ശരിയായിരുന്നെങ്കിെലന്ന് ഏത് ഇന്ത്യക്കാരനും ആത്മാർഥമായി കൊതിക്കുന്ന അഭിപ്രായമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ ജുഡീഷ്യറിയെപ്പറ്റി ഗുജറാത്ത് ഹൈകോടതിയുടെ വജ്രജൂബിലി സ്റ്റാമ്പ് പുറത്തിറക്കിക്കൊണ്ട് പ്രകടിപ്പിച്ചത്. ''നമ്മുടെ ജുഡീഷ്യറി എക്കാലവും ഭരണഘടനയെ രചനാത്മകമായി വ്യാഖ്യാനിച്ചുകൊണ്ട് അതിനെ ശക്തിപ്പെടുത്തി'' എന്ന്. ബാബരി കേസിലെയും പൗരാവകാശക്കേസുകളിലെയും നിലപാടുകൾവെച്ച് ന്യായീകരിക്കാനാകാത്ത വീക്ഷണമാണിത്, പല നിയമവിദഗ്ധരുടെയും േനാട്ടത്തിൽ. ''രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നിടത്തായാലും ദേശീയ താൽപര്യത്തിന് മുൻഗണന നൽകേണ്ടിവരുേമ്പാഴായാലും ജുഡീഷ്യറി അതിന്റെ ചുമതല നിർവഹിച്ചു'' എന്ന് പ്രധാനമന്ത്രി വാദിക്കുേമ്പാഴും കശ്മീർ വിഷയം മുതൽ കാർഷിക നിയമങ്ങൾവരെയുള്ള പ്രശ്നങ്ങളിൽ ഭരണഘടന വിദഗ്ധർ നേരെ എതിരായ വീക്ഷണങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്.
രാജ്യവും ജനങ്ങളും രണ്ടാണെന്നും, രാജ്യതാൽപര്യവും ജനങ്ങളുടെ താൽപര്യവും വിരുദ്ധമാകാമെന്നുമുള്ള കാഴ്ചപ്പാടുതന്നെ ജനാധിപത്യവുമായോ ഭരണഘടനയുമായോ പൊരുത്തപ്പെടാത്തതാണ്. നിയമവാഴ്ച, തുല്യനീതി തുടങ്ങിയ മൂല്യങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന ചർച്ചക്കെങ്കിലും പ്രധാനമന്ത്രിയുടെ വാക്കുകൾ നിമിത്തമായാൽ നല്ലത്. ആഘോഷച്ചടങ്ങുകളിലെ ഉപചാരവാക്കുകൾക്കും ഏറെ അകലെയാണ് സാധാരണ ജനങ്ങളുടെ നേരനുഭവം. ഒരാഴ്ചമുമ്പ് പുണെയിൽനിന്ന് വന്ന ഒരു റിപ്പോർട്ട്, ചെറിയ, എന്നാൽ വിരളമല്ലാത്ത, സൂചനയാണ്. യു.എ.പി.എ ചാർത്തപ്പെട്ട് വിചാരണത്തടവിലായിരുന്ന ആദിവാസി വിദ്യാർഥിനി നേതാവ് കാഞ്ചൻ നനാവറെ കസ്റ്റഡിയിൽ മരിച്ചു എന്നായിരുന്നു വാർത്ത.
2014ൽ മാവോവാദി മുദ്രകുത്തപ്പെട്ട് ജയിലിലടക്കപ്പെടുേമ്പാഴേ അവരുടെ ആരോഗ്യം മോശമായിരുന്നു. ജന്മനാ ഉള്ള ഹൃദയവൈകല്യത്തിനു പുറമെ ജയിലിൽ തലച്ചോറിനും അസുഖം വന്നു. പലകുറി ജാമ്യത്തിന് അപേക്ഷിച്ചു; കിട്ടിയില്ല. രോഗം മൂർച്ഛിച്ചിട്ടും വിട്ടില്ല. ഒടുവിൽ പുണെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും മരിച്ചു. ഒമ്പത് കേസുണ്ടായിരുന്നതിൽ ആറിലും കോടതി അവരെ വെറുതെവിട്ടതാണ്. ബാക്കി മൂന്നിൽ വിചാരണ നീണ്ടുനീണ്ടുപോകുന്നു. നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ ഏറ്റവും കറുത്തമുഖങ്ങളിലൊന്നാണ് വർഷങ്ങളായി തടവിൽ കഴിയുന്ന, പലപ്പോഴും പൂർണമായും നിരപരാധികളെന്ന് തെളിഞ്ഞേക്കാവുന്ന, അസംഖ്യം മനുഷ്യരുടെ പീഡനപ്പട്ടിക.
