മനുഷ്യനോ പട്ടിക്കോ പരിഗണന?


കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട്ട് ഓട്ടിസം ബാധിച്ച നിഹാൽ നൗഷാദ് എന്ന കുട്ടിയെ തെരുവുനായ്ക്കൾ കൂട്ടംചേർന്ന് ശരീരമാസകലം മുറിവേൽപിച്ച് അതിദാരുണമായി കൊലപ്പെടുത്തിയ സംഭവം കേരളത്തെയാകെ സങ്കടക്കടലിലാഴ്ത്തിയിരിക്കെ തെരുവുനായ് ശല്യം ഒരിക്കൽകൂടി സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. തെരുവുനായ്ക്കളെ പിടികൂടി വന്ധീകരിച്ച് വിടുകയാണ് പ്രശ്നത്തിന്റെ മൗലികപരിഹാരമെന്ന് കോടതികളും സർക്കാറുമടക്കം എല്ലാവരും തീരുമാനിച്ച മട്ടിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. മനുഷ്യജീവനോ മൃഗജീവനോ അതിസന്ദിഗ്ധ ഘട്ടത്തിൽ പരിഗണന എന്ന ചോദ്യത്തിനുമുന്നിൽ മനുഷ്യജീവന് എന്നതാണ് സാമാന്യ പ്രതികരണമെങ്കിലും ഫലത്തിൽ അതല്ല സംഭവിക്കുന്നതെന്ന് സമ്മതിച്ചേ തീരൂ.

തെരുവുനായ്ക്കളുടെ ശല്യം മൂർഛിച്ച് സകല പരിധികളും ലംഘിക്കുന്ന ഘട്ടത്തിലെങ്കിലും അതവസാനിപ്പിക്കാൻ ആത്യന്തികനടപടികൾ സ്വീകരിക്കേണ്ടിവരും എന്ന് ഖണ്ഡിതമായി പറയാൻ പരമോന്നത കോടതിക്കുപോലും സാധിക്കുന്നില്ല. നിഹാലിന്റെ ദാരുണാന്ത്യത്തെ തുടർന്ന് സമർപ്പിക്കപ്പെട്ട ഹരജിപോലും അടിയന്തര പരിഗണനക്കെടുക്കാതെ കേരള ഹൈകോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. ഇവ്വിഷയകമായി നേരത്തേ കോടതി നൽകിയ വിധിയും അതിനാധാരമായ 2001ലെ നിയമവും നിലനിൽക്കുവോളം ഹൈകോടതികൾക്ക് രക്ഷാമാർഗം നിർദേശിക്കുന്നതിൽ പരിമിതികളുണ്ട് എന്നതാണ് വസ്തുത. മൃഗ ജനനനിയന്ത്രണ നിയമചട്ടം നാല് അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ ഏഴംഗ മേൽനോട്ട സമിതികൾ രൂപവത്കരിക്കണം.

ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഈ സമിതികളാണ് പിടിക്കപ്പെടുന്ന പട്ടികളുടെ ഭാവി തീരുമാനിക്കുന്നത്. മൃഗഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ച് വന്ധ്യംകരണത്തിനോ പ്രതിരോധ കുത്തിവെപ്പിനോ നിർദേശിക്കാം. പേപ്പട്ടികളെക്കുറിച്ചും നായ്ശല്യത്തെക്കുറിച്ചും മറ്റും പരാതികൾ സ്വീകരിക്കാൻ പ്രത്യേക സെൽ രൂപവത്കരിക്കണം. തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാനുള്ള അഭയകേന്ദ്രം തദ്ദേശ സ്ഥാപനങ്ങൾ സ്ഥാപിക്കണമെന്നും നിയമം അനുശാസിക്കുന്നു. ഒഴിഞ്ഞ വയറുമായി അന്തിയുറങ്ങാൻ റോഡരികുകളും കടത്തിണ്ണകളും തേടി വലയുന്ന മനുഷ്യജീവികൾക്ക് അഭയകേന്ദ്രം ഒരുക്കാൻ സാധിക്കാത്ത പഞ്ചായത്ത്-നഗരസഭകളാണ് ഇനി പതിനായിരക്കണക്കിൽ പട്ടിക്കൂടുകളും അവയിലെ ‘അന്തേവാസികൾക്ക്’ ഭക്ഷണവും ഒരുക്കേണ്ടത്. നടക്കുന്ന കാര്യം വല്ലതുമാണോ നിയമം അനുശാസിക്കുന്നത്!

