എ.കെ. ആൻറണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അലിഖിത 50:50 ഫോർമുലയുടെ അടിസ്ഥാനത്തിൽ സ്വാശ്രയ മെഡിക്കൽ കോളജുകൾ സ്ഥാപിച്ചുനടത്താൻ സ്വകാര്യ മാനേജ്മെൻറുകൾക്ക് അനുമതി നൽകിയതു മുതൽ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനം ഒാരോ വർഷവും തലേവദനയായി തുടരുന്ന സ്ഥിതിവിശേഷത്തിന് വിരാമമിടാൻ ഇപ്പോഴത്തെ ഇടതുമുന്നണി സർക്കാറിനും സാധിച്ചില്ല എന്നുമാത്രമല്ല, പൂർവാധികം സങ്കീർണമായ സാഹചര്യം നേരിടുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പണക്കൊതിയരായ സ്വകാര്യ മാനേജ്മെൻറുകളുടെ മുന്നിൽ വലതുമുന്നണി ജനകീയ താൽപര്യങ്ങൾ അടിയറവെച്ചു എന്ന് പെരുമ്പറമുഴക്കിയവർ നൂറുകണക്കിനു വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും കണ്ണീര് കുടിപ്പിക്കുന്നുവെന്ന പരാതിയാണ് കഴിഞ്ഞദിവസം പുറത്തുവന്ന സുപ്രീംകോടതിയുെട വിധിയോടെ ഉയരുന്നത്.
85 ശതമാനം സീറ്റുകളിലും അഞ്ചുലക്ഷം രൂപ ഫീസും ആറ് ലക്ഷത്തിെൻറ ബാങ്ക് ഗാരൻറിയും നൽകണമെന്ന സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്മെൻറുകളുടെ ശാഠ്യം ന്യായമാണെന്ന് സുപ്രീംകോടതി വിധിച്ചതിനു പുറമെ കഴിഞ്ഞ പത്തു വർഷമായി ഫീസ് സംബന്ധിച്ച അന്തിമതീരുമാനമെടുക്കാത്തതിന് സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിക്കുകകൂടി ചെയ്തിരിക്കുന്നു. ഇൗ വർഷത്തെ ഫീസിെൻറ കാര്യത്തിൽ സർക്കാർ കൈക്കൊള്ളുന്ന തീരുമാനത്തിന് വിധേയമായിരിക്കും ഇപ്പോൾ വാങ്ങിയ ഫീസെങ്കിലും സർക്കാർ നിശ്ചയിച്ച ഫീസ് കുറവാെണങ്കിൽ അതിനെതിെര സുപ്രീംകോടതിയെ സമീപിക്കുന്നതിൽനിന്ന് മാനേജ്മെൻറുകളെ ഇൗ വിധി തടയുന്നില്ലെന്നുകൂടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനർഥം 11 ലക്ഷം ഫീസെന്ന മാനേജ്മെൻറുകളുടെ ശാഠ്യത്തെ മറികടക്കാൻ ഫീസ് നിർണയത്തിന് ചുമതലപ്പെട്ട രാേജന്ദ്രബാബു സമിതിക്ക് സാധ്യമാവില്ല എന്നുതന്നെ.
എവ്വിധമോ സ്വരൂപിച്ച അഞ്ചുലക്ഷവുമായി കഴിഞ്ഞദിവസം മെഡിക്കൽ കോളജ് പ്രവേശനത്തിനായി രക്ഷിതാക്കളോടൊപ്പം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ചെന്ന വിദ്യാർഥികൾക്ക് കോടതിവിധിയുടെ രൂപത്തിൽ പതിച്ച ഇടിത്തീയിൽ കരിഞ്ഞ സ്വപ്നങ്ങളുമായി കണ്ണീരോടെ മടങ്ങേണ്ടി വന്നിരിക്കുന്നു. ഉള്ളതൊക്കെ പണയംവെച്ചും വിറ്റുപെറുക്കിയും കടംവാങ്ങിയും അഞ്ചുലക്ഷം ഒപ്പിച്ച പാവപ്പെട്ടവർ വരെ അക്കൂട്ടത്തിലുണ്ട്. നീറ്റ് വന്നതോടെ പണമല്ല മെറിറ്റാണ് മെഡിക്കൽ പ്രവേശനത്തിനുള്ള പ്രഥമ പരിഗണന എന്നാശ്വസിച്ചവരും ആഹ്ലാദിച്ചവരുമാണവർ. വന്നുനോക്കുേമ്പാൾ പണംതന്നെയാണ് അന്തിമവിധികർത്താവെന്ന് അവരെ ബോധ്യപ്പെടുത്തുന്നതായി പരമോന്നത കോടതിയുടെ വിധി. ആറു ലക്ഷം ബാങ്ക് ഗാരൻറിയില്ലാതെ എങ്ങനെയും സ്ഥാപനം നടത്തിക്കൊണ്ട് പോകാനാവില്ല എന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സ്വകാര്യ മാനേജ്മെൻറുകൾ വിജയിച്ചപ്പോൾ യഥാർഥ വസ്തുതകളും കണക്കുകളും എടുത്തുദ്ധരിച്ച് അവരുടെ അവകാശവാദം പൊളിക്കാൻ സംസ്ഥാന സർക്കാറിെൻറ പ്രഗല്ഭനായ അഭിഭാഷകന് കഴിഞ്ഞില്ല. പോയവർഷം സർക്കാറുമായി കരാറിലേർപ്പെടാത്ത ഒരു കോളജ് മാത്രമാണ് 10 ലക്ഷം ഫീസ് ഇൗടാക്കിയതെന്ന സത്യം കോടതിയിൽ ബോധിപ്പിക്കാൻപോലും അദ്ദേഹം മിനക്കെടാതിരുന്നത് എന്തുകൊണ്ട് എന്നത് ദുരൂഹമായി അവശേഷിക്കുന്നു.
സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനത്തിന് യോഗ്യത നേടിയ പാവപ്പെട്ട ഒരു വിദ്യാർഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന് ആശ്വസിപ്പിക്കുന്നുണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ബാങ്ക് ഗാരൻറിയും ആവശ്യമെങ്കിൽ ബാങ്ക് വായ്പയും ലഭ്യമാക്കുന്നതിന് സർക്കാർ സഹായിക്കുമെന്നാണ് അദ്ദേഹത്തിെൻറ വാഗ്ദാനം. അത് സത്യമായി പുലരുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം പാവപ്പെട്ട വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള ബാങ്ക് വായ്പ കടുത്ത തലവേദനയും ഭാരവുമായി തുടരുന്നുണ്ട് എന്ന വസ്തുത ചൂണ്ടിക്കാട്ടാതെ വയ്യ. ഒരുവശത്ത് അനേകം കോടികളുടെ തിരിച്ചടവ് മുടങ്ങുകയോ വൈകുകയോ ചെയ്യുന്നതുമൂലം ബാങ്കുകൾ പ്രതിസന്ധി നേരിടുേമ്പാൾ മറുവശത്ത് യഥാസമയം തൃപ്തികരമായ ജോലി ലഭിക്കാത്തതുമൂലം വായ്പ തിരിച്ചടക്കാനാവാതെ ബിരുദധാരികൾ നട്ടംതിരിയുന്നു. ആയിരക്കണക്കിൽ എൻജിനീയർമാർ മാത്രമല്ല എം.ബി.ബി.എസ്, ബി.ഡി.എസ് ബിരുദധാരികളും കടത്തിൽ മുങ്ങിത്താഴുകയാണ്. എന്തു വിലകൊടുത്തും മെഡിക്കൽ, എൻജിനീയറിങ് ബിരുദങ്ങൾ നേടിയെടുത്തേ മതിയാവൂ എന്ന യാഥാർഥ്യബോധമില്ലാത്ത രക്ഷിതാക്കളുടെയും മക്കളുടെയും ശാഠ്യവും ഇതിനൊരു കാരണംതന്നെ.
എങ്കിലും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ അതിരൂക്ഷമായ കേരളത്തിൽ തുടർപഠനത്തെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും കൃത്യമായ അവബോധം സൃഷ്ടിക്കാനുള്ള നടപടികളാണ് സർക്കാറിെൻറയും സന്നദ്ധ സംഘടനകളുടെയും ഭാഗത്തുനിന്നുമുണ്ടാവേണ്ടത്. അതേസമയം, ബ്ലേഡ് കമ്പനികൾ നടത്താൻ പോവേണ്ടവർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതാണ് കൂടുതൽ പ്രയാസരഹിതവും ലാഭകരവുമെന്ന് തിരിച്ചറിഞ്ഞതാണ് ഇപ്പോൾ രൂപപ്പെട്ട പ്രതിസന്ധിയുടെ നാരായവേര്. അടിസ്ഥാന സൗകര്യങ്ങളെന്ന പേരിൽ ചിലതൊക്കെ തട്ടിക്കൂട്ടി, പരിശോധനക്കു വരുന്നവരെ കാലേക്കൂട്ടി പാട്ടിലാക്കി, അംഗീകൃത യോഗ്യതയുള്ളവരെ സമയാസമയങ്ങളിൽ വാടകക്കെടുത്ത് മെഡിക്കൽ കോളജുകൾ നടത്തുന്ന സ്വകാര്യ മാനേജ്മെൻറുകൾ സംസ്ഥാനത്ത് സുലഭമാണെന്ന് പറഞ്ഞാൽ അതൊരനുഭവ സത്യം മാത്രമാണ്. സ്വകാര്യ മെഡിക്കൽ കോളജുകളിലും െഡൻറൽ കോളജുകളിലും മിക്കതിെൻറയും ഗുണനിലവാരം ശരാശരിക്കും താഴെയാണ്. അവയിലൂടെ പുറത്തുവരുന്ന ഡോക്ടർമാർ എന്തുതരം വൈദ്യസേവനമാണ് നിറവേറ്റുകയെന്നത് ഉൗഹിക്കാവുന്നതേയുള്ളൂ. ചുരുക്കത്തിൽ സമഗ്രമായ പുനരവലോകനം ആവശ്യപ്പെടുന്നതാണ് നമ്മുടെ വൈദ്യശാസ്ത്ര പഠനരംഗം. കൃത്യവും കർശനവുമായ വ്യവസ്ഥകൾ ആവിഷ്കരിച്ച് പ്രവേശനം മാത്രമല്ല നടത്തിപ്പും നൈതികമായും മനുഷ്യത്വപരമായും നിയന്ത്രിക്കേണ്ട സമയം വൈകി. അതേസമയം, സ്വകാര്യ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശന വ്യവസ്ഥ ഇനിയെങ്കിലും സുസ്ഥിരവും സുതാര്യവും കുറ്റമറ്റതുമാക്കാൻ സർക്കാർ സത്വരശ്രദ്ധ പതിപ്പിക്കുമെന്ന് പ്രതീക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.