കരുതൽധന വിനിയോഗത്തിനും വേണം കരുതൽ


മറ്റു പല പരിഷ്കരണങ്ങളെയുംപോലെ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി റിസർവ് ബാങ്കി​​െൻറ ക രുതൽധനത്തിൽനിന്ന്​ 1.76 ലക്ഷം കോടി രൂപ കേന്ദ്ര ഖജനാവിലേക്ക് കൈമാറാനുള്ള റിസർവ് ബാങ്കി​​െൻറ കേന്ദ്ര ബോർഡ് തീരുമ ാനം രാജ്യത്തി​​െൻറ സാമ്പത്തികഭാവിയെ നിർണായകമായി സ്വാധീനിക്കുന്നതാണ്. ബാങ്കി​​െൻറ മൊത്തം ആസ്തിയുടെ 5.5 ശതമാനം മുതൽ 6.5 ശതമാനം വരെ തുകയേ ഇനിമുതൽ കരുതൽധനമായി സൂക്ഷിക്കേണ്ടതുള്ളൂ എന്നും മിച്ചമുള്ളത് കേന്ദ്ര സർക്കാറിന് നൽകണമ െന്നുമാണ് റിസർവ് ബാങ്കി​​െൻറ കരുതൽധനം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കാൻ സർക്കാർ നിശ്ചയിച്ച ബിമൽ ജലാൻ സമിതിയുടെ പ്രധാന ശിപാർശ. ഇത്​ അംഗീകരിച്ച്​ കരുതൽധനശേഖരത്തിൽനിന്ന് 1,23,414 കോടി രൂപയും പുതിയ സാമ്പത്തിക ചട്ടക്കൂടി​​െൻറ ഭാഗമായി 52,640 കോടി രൂപ അധിക മൂലധനത്തിൽനിന്നും കേന്ദ്ര ഖജനാവിലേക്ക് ഘട്ടം ഘട്ടമായി നൽകാനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. 2018-19 വർഷത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തി​​െൻറ (ജി.ഡി.പി) 1.25 ശതമാനത്തിനു തുല്യമായ തുകയാണ് ഈ തീരുമാനത്തിലൂടെ കേന്ദ്രത്തിന് ലഭിക്കുന്നത്. ജി.ഡി.പിയുടെ 3.3 ശതമാനം ധനക്കമ്മിയും സാമ്പത്തികമാന്ദ്യവും അഭിമുഖീകരിക്കുന്ന സർക്കാറിന് തീർച്ചയായും ഇത് വലിയ ആശ്വാസമാണ് നൽകുക.

ബിമൽ ജലാൻ കമ്മിറ്റി ശിപാർശകൾക്ക്​ ബോർഡ് അംഗീകാരം നൽകിയതിലൂടെ കേന്ദ്രവും ആർ.ബി.ഐയും തമ്മിൽ കുറച്ച് വർഷങ്ങളായി നടക്കുന്ന പോരാട്ടത്തിൽ ആർ.ബി.ഐ പരാജയപ്പെടുകയും കേന്ദ്രസർക്കാർ സമ്പൂർണമായി വിജയിക്കുകയുമാണ് ചെയ്​തിരിക്കുന്നത്. ഒരു കാലത്ത് മോദിവിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഉർജിത് പട്ടേൽ കേന്ദ്ര സർക്കാറിന് അനഭിമതനായി റിസർവ് ബാങ്ക് ഗവർണർ സ്ഥാനമൊഴിയേണ്ടിവന്നതും ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാരിക്ക് രാജിവെക്കേണ്ടിവന്നതും ലാഭവിഹിതമല്ലാതെ കരുതൽധനത്തിൽനിന്ന് അധിക തുക കേന്ദ്രത്തിന് കൈമാറില്ലെന്ന നയത്തിൽ ശക്തമായി നിലയുറപ്പിച്ചതിനാലാണ്. ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജൻ, ഒന്നാം മോദി സർക്കാറി​​െൻറ സാമ്പത്തിക ഉപദേഷ്​ടാവായിരുന്ന അരവിന്ദ് സുബ്രമണ്യമടക്കമുള്ള ധാരാളം സാമ്പത്തിക വിദഗ്ധരും പട്ടേലി​​െൻറ നിലപാടിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിലയുറപ്പിച്ചത്, കരുതൽധനത്തിൽ കേന്ദ്രം കൈവെക്കുന്നതിലൂടെ റിസർവ് ബാങ്കി​​െൻറ സ്വയംനിർണയ സ്വാതന്ത്ര്യവും രാജ്യത്തി​​െൻറ സാമ്പത്തികസുരക്ഷയും ഒരുപോലെ അപകടപ്പെടുമെന്ന് വാദിച്ചുകൊണ്ടാണ്. ആർ.ബി.ഐയെ പൂർണാർഥത്തിൽ വിധേയപ്പെടുത്താൻ ബോർഡ് അംഗങ്ങളിൽ വരുത്തിയ മാറ്റങ്ങളിലൂടെ തുടക്കംകുറിച്ച പദ്ധതിയുടെ പരിസമാപ്തിയാണ് നിലവിലെ ഗവർണർ ശക്തികാന്ത ദാസിലൂടെയും ബിമൽ ജലാൻ റിപ്പോർട്ടിലൂടെയും സർക്കാർ സാധിച്ചിരിക്കുന്നത്. അതിനുപുറമേ, ഈ നടപ്പു സാമ്പത്തികവർഷം കേന്ദ്രബജറ്റിൽ വകയിരുത്തിയ 90,000 കോടിക്കു പുറമേ 84,000 കോടി രൂപ കൂടി റിസർവ് ബാങ്കിൽനിന്ന് ചോർത്തി ഖജനാവിലേക്ക് ചേർക്കാനും കഴിഞ്ഞിരിക്കുന്നു.

