2015 ഏപ്രിലിൽ 10ന് ഫ്രാൻസിൽ റഫാൽ പോർ വിമാന കരാറിൽ ഒപ്പുവെക്കുമ്പോൾ പ്രധാനമന്ത്രി മോദിയുടൊപ്പമുണ്ടായിരുന്ന അന്നത്തെ ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഓലൻഡിെൻറ വെളിപ്പെടുത്തലുകൾ റഫാൽ ഇടപാടിനെക്കുറിച്ച് ഉന്നയിക്കപ്പെട്ടിരുന്ന മുഴുവൻ വിമർശനങ്ങളെയും ശരിെവക്കുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും സമഞ്ജസമായി സമ്മേളിച്ച റഫാൽ ഇടപാടിെൻറ മുഖ്യ സൂത്രധാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാെണന്ന് പറയാതെപറഞ്ഞിരിക്കുന്നു ഫ്രാങ്സ്വ ഓലൻഡ്. ‘ഈ വിഷയത്തിൽ ഒരു മറുവാക്കിനും ഞങ്ങൾക്ക് സാധ്യതയുണ്ടായിരുന്നില്ല. ഇന്ത്യയുടെ ശിപാർശയെത്തുടർന്നാണ് ദസോൾട്ട് അംബാനിയുമായി ചർച്ച നടത്തിയത്. മറ്റൊരു തെരഞ്ഞെടുപ്പിന് കഴിയുമായിരുന്നില്ല. നിർദേശിക്കപ്പെട്ടവരുമായി ചർച്ചകളിലൂടെ ഞങ്ങൾ കരാറിലെത്തി’. ഓലൻഡ് തെൻറ അഭിമുഖത്തിൽ ആവർത്തിച്ചുറപ്പിക്കുന്നത് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസുമായുള്ള കരാർ ഇന്ത്യയുടെ മാത്രം ആവശ്യമായിരുന്നുവെന്നാണ്. റഫാൽ ഇടപാടിൽ ഇന്ത്യയെന്നാൽ പ്രധാനമന്ത്രി മോദി മാത്രമായിരുന്നു.
ഫ്രാൻസിൽ കരാർ ഒപ്പിടുമ്പോൾ അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീകർ തദ്വിഷയം ശരിയാംവിധം അറിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് റിലയൻസിനും അനിൽ അംബാനിക്കും വേണ്ടി രാജ്യതാൽപര്യങ്ങളെ ബലികഴിക്കുകയും ഖജനാവിന് വമ്പിച്ച നഷ്ടം വരുത്തിവെക്കുകയും ചെയ്തിരിക്കുന്ന അഴിമതിയാരോപണത്തിെൻറ കുന്തമുന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേെര ഉയർന്നിരിക്കുന്നത്. റിലയൻസിന് നൽകിയതിലൂടെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് ആധുനിക പോർ വിമാനങ്ങളുടെ സാങ്കേതികവിദ്യ സ്വയം വികസിപ്പിക്കാനുള്ള സാധ്യതകളെ കൂടി അദ്ദേഹം അടച്ചുകളയുകയായിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്നതും പ്രധാനമന്ത്രി ആരോപണവിധേയനാകുകയും ചെയ്ത സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ട സംയുക്ത പാർലമെൻറ് സമിതി അന്വേഷണം അത്യന്താപേക്ഷിതമായിരിക്കുന്നു. സാങ്കേതികവിദ്യ കൈമാറ്റവും കണക്കിലെടുത്താൽ 1.30 ലക്ഷം കോടിയുടെ അഴിമതിയാണ് കോൺഗ്രസ് പ്രസിഡൻറ് രാഹുൽഗാന്ധി ഉയർത്തിയിരിക്കുന്നത്.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം രാജ്യസുരക്ഷയെ ബാധിക്കുന്നതിനാൽ മറുപടി നൽകാനാവില്ലെന്നാണ്. രാജ്യസുരക്ഷയുടെ പേരിൽ അഴിമതി മൂടിവെക്കപ്പെടുന്നതും ചോദ്യങ്ങൾക്ക് ഉത്തരം നൽകപ്പെടാതിരിക്കുകയും ചെയ്യുന്നത് കൂടുതൽ ഭീതിജനകമാണ്. 