നമീബിയ എന്ന ആഫ്രിക്കൻ നാട്ടിൽനിന്ന് 8000 കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യയിൽ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനം (കെ.എൻ.പി) എന്ന സംരക്ഷിത വനമേഖലയിലെത്തിയ എട്ട് ആഫ്രിക്കൻ ചീറ്റപ്പുലികൾ നമ്മുടെ ശോഷിച്ചുപോയ വന്യജീവിവൈവിധ്യത്തിന് മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്. അഞ്ച് പെണ്ണും മൂന്ന് ആണുമടങ്ങുന്ന ചീറ്റകൾ തൽക്കാലം ആറ് ചതുരശ്ര കിലോമീറ്റർ വരുന്ന പ്രത്യേക കരുതൽ മേഖലയിൽ കഴിയും. ഇന്ത്യൻ പരിസ്ഥിതിയുമായി ശരിക്കും ഇണങ്ങുന്നുണ്ടോ എന്ന് നോക്കിയശേഷം അവയെ അയ്യായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനത്തിലേക്ക് വിടും. വൈകാതെ മറ്റൊരു കൂട്ടം ചീറ്റകൾ ദക്ഷിണാഫ്രിക്കയിൽനിന്ന് വരാനുണ്ടത്രെ. ഈ 12 എണ്ണത്തിനും പിൻഗാമികൾ ഉണ്ടാകുമെന്നും 40 ചീറ്റകൾ വരെ ഇന്ത്യയിൽ കുടിയേറ്റപ്പെടുമെന്നും അധികൃതർ പറയുന്നു. അനുകൂല പരിസ്ഥിതിയിൽ ഇവ പെറ്റുപെരുകുന്നതോടെ കുറ്റിയറ്റുപോയ ചീറ്റപ്പുലികൾ ഇന്ത്യൻ ഭൂമേഖലകളിൽ വീണ്ടും വൻ സാന്നിധ്യമാകുമെന്നാണ് കണക്കുകൂട്ടൽ. 'ഇന്ത്യൻ ചീറ്റ' എന്ന ഇനംതന്നെ ഇല്ലാതെയാണ് സ്വതന്ത്ര ഇന്ത്യ ജനിച്ചത്. ഇന്നത്തെ ഛത്തിസ്ഗഢിലെ കോരിയ നാട്ടുരാജ്യം 1947 വരെ ഭരിച്ചിരുന്ന മഹാരാജാ രാമാനുജ് പ്രതാപ് സിങ്ദേവ് മൂന്നു ചീറ്റകളെ നായാട്ടിൽ കൊന്നപ്പോൾ അദ്ദേഹം ഏഷ്യൻ ചീറ്റ വർഗത്തിന്റെ ഇന്ത്യയിലെ കുടുംബത്തെ നാമാവശേഷമാക്കുക കൂടിയായിരുന്നു. ഇന്ത്യയിൽ ചീറ്റ ബാക്കിയില്ലെന്ന് 1952ൽ പ്രഖ്യാപിക്കപ്പെട്ടു. എഴുപതുവർഷത്തിനുശേഷം ഇവിടെ വീണ്ടും ചീറ്റകൾ വരുമ്പോൾ വന്യജീവി വൈവിധ്യത്തിന് ശക്തമായ ഒരു താങ്ങുകൂടിയാകും അത് എന്നാണ് കരുതപ്പെടുന്നത്. മാർജാര കുടുംബത്തിന്റെ ഈ കുടിയേറ്റം പ്രതീക്ഷിച്ച ഫലം ചെയ്യുമോ എന്ന കാര്യത്തിൽ വിദഗ്ധർക്ക് ഭിന്നാഭിപ്രായങ്ങളുണ്ട്. എങ്കിലും അതുമൊരു കക്ഷിരാഷ്ട്രീയ വൈരത്തിനു വിഷയമായി എന്നത് ദൗർഭാഗ്യകരംതന്നെ.
