സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികളുടെ നിലപാടില്ലായ്മ വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ശനിയാഴ്ച യു.എസ്-ബ്രിട്ടീഷ് -ഫ്രഞ്ച് ആഭിമുഖ്യത്തിൽ സിറിയക്കുമേൽ നടന്ന വ്യോമാക്രമണം. ബശ്ശാർവിരുദ്ധ പ്രക്ഷോഭകാരികളുടെ കേന്ദ്രമായിരുന്ന കിഴക്കൻ ഗൂതയിലെ ദൂമയിൽ ഏപ്രിൽ ഏഴിന് സിറിയൻ സേന രാസായുധം പ്രയോഗിച്ചെന്ന വാർത്ത വന്ന് ഒരാഴ്ചക്കകമാണ് സഖ്യസേനയുടെ ബോംബർവിമാനങ്ങൾ രാസായുധ കേന്ദ്രങ്ങൾക്കു മീതെ ശക്തമായ ആക്രമണം നടത്തിയത്. ആളപായമില്ലെന്നും ബശ്ശാറിെൻറ രാസായുധ കരുതൽശേഖരം തകർത്തു തരിപ്പണമാക്കിയെന്നും അമേരിക്കയും സഖ്യകക്ഷികളും അവകാശപ്പെടുേമ്പാൾ ആക്രമണംകൊണ്ട് തരിമ്പും പോറലേൽപിക്കാനായില്ലെന്ന വിജയസൂചനയായി സിറിയൻ പ്രസിഡൻറ് ബശ്ശാർ മണിക്കൂറുകൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ സ്വന്തം വിഡിയോ പോസ്റ്റ്ചെയ്ത് ജനത്തിനു മുന്നിലെത്തി. ആക്രമണം ലക്ഷ്യം നേടിയെന്നും കൂടുതൽ ആക്രമണത്തിന് ഉദ്ദേശ്യമില്ലെന്നുമായിരുന്നു അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറയും മറ്റ് രണ്ടു വൻശക്തി നേതാക്കളുടെയും ആദ്യദിന പ്രതികരണം. ബശ്ശാറിെൻറ ഭരണമാറ്റം ആക്രമണലക്ഷ്യമല്ലെന്ന് പെൻറഗൺ വിശദീകരണക്കുറിപ്പുമിറക്കി. എന്നാൽ, നാളൊന്നു കഴിയുേമ്പാഴേക്കും ദൗത്യം പൂർത്തീകരിച്ച ശേഷമേ സിറിയയിൽനിന്നു പിൻവാങ്ങുകയുള്ളൂവെന്ന നിലപാടിലേക്കു ചുവടുമാറിയിരിക്കുകയാണ് അവർ.
സിറിയയെ താങ്ങിനിർത്തുന്ന റഷ്യയുമായി ആഴ്ചയോളം നീണ്ട വാഗ്യുദ്ധത്തിനുശേഷം നടത്തിയ ആക്രമണം വായ്ത്താരിയുടെ നാലയലത്തെത്തിയില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. ബശ്ശാറിനെയും സഖ്യകക്ഷികളായ റഷ്യ, ഇറാൻ, ലബനാനിലെ ഹിസ്ബുല്ല എന്നിവരെയും തെല്ലും കുലുക്കിയില്ലെന്നും രാസായുധശേഖരങ്ങൾ കാര്യമായൊന്നും നശിപ്പിക്കാൻ ബോംംബുവർഷം ഉതകിയിട്ടില്ലെന്നുമുള്ള തിരിച്ചറിവാണ് മുഖംരക്ഷിക്കാനുള്ള പടിഞ്ഞാറൻ ശക്തികളുടെ തത്രപ്പാടിനു പിന്നിൽ എന്നു കരുതണം. സിറിയയിൽ പ്രതിസന്ധി ആരംഭിച്ചിട്ട് എട്ടു കൊല്ലം കഴിഞ്ഞു. രാജ്യത്തെ എല്ലാ പട്ടണങ്ങളെയും സിറിയൻ സേന നശിപ്പിച്ചു. അഞ്ചു ലക്ഷം ജനങ്ങളെ കൂട്ടക്കശാപ്പ് നടത്തി. എന്നിട്ടും യുദ്ധം തുടങ്ങിയ ശേഷം ഇന്നോളം കാഴ്ചക്കാരായി നോക്കിനിൽക്കാനും വെല്ലുവിളി പ്രസ്താവനകൾ ഇറക്കാനുമല്ലാതെ ബശ്ശാറിനെതിരെ ഒരു ചുക്കും ചെയ്യാൻ അമേരിക്കയോ കൂട്ടാളികളോ തുനിഞ്ഞിട്ടില്ല. െഎ.എസിെൻറയും മറ്റു ഭീകരസംഘങ്ങളുടെയും സാന്നിധ്യം ചൂണ്ടി ഗൾഫ് രാജ്യങ്ങൾ ആക്രമണത്തിനിറങ്ങിയത് അമേരിക്കയുടെയും ഫ്രാൻസിെൻറയുമൊക്കെ പിന്തുണ പ്രതീക്ഷിച്ചായിരുന്നു. അന്നും കളത്തിലിറങ്ങാൻ അറച്ചുനിൽക്കുകയായിരുന്നു അമേരിക്കയും തുടർന്ന് മറ്റുള്ളവരും. മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമയോട് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾക്കുണ്ടായിരുന്ന അതൃപ്തിയുടെ മുഖ്യ കാരണം വാഷിങ്ടണിെൻറ ഇൗ അഴകൊഴമ്പൻ നിലപാടായിരുന്നു. ഒബാമയിൽനിന്നു കിട്ടാത്തത് ട്രംപിൽനിന്നു കിട്ടുമെന്ന് അവർ അമിതപ്രതീക്ഷ പുലർത്തി. റഷ്യ, ഇറാൻ, ഹിസ്ബുല്ല എന്നിവർക്കെതിരെ വലിയ വായിൽ ട്രംപ് കുറിച്ച ട്വീറ്റുകളും നടത്തിയ പ്രസംഗങ്ങളും അവരുടെ പ്രത്യാശയെ ത്വരിപ്പിച്ചു. എന്നാൽ, അതിലപ്പുറം കളത്തിലിറങ്ങിയുള്ള കളിക്ക് ഇനിയും അമേരിക്കക്കും പടിഞ്ഞാറൻ കൂട്ടുകാർക്കും മുട്ടുറക്കുന്നില്ല എന്നതാണ് അനുഭവം. കഴിഞ്ഞ വർഷവും ഇതുപോലെ രാസായുധ പ്രയോഗം നടന്നു, ഇദ്ലിബ് പ്രവിശ്യയിലെ ഖാൻ ശൈഖൂനിൽ. അമേരിക്ക അത് ‘കണ്ടുപിടിച്ചു കുറ്റപത്രം തയാറാക്കി’. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇതുപോലെ ശക്തമായൊരു ആക്രമണം നടത്തി. സിറിയയുടെ രാസായുധ കരുതലിെൻറ നടുവൊടിച്ചിരുന്നെങ്കിൽ വീണ്ടും അത്തരമൊന്ന് സംഘടിപ്പിക്കാൻ ബശ്ശാറിന് കഴിയുമായിരുന്നില്ല. എന്നാൽ, ഒന്നും സംഭവിച്ചില്ലെന്നാണ് ഇപ്പോഴും വിജിഗീഷുവിെൻറ അഹങ്കാരത്തിൽ പുളച്ചുമദിക്കുന്ന സിറിയൻ സ്വേച്ഛാധിപതിയുടെ ധാർഷ്ട്യം തെളിയിക്കുന്നത്.
