ബി.ജെ.പി ഒറ്റക്കു ഭരിക്കുന്ന ഒരേയൊരു ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ വിവാദവിധേയനായ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഒടുവിൽ ഉപാധികളോടെ രാജിവെച്ചൊഴിഞ്ഞത് പാർട്ടിക്ക് നിസ്സാരമല്ലാത്ത തലവേദന സൃഷ്ടിച്ചുകൊണ്ടാണ്. ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഭരണത്തിനരികിലെത്താനായില്ലെന്നതോ പോകട്ടെ, ജനപിന്തുണയുള്ള രാഷ്ട്രീയശക്തിയെന്ന് തെളിയിക്കാൻപോലുമാവാതെയിരിക്കുേമ്പാൾ കർണാടക മാത്രമാണ് തീവ്രഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
മതേതര പാർട്ടികളെന്ന് അവകാശപ്പെടുന്ന കോൺഗ്രസും എച്ച്.ഡി. ദേവഗൗഡയുടെ ജനതാദളും ചേർന്ന് ഗൗഡ പുത്രൻ കുമാരസ്വാമിയുടെ നേതൃത്വത്തിൽ സംസ്ഥാനം ഭരിച്ച സർക്കാറിനെ 'ഓപറേഷൻ താമര' എന്നു പേരിട്ട, തീർത്തും ജനാധിപത്യവിരുദ്ധവും അധാർമികവുമായ കുതന്ത്രത്തിലൂടെ താഴെയിറക്കി ബി.ജെ.പിക്ക് സംസ്ഥാന ഭരണം കാഴ്ചവെച്ച ചാണക്യനാണ് യെദിയൂരപ്പ. ശതകോടികൾ മുടക്കി ഇപ്പണിയൊക്കെ ചെയ്യുേമ്പാൾ അദ്ദേഹത്തിെൻറ പ്രധാന ലക്ഷ്യം മുഖ്യമന്ത്രിപദമായിരുന്നു. അതിനാൽ രണ്ടു വർഷംമുമ്പ്, 2019ൽ േകാഴയും പദവിയും ഓഫർ നൽകി കോൺഗ്രസിൽനിന്ന് രാജിവെപ്പിച്ച് ബി.ജെ.പിയിൽ ചേർത്ത് മത്സരിപ്പിച്ച് വിജയിപ്പിച്ച വഞ്ചകരുടെ പിന്തുണയോടെ മുഖ്യമന്ത്രിസ്ഥാനം നിലനിർത്താൻ സാധിച്ച ധീരപുരുഷനായാണ് കാവിപ്പട യെദിയൂരപ്പയെ കാണുന്നത്. അതിനുമുമ്പ് മൂന്നുതവണ മുഖ്യമന്ത്രിപദത്തിലേറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നെങ്കിലും ഒരിക്കൽപോലും കാലാവധി പൂർത്തിയാക്കാനായില്ല.
ഒടുവിലത്തെ അവസരവും രണ്ടു വർഷം പൂർത്തിയാക്കിയ ദിവസം യെദിയൂരപ്പക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. അനധികൃത ഇരുമ്പയിർ ഖനനത്തെക്കുറിച്ച ആരോപണം ലോകായുക്ത ശരിവെച്ചപ്പോൾ ഗത്യന്തരമില്ലാതെ ഒരിക്കൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജയിലിൽ പോവേണ്ടിവന്ന വിവാദപുരുഷനാണെങ്കിലും പണവും ജാതി പിൻബലവുംകൊണ്ട് തിരിച്ചുകയറാൻ തളിപ്പറമ്പ് രാജേശ്വര േക്ഷത്രത്തിലെ പതിവുകാരനായ ഈ ശിവഭക്തന് പ്രയാസമുണ്ടായില്ല. ബി.ജെ.പിയിൽനിന്ന് പുറത്തുേപാവേണ്ടിവന്നപ്പോൾ കെ.ജെ.പി രൂപവത്കരിച്ച് 2013ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴു സീറ്റുകളിൽ വിജയിക്കുകയും 30 സ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തതോടെ ബി.ജെ.പിക്ക് കോൺഗ്രസിനും ജനതാദളിനും പിന്നിൽ മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിെപ്പടേണ്ടിവന്നതാണ് ചരിത്രം.
