ഇറാനെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിച്ചില്ലെങ്കിൽ എണ്ണവില സങ്കൽപിക്കാനാവാത്ത ഉയരങ്ങളിലെത്തുമെന്ന് മുന്നറിയിപ്പ് നൽകിയ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, വിഷയത്തിന് സൈനികപരിഹാരത്തേക്കാൾ കൂടുതൽ രാഷ്ട്രീയപരിഹാരം തേടാനാണ് താൻ ശ്രമിക്കുന്നതെന്ന് യു.എസ് ചാനലായ സി.ബി.എസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്. സെപ്റ്റംബർ 14ന് യമനിലെ ഹൂതി വിഭാഗക്കാരെന്നു കരുതപ്പെടുന്നവർ സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോവിനുനേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതിനെ തുടർന്ന് എണ്ണയുൽപാദനം പകുതിയായി സൗദി അറേബ്യ കുറച്ചിരുന്നു. അതോടെ, ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്നു.
സൗദിയുടെ എണ്ണയുൽപാദനത്തിൽ 5.7 ദശലക്ഷം ബാരലിെൻറ കുറവാണ് തുടക്കത്തിലുണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ വ്യാഴാഴ്ചയോടെ സൗദി ഉൽപാദനം പൂർവസ്ഥിതിയിലാക്കിയിട്ടും ആഗോളതലത്തിൽ വിലക്കയറ്റം തുടരുകയാണ്. എണ്ണക്കമ്പനികളുടെ മുതലെടുപ്പാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണമെങ്കിലും രാഷ്ട്രീയ സ്ഥിതിഗതികൾ മോശമാവുംതോറും എണ്ണവില വർധനക്കുള്ള സാധ്യതകൾ കൂടുമെന്നതാണ് അനുഭവസത്യം. ലോകത്താകെയുള്ള എണ്ണവിതരണത്തിൽ 30 ശതമാനം വരുന്ന പശ്ചിമേഷ്യയിലെ അശാന്തിയും അസ്ഥിരതയും അനിശ്ചിതത്വവും എണ്ണവിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇത് ആദ്യതവണയല്ല. ഇറാഖിെൻറ ഇറാൻ ആക്രമണവും തുടർന്നുനടന്ന കുവൈത്ത് ആക്രമണവും നാറ്റോവിെൻറ ഇറാഖ് ആക്രമണവും ഗൾഫ് യുദ്ധവുമെല്ലാം എണ്ണവില കുത്തനെ ഉയർത്താൻ കാരണമാക്കിയത് മറക്കാൻ നേരമായിട്ടില്ല.
ഇപ്പോഴാകട്ടെ, ഇറാനെ തടയാൻ ശക്തവും ഉറച്ചതുമായ നടപടികളെടുത്തില്ലെങ്കിൽ പ്രശ്നം ഇനിയും വഷളാവുകയും എണ്ണവിതരണം തടസ്സപ്പെടുകയും തന്മൂലം വില കുതിച്ചുയരുകയും ചെയ്യുമെന്നാണ് സൗദി കിരീടാവകാശിയുടെ മുന്നറിയിപ്പ്. തീർച്ചയായും ഐക്യരാഷ്ട്രസഭയും വൻശക്തികളും അതിഗൗരവത്തോടെ പരിഗണിക്കേണ്ടതാണ് സൗദി കിരീടവകാശിയുടെ വാക്കുകൾ.
നിരവധി യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും സാക്ഷ്യംവഹിച്ചുവരുന്ന പശ്ചിമേഷ്യ നിർഭാഗ്യവശാൽ സമാധാനത്തിലേക്കും സ്വാസ്ഥ്യത്തിലേക്കുമല്ല, യുദ്ധസാധ്യതകളിലേക്കും രക്തരൂഷിത സംഘട്ടനങ്ങളിലേക്കും പരസ്പര നശീകരണയത്നങ്ങളിലേക്കുമാണ് പ്രയാണം തുടരുന്നത് എന്നത് തിക്തവസ്തുതയാണ്. അതിെൻറ വ്യാപ്തിയും പരിധിയും കുറക്കാൻ േപാലും ഐക്യരാഷ്ട്ര സഭേക്കാ ഇതര ലോകേവദികൾക്കോ കഴിയുന്നില്ല. സാമ്രാജ്യത്വ-സയണിസ്റ്റ് ശക്തികളുടെ നിക്ഷിപ്ത താൽപര്യങ്ങളും തദടിസ്ഥാനത്തിലെ രാഷ്ട്രീയ നയങ്ങളുമാണ് എല്ലാവിധ സമാധാനശ്രമങ്ങളെയും പരാജയപ്പെടുത്തുന്നത് എന്നതും സത്യം മാത്രം.