കൂടുതൽ ദുഃഖകരമാണ്, ഇത്ര പ്രാധാന്യമേറിയ ഒരു ദേശീയ പരിപാടിയിൽ രാഷ്ട്രീയം കലർത്താൻ ശ്രമിച്ചത് കേന്ദ്ര സർക്കാർ തന്നെയാണ് എന്നത്. ഇന്ത്യയുടെ മൊത്തം പദ്ധതിയായ ഒന്നിനെ പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ബന്ധിപ്പിച്ചതോടെത്തന്നെ അതൊരു പിറന്നാൾച്ചടങ്ങായി ചുരുങ്ങുകയും അതിന് പ്രാധാന്യം കുറയുകയുമല്ലേ ചെയ്തതെന്ന് ചോദിക്കുന്നവരുണ്ട്. ആ വാദം ശരിയാകട്ടെ അല്ലാതിരിക്കട്ടെ, ചീറ്റകളെ വീണ്ടും കൊണ്ടുവരാൻ എഴുതുപതുവർഷമായി ഒരു ശ്രമവും നടന്നില്ല എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത് കടന്നുപോയി. ആ പ്രസ്താവന മുൻ സർക്കാറുകൾക്കെതിരായ ആരോപണം കൂടിയാണ്. ചീറ്റകളെ കൊണ്ടുവരാനുള്ള ഈ 'പ്രോജക്ട് ചീറ്റ' തെന്റ സർക്കാറിന്റെ വകയാണെന്ന് മോദി വിശദീകരിക്കുകയും ചെയ്തു. വാസ്തവം മറിച്ചാണ്. 'പ്രോജക്ട് ചീറ്റ' എന്ന ആശയം ജനിക്കുന്നത് മോദി സർക്കാറിനു മുമ്പ് 2009 ലാണ്. മൻമോഹൻസിങ് സർക്കാറിലെ മന്ത്രി ജയറാം രമേശാണ് അതിന് മുൻകൈയെടുത്തിരുന്നത്. അതിനുമെത്രയോ മുമ്പ്,1972ൽ, വന്യജീവി സംരക്ഷണ നിയമം പാസാക്കിയിരുന്നു. അതനുസരിച്ച് വന്യജീവികളെ സംരക്ഷിക്കാനും ജൈവ വൈവിധ്യം കൂട്ടാനും പരിപാടികൾ അനേകമുണ്ടായി. 1972ൽ പ്രോജക്ട് ലയൺ, 1973ൽ പ്രോജക്ട് ടൈഗർ എന്നിവ നടപ്പായി. ചീറ്റകളെ മറ്റു രാജ്യങ്ങളിൽനിെന്നത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ദിര സർക്കാറിന്റെ കാലത്തേ തുടങ്ങി. ഇവിടത്തെ ചീറ്റകളിൽനിന്ന് ഭിന്നമാണ് ആഫ്രിക്കൻ ചീറ്റകൾ. ഇവിടേക്ക് കൂടുതൽ യോജിച്ച ഏഷ്യൻ ചീറ്റകളെ തന്നെ ലക്ഷ്യംവെച്ച്, അവ ഏതാനും എണ്ണം ബാക്കിയുണ്ടായിരുന്ന ഇറാനുമായി ബന്ധപ്പെട്ടു. അടിയന്തരാവസ്ഥയിൽ ആ ശ്രമങ്ങൾ മുടങ്ങി. ഇറാനിൽ ഷാ ഭരണം പോയതോടെ ആ നാട്, ശേഷിച്ച ചീറ്റകളെ അവിടെത്തന്നെ സംരക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. പിന്നീട് കുറെ ആലോചനകൾക്കും പഠനങ്ങൾക്കുംശേഷം യു.പി.എ സർക്കാർ ആഫ്രിക്കൻ ചീറ്റകളെ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് 2009ൽ പരിപാടി തയാറാകുന്നത്.