ഇനി വന്ധ്യംകരണത്തിന്റെ കാര്യം. കേരളത്തിൽ മൊത്തം 82 വന്ധ്യംകരണ കേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടിടത്ത് നിലവിലുള്ളത് 18 എണ്ണം മാത്രം. ഇക്കഴിഞ്ഞ മാർച്ച് 31 വരെ മൂന്നുലക്ഷം തെരുവുനായ്ക്കളിൽ 32,061 എണ്ണത്തെ മാത്രമാണ് വന്ധീകരിക്കാനായത്. ഒരുഘട്ടത്തിൽ അത്യാവേശപൂർവം നടപ്പാക്കിയ നായ് വന്ധ്യംകരണ യജ്ഞം പെട്ടെന്ന് തളർന്നു. ഇപ്പോൾ എവിടെയും അത് നേരെ ചൊവ്വേ നടക്കുന്നില്ല. ഒരു പരിധിക്കപ്പുറം അത് പ്രായോഗികവുമല്ല എന്നതാണനുഭവം. പട്ടികളെ പിടികൂടാൻ പരിശീലനം ലഭിച്ചവരുടെ കടുത്ത ക്ഷാമം തന്നെയാണ് പ്രധാന തടസ്സം. രണ്ടാമത് അവർക്ക് അനുവദിച്ച പ്രതിഫല സംഖ്യയുടെ അപര്യാപ്തതയും.

ഒരു നായെ വന്ധീകരിക്കാൻ 600 രൂപ വരെ ചെലവ് വരുമെന്നാണ് കണക്ക്. അതിനാവശ്യമായ ഫണ്ട് ഒരു തദ്ദേശ സ്ഥാപനത്തിന്റെയും അക്കൗണ്ടിലില്ല. ജീവനക്കാരുടെ ശമ്പളംപോലും യഥാസമയം നൽകാനാവാതെ കിതക്കുന്ന സംസ്ഥാന സർക്കാർ ഇനി ലക്ഷക്കണക്കിൽ നായ്ക്കളുടെ വന്ധീകരണത്തിനു കൂടി വക കണ്ടെത്തണമെന്നു പറഞ്ഞാൽ നടക്കുമോ? വന്ധ്യംകരണം കാര്യക്ഷമമായി നടപ്പാക്കാൻ ലാബോറട്ടറി, വാക്സിനേഷൻ തുടങ്ങിയ സംവിധാനങ്ങളോടുകൂടിയ മൊബൈൽ യൂനിറ്റുകൾ വേണമെന്നാണ് ലോക്കൽ ബോഡികൾ ചൂണ്ടിക്കാട്ടുന്നത്. അതാവട്ടെ, യൂനിറ്റിന് 25 ലക്ഷമെങ്കിലും വേണ്ടിവരുന്ന സംവിധാനമാണ്. ചുരുക്കത്തിൽ, പേപ്പട്ടി വിഷബാധമൂലം മരിക്കുന്ന മനുഷ്യരുടെ എണ്ണം ക്രമാതീതമായി ഉയരുകയും വിഷബാധക്കുള്ള മരുന്നിന് കടുത്ത ക്ഷാമം നേരിടുകയും ചെയ്യുന്ന വർത്തമാനകാല പരിതഃസ്ഥിതിയിൽ തെരുവുനായ്ക്കളുടെ വ്യാപനം കുറക്കാൻ മറ്റു പ്രായോഗിക നടപടികൾ കണ്ടെത്തിയേ പറ്റൂ.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയോളം ശക്തനായ അഹിംസാവാദിയെ ആധുനിക ഇന്ത്യ കണ്ടെത്തിയിട്ടില്ല. അദ്ദേഹം ഇക്കാര്യത്തിൽ പറഞ്ഞതോ: ‘തെരുവുനായ്ക്കൾക്ക് ആഹാരം കൊടുക്കുന്നത് ഒരു പാപമാണ്. പാപമായിരിക്കണം. ഓരോ തെരുവുനായെയും വെടിവെച്ച് കൊല്ലണം എന്നൊരു നിയമം ഉണ്ടെങ്കിൽ നമുക്ക് യഥാർഥത്തിൽ വളരെയധികം നായ്ക്കളെ രക്ഷിക്കാൻ കഴിയും. മാനവികത എന്നത് ഹൃദയത്തിന്റെ മഹത്തായ ഒരു ഗുണമാണ്. ഒരുപിടി തെരുവുനായ്ക്കളെ രക്ഷിക്കുന്നതിനുവേണ്ടി അത് ഉപയോഗിച്ചുതീർക്കരുത്. അത്തരം രക്ഷാശ്രമങ്ങൾ പാപം പോലുമാണ്’ (യങ് ഇന്ത്യ ഒക്ടോബർ 21, 1926). രാജ്യത്ത് നടപ്പിലുള്ളത് പക്ഷേ, മഹാത്മാ ഗാന്ധിയുടെ നിർദേശമല്ല, മേനക ഗാന്ധിയുടെ പിടിവാശിയാണ്.

പാർലമെന്റിൽ ചർച്ച പോലുമില്ലാതെ അവർ ചുട്ടെടുത്ത നിയമങ്ങളാണ് ഇന്നും ആയിരക്കണക്കിന് നിരപരാധികളുടെ ജീവൻ അപഹരിച്ചുകൊണ്ട് പ്രാബല്യത്തിൽ തുടരുന്നത്. മനുഷ്യസ്നേഹവും ശ്വാനസ്നേഹവും ആത്മാർഥമാണെങ്കിൽ ഈ നിയമം പൊളിച്ചെഴുതിയേ പറ്റൂ.

Tags:    
News Summary - street dogs attack in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.