ഇറാനും അയൽരാജ്യങ്ങളും തമ്മിലെ പോരിെൻറ പിന്നിലും ഈ ശക്തികളുടെ ഇടപെടേലാ പങ്കാളിത്തമോ ഉണ്ടെന്നതും നിഷേധിക്കാനാവില്ല. ഒപെക്കിലും ഒ.ഐ.സിയിലും അംഗങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിലെ വിനാശകരമായ സ്പർധ തല്ലിക്കെടുത്തുന്നതിൽ പ്രസ്തുത കൂട്ടായ്മകൾ വിജയിക്കുന്നില്ലെങ്കിൽ അതിെൻറ പിന്നിലും വൻശക്തികളുടെ കറുത്ത കരങ്ങൾ കാണുവാനാവും. ഇറാെൻറ പിന്തുണയുള്ള ശിയാ വിഭാഗക്കാരായ ഹൂതികൾ യമനിലെ വ്യവസ്ഥാപിത ഭരണകൂടത്തെ അട്ടിമറിച്ച് ആ രാജ്യത്തിെൻറ ഭരണം പിടിച്ചെടുക്കാൻ നടത്തിയ ഭീകരാക്രമണങ്ങളാണ് ഇപ്പോൾ സ്ഥിതി അത്യന്തം വഷളാക്കിയത്.
സൗദി അതിർത്തികളുടെ നേരെ ഹൂതി വിമതാക്രമണം ഉണ്ടായപ്പോൾ നേരിടാൻ സൗദി സഖ്യസേന യമനിൽ പ്രത്യാക്രമണം തുടങ്ങിയതോടെ പതിനായിരക്കണക്കിന് ജീവനഷ്ടങ്ങളാണുണ്ടായത്. 2015ൽ യമൻ ആഭ്യന്തര യുദ്ധം ആരംഭിച്ചശേഷം അനുസ്യൂതം തുടരുന്ന ശിശുഹത്യകളാണ് ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്. യൂനിസെഫിെൻറ കണക്കുപ്രകാരം 6000 കുട്ടികളാണ് വ്യോമാക്രമണങ്ങളിൽ പിടഞ്ഞുമരിച്ചത്. മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 91,600 വരുമെന്നും കണക്കാക്കപ്പെടുന്നു.
ഭവനരഹിതരായിത്തീർന്നവരാകട്ടെ 31,54,572 ആണെന്നും വെളിപ്പെടുത്തപ്പെടുന്നു. ഇൗ അതിക്രൂര നരമേധത്തിനറുതിവരുത്താൻ ഫലപ്രദമായ ഒരു നീക്കവും ഒരുതലത്തിലും നടക്കുന്നില്ലെന്നതോപോകട്ടെ, ഇപ്പോൾ ലോകത്തിെൻറയാകെ സമ്പദ്വ്യവസ്ഥയെ തളർത്തുന്ന വിധം രണ്ടു രാജ്യങ്ങൾ തമ്മിലെ വൈരം മൂർച്ഛിക്കുകയാണ്. എന്നിരിക്കെ സൈനിക പരിഹാരത്തേക്കാളേറെ രാഷ്ട്രീയ പരിഹാരമാണ് താൻ ആഗ്രഹിക്കുന്നതെന്ന് സൗദി കിരീടാവകാശി പറയുേമ്പാൾ അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികൾ അത് സഗൗരവം ശ്രദ്ധിക്കേണ്ടതുണ്ട്. തങ്ങൾ ശത്രുവായി കരുതുന്ന ഏതെങ്കിലും രാജ്യത്തെ നശിപ്പിക്കുക എന്ന അജണ്ടയുമായി മുന്നോട്ടുപോവാതെ പശ്ചിമേഷ്യയെയും അതുവഴി മൊത്തം ലോകത്തെയും രക്ഷിക്കുക എന്നതാവണം ഡോണൾഡ് ട്രംപിെൻറയും റഷ്യൻ ഭരണാധികാരി വ്ലാദിമിർ പുടിെൻറയും ചൈനീസ് സുപ്രീമോ ഷിയുടെയും ലക്ഷ്യം.
മിതമായ വിലക്ക് എണ്ണയുടെ ലഭ്യത ഉൾപ്പെടെ ഇന്ത്യയുടെ ഒട്ടേറെ താൽപര്യങ്ങൾ പശ്ചിമേഷ്യയുമായി ബന്ധപ്പെട്ടുകിടക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബന്ധപ്പെട്ട രാജ്യങ്ങളുടെ അനുരഞ്ജനത്തിനാണ് മുൻകൈയെടുക്കേണ്ടത്. അമേരിക്കയുടെ ഉപരോധഭീഷണിക്കു വഴങ്ങി, മിതവിലയ്ക്ക് സുഗമമായി ലഭിച്ചുകൊണ്ടിരുന്ന ഇറാനിയൻ ക്രൂഡോയിൽ സർക്കാർ നഷ്ടപ്പെടുത്തിയതാണ് രാജ്യത്ത് നിലവിലെ എണ്ണ വിലവർധനവിന് കാരണമെന്നു മറന്നുകൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.