വിഷുദിനമാണിന്ന്. ഒരു കാർഷിക വർഷത്തിന്റെ ആരംഭം കുറിക്കുന്ന ദിവസമെന്ന പ്രത്യേകതകൂടിയുണ്ട് ഈ ദിവസത്തിന്. മേടസംകാന്ത്രിയിൽ, രാവുംപകലും തുല്യമായി വരുന്ന ഈ ആഘോഷദിനത്തിലും കർഷകവ്യഥകൾ പങ്കുവെക്കാനേ നിർവാഹമുള്ളൂ. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, തിരുവല്ലയിലെ നിരണത്ത് സ്വന്തം കൃഷിയിടത്തിനു സമീപം ആത്മഹത്യ ചെയ്ത രാജീവ് എന്ന കർഷകനെയും ഈ വിശേഷദിനത്തിൽ ഓർത്തേ മതിയാകൂ. മുൻ വർഷങ്ങളിലെ കൃഷി നഷ്ടത്തോടൊപ്പം, ഇക്കുറി സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ കനത്ത വേനൽമഴയിൽ ഉള്ള കൃഷികൂടി വെള്ളത്തിനടിയിലായതോടെയാണ് രാജീവിന് അതിജീവനം അസാധ്യമായത്. കാർഷികാവശ്യത്തിനും മറ്റുമായി വിവിധ ബാങ്കുകളിൽനിന്നായി അഞ്ചു ലക്ഷത്തോളം രൂപ കടമെടുത്തിരുന്നു. ഇതിനുപുറമെ, സ്വയം സഹായസംഘത്തിൽനിന്ന് മൂന്നു ലക്ഷത്തിന്റെ മറ്റൊരു വായ്പയും. പാട്ടത്തിനെടുത്തതടക്കം, ഒമ്പത് ഏക്കറിലായിരുന്നു രാജീവിന്റെ കൃഷി. വേനൽമഴയിൽ ഇതിൽ രണ്ടേക്കർ കൃഷിയിടത്തിൽ മാത്രമാണ് വിളവെടുക്കാനായത്; ബാക്കിയത്രയും മഴയിൽ നശിച്ചു. കഴിഞ്ഞവർഷവും വലിയതോതിൽ നഷ്ടമുണ്ടായിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇദ്ദേഹമടക്കമുള്ള ഏതാനും കർഷകർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് നടന്നുകൊണ്ടിരിക്കെയാണ് ഇപ്പോഴത്തെ ദുരന്തം.
ഇത് രാജീവിന്റെ മാത്രം ദുരിത കഥയായി ചുരുക്കാനാവില്ല. 20 ലക്ഷത്തോളം വരുന്ന കേരളത്തിലെ കർഷക കുടുംബങ്ങളുടെ ഇപ്പോഴത്തെ ദയനീയ ചിത്രമായിത്തന്നെ ഇതിനെ കാണണം. കൃഷിയിൽനിന്ന് പ്രതിമാസം, നാലായിരം രൂപയെങ്കിലും വരുമാനം ലഭിക്കുന്ന 15 ലക്ഷത്തോളം കുടുംബങ്ങൾ കേരളത്തിലുണ്ടെന്നാണ് 2021ലെ നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ സർവേ പറയുന്നത്. ഈ കുടുംബങ്ങളുടെ ശരാശരി കടം രണ്ടര ലക്ഷം രൂപയാണെന്നും പ്രസ്തുത റിപ്പോർട്ട് വ്യക്തമാക്കുന്നു. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും ദയനീയാവസ്ഥ മനസ്സിലാക്കാൻ ഈ കണക്കുകൾതന്നെ ധാരാളം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ, സംസ്ഥാനത്ത് 25 കർഷകർ ആത്മഹത്യ ചെയ്തുവെന്ന നാഷനൽ ക്രൈംസ് റെക്കോഡ് ബ്യൂറോയുടെ കണക്കുകൂടി ഇതോടൊപ്പം ചേർത്തുവായിക്കുക. ഏറ്റവും കൂടുതൽ ആത്മഹത്യ നടന്നത് 2019ലാണ്. അഥവാ, പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവരാണ് അന്ന് മരണത്തിലഭയം തേടിയത്. കാലാവസ്ഥ നോക്കി ചിട്ടപ്പെടുത്തിയ കാർഷിക രീതി നിലനിൽക്കുന്ന കേരളത്തിൽ നേരിയ കാലാവസ്ഥാമാറ്റംപോലും ആ മേഖലയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്നാണ് ഇതിൽനിന്നൊക്കെ മനസ്സിലാക്കേണ്ടത്. വേനൽമഴയെ സാധാരണയായി 'ആശ്വാസം', 'കുളിര്' എന്നൊക്കെ കാവ്യാത്മകമായി മാധ്യമങ്ങളും മറ്റും വിശേഷിപ്പിക്കാറുണ്ട്. പക്ഷേ, കർഷകരെ സംബന്ധിച്ച് അത് ആശ്വാസമല്ല, തികഞ്ഞ ആശങ്ക തന്നെയാണ്. മാസങ്ങളായുള്ള അധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും വില കണ്ണീരായി പെയ്തു വീഴുന്നതാണ് അവർക്ക് ഓരോ വേനൽമഴയും. ഇക്കുറി 307 കോടി രൂപയുടെ കൃഷിനാശമാണ് വേനൽ മഴയെ തുടർന്ന് കണക്കാക്കിയിരിക്കുന്നത്. ഒന്നര മാസത്തിനിടെ, 20,296.59 ഹെക്ടറിലെ കൃഷിയാണ് കാറ്റിലും മഴയിലും നശിച്ചത്. ഈ കൃഷിനാശത്തിന്റെ ഇരകളിലൊരാൾ മാത്രമാണ് രാജീവ്. സംസ്ഥാനത്ത് 64,000 കർഷകർക്ക് വിളനാശമുണ്ടായി എന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ പലരും ആത്മഹത്യയുടെ വക്കിലാണെന്ന് അധികാരികൾ മനസ്സിലാക്കണം.
