വേഷ പ്രസംഗം നടത്തുമ്പോൾ അവർക്കെതിരെ കേസെടുക്കാൻ സർക്കാറിന് എങ്ങനെ ധാർമികമായി സാധിക്കും എന്ന ചോദ്യം നിലനിൽക്കുകയാണ്.
വിദ്വേഷ പ്രസംഗത്തിെൻറ പേരിൽ കേസെടുക്കുന്ന കാര്യം സർക്കാർ ഇനിയും ആലോചിച്ചിട്ടില്ല. പക്ഷേ, അതിനെ സ്പഷ്ടമായിതന്നെ തള്ളിപ്പറയാൻ മുഖ്യമന്ത്രി ബുധനാഴ്ച രംഗത്തുവന്നത് വളരെ ആശ്വാസകരമാണ്. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിെൻറ കണക്കിൽപെടുത്തുന്നതിനെ മുഖ്യമന്ത്രി ശക്തമായി വിമർശിച്ചിട്ടുണ്ട്. ലവ് ജിഹാദ് സംസ്ഥാനത്തില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. അൽപംകൂടി മുന്നോട്ടുപോയി, മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെട്ടവരുടെ മതംതിരിച്ചുള്ള കണക്കും അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. അതുപ്രകാരം സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിലെ പ്രതികൾ 49.8 ശതമാനം ഹിന്ദുക്കളും 34.47 ശതമാനം മുസ്ലിംകളും 15.73 ശതമാനം ക്രിസ്ത്യാനികളുമാണ്. അമുസ്ലിംകളെ കുഴപ്പത്തിലാക്കാൻ പ്രത്യേകതരം ജിഹാദ് നടക്കുന്നു എന്ന പാലാ ബിഷപ്പിെൻറ കണ്ടുപിടിത്തത്തെ നിരാകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ കണക്ക്. പക്ഷേ, മുഖ്യമന്ത്രിക്ക് ക്രിമിനൽ കേസിെൻറ മതക്കണക്ക് തയാറാക്കി വാർത്തസമ്മേളനത്തിൽ ഹാജരാക്കേണ്ടി വരുന്നുവെന്നത് എന്തുമാത്രം കഷ്ടമാണ്. മുഖ്യമന്ത്രിയുടെ വിശദീകരണം മുറിവേറ്റ ജനതക്ക് ആശ്വാസം നൽകുന്നതാണ്. കുഴപ്പമുണ്ടാക്കുന്നവർക്കുള്ള സന്ദേശവും അതിലുണ്ട്. പക്ഷേ, അതിന് രണ്ടാഴ്ച കാത്തിരിക്കേണ്ടിവന്നുവെന്നതാണ് സങ്കടകരമായ കാര്യം. മുഖ്യമന്ത്രിക്ക് എന്തേ ഈ ബുദ്ധി നേരേത്ത തോന്നിയില്ല എന്ന് ആരും ചോദിച്ചുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.