മഴക്കെടുതി: ജാഗ്രതയും പ്രതിരോധവും

കനത്ത വേനൽ മഴയും കാറ്റും കാരണം സംസ്ഥാനത്ത് അസാധാരണമായ അപകടങ്ങളാണ് സംഭവിച്ചത്. ശക്തമായ മഴയും അനുബന്ധ പ്രതിഭാസങ്ങളും ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് ആറ് പേരുടെ ജീവൻ അപഹരിച്ചു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച കാലത്തുമായി എറണാകുളം ജില്ലയിൽ പെയ്ത ഒരു മിനിറ്റിൽ 103 മില്ലിമീറ്റർ മഴ റെക്കോഡ് ആണെന്നും ഇത് മേഘ വിസ്ഫോടനത്തിന്‍റെ തോതിലുള്ളതാണെന്നും സംസ്ഥാനത്തെ കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു-ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) മേഘ വിസ്ഫോടനം സ്ഥിരീകരിക്കുന്നില്ലെങ്കിലും. എറണാകുളത്തെപോലെ കോട്ടയത്തിന്‍റെ വിവിധഭാഗങ്ങളിലും കനത്ത മഴയാണ്​ പെയ്തത്​. ഭരണങ്ങാനത്ത്​ മണ്ണിടിച്ചിലിൽ ഏഴു വീടുകൾ തകർന്നടിഞ്ഞു.

തിരുവനന്തപുരത്ത് മത്സ്യബന്ധന വഞ്ചികൾക്കുണ്ടായ അപകടങ്ങൾക്ക് പുറമെ, അരുവിക്കര അണക്കെട്ടിന്‍റെയും ഇടുക്കിയിൽ കളങ്കര അണക്കെട്ടിന്‍റെയും ഷട്ടറുകൾ തുറന്നുവിട്ടു ജലനിരപ്പ് നിയന്ത്രണവിധേയമാക്കേണ്ടി വന്നു. അതിവർഷം കാരണമുണ്ടാകുന്ന അത്യാഹിതങ്ങളെ ചെറുക്കാൻ സർക്കാർ യഥാവിധിയുള്ള മുൻകരുതൽ നടപടികൾ എടുക്കുന്നുണ്ട്. പ്രതീക്ഷിച്ചതിലും വൈകിയും രൂക്ഷമായും വന്ന വേനൽ മഴയുടെ ഈ ഘട്ടം കഴിഞ്ഞു ഉടനെതന്നെ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരുമെന്നാണ് പ്രവചനം. ആ സ്ഥിതിക്ക് സർക്കാറിന്‍റെ പ്രതിരോധ നടപടികളും ജനങ്ങളുടെ ജാഗ്രതയും അതിനിർണായകമാണെന്നു ഓർത്തിരിക്കേണ്ട സമയമാണിത്. മരിച്ചവരുടെ കുടുംബങ്ങളുടെയും പേമാരി കെടുതികൾ നേരിടേണ്ടി വന്നവരുടെയും ദുഃഖത്തിലും പ്രയാസത്തിലും ഞങ്ങളും പങ്കുചേരുന്നു.

വർഷാവർഷം ഭരണകൂടം ഏറ്റെടുക്കുന്ന മഴക്കെടുതി പ്രതിരോധത്തിലെ പോരായ്മകൾ തെളിഞ്ഞുവരിക ഇത്തരം ദുരന്തമുഖങ്ങളിലാണ്​. ഒരുവശത്ത് കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുളവാകുന്ന പുതിയ അന്തരീക്ഷ പ്രതിഭാസങ്ങൾക്കും മറുഭാഗത്ത് ജനങ്ങളുടെ ജീവിതരീതിയിൽ വരുന്ന മാറ്റങ്ങൾക്കും അനുസരിച്ച് നയങ്ങളും നടപടികളും പരിഷ്കരിക്കാൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്​. പെരുമഴയും വെള്ളക്കെട്ടും വെള്ളപ്പൊക്കവുമൊക്കെ വരുമ്പോൾ പൊതുജനങ്ങൾ സ്വീകരിക്കേണ്ട കരുതൽ നടപടികൾ പലതുണ്ട്. വീടുകളിലെ സുരക്ഷിതമല്ലാത്ത ഭാഗങ്ങൾ ശ്രദ്ധിക്കുക, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക, റോഡുകളിലെ വെള്ളക്കെട്ടുകളിലെ കുഴികളിൽ ചാടാതിരിക്കാനുള്ള കരുതലെടുക്കുക, വൈദ്യുതി ലൈനുകളിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യത കണക്കിലെടുത്ത് പെരുമാറുക, ആവശ്യമുള്ളിടത്ത് സുരക്ഷിതമായ ഇടങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കുക തുടങ്ങിയ മുൻകരുതലുകൾ ഉദാഹരണം. കേരളത്തിന്റെ ഭൂപ്രകൃതി, വിശിഷ്യ, തീരപ്രദേശങ്ങൾ പലതും സമതലത്തിലും താഴ്ന്ന പ്രദേശങ്ങളിലുമാണെന്നതു കൊണ്ട് തന്നെ വെള്ളക്കെട്ടുകൾ രൂപപ്പെടാനും നിന്ന സ്ഥലത്തുനിന്ന് പുറത്തുകടക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവാനുമുള്ള സാധ്യതകളുണ്ട്. മലഞ്ചെരുവുകളിലെ അപകടസാധ്യതകൾ അതിനു പുറമെയും. മലയോരപ്രദേശങ്ങളിൽ മണ്ണിടിച്ചിലും പാറയിടിച്ചിലുകളും സംഭവിച്ച അനുഭവങ്ങളും കേരളത്തിന് മുന്നിലുണ്ട്. അത്തരം ലോലപ്രദേശങ്ങൾ തിരിച്ചറിഞ്ഞു നടത്തുന്ന നടപടികൾ വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ സഹായിച്ചേക്കും.