ആഫ്രിക്കയിൽനിന്ന് ചീറ്റകളെ കൊണ്ടുവരാനുള്ള പരിപാടി 2010ൽ യു.പി.എ സർക്കാർ നടപ്പാക്കാൻ തുടങ്ങിയപ്പോൾ സുപ്രീംകോടതിയിൽ അത് ചോദ്യം ചെയ്യപ്പെട്ടു. നമീബിയയിൽനിന്ന് കൊണ്ടുവരുന്നതിനെതിരായ അമിക്കസ് ക്യൂറിയുടെ ഉപദേശം കോടതി അംഗീകരിക്കുകയും 2012ൽ പരിപാടി സ്റ്റേ ചെയ്യുകയുമായിരുന്നു. 2013ൽ ആ പരിപാടി അപ്പാടെ തന്നെ കോടതി തള്ളി. സർക്കാർ മാറിയെന്നുവെച്ച് പരിപാടികൾ നിലക്കേണ്ടതില്ലല്ലോ. 2017ൽ മോദി സർക്കാറിന്റെ കാലത്ത് കോടതിയിൽ പുനഃപരിശോധന ഹരജി നൽകി. കോടതി 2013ൽ പദ്ധതി തഴയുന്നതിനു മുമ്പുതന്നെ സാങ്കേതിക നിബന്ധനകൾ നിറവേറ്റിക്കഴിഞ്ഞിരുന്നു എന്ന് അതിൽ ചൂണ്ടിക്കാണിച്ചു. 2020 ഓടെ കോടതി 'പരീക്ഷണാടിസ്ഥാനത്തിൽ' പദ്ധതിക്ക് അനുമതി നൽകി. ചുരുക്കത്തിൽ, അത്യാവശ്യമായ ജുഡീഷ്യൽ പരിശോധനയും ന്യൂനത പരിഹാര നടപടികളും മൂലം വൈകിയ ഒരു പദ്ധതി, ആദ്യത്തെ മൂന്ന് ചീറ്റപ്പുലികൾക്ക് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പിറന്നാളിന് കൂടു തുറന്നുകൊടുത്തെന്നുവെച്ച് 'സ്വന്തമാക്കാൻ' നടത്തിയ ശ്രമങ്ങൾ ഒരു വൻ പദ്ധതിയുടെ നിറംകെടുത്തുകയാണ് ചെയ്തത്. ചീറ്റകളെ എത്തിക്കുന്നതോടെ ദൗത്യം തീരുകയല്ല; ഇത്തരം വന്യജീവി കുടിയേറ്റങ്ങൾ വംശനാശത്തിൽ അവസാനിച്ച ഉദാഹരണങ്ങളുണ്ട്. ആഫ്രിക്കൻ പുൽമേടുകൾ വിട്ട് ഇന്ത്യയിലെ നിബിഡവനത്തിൽ മാറിപ്പാർക്കുന്ന ചീറ്റകൾ അതിജീവിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നല്ല കരുതൽ വേണ്ടിവരും. രാഷ്ട്രീയമല്ല, ശാസ്ത്രബോധവും പ്രതിബദ്ധതയുമാണ് ആവശ്യം. എന്നാൽ, ജൈവ വൈവിധ്യമേഖലയിൽ മോദി സർക്കാർ പാസാക്കിയെടുത്ത ഭേദഗതി നിയമം (2021) പരിസ്ഥിതി ചൂഷകർക്ക് സഹായകമായ ഗുരുതരമായ, ശാസ്ത്രവിരുദ്ധ നീക്കമായിരുന്നു എന്നോർക്കുക. ഏതാനും പുലികളെ എത്തിച്ച് ടൂറിസം കൊഴുപ്പിക്കലല്ല ജൈവ വൈവിധ്യമെന്നും അത് സമഗ്രവും സർവതല സ്പർശിയും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാകണമെന്നും ധാരണയുള്ളവർ നിസ്സാര രാഷ്ട്രീയ താൽപര്യങ്ങളുമായി അതിനെ കൂട്ടിക്കുഴക്കുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.