കോവിഡാനന്തര ആരോഗ്യ അടിയന്തരാവസ്ഥ



കാലവർഷമെത്തും മുമ്പേ സംസ്ഥാനം മഴപ്പെയ്ത്തിലമർന്നിരിക്കുന്നു. ഒപ്പം, പകർച്ചപ്പനികളുടെ താണ്ഡവവും ആരംഭിച്ചിരിക്കുകയാണ്. കോവിഡാനന്തരം മുൻകാലങ്ങളേക്കാൾ ശക്തവും വ്യാപകവുമാണ് പകർച്ചവ്യാധികളുടെ പുതിയ ഭീഷണി. എലിപ്പനി മുതൽ നിപ വരെ ഏതുതരം പകർച്ചവ്യാധികളും എപ്പോഴും എവിടെയും പടരാമെന്ന ഭീതി ആരോഗ്യപ്രവർത്തകർക്കും ജനങ്ങൾക്കും ഒരുപോലെ പടർന്നിരിക്കുന്നു. അതിഗുരുതരമായ നിപക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രിതന്നെ കോഴിക്കോട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ നാലുമാസത്തിനിടെ 80,000 പേർക്ക് പകർച്ചപ്പനികൾ ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് സമ്മതിക്കുന്നു. ആറു ജില്ലകളിൽ ഡെങ്കിപ്പനിയും ഒമ്പതു ജില്ലകളിൽ എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, തക്കാളിപ്പനി, ഷിഗെല്ല, മലേറിയ, എച്ച്1 എൻ1, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ പകർച്ചവ്യാധികളും സംസ്ഥാനത്ത് വ്യാപിക്കുന്നുവെന്നാണ് ഏതാനും ദിവസങ്ങളായി പുറത്തുവരുന്ന വാർത്തകൾ. നാലു മാസത്തിനിടെ, 14 പേരാണ് എലിപ്പനിമൂലം മരണപ്പെട്ടത്. സമാന ലക്ഷണങ്ങളുമായി 55 പേരും മരിച്ചിട്ടുണ്ട്. ഡെങ്കി, ഷിഗെല്ല തുടങ്ങിയ പകർച്ചവ്യാധികൾ മൂലമുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളിൽ തക്കാളിപ്പനി വ്യാപകമാകുന്നുവെന്നാണ് ഒടുവിലത്തെ വിവരം. കാലവർഷം ആരംഭിക്കാനിരിക്കെ, വ്യാപകമാകുന്ന പകർച്ചവ്യാധികൾ നൽകുന്ന സൂചന ഒട്ടും ശുഭകരമല്ല. സംസ്ഥാനം അടിയന്തര പ്രാധാന്യത്തോടെ ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.

പകർച്ചപ്പനികൾ പടരുന്നതിന് മഴയെ പഴി പറയുന്നത് വെറുതെയാണ്. വഴിവക്കുകളും പുഴയോരങ്ങളും ഒഴിഞ്ഞ സ്ഥലങ്ങളും മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് 'സ്വവൃത്തി'യിൽ അഭിരമിക്കുന്ന മലയാളികളുടെ കപടതയുടെ മുഖംമൂടിയാണ് പകർച്ചവ്യാധികൾ വലിച്ചുകീറുന്നത്. പുഴയും തോടുംകൊണ്ട് ഏറെ സമ്പന്നമായ കേരളം എലിയും കൊതുകും വാണരുളുന്ന ദേശമായി പരിവർത്തിക്കപ്പെട്ടതിൽ നാം ഓരോരുത്തരും കുറ്റവാളികളാണ്. ശരീരശുദ്ധിയിൽ നിഷ്ഠപുലർത്തുന്ന അതേ സമൂഹമാണ് പരിസര ശുചീകരണത്തിൽ അലംഭാവം പ്രകടിപ്പിച്ച് രോഗാണുക്കളോട് തോൽക്കുകയും മറ്റു സമൂഹങ്ങൾക്കു മുന്നിൽ അപഹാസ്യരാവുകയും ചെയ്യുന്നത്. ഒരു മഴ പെയ്യുമ്പോഴേക്കും രോഗാണുവാഹകമാകുന്ന വെള്ളക്കെട്ടുകളും മാലിന്യക്കൂമ്പാരവും സൃഷ്ടിക്കപ്പെടുന്ന സംസ്ഥാന വികസന മാതൃകകൂടിയാണ് പകർച്ചവ്യാധികളുടെ കാരണഭൂതരെന്ന് തിരിച്ചറിയാതെ കേവലമായ ശുചീകരണയജ്ഞംകൊണ്ട് കേരളം മാലിന്യമുക്തമോ പകർച്ചവ്യാധിരഹിത സംസ്ഥാനമോ ആകുമെന്ന് കരുതുന്നവർ വിഡ്ഢികളുടെ നരകത്തിലാണ്. അതുകൊണ്ട് ഭരണാധികാരികൾ മുതൽ ഭൂമിയുടെ ഉടമകളായ കുട്ടികൾ വരെ പരിസ്ഥിതി സാക്ഷരത നേടുകയും ജീവിതശൈലികളിലും സാമൂഹിക ഇടപഴക്കങ്ങളിലും സമൂലമായ പരിവർത്തനത്തിന് തയാറാവുകയും വേണം.