കാലാവസ്ഥ സംബന്ധിയായ വിഷയങ്ങൾ ദേശീയ-അന്തർദേശീയതലത്തിൽ സർക്കാറുകൾ കൈകാര്യം ചെയ്യേണ്ടവയാണെങ്കിലും ഹ്രസ്വകാല നടപടികൾക്കാണ് ഇപ്പോൾ ഊന്നൽ വേണ്ടത്. മഴ വെള്ളം കെട്ടി നിൽക്കുന്നത് തടയാനാവശ്യമായ ഓടകളും അഴുക്കുചാലുകളുമൊരുക്കുക, ഉള്ളവ തടസ്സരഹിതമാക്കുക, റോഡുകളിലെ കുഴികളും തടസ്സങ്ങളും നീക്കം ചെയ്തു റോഡ് സുരക്ഷിതത്വം ഉറപ്പുവരുത്തുക, മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം തടയുക തുടങ്ങിയവ അതിൽപെടും. കഴിഞ്ഞ ദിവസം എറണാകുളത്തെ തോപ്പുംപടിയിൽ സംഭവിച്ചതുപോലെ മരങ്ങൾ കടപുഴകി വീണും ഇലക്ട്രിക് പോസ്റ്റുകൾ ചരിഞ്ഞു വീണും അപകടങ്ങൾ സംഭവിക്കാറുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരെ അപകടസാധ്യത ഉള്ളപ്പോൾ ഉടൻ മാറ്റി താമസിപ്പിക്കാനും കഴിയണം. മഴ വർധിക്കുമ്പോഴും അല്ലാതെയും ശ്രദ്ധ പതിയേണ്ട മേഖല തന്നെയാണ് ജലജന്യ രോഗങ്ങളുടെ സാധ്യത.

ഇത് കേരളം പലതവണ അനുഭവിച്ചതാണ്. അതുകൊണ്ടാണ്​ മഴക്കാല-പൂർവ ശുചീകരണം എന്ന പ്രതിരോധമാർഗം കേരളം സ്വീകരിച്ചിരിക്കുന്നത്​. എന്നാൽ, അത് വേണ്ടത്ര ഫലപ്രദമാവുന്നില്ല എന്നതും സത്യമാണ്. അതിനു പ്രധാന പ്രതിബന്ധം ഫലപ്രദമായ മാലിന്യ സംസ്കരണ-നിർമാർജന പദ്ധതി നടപ്പിലില്ല എന്നത് തന്നെ. ഒരു പക്ഷേ, സംസ്ഥാന സർക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റവും ശ്രദ്ധവെക്കേണ്ട വിഷയമാണിത്.

നഗരവത്​കരണം കൂടുന്നതനുസരിച്ച്​ മാലിന്യങ്ങൾ നഗരങ്ങളിൽ കുമിഞ്ഞുകൂടി പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നത് അവഗണിച്ചുകൂടാ. എന്നാൽ, ജനസാന്ദ്രതയുള്ള കേരളത്തിന്‍റെ സ്ഥലക്കുറവിനിടയിൽ മാലിന്യസംസ്കരണത്തിന്റെ വലിയ ഉത്തരവാദിത്തം വികേന്ദ്രീകരണത്തിന്‍റെ ന്യായം പറഞ്ഞ്​ സർക്കാറുകൾ കൈയൊഴിയുകയാണ്. ഫലമോ, അൽപം ശക്തിയായ മഴ പെയ്യുമ്പോഴേക്കും തെരുവുകളാകെ മാലിന്യം പരന്നു പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്നു.

അതിനാൽ സർക്കാറുകൾക്ക് ചെയ്യാൻ രണ്ടുണ്ട് കാര്യം. ഒന്ന്, സർക്കാറുകൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന പൊതു ഇടങ്ങളിലെ മുൻകരുതലുകൾ സ്വീകരിക്കുകയും സുരക്ഷാ സങ്കേതങ്ങൾ ഒരുക്കുകയും അപകടസാധ്യതയുള്ളിടങ്ങൾ തിരിച്ചറിഞ്ഞ് മുൻകരുതലുകൾ എടുക്കുകയും ചെയ്യുക. രണ്ട്, ജനങ്ങൾ സ്വകാര്യ ഇടങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൃത്യമായ നിർ​ദേശങ്ങൾ നൽകുകയും അവ നടപ്പിൽ വരുത്തുന്നുണ്ടെന്നു ഉറപ്പുവരുത്തുകയും ചെയ്യുക. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ കൃത്യവും അവലംബയോഗ്യവുമായ കാലാവസ്ഥ പ്രവചനങ്ങൾ ലഭ്യമാവുന്നതിനാൽ കുറെയൊക്കെ മുൻകൂട്ടിതന്നെ നടപടികൾ സ്വീകരിക്കാവുന്ന ഇന്നത്തെ അവസ്ഥ ഉപയോഗപ്പെടുത്തി ഭരണകൂടവും ജനങ്ങളും ഉണരുമെന്നുതന്നെ പ്രതീക്ഷിക്കാം.

Tags:    
News Summary - Rainfall: Caution and Prevention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.