2012ൽ ആരംഭിച്ച റഫാൽ വിമാന ചർച്ചകൾ മൻമോഹൻ സിങ് സർക്കാർ പരിസമാപ്തിയിലേക്ക് എത്തിച്ചത് ഇന്ത്യയുടെ ആയുധ പ്രതിരോധ മേഖലക്ക് കരുത്താകുംവിധമായിരുന്നു. ധാരണയിലെത്തിയ അടിസ്ഥാന തുകയായി 526 കോടി നിജപ്പെടുത്തിയതും 18 വിമാനങ്ങൾ ഫ്രാൻസിൽനിന്ന് നേരിട്ടും 108 എണ്ണം സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യയിൽ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) നിർമിക്കുമെന്ന തീരുമാനവും പ്രതിരോധപദ്ധതികൾക്ക് ഏറെ അനുഗുണവുമായിരുന്നു. എന്നാൽ, മോദിസർക്കാർ കരാർ നവീകരിച്ചപ്പോൾ വിമാനങ്ങളുടെ എണ്ണം 36 ആയി കുറയുകയും യുദ്ധസജ്ജമായ വിമാനത്തിന് 1611 കോടി നൽകേണ്ടിയുംവന്നു. അതിലുപരി, ഇപ്പോഴും ദുരൂഹമായിരിക്കുന്ന കാരണങ്ങളാൽ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എൽ കരാറിന് പുറത്താകുകയും ആയുധനിർമാണത്തിൽ ഒരു മുൻപരിചയവുമില്ലാത്ത റിലയൻസ് ഡിഫൻസ് നിർമാണ പങ്കാളിയുമായിത്തീർന്നു. ഇതിലൂടെ മോദിസർക്കാർ അടച്ചുകളഞ്ഞത് സങ്കീർണമായ സാങ്കേതികവിദ്യകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ആർജിക്കാനുള്ള രാജ്യത്തിെൻറ സാധ്യതകളെയാണ്. എന്നിട്ടാണ് റഫാൽ അഴിമതിയെക്കുറിച്ചുള്ള വിമർശനങ്ങളെ രാജ്യദ്രോഹമായും രാജ്യസുരക്ഷയെ തകർക്കാനുള്ള ഗൂഢാലോചനയായും കേന്ദ്രസർക്കാർ ചിത്രീകരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച്, ആയുധ ഇടപാടുകളിലെ അഴിമതിയുടെ ചരിത്രം സ്വാതന്ത്ര്യപ്പിറവിയോടെത്തന്നെ ആരംഭിക്കുന്നുണ്ട്. 1948 ൽ ബ്രിട്ടനിൽനിന്ന് ആർമിക്കുവേണ്ടി വാങ്ങിയ ജീപ്പ് കുംഭകോണത്തോടെ തുടക്കംകുറിക്കപ്പെട്ട അഴിമതി ഇപ്പോഴും അവിരാമം തുടർന്നുകൊണ്ടിരിക്കുന്നു. അതിെൻറ കാരണമാകട്ടെ, സൈനിക ചെലവുകളും ആയുധ ഇടപാടുകളും രാജ്യസുരക്ഷയുടെ പേരിൽ ശരിയാംവിധം ഓഡിറ്റിങ്ങിന് വിധേയമാക്കുകയോ പാർലമെൻറിൽ ചർച്ചക്കുവെക്കാനോയുള്ള വിമുഖതയും. അഴിമതി നടത്താനും വസ്തുതാപരമായ അന്വേഷണങ്ങളിൽനിന്ന് ഒളിച്ചോടാനുമുള്ള അടവാകരുത് രാജ്യസുരക്ഷ അപകടത്തിൽ എന്ന മുദ്രാവാക്യം. രാജ്യത്തിെൻറ സുരക്ഷ ആത്മാർഥതയുള്ള കാഴ്ചപ്പാടാെണങ്കിൽ കുംഭകോണങ്ങളിൽ ഏറ്റവും അപകടകരമായ ആയുധമേഖലയിലെ അഴിമതിയുടെ അടിവേരറുക്കാനുള്ള പ്രയത്നം റഫാൽ ഇടപാട് ജെ.പി.സി അന്വേഷിച്ചുകൊണ്ട് തുടക്കംകുറിക്കപ്പെടേണ്ടതുണ്ട്. സാങ്കേതികവിദ്യകളുടെ വിശദാംശങ്ങളൊഴിച്ച് എല്ലാ സൈനിക, ആയുധ കരാറുകളും പാർലെമൻറിെൻറ മേശപ്പുറത്ത് എത്തുകയും സംയുക്ത പാർലമെൻറ് സമിതി പരിശോധിക്കുകയും വേണം. ജനാധിപത്യപരമായ സുതാര്യതകൾ രാജ്യസുരക്ഷയെ ഭദ്രമാക്കിയാണ് വികസിത രാജ്യങ്ങൾ മുന്നോട്ടുപോകുന്നത്. എന്നാൽ നാം, രാജ്യസുരക്ഷയുടെ പേരിൽ അഴിമതി വ്യാപകമാക്കുകയും ജനാധിപത്യത്തെത്തന്നെ കുടുസ്സാക്കുകയും ചെയ്യുന്ന തിരക്കിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.