സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുനേരെ രാജ്യത്ത് അങ്ങിങ്ങായി ഉയരുന്ന ഭീഷണികൾ ഗു രുതരമായ ഒരവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അധികാരത്തിെൻറയും നിയമത്തിെൻറയും മറപറ്റിയാണ് പുതിയ മാരണതന്ത്രങ്ങൾ: പുറമേക്ക് നിയമാനുസൃതം, എന്നാൽ ലക്ഷ്യത്തിൽ, നിയമാനുസൃതമായ മാധ്യമസ്വാതന്ത്ര്യത്തിെൻറ തികഞ്ഞ നിഷേധം. മൂന്ന് സമീപകാല ഉദാഹരണങ്ങൾ ഇൗ പ്രവണത എത്ര വ്യാപകവും ആസൂത്രിതവുമാണെന്നുകൂടി തെളിയിക്കുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ സംഭവം ദി ക്വിൻറ്, ദി ന്യൂസ് മിനിറ്റ് എന്നീ വാർത്ത പോർട്ടലുകളുടെ ഒാഫിസുകളിലും സ്ഥാപകൻ രാഘവ് ബഹലിെൻറ വീട്ടിലും ആദയനികുതിവകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയാണ്. മറ്റൊന്ന് ത്രിപുരയിലെ ഡെയ്ലി ദേശേർകഥ എന്ന പത്രത്തെ സാേങ്കതിക കാരണങ്ങൾ പറഞ്ഞ് സംസ്ഥാന സർക്കാർ പൂട്ടിച്ചത്. സി.പി.എം മുഖപത്രമായ ദേശേർകഥ ഉടമസ്ഥതയും എഡിറ്ററെയും ഇടക്ക് മാറ്റിയിരുന്നു. ഇതിെൻറ വിവരങ്ങൾ അതത് സമയങ്ങളിൽ ഇന്ത്യൻ ന്യൂസ് പേപ്പേഴ്സ് രജിസ്ട്രാറെ അറിയിച്ചുപോന്നിട്ടുമുണ്ട്.
എന്നാൽ, കലക്ടറുടെ ഒാഫിസിൽ വിവരങ്ങൾ മാറ്റുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതിനാലാണത്രെ, ഇൗയിടെ പത്രം നൽകിയ ഡിക്ലറേഷൻ ന്യൂസ്പേപ്പർ രജിസ്ട്രാറുടെ വെബ്സൈറ്റിലെ വിവരങ്ങളുമായി ഒക്കുന്നില്ലെന്ന് പറഞ്ഞ് അധികൃതർ പത്രത്തിെൻറ അനുമതിതന്നെ റദ്ദാക്കി. അധികൃതരുടെ വീഴ്ചക്ക് പത്രത്തെ ശിക്ഷിക്കുന്നതിലെ അന്യായം മാത്രമല്ല വിഷയം. ഉന്നയിക്കപ്പെട്ട ന്യൂനത യഥാർഥമാണെങ്കിൽപോലും അത് തിരുത്താൻ അവസരം നൽകുകയും പത്രം പൂട്ടുന്നത് ഒഴിവാക്കുകയും ചെയ്യലായിരുന്നു ജനായത്ത മര്യാദ. പത്രത്തിന് നൽകിയ അനുമതി അതേദിവസം പിൻവലിക്കുകയായിരുന്നു എന്നതും സുചിന്തിതമായ ഒരു പദ്ധതി ഇതിന് പിന്നിലുണ്ടെന്ന് സൂചിപ്പിക്കുന്നു. മൂന്നാമത്തെ ഉദാഹരണം തമിഴ്നാട്ടിൽനിന്നാണ്. നക്കീരൻ എഡിറ്റർ ആർ. ഗോപാലിനെതിരെ ക്രിമിനൽ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു അവിടത്തെ പൊലീസ്. അദ്ദേഹം ചെയ്ത കുറ്റമോ, തെൻറ മാഗസിനിൽ ഗവർണർക്കെതിരെ വിമർശന ലേഖനങ്ങൾ (അപകീർത്തികരമെന്ന് ഗവർണറുടെ ഒാഫിസ്) എഴുതി എന്നതും. ആറുമാസം മുമ്പത്തെ ലേഖനങ്ങൾ പൊടിതട്ടിയെടുത്താണ് കേസിന് വക കണ്ടെത്തിയതും. ഇതുമാത്രമല്ല പത്രാധിപർക്കെതിരെ ചുമത്തിയ കുറ്റം. ഇന്ത്യൻ ശിക്ഷാനിയമത്തിെൻറ 124ാം വകുപ്പ് പ്രകാരമുള്ളതാണ്-നിയമാനുസൃത അധികാര നിർവഹണത്തിൽനിന്ന് തടയുംവിധം രാഷ്ട്രപതിയെയോ ഗവർണറെയോ ഒക്കെ െകെയേറ്റം ചെയ്യുക എന്നതാണത്രെ ഇൗ വകുപ്പിൽ പറയുന്ന കുറ്റകൃത്യം. ചെന്നൈ ജുഡീഷ്യൽ മജിസ്ട്രേറ്റ് നക്കീരൻ പത്രാധിപരെ റിമാൻഡ് ചെയ്യാനുള്ള അപേക്ഷ നിരസിച്ചു എന്നതാണ് ആശ്വാസം.