മാന്ദ്യകാലത്ത് സർക്കാറിന് ഏറ്റവും വലിയ സാമ്പത്തിക രക്ഷാകവചമാണ് ഇതിലൂടെ തുറന്നുകിട്ടിയത്. നോട്ടുനിരോധനവും അശാസ്ത്രീയമായി നടപ്പാക്കിയ ജി.എസ്.ടിയുമാണ് രാജ്യത്തെ മാന്ദ്യത്തിലേക്ക് നയിച്ചതെന്ന വിമർശനം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് കരുതൽധനത്തിൽനിന്ന് ഇത്രയും തുക സാമ്പത്തിക പരിഷ്കരണത്തിനായി സർക്കാറി​​െൻറ കൈയിൽ വരുന്നത്. ആളുകളുടെ ചെലവഴിക്കൽ ചോദനയിൽ സംഭവിച്ച വമ്പിച്ച ഇടിവും പണഞെരുക്കവും കാരണമായി വ്യാപകമായി തൊഴിൽ നഷ്​ടപ്പെടുമ്പോൾ ഉത്തേജന പാക്കേജുകളിലൂടെ വ്യാപാരികളുടെയും വ്യവസായികളുടെയും ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ സർക്കാറിനു മാത്രമേ കഴിയൂ. ലഭ്യമായ അധിക മൂലധനം വരുമാന ചെലവിനും ധനക്കമ്മി പരിഹരിക്കുന്നതിനും ബാങ്കുകളുടെ പുനർ മൂലധനത്തിനുമായി മാറ്റിവെക്കുന്നതിനു പകരം പണത്തി​​െൻറ ഒഴുക്കിനെ ജനങ്ങൾക്കിടയിൽ സുഗമമാക്കുന്ന പദ്ധതികളിലേക്ക് പ്രയോജനപ്പെടുത്താനായാലേ സാമ്പത്തിക പ്രതിസന്ധിയെ തരണംചെയ്യാനാകൂ.

പക്ഷേ, ധനമന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത് അധിക മൂലധനത്തിൽനിന്ന് 70,000 കോടി രൂപ ചെലവഴിക്കാൻ പോകുന്നത് പൊതു മേഖല ബാങ്കുകളുടെ മൂലധന പ്രശ്നങ്ങൾ പരിഹരിക്കാനാ​െണന്നാണ്. ആഗോള സാമ്പത്തികമാന്ദ്യം കനക്കുന്ന കാലത്ത് ഇതി​​െൻറ യുക്തിയിൽ സംശയിക്കുന്നവരിൽ മോദിയുടെ ഒരുകാലത്തെ ഇഷ്​ടക്കാരനായ അരവിന്ദ് സുബ്രമണ്യവുമുണ്ട്. രാജ്യത്തി​​െൻറ സാമ്പത്തികസ്ഥിരതയും വളർച്ചയും ഉറപ്പുവരുത്തുന്നതിനുള്ള ക്രിയാത്മക ഇടപെടലുകൾ സ്വതന്ത്രമായി നിർവഹിക്കുകയായിരുന്നു റിസർവ് ബാങ്കി​​െൻറ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്ന്. വൈവിധ്യാത്മകവും കരുത്തുറ്റതുമായ സമ്പദ്​വ്യവസ്ഥയെ കെട്ടിപ്പടുക്കുന്നതിൽ സർക്കാറിനെ സഹായിക്കുന്നതുപോലെ, ഭരണകൂടം നടപ്പാക്കുന്ന നയപരിപാടികൾ സാമ്പത്തികത്തകർച്ചക്കിടയാക്കാതിരിക്കാനുള്ള ജാഗ്രതാനിർദേശങ്ങൾ നിർഭയമായി നൽകേണ്ട ബാധ്യതയും റിസർവ്​ ബാങ്കിനാണ്. അപ്രതീക്ഷിതമായ സാമ്പത്തികാഘാതത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കാനാണ് റിസർവ് ബാങ്ക് ലാഭത്തി​​െൻറ വലിയൊരു ഓഹരി കരുതൽധനമായി സൂക്ഷിച്ചിരുന്നത്. രാജ്യത്തി​​െൻറ ഈ സുരക്ഷാവസ്ഥയാണ് റിസർവ് ബാങ്കി​​െൻറ കരുതൽധനത്തിൽകൂടി കൈ​െവച്ചതിലൂടെ ഇപ്പോൾ നഷ്​ടമായിരിക്കുന്നത്. അതുകൊണ്ടുതന്നെ, കരുതൽധനത്തിൽനിന്നെടുക്കുന്ന ഇത്രയും വലിയ തുക രാജ്യത്തിന് ചടുലമായ സാമ്പത്തിക ഉത്തേജനമായി പ്രയോജനപ്പെട്ടില്ലെങ്കിൽപിന്നെ, നോട്ടുനിരോധന കാലത്തേക്കാൾ ഭീതിജനകമായ അരക്ഷിതാവസ്ഥയായിരിക്കും അഭിമുഖീകരിക്കേണ്ടിവരുക. രാജ്യം ഇതുവരെ ദർശിച്ചിട്ടില്ലാത്ത വലിയൊരു സാമ്പത്തിക എടുത്തുചാട്ടത്തിന് മുതിർന്ന കേന്ദ്രസർക്കാർ ശരിയാംവിധം കരയിലേക്കെത്തിയിട്ടില്ലെങ്കിൽ പിന്നെ ചെന്നുവീഴുക നിലയില്ലാക്കയത്തിലേക്കായിരിക്കും. അതുണ്ടാക്കുന്ന പ്രത്യാഘാതം അചിന്തനീയവും.

Tags:    
News Summary - rbi reserve money-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.