കേരളത്തിന്‍റെ അന്തരീക്ഷതാപത്തിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങളും ക്രമരഹിതമായ മഴയും വെയിലും പ്രകൃതിയെപ്പോലെ മനുഷ്യരുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നുവെന്നതിന്‍റെ സ്ഥിരീകരണമാണ് പകർച്ചവ്യാധികളുടെ അപ്രതിരോധ വ്യാപനം. വേനലിൽ പെയ്യുന്ന അപ്രതീക്ഷിതമായ അമിത മഴ കാലാവസ്ഥ വ്യതിയാനത്തിന്‍റെ അടയാളമാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി അത് ആവർത്തിക്കുകയും ചെയ്യുന്നുണ്ട്. വർഷത്തിന്‍റെ കാലദൈർഘ്യത്തിൽ മഴദിനങ്ങൾ കുറയുകയും എന്നാൽ, പെയ്ത്ത് ഒരുമിച്ചാകുന്നതും സൃഷ്ടിക്കുന്ന കെടുതികളും തുടർക്കഥയാവുകയാണ്. തുടർച്ചയായ വർഷങ്ങളി​ൽ പ്രളയമുണ്ടായത് അങ്ങനെയാണ്. അപ്രതീക്ഷിത വേനൽമഴ കടുത്ത കൃഷിനാശത്തിനും കാരണമാകുന്നു. എല്ലാം കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രത്യക്ഷ സൂചകമായിത്തന്നെ കാണണം. ഞാറ്റുവേല അന്യാധീനപ്പെട്ടുപോയ ഒരു ദേശം അതിനെ എത്ര ഗൗരവത്തിലാണ് എടുക്കുന്നത് എന്ന ചോദ്യം നിരവധി തവണ ഉയർത്തപ്പെട്ടതാണ്. പക്ഷേ, എവിടെയും പരിസ്ഥിതി പ്രഭാഷണത്തിനപ്പുറം ഒരു മുഴക്കവും അതുണ്ടാക്കുന്നില്ല. കാലാവസ്ഥ തകർച്ചയുടെ ഉത്കണ്ഠകൾ ആരുടെയും തൊണ്ടക്കുഴിയിൽനിന്ന് ഹൃദയത്തിലേക്ക് ഒലിച്ചിറങ്ങാത്തതുകൊണ്ട് ശീഘ്രവികസനവാദങ്ങളിൽ അഭിരമിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. കാലം തെറ്റിയ മഴപ്പെയ്ത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങൾപ്പോലും തകർത്താടുന്നത് പടരുന്ന പനിയോ മുങ്ങാൻ പോകുന്ന കൊച്ചിയോ ഒന്നുമല്ല, കുമ്പളങ്ങിയിൽനിന്ന് തൃക്കാക്കരയിലേക്കെത്താനുള്ള ദൂരമെത്രയെന്ന അസംബന്ധത്തിലാണ്. ആ​ഗോ​ള​താ​പ​ന​ത്തി​ന്റെ​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്റെ​യും കെ​ടു​തി​ക​ളെ കൃ​ത്യ​മാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നതായിരുന്നു ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റ്. കാർബൺ ബഹിർഗമനം കുറക്കുന്നതിനും മാറിയ കാലാവസ്ഥക്കനുസൃതമായ രീതിയിൽ കൃഷി ഒരുക്കുന്നതിനും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമെല്ലാം പലവിധ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തതാണ്. പക്ഷേ, പതിവുപോലെ എല്ലാം കടലാസിലൊതുങ്ങുകയാണ്. കോവിഡാനന്തരം പുതിയൊരു ആരോഗ്യ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുമ്പോഴും ചട്ടപ്പടി ശുചീകരണ യജ്ഞത്തിനപ്പുറം മറ്റൊരു 'ജാഗ്രത നിർദേശ'വും അധികാരികൾക്ക് പുറപ്പെടുവിക്കാനില്ല.

Tags:    
News Summary - Post-covid Health Emergency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.