ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരായ പ്രതിഷേധം അതിരുവിടുന്നതിനെ അങ്ങേയറ്റം ഗൗരവത്തോടെയേ കാണാനാവൂ. ശബരിമല സന്ദർശനം ഉദ്ദേശിച്ച് പുറപ്പെട്ട സ്ത്രീകളെ മാത്രമല്ല, പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകർ വരെ ആക്രമിക്കപ്പെടുന്ന സാഹചര്യം ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്തതാണ്. കാലങ്ങളായി തുടരുന്നതും തങ്ങൾ പവിത്രമെന്ന് കരുതുന്നതുമായ ഒരു ആചാരം ലംഘിക്കപ്പെടുമ്പോൾ ആ ആചാരത്തെ പ്രധാനമായി കാണുന്ന ആളുകൾക്ക് വിഷമമുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, നമ്മുടെ നാട്ടിൽ ആചാരങ്ങൾക്കു മാത്രമല്ല പവിത്രതയുള്ളത്. ഭരണഘടനാധിഷ്ഠിത റിപ്പബ്ലിക്കായ ഈ രാജ്യത്ത് പരമോന്നത നീതിപീഠമായ സുപ്രീംകോടതി വിധികൾക്ക് ഏത് ആചാരത്തെക്കാളും പവിത്രതയുണ്ട്. ശബരിമലയിൽ ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകാമെന്ന് വിധിച്ചത് ഈ സുപ്രീംകോടതിയാണ്. സുപ്രീംകോടതി വിധികളെ മാനിക്കാനും അനുസരിക്കാനും ഭരണഘടനയിൽ വിശ്വസിക്കുന്ന മുഴുവൻ വ്യക്തികൾക്കും സംഘങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. പക്ഷേ, വിചിത്രമായ കാര്യം രാജ്യഭരണം കൈകാര്യം ചെയ്യുന്ന പാർട്ടിയാണ് പ്രകടമായും കോടതിയലക്ഷ്യം എന്ന് വകയിരുത്താവുന്ന സമരത്തിന് നേതൃത്വം നൽകുന്നത് എന്നതാണ്. നിയമനിർമാണത്തിെൻറ ഉത്തരവാദിത്തമുള്ളവരാണ് തങ്ങളെന്ന ബോധം ഈ രാഷ്ട്രീയ പാർട്ടികൾക്കില്ലെന്നു തോന്നുന്നു.
ബി.ജെ.പിയും സംഘ്പരിവാര ശക്തികളുമാണ് സമരത്തിെൻറ പിന്നണിയിൽ എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ, ആർക്കെതിരെയാണ് അവർ സമരം ചെയ്യുന്നത് എന്നതിനെക്കുറിച്ച് അവർക്ക് ഒരു നിശ്ചയവുമില്ല. സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെയാണ് അവരുടെ മുദ്രാവാക്യങ്ങൾ. പക്ഷേ, ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം, സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് അദ്ദേഹത്തിെൻറ ജോലി. ആ ജോലി നിർവഹിച്ചില്ലെങ്കിൽ മുഖ്യമന്ത്രിസ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ്യനല്ല എന്നു വരും. അതായത്, സുപ്രീംകോടതി വിധിയുടെ പേരിൽ സംസ്ഥാന സർക്കാറിനെതിരെ സമരം ചെയ്യുന്നത് സംശയരഹിതമായും അങ്ങേയറ്റം അശ്ലീലമായ രാഷ്ട്രീയ അടവ് മാത്രമാണ്. കേരളം പുനഃപരിശോധന ഹരജി നൽകണമെന്നാണ് സമരക്കാരുടെ ഒരു ആവശ്യം. കേസ് വിചാരണക്കിടെ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച സർക്കാർ പുനഃപരിശോധന ഹരജി നൽകുന്നതിലെ അയുക്തികത മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുകയുണ്ടായി. പുനഃപരിശോധന ഹരജി നൽകണമെന്നാവശ്യപ്പെട്ട് കേരളത്തിൽ ബഹളംവെക്കുന്ന ബി.ജെ.പിക്ക് കേന്ദ്ര സർക്കാറിനെക്കൊണ്ട് ഇങ്ങനെയൊരു ഹരജി ഫയൽ ചെയ്യിക്കാവുന്നതേയുള്ളൂ. ഇനി, സുപ്രീംകോടതി വിധിയെ മറികടക്കാൻ ഓർഡിനൻസ് ഇറക്കണമെന്നാണ് അവരുടെ ആവശ്യമെങ്കിൽ അതും കേന്ദ്ര സർക്കാറിന് ചെയ്യാവുന്നതേയുള്ളൂ. അതൊന്നും ചെയ്യാതെ സമരത്തിെൻറ പേരിൽ അക്രമങ്ങൾ അഴിച്ചുവിടുന്നത് തീർത്തും അപലപനീയമാണ്.