കഴിഞ്ഞ തവണത്തേതിൽനിന്നു ഭിന്നമായി ഇത്തവണ സിറിയയെ മാത്രമല്ല, അവരെ താങ്ങുന്ന റഷ്യയുടെ നേരെ കൂടിയുണ്ടായിരുന്നു ട്രംപിെൻറ ആക്രോശം. എന്നാൽ, ട്രംപ് എത്രടം വരെ എന്ന് റഷ്യൻ നേതാവ് പുടിന് നന്നായറിയാമെന്നു തന്നെയാണ് അദ്ദേഹത്തിെൻറ നിസ്സംഗഭാവം തെളിയിക്കുന്നത്. കഴിഞ്ഞ തവണ ശയ്റാത് എയർഫീൽഡിൽ നടത്തിയ നിസ്സാര ആക്രമണത്തിൽ കവിഞ്ഞ ഒന്നല്ല ഇതെന്നും ആഭ്യന്തര രാഷ്ട്രീയകാലുഷ്യം മുറുകുേമ്പാൾ ജനത്തിെൻറ കണ്ണിൽ പൊടിയിടാൻ നടത്തുന്ന വിദ്യകളാണിതെന്നുമാണ് റഷ്യയുടെ ബോധ്യം. മാത്രമല്ല, ഇതു നേരിെട്ടാരു ഏറ്റുമുട്ടലിലേക്കു കൊണ്ടുപോകാൻ മാത്രം ധൈര്യം മോസ്കോയിലുമില്ലെന്ന് അവരുടെ യുദ്ധകാര്യ വിദഗ്ധർ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഇതിനു മുമ്പ് സിറിയയുടെ സൈനികസംവിധാനങ്ങൾക്കു മേൽ ഇടക്കിടെ ഇസ്രായേൽ നടത്തിവരുന്ന കനത്ത ആക്രമണങ്ങളെക്കുറിച്ചും റഷ്യ മൗനത്തിലാണ്. അതേസമയം, ഇക്കൊല്ലം രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോഴും ആക്രമണത്തിന് ഉടൻ തിരിച്ചടി ഭീഷണി മുഴക്കാൻ പുടിൻ മറന്നിരുന്നില്ല. ചുരുക്കത്തിൽ സിറിയയിൽ ഭരണം നിലനിർത്താൻ യത്നിക്കുന്ന ബശ്ശാറിനെയും ആ സ്വേച്ഛാധിപതിയെ പുറത്താക്കാൻ നോമ്പുനോറ്റിരിക്കുന്ന അറബ് പ്രതിയോഗികളെയും ഒരേ സമയം നിരാശപ്പെടുത്തുകയാണ് അമേരിക്കയും റഷ്യയും. രണ്ടു വൻശക്തികളും അപ്പുറമിപ്പുറമിരുന്ന് എലിയും പൂച്ചയും കളിക്കുകയാണ്.
അതിനാൽ സിറിയക്കുമേലുള്ള പതിയിരിപ്പ് അവസാനിപ്പിക്കില്ലെന്നും ബശ്ശാറിനും പിന്തുണക്കാരായ റഷ്യക്കുമെതിരെ ഉപരോധം നടപ്പാക്കുമെന്നുമൊക്കെയുള്ള ഭീഷണി മുഴക്കുന്നുണ്ടെങ്കിലും ഒന്നും എങ്ങുമെത്താൻ പോകുന്നില്ല. 34 രാസായുധപ്രയോഗങ്ങൾക്കു ശേഷം റഷ്യയുടെ മുൻകൈയിൽ 2013ൽ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയിട്ടും ബശ്ശാർ കളി തുടരുന്ന സിറിയയിൽ കളത്തിലുള്ള റഷ്യയും ഇറാനും ഹിസ്ബുല്ലയും പുറത്തുള്ള അമേരിക്കയും സഖ്യക്കാരുമൊക്കെ കള്ളക്കളിയിലാണ്. അതുകൊണ്ടു സിറിയൻ പ്രതിസന്ധി അവസാനിക്കുകയല്ല, കൂടുതൽ സങ്കീർണമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.