കർണാടക ഭരിക്കണമെങ്കിൽ യെദിയൂരപ്പയെ കൂട്ടുപിടിച്ചേ തീരൂ എന്ന് മോദി-അമിത് ഷാ പ്രഭൃതികളും ആർ.എസ്.എസും തീരുമാനിച്ചത് അതോടെയാണ്. ധാർമികതയോ നൈതികതയോ ഭരണഘടന പ്രതിബദ്ധതയോ ഒന്നും ഒരിക്കലും സംഘ്പരിവാറിെൻറ ബലഹീനതയായിരുന്നില്ലല്ലോ. അപ്പോഴും പക്ഷേ പാർട്ടിയിലെ ആഭ്യന്തര വഴക്കും വടംവലിയും നേതൃത്വത്തിന് തലവേദനയായി തുടർന്നു. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് യെദിയൂരപ്പയെ നീക്കണമെന്ന് ശഠിച്ച വിഭാഗം കുത്തിത്തിരിപ്പുകൾക്ക് ആക്കംകൂട്ടി. ഒരുകാലത്ത് അദ്ദേഹത്തിെൻറ അനുയായികളായിരുന്നവർ തന്നെയാണ് തിരിഞ്ഞുകുത്തിയത്. സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിെൻറ പിന്തുണയോടെയാണ് യെദിയൂരപ്പയെ തെറിപ്പിക്കാനുള്ള ഗൂഢാലോചന അരങ്ങേറിയത്. 78 വയസ്സായ യെദിയൂരപ്പയുടെ പ്രായാധിക്യമാണ് അവർ എടുത്തുകാട്ടുന്നതെങ്കിലും യു.പിയിലെ യോഗി ആദിത്യനാഥിെൻറ മാതൃകയിൽ അതിതീവ്ര ഹിന്ദുത്വവാദിയെ വാഴിക്കാൻ ആർ.എസ്.എസ് പണിയെടുക്കുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള യെദിയൂരപ്പയുടെ ശ്രമവും ഭരണം മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള പ്രായോഗിക നടപടികളും ആർ.എസ്.എസിന് ഹിതകരമല്ലത്രെ.
താൻ സ്ഥാനമൊഴിയുന്നുവെങ്കിലും മക്കളായ ദേവേന്ദ്ര, ജയേന്ദ്ര എന്നിവർക്ക് അർഹമായ സ്ഥാനം ലഭിക്കണമെന്ന ഉപാധിയോടെയാണ് യെദിയൂരപ്പ കസേരവിടാൻ സമ്മതിച്ചത്. അത് പാലിക്കപ്പെട്ടില്ലെങ്കിൽ ആര് മുഖ്യമന്ത്രിയായാലും യെദിയൂരപ്പ പാരവെക്കുമെന്നുറപ്പ്. യെദിയൂരപ്പയുടെ പിൻഗാമിയായി ലിംഗായത്തുകാരനായ ബസവരാജ് ബൊമ്മെയെയാണ് ബി.ജെ.പി നേതൃത്വത്തിന് അവരോധിക്കേണ്ടി വന്നിരിക്കുന്നത്. ബാലെ ഹൊസൂർ ലിംഗായത്ത് മഠാധിപതി ദിംഗലേശർ സ്വാമിയടക്കമുള്ളവരുടെ കടുത്ത പ്രതിഷേധത്തെ തണുപ്പിക്കാനാവും ബസവരാജ് ബൊമ്മെയെ തന്നെ മുഖ്യമന്ത്രി പദവിയിലിരുത്താൻ നേതൃത്വം നിർബന്ധിതമായത്. ജനസംഖ്യയിൽ 17 ശതമാനം വരുന്ന ലിംഗായത്തുകാർ അവരിലൊരാൾതന്നെ മുഖ്യമന്ത്രിയാവണമെന്ന് ശഠിച്ചിരുന്നു.
ഹൈന്ദവ ഏകതയെക്കുറിച്ചും ഏകശിലാമൂലമായ ഭാരതീയ സംസ്കാരത്തെക്കുറിച്ചും സംഘ്പരിവാർ എത്ര ഗംഭീരമായ അവകാശവാദങ്ങൾ നിരന്തരം ഉയർത്തിയാലും കടുത്ത അനേകീകരണ ശക്തിയായ ജാതീയത അപ്രതിരോധ്യമായി അവശേഷിക്കുന്നു എന്നതാണ് അനിഷേധ്യ സത്യം. മുസ്ലിം വിരോധം എന്ന ഒറ്റമൂലിക എല്ലായിടത്തും എല്ലാ കാലത്തും ഫലപ്രദമാവില്ല. ബംഗാളിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഏറെ നാൾ തമ്പടിച്ച് പണം യഥേഷ്ടം ഒഴുക്കി ന്യൂനപക്ഷ വിരോധം പരമാവധി ഇളക്കിവിട്ടിട്ടും ഫലമെന്തായെന്ന് കണ്ണുതുറന്ന് നോക്കുന്നത് നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.