കഴിഞ്ഞ ഒരുവർഷത്തിനിടയിൽ ഇന്ത്യയിൽ തടവിലാക്കപ്പെട്ടത് ഡസൻ കണക്കിന് മനുഷ്യാവകാശപ്രവർത്തകരാണ്. ഭരണകൂടത്തിന്റെ അന്യായങ്ങൾക്ക് തടയിടേണ്ട ജുഡീഷ്യറി അക്കാര്യത്തിൽ ഏറെയൊന്നും വിജയിച്ചിട്ടില്ല എന്നതാണ് വസ്തുത. സർക്കാർ അതിരുവിടുേമ്പാൾ ജനപക്ഷത്ത് ചേർന്ന് കവചം തീർക്കാൻ ജുഡീഷ്യറിക്ക് കഴിയണം എന്നത് ഭരണഘടനയുടെ താൽപര്യമാണ്. ജുഡീഷ്യറി, എക്സിക്യൂട്ടിവ്, ലെജിസ്ലേച്ചർ എന്നിവ മൂന്നും സമാന്തരമായി, പരസ്പരാശ്രിതമല്ലാതെ നിൽക്കണമെന്ന നിഷ്കർഷ അതിന്റെ ഭാഗമാണ്. നിർഭാഗ്യവശാൽ ജുഡീഷ്യറി ഇന്ന് എക്സിക്യൂട്ടിവിന് വിധേയപ്പെടുന്നതിന്റെ അടയാളങ്ങൾ പേടിപ്പെടുത്തുംവിധം വർധിച്ചുവരുന്നു.
ഭരണകർത്താക്കൾക്ക് പരസ്യമായി മുഖസ്തുതി പാടാൻ ഉന്നത ജഡ്ജിമാർക്ക് മടിയില്ലെന്നു മാത്രമല്ല, അത്തരം സംഭവങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു. ഗുജറാത്ത് ഹൈകോടതിയുടെ വജ്രജൂബിലി ചടങ്ങിൽതന്നെ, സുപ്രീംകോടതി ജഡ്ജി എം.ആർ. ഷാ നരേന്ദ്ര മോദിയെ ഏറ്റവും ജനപ്രിയനും ദീർഘദർശിയും ഊർജസ്വലനുമായ നേതാവെന്ന് സ്തുതിച്ചത് ചർച്ചാവിഷയമായിട്ടുണ്ട്. ഗുജറാത്ത് ചീഫ് ജസ്റ്റിസ് വിക്രംനാഥ് പ്രധാനമന്ത്രിയെ മാത്രമല്ല, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെയും പ്രശംസകൊണ്ട് മൂടി.
സാധാരണ ഉപചാരംപോലെയല്ല, ഭരണാധിപനെ തിരഞ്ഞുപിടിച്ച് ന്യായാധിപൻ സ്തുതിക്കുന്നത്. ഒരുവർഷം മുമ്പാണ് സുപ്രീംകോടതിയിലെ ജസ്റ്റിസ് അരുൺ മിശ്രയും മോദിയെ അതിരുവിട്ട് പുകഴ്ത്തിയത്. അതിലെ അനൗചിത്യം വിവിധ മുൻ ജഡ്ജിമാരും ബാർ അസോസിയേഷനുകളും ചൂണ്ടിക്കാട്ടിയതാണ്. പല ജഡ്ജിമാരുടെയും വിധിന്യായങ്ങളിൽ ഭരണകൂടവിധേയത്വമുണ്ടെന്നു വരെ ചൂണ്ടിക്കാട്ടപ്പെട്ടു. അത് ശരിയായാലും അല്ലെങ്കിലും അത്തരം ധാരണ ജനങ്ങളിൽ സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധപുലർേത്തണ്ടത് ജഡ്ജിമാർതന്നെയാണ്.
ജഡ്ജിമാരുടെ നിയമനത്തിൽ മാത്രമല്ല, കോടതികളുടെ ബജറ്റിൽവരെയും ഭരണകൂടത്തിന് പങ്കുണ്ട്. അപ്പോഴും സർക്കാർ ചെയ്യേണ്ടത് സർക്കാറും, വിധേയത്വം കൂടാതെ സ്വതന്ത്രമായി കോടതികളും പ്രവർത്തിക്കുേമ്പാഴാണ് ഇരുവിഭാഗങ്ങൾക്കും ഭരണഘടനയുടെ താൽപര്യം പൂർത്തീകരിക്കാനാവുക. ജുഡീഷ്യൽ സംവിധാനത്തോട് ഭരണകൂടം പുലർത്തുന്ന നിസ്സംഗത അതിന്റെ കാര്യക്ഷമതയെ ബാധിക്കുന്നുണ്ട്.
എട്ട് വലിയ സംസ്ഥാനങ്ങളിലെ കീഴ്കോടതികളിൽ അഞ്ചിലൊന്നോ അതിൽ കൂടുതലോ ന്യായാധിപ തസ്തികകൾ ഒഴിഞ്ഞുകിടപ്പാണ്. പത്തുവർഷത്തിലേറെ കാത്തുകിടക്കുന്ന കേസുകളും അത്രയെങ്കിലും വരും. വിചാരണത്തടവുകാരും ശിക്ഷിക്കപ്പെട്ടവരും കൂടി ജയിലുകൾ നിറഞ്ഞുകവിയുന്നു. നൂറു തടവുകാർക്കുള്ള സൗകര്യങ്ങൾ 168 പേർ പങ്കുവെക്കേണ്ടിവരുന്നു. ജുഡീഷ്യറിതന്നെ ഒരു ജുഡീഷ്യൽ പരിശോധനക്ക് വിധേയമാക്കേണ്ട സ്ഥിതിയാണ്. ജുഡീഷ്യറിയും എക്സിക്യൂട്ടിവും പരസ്പരം പുറംചൊറിഞ്ഞതുകൊണ്ടുമാത്രം നീതി പുലരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.