അഞ്ഞൂറോളം സന്യാസിമാരും പതിനായിരക്കണക്കിന് ആർ.എസ്.എസ്, വി.എ ച്ച്.പി പ്രവർത്തകരും കഴിഞ്ഞ ഞായറാഴ്ച ഉത്തർപ്രദേശിലെ അയോധ്യയിൽ ഒത്തുചേർന്നു. ധർമസഭയെന്ന ഇൗ പരിപാടി 1992ൽ അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാനുള്ള തീയതിയും പരിപാടിയും പ്രഖ്യാപിക്കാനാണെന്നു വാർത്തകളുണ്ടായിരുന്നു. ബാബരി ധ്വംസനത്തിനുശേഷം അയോധ്യയിൽ നടക്കുന്ന ഏറ്റവും വലിയ സമ്മേളനമായിരിക്കും ഒരു ലക്ഷം വീതം ആർ.എസ്.എസ്, വി.എച്ച്.പി വളൻറിയർമാർ അണിനിരക്കുന്ന പരിപാടിയെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അതിൽ പകുതിയോളമാണ് പെങ്കടുത്തത് എന്ന് റിപ്പോർട്ടുകളിൽ കാണുന്നു. രാമക്ഷേത്ര നിർമാണത്തിൽ സഭ കേന്ദ്ര ഗവൺമെൻറിന് ചില അന്ത്യശാസനങ്ങളും മുന്നറിയിപ്പുകളും നൽകി. ക്ഷേത്രനിർമാണത്തിന് പാർലമെൻറിൽ ഒാർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യമാണ് ആർ.എസ്.എസ് നേതാക്കളും സന്യാസി പ്രമുഖരും പ്രധാനമായും ഉന്നയിച്ചത്. ഇതേ സമയത്ത് മുംബൈയിൽനിന്ന് അയോധ്യയിലെത്തിയ ശിവസേന നേതാവ് ഉദ്ധവ് താക്കറെ സരയൂ നദിയിലെ ആരതിയോടെ 7000 അനുയായികളെ കൂട്ടി നടത്തിയ മറ്റൊരു പരിപാടിയിൽ ക്ഷേത്രനിർമാണം സംബന്ധിച്ച് മോദി ഗവൺമെൻറിന് വേറെയും താക്കീതുകൾ നൽകി.
26 വർഷം മുമ്പ് ഇതുപോലെ 500 സന്യാസിമാരെയും കൂട്ടി സംഘ്പരിവാർ നടത്തിയ ധർമസൻസദിലാണ് ബാബരി മസ്ജിദിെൻറ സ്ഥാനത്ത് രാമക്ഷേത്രം നിർമിക്കുമെന്നു പ്രഖ്യാപിച്ചത്. 70,000 കർസേവകരുടെ ആ പരിപാടി മസ്ജിദ് ധ്വംസനത്തിനും വർഗീയകലാപങ്ങൾക്കും വഴിതുറന്ന അനുഭവമുള്ളതിനാൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയെക്കുറിച്ച് ആശങ്ക നിലനിന്നിരുന്നു. പ്രദേശത്തുനിന്നു ന്യൂനപക്ഷങ്ങൾ വ്യാപകമായ തോതിൽ കുടിയൊഴിഞ്ഞുപോയി. എന്നാൽ, ക്ഷേത്രനിർമാണം സംബന്ധിച്ച കൃത്യമായ പ്രഖ്യാപനങ്ങളൊന്നും ഞായറാഴ്ച ഉണ്ടായില്ല. അതേ സന്ദർഭത്തിൽ ഒരു ഉൗഴം മുഴുവൻ നിറഞ്ഞു ഭരിച്ചിട്ടും അടുത്ത തെരഞ്ഞെടുപ്പിനിറങ്ങാൻ നീക്കിവെപ്പൊന്നും ബാക്കിയില്ലെന്ന ബോധ്യത്തിൽ പരമതവിദ്വേഷം പരമാവധി ആളിക്കത്തിക്കാനുള്ള