ഒരുഭാഗത്ത് വിളനാശമുണ്ടാകുമ്പോൾ, അവശേഷിക്കുന്ന വിളകൾക്ക് ന്യായവില ലഭിക്കുന്നില്ല എന്നതും കർഷകർ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഈ ദുരിത സാഹചര്യത്തിൽ കർഷകരെ ചേർത്തുനിർത്തുകയാണ് സർക്കാറിന്റെ അടിയന്തര ബാധ്യത. നിർഭാഗ്യവശാൽ, ചില പ്രഖ്യാപനങ്ങളുണ്ടാകുന്നുവെന്നല്ലാതെ കാര്യമായ ഇടപെടലുകൾ കാണുന്നില്ല. സർക്കാറും കാർഷിക വകുപ്പും നടത്തിയ ചില നീക്കങ്ങൾക്ക് തുടർച്ചയോ ഫലപ്രാപ്തിയോ ഉണ്ടാകുന്നില്ല എന്നതും യാഥാർഥ്യമാണ്. ഉദാഹരണത്തിന്, പ്രകൃതിദുരന്തവും വന്യമൃഗശല്യവും കാരണം കൃഷിനശിച്ചാൽ വിള ഇൻഷുറൻസ് പദ്ധതി പ്രകാരം എത്രയും വേഗത്തിൽ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് സർക്കാർ നയവും വാഗ്ദാനവും. പക്ഷേ, സംസ്ഥാനത്ത് ഈ വകയിൽ പത്തു കോടിയിലധികം രൂപയാണ് ഇപ്പോഴും കുടിശ്ശികയായിട്ടുള്ളത്; ഇത്രയും തുകക്ക് ആനുപാതികമായ കൃഷിനാശത്തിന് ഇനിയും സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നർഥം. മറ്റുവകയിൽ ലഭിക്കേണ്ട നഷ്ടപരിഹാരത്തിന്റെ കാര്യവും ഏതാണ്ടിതുപോലെത്തന്നെയാണ്. തുടർച്ചയായി രണ്ടു വർഷം വലിയ നഷ്ടമുണ്ടായ രാജീവിന് ആകെ ലഭിച്ചത് 2400 രൂപയാണ്. ഈ സാഹചര്യത്തിലാണ്, കർഷകരോടുള്ള സർക്കാർ വാഗ്ദാനങ്ങൾ വെറും പൊള്ളയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ മുഖവിലയ്ക്കെടുക്കേണ്ടിവരുന്നത്. കൃഷി നാശത്തിനു പുറമെ ബാങ്കുകളുടെ ദയാരഹിതമായ ഇടപെടൽകൂടിയാകുമ്പോൾ ദരിദ്രകർഷകർക്ക് മറ്റു വഴിയില്ലാതാവുന്നു. ഇനിയും കർഷകരെ മരിക്കാൻ വിടാതെ പ്രതിസന്ധിയെ മറികടക്കാൻ സമഗ്രമായ കർഷക പുനരുജ്ജീവന പദ്ധതിതന്നെ ആവിഷ്കരിക്കണം. ഈ പദ്ധതി കാലാവസ്ഥാ മാറ്റങ്ങളെക്കൂടി കണക്കിലെടുത്തായിരിക്കണം. 'ഞാറ്റുവേല'യെന്ന പേരിൽ ഗണിച്ച് തയാറാക്കിയ കാർഷിക കലണ്ടറിനെ മാത്രം അടിസ്ഥാനമാക്കി മാറിയ കാലാവസ്ഥയിൽ ഇനി കൃഷി മുന്നോട്ടുകൊണ്ടുപോകാനാവില്ല. അതിനാൽ, കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളെ അറിയാനും അത് കർഷകർക്ക് ഉപകാരപ്രദമാംവിധം സംവേദനം ചെയ്യാനുമുള്ള സാങ്കേതികവിദ്യകളും സ്വായത്തമാക്കേണ്ടതുണ്ട്. അതിനുതകുംവിധമുള്ള മാറ്റത്തിന് സർക്കാറും കൃഷി വകുപ്പും തയാറാവണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.