ഇൗ മൂന്ന് സംഭവങ്ങളിലും പൊതുവായി ചില കാര്യങ്ങളുണ്ട്. ഒന്നാമത്തേത്, ഭരണത്തിലുള്ളവരുടെ അമിതാധികാര പ്രേമമാണ്. ക്വിൻറിനും ന്യൂസ് മിനിറ്റിനുമെതിരായ നീക്കങ്ങൾക്ക് പിന്നിൽ ബി.ജെ.പിയുടെ അധികാര ദുരുപയോഗമുണ്ടെന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. ത്രിപുരയിലും ബി.ജെ.പി സർക്കാറാണ് സി.പി.എം പത്രത്തിനെതിരെ ന്യൂസ്പേപ്പർ രജിസ്ട്രാറുമായി ബന്ധപ്പെട്ട നടപടികൾക്ക് പിന്നിലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തമിഴ്നാട്ടിൽ, ഗവർണറുടെ ഒാഫിസിൽനിന്നുള്ള പരാതിയിലാണ് സംസ്ഥാന സർക്കാർ അത്യാചാരത്തിന് മുതിർന്നത്. ഭരണകൂടത്തെയോ ഭരണകർത്താക്കളെയോ നിശിതമായി വിമർശിക്കുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും ഉന്നമിടുന്നു എന്നതാണ് രണ്ടാമത്തെ പൊതുഘടകം. രാഘവ് ബഹലിെൻറ ഒാഫിസുകളിൽനിന്ന് പിടിച്ചെടുത്തത് നികുതിരേഖകളെക്കാൾ കൂടുതൽ വാർത്ത ഫയലുകളും ബന്ധപ്പെട്ട രേഖകളുമാണത്രെ. വിമർശനങ്ങളെ വസ്തുതാപരമായി ഖണ്ഡിക്കേണ്ട ജനാധിപത്യ സ്ഥാപനങ്ങൾ ഇവിടെ നിയമത്തെ നിയമലംഘനത്തിനായി ദുരുപയോഗിക്കുന്നു എന്നത് മൂന്നാമത്തെ പ്രത്യേകത. എഡിറ്റേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടുന്നപോലെ, നിയമത്തിെൻറ പരിധിയിൽനിന്നുള്ള പരിശോധനകൾക്ക് അധികാരമുണ്ടെന്നുവെച്ച് ആ അധികാരം സർക്കാറിെൻറ വിമർശകരെ ഒതുക്കാനുള്ള ആയുധമാക്കാവതല്ലല്ലോ.
വാജ്പേയി സർക്കാർ തെഹൽക മാഗസിനെ കേസുകൾകൊണ്ട് ശ്വാസംമുട്ടിച്ച് നിഷ്ക്രിയമാക്കി. മോദി സർക്കാർ എൻ.ഡി.ടി.വിക്കും പ്രണയ് റോയിക്കുമെതിരെ ഇത്തരം ആയുധമിറക്കി. ഭീഷണിപ്പെടുത്തി മാധ്യമങ്ങളെ വരുതിയിലാക്കുക, അല്ലെങ്കിൽ നിർജീവമാക്കുക എന്ന തന്ത്രം ചിലപ്പോഴെങ്കിലും ഫലം ചെയ്തിട്ടുമുണ്ട്. ക്വിൻറിലെ എഡിറ്റോറിയൽ മെയിലുകളും പ്രവർത്തകരുടെ പട്ടികയുമൊക്കെ ‘ആദായനികുതി’ ഉദ്യോഗസ്ഥർ പരിശോധിച്ചത് അവരെ വിരട്ടാൻ അല്ലെങ്കിൽ പിന്നെ എന്തിന്? രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. കേന്ദ്രസർക്കാറിെൻറ പ്രവർത്തനം സ്വതന്ത്രമായി വിലയിരുത്തപ്പെടേണ്ട ഘട്ടമാണിത്. ജനങ്ങളുടെ ആ അവകാശത്തെ കൂടിയാണ് ഭരണകൂടങ്ങൾ ഇങ്ങനെ നിഷേധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.