സംഘ്പരിവാറിെൻറ തയാറെടുപ്പുകൾ വെളിപ്പെടുത്തുന്നതായിരുന്നു ധർമസഭ. കോടതിയും ഭരണഘടനയും രാമനേക്കാൾ മുകളിലല്ല, പള്ളിപൊളിച്ചവർക്ക് അമ്പലം നിർമിക്കാനറിയാം, അതിനു നിയമം കൈയിലെടുക്കാനും മടിയില്ല, തർക്കഭൂമിയായ 2.77 ഏക്കർ പൂർണമായി ഹിന്ദുക്കൾക്കു വിട്ടുനൽകണം, അയോധ്യയിൽ രാമക്ഷേത്രവും രാമപ്രതിമയും ഉയരുന്നതോടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം എന്നൊക്കെയാണ് സഭയിലെ പ്രസ്താവനകൾ. അയോധ്യ കൊണ്ടുമാത്രം മതിയാക്കില്ല, കാശിയും മഥുരയും മാത്രമല്ല, രാജ്യത്ത് 40,000ത്തോളം പള്ളികൾ പൊളിച്ച് ക്ഷേത്രം പണിയും, രാമജന്മഭൂമിയിൽ പള്ളി പണിയാനനുവദിക്കില്ല, അതിനു ശ്രമിച്ചാൽ മക്കയിൽ വരെ അമ്പലം പണിയും എന്നിങ്ങനെയുള്ള ഭീഷണികളും സന്യാസിമാരും സംഘ്നേതാക്കളും മുഴക്കിയിട്ടുണ്ട്.
രാജ്യത്ത് വർഗീയധ്രുവീകരണത്തിന് ആക്കംകൂട്ടി അധികാരം പിടിക്കാൻ സംഘ്പരിവാർ ആസൂത്രണത്തിൽ ബി.ജെ.പി ഇറക്കിയ തുറുപ്പുശീട്ടാണ് അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത് തൽസ്ഥാനത്ത് രാമക്ഷേത്രം എന്നത്. പാർട്ടി വളർത്താനോ ഭരണം നടത്താനോ ഭദ്രമായ ആദർശാടിത്തറയോ കൃത്യമായ ദിശാബോധമോ ഇല്ലാത്ത സംഘ്പരിവാറിന് അധികാരത്തിനു പുറത്തും അകത്തുമൊക്കെ കാഴ്ചവെക്കാനുള്ളത് പരവിദ്വേഷത്തിെൻറ രാഷ്ട്രീയവും സംസ്കാരവുമാണ്. ദൈവം, അവതാരം, വിശ്വാസം, ആചാരം എന്നിവയേക്കാൾ അവർക്ക് പഥ്യം അപരവത്കരണത്തിെൻറ ഉന്മൂലനസിദ്ധാന്തവും പ്രയോഗവുമാണ്. സംഘ് ബീജാവാപത്തിൽ ശിൽപിയായ സവർക്കർ ചൊല്ലിക്കൊടുത്ത വർഗീയ ഭീകരതയുടെ ആ നാമജപങ്ങളാണ് ഇപ്പോൾ അയോധ്യയിലും ശബരിമലയിലുമെല്ലാം ഉയർന്നുകേൾക്കുന്നത്. ഇതിലപ്പുറം ഉയർത്തിക്കാട്ടുന്ന വിഷയങ്ങളിൽ ആത്മാർഥതയുടെ അംശം എത്രയുണ്ടെന്നറിയാൻ ബി.ജെ.പി ഭരണകാലത്തെ അയോധ്യകാണ്ഡം പരിശോധിച്ചാൽ മതി. നരേന്ദ്ര മോദി ഭരണത്തിലേറിയശേഷം ആർ.എസ്.