മതപരമായ ആചാരങ്ങളിൽ കോടതി ഇടപെടലിെൻറ പരിധികൾ ഏതു വരെ എന്നതിനെക്കുറിച്ച കൂടുതൽ ഗൗരവപ്പെട്ട സംവാദങ്ങൾക്ക് പ്രസക്തിയുണ്ട്. പരമ്പരാഗതമായി തുടരുന്ന ആചാരങ്ങൾക്കുമേൽ, പൊടുന്നനെ മുകളിൽനിന്ന് നിയന്ത്രണങ്ങൾ അടിച്ചേൽപിക്കുമ്പോൾ അത് സമൂഹത്തിൽ അനുരണനങ്ങൾ ഉണ്ടാക്കുമെന്നതും യാഥാർഥ്യമാണ്. ഇത്തരം കാര്യങ്ങൾ ശബരിമല കേസിൽ തെൻറ വിയോജനവിധിയിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര സൂചിപ്പിക്കുന്നുമുണ്ട്. പാരമ്പര്യങ്ങൾക്കും വിശ്വാസങ്ങൾക്കും വലിയ പ്രാധാന്യമുള്ള നമ്മുടേതുപോലുള്ള ഒരു രാജ്യത്ത് സാമൂഹിക പരിഷ്കരണങ്ങൾ മുകളിൽനിന്ന് അടിച്ചേൽപിക്കുന്നതിലെ അപ്രായോഗികത വെളിപ്പെടുത്തുന്നതുകൂടിയാണ് ശബരിമല വിവാദം. അതെല്ലാം ശരിയായിരിക്കെതന്നെ, സുപ്രീംകോടതിയുടെ ഒരു വിധിപ്രസ്താവം വന്നുകഴിഞ്ഞാൽ അതിനെ മാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അത് ചെയ്യുന്നില്ലെന്നു മാത്രമല്ല, അതിനെ പച്ചയായി ലംഘിക്കുന്ന നിലപാട് സ്വീകരിക്കുകയാണ് സമരക്കാർ ചെയ്യുന്നത്. സുപ്രീംകോടതിയുടെ പവിത്രത മാത്രമല്ല, ശബരിമലയുടെ പവിത്രതകൂടിയാണ് ഈ അക്രമിസംഘം ലംഘിക്കുന്നത്. സ്ത്രീകളെ നടുറോഡിൽ ആക്രമിക്കുന്നവരെ എങ്ങനെയാണ് ഭക്തർ എന്നു വിളിക്കാൻ കഴിയുക? ആത്്മീയതയുടെ സംരക്ഷണത്തിനുവേണ്ടി ഇറങ്ങിയവർ ചെയ്യേണ്ട പണിയാണോ ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്? എന്തിെൻറ പേരിലായാലും പരസ്യമായ നിയമലംഘനം നടത്തുന്നവരെ നിലക്കുനിർത്തേണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.