എസ് സർസംഘ്ചാലക് നാലു വർഷം സ്ഥാപനദിനമായ വിജയദശമി നാളിൽ പതിവു ദസറ പ്രഭാഷണം നിർവഹിച്ചെങ്കിലും രാമക്ഷേത്രത്തെക്കുറിച്ചു മിണ്ടിയില്ല. ഒടുവിൽ മോദി ഭരണത്തിൽനിന്ന് ഇറങ്ങി അടുത്ത തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ ഇൗ വർഷത്തെ പ്രഭാഷണത്തിലാണ് അദ്ദേഹം രാമക്ഷേത്രം ഉന്നയിക്കുന്നത്. കാരണം മറ്റൊന്നുമല്ല, നാലുകൊല്ലം അധികാരത്തിലിരുന്നിട്ടും ഭരണനേട്ടമായി എടുത്തുകാട്ടാൻ കാര്യമായൊന്നുമില്ല. അധികവും ജനരോഷമുയർത്തിയ കോട്ടങ്ങളാണുതാനും. അതിനാൽ അടുത്ത തെരഞ്ഞെടുപ്പിൽ കരകയറാൻ ധ്രുവീകരണരാഷ്ട്രീയത്തിൽ ഇന്ത്യയെ മുക്കുക മാത്രമേ രക്ഷയുള്ളൂ. ഇത് സംഘ്പരിവാർ സംഘടനകൾ ഒറ്റക്കും കൂട്ടായും നേരിടുന്ന പ്രശ്നമാണ്. അതുകൊണ്ടാണ് ആർ.എസ്.എസും വി.എച്ച്.പിയും ശിവസേനയുമെല്ലാം മത്സരിച്ച് ക്ഷേത്രനിർമാണവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
മാറ്റത്തിനു വോട്ടുചോദിച്ച് ഭരണമേറിയ ബി.ജെ.പിക്ക് അവരുടെ രാഷ്ട്രീയവൈരികളായ കോൺഗ്രസിൽനിന്നു വേറിട്ട് ഒരിഞ്ചും മുന്നോട്ടുപോകാനായില്ലെന്നു മാത്രമല്ല, അവരുടെ പദ്ധതികൾക്കും പരിപാടികൾക്കും കാവിപ്പേരും ചായവും തേക്കുന്ന പരിപാടിയാണ് ആകക്കൂടി നടത്താനായത്. ഇൗ പാപ്പരത്തവും പിടിപ്പുകേടും മറച്ചുവെക്കാൻ, ചിരപരിചയമുള്ള വർഗീയകാലുഷ്യത്തിെൻറ വഴിതേടുകയാണ് വീണ്ടും സംഘ്പരിവാർ. അതിെൻറ ഭാഗമാണ് രാമക്ഷേത്രത്തെക്കുറിച്ച് വ്യക്തതയില്ലെങ്കിലും ന്യൂനപക്ഷങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാൻ ധർമസഭ വേദിയാക്കിയത്. വംശീയ ഉന്മൂലനത്തിന് അയോധ്യയെയും രാമനെയും കരുവാക്കാൻ ധർമസഭ നടത്തുന്ന സന്യാസിപ്രമുഖർ ഏതു സംസ്കാരത്തിെൻറ പ്രതിനിധികളാണ് എന്ന ചോദ്യമൊന്നും സംഘ്പരിവാറിന് ബാധകമല്ലല്ലോ. രാമഭക്തിയിൽ ശിവസേനയോട് തോറ്റുകൊടുക്കരുതെന്ന് വാശിയുള്ള ബി.ജെ.പിയുടെ എം.എൽ.എയും അയോധ്യപ്രക്ഷോഭത്തിെൻറ നേതാവുമായ സുരേന്ദ്ര സിങ്, ഉത്തരേന്ത്യക്കാരെ ആട്ടിയോടിക്കുന്ന മാനവസേവക്കു മനസ്സുവെക്കാത്ത ശിവസേന എങ്ങനെയാണ് ശ്രീരാമ ഭഗവാനെ സേവിക്കുക എന്നു ചോദിക്കുന്നു. അപ്പോൾപിന്നെ രാമെൻറ പേരിലുള്ള ക്ഷേത്രനിർമാണം കാട്ടി രാജ്യത്തെ മുഴുവൻ പേടിപ്പിക്കുന്ന ബി.ജെ.പി ഏതു ഭഗവാനെയാണാവോ സേവിക്കുന്നത്?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.