കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിന് ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകസമരക്കാർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെടാനിടയായ സംഭവത്തിന് ഉത്തരവാദിയായ ആശിഷ് മിശ്രക്ക് അലഹബാദ് ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി തിങ്കളാഴ്ച റദ്ദാക്കി. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷിനോട് ഒരാഴ്ചക്കുള്ളിൽ കീഴടങ്ങാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച പ്രത്യേക ഹരജിയിലാണ് കോടതിയുടെ വിധി. ഇരകളുടെ വാദം കേട്ട ശേഷം മിശ്രക്ക് ജാമ്യം നൽകാമോ ഇല്ലേ എന്നു പരിശോധിക്കാനായി വിഷയം ഹൈകോടതിയുടെ പരിഗണനക്കായി കോടതി തിരിച്ചയച്ചു.
ലഖിംപുർ ഖേരിയിലെ കർഷകപ്രക്ഷോഭത്തിനിടയിലേക്ക് മന്ത്രിപുത്രനടക്കമുള്ളവർ മൂന്ന് എസ്.യു.വി വാഹനങ്ങളിലായി ഇരച്ചുകയറി ആളെ കൊന്നു എന്നാണ് കേസ്. അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കർഷകർ അക്രമാസക്തരാവുകയും മന്ത്രിപുത്രന്റെ ഡ്രൈവറും രണ്ടു ബി.ജെ.പി പ്രവർത്തകരും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ലഖിംപുർ സംഭവത്തിൽ ലഭിച്ച നിരവധി പരാതികളുടെ വെളിച്ചത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി 2021 നവംബർ 17ന് പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് രാകേഷ് കുമാറിനെ മേൽനോട്ടത്തിനും നിയോഗിച്ചു. അങ്ങനെയിരിക്കെയാണ് ഫെബ്രുവരി 10ന് അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് ആശിഷിന് ജാമ്യം നൽകിയത്. ഡ്രൈവർക്ക് വാഹനമോടിച്ചുകയറ്റാൻ നിർദേശം നൽകിയെന്ന നിലയിലാണ് ആശിഷ് പ്രതിയായതെന്നും ഡ്രൈവറും രണ്ടു യാത്രികരും കൊല്ലപ്പെട്ടെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. ഈ കൊലപാതകവും കാണാതിരിക്കാനാവില്ലെന്നും ഡ്രൈവർ സ്വയംരക്ഷക്കായി വാഹനത്തിന്റെ വേഗം കൂട്ടിയതാവാമെന്നുമുള്ള നിഗമനത്തിലായിരുന്നു കോടതി. എന്നാൽ, ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പരാതിക്കാരായ തങ്ങളെ കേട്ടില്ലെന്ന പരാതിയുമായി കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഓൺലൈനായി നടന്ന ഹിയറിങ്ങിൽ സാങ്കേതികപ്രശ്നങ്ങൾ കാരണം തങ്ങൾക്കു പങ്കെടുക്കാനായില്ലെന്നും വീണ്ടും തങ്ങളുടെ വാദം കേൾക്കാൻ അപേക്ഷിച്ചെങ്കിലും ഹൈകോടതി ചെവിക്കൊണ്ടില്ല എന്നും പരാതിയിൽ പറഞ്ഞു.
കേന്ദ്രമന്ത്രി പുത്രന്റെ ജാമ്യം റദ്ദാക്കിയ വിധിപ്രസ്താവത്തിൽ ജനാധിപത്യക്രമത്തിലെ നീതിനിഷേധത്തെ രൂക്ഷമായി വിമർശിക്കുകയും നീതിപാലനത്തിൽ എല്ലാവർക്കും തുല്യപരിഗണന നൽകാൻ നിർദേശിക്കുകയും ചെയ്തിരിക്കുന്നു. കീഴ്കോടതിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയ പരമോന്നത കോടതി അതേ ന്യായാധിപർതന്നെ വിധി പുനഃപരിശോധിച്ച് തെറ്റുതിരുത്തട്ടെ എന്നാണ് ഉത്തരവിട്ടിരിക്കുന്നത്. പ്രതിക്ക് ജാമ്യം നൽകാനുള്ള ഹൈകോടതിയുടെ തീരുമാനത്തെ വിമർശിച്ചു പരമോന്നത നീതിപീഠം നടത്തിയ നിരീക്ഷണങ്ങൾ നമ്മുടെ നീതിന്യായസംവിധാനത്തിന്റെ പുഴുക്കുത്തുകളിലേക്ക് വിരൽചൂണ്ടുന്നുണ്ട്. കുറ്റപത്രമുണ്ടായിരിക്കെ എഫ്.ഐ.ആറിനെ അവലംബിച്ച കീഴ്കോടതി അപ്രസക്തമായ കാര്യങ്ങൾ പരിഗണിച്ചും കീഴ്വഴക്കങ്ങൾ ലംഘിച്ചും അനാവശ്യ ധിറുതി കാണിച്ചുവെന്നാണ് സുപ്രീംകോടതി പറയുന്നത്. ഒരു കേസിൽ എഫ്.ഐ.ആർ സർവവിജ്ഞാനകോശം എന്ന നിലയിൽ പരിഗണിക്കേണ്ടതല്ലെന്നും കോടതി കേസിന്റെ നടപടിക്രമങ്ങളിലുടനീളം ഇരകളെ കേൾക്കണമെന്ന അവകാശം ഈ കേസിൽ ലംഘിക്കപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരായിരുന്നു കർഷകരുടെ സമരം. നേരത്തേ പൗരത്വസമരത്തിലെന്ന പോലെ കർഷകസമരവും പൊളിക്കാനായി അനാവശ്യപ്രകോപനങ്ങളുമായി ബി.ജെ.പി പ്രവർത്തകർ രംഗത്തുവന്നിരുന്നു. ലഖിംപുർ ഖേരിയിൽ സംഭവിച്ചതും അതുതന്നെ. കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് ആണ് അവിടെ പ്രകോപനത്തിനു നേതൃത്വം നൽകിയത്. സംഭവത്തിൽ എട്ടുപേർക്ക് ജീവൻ നഷ്ടമായി. എന്നാൽ, ആശിഷിന്റെ മന്ത്രിവിലാസവും കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ബി.ജെ.പിയായതും അയാൾക്ക് കവചമായിത്തീരുമെന്ന് അന്നേ ധാരണ പരന്നിരുന്നു. മന്ത്രിപുത്രന്റെ കൈകഴുകിക്കാനുള്ള ശ്രമമാണ് ആദ്യം സംസ്ഥാന സർക്കാറും ബി.ജെ.പി നേതാക്കളും ശ്രമിച്ചത്. കർഷകർ വിട്ടുകൊടുക്കില്ലെന്നുറപ്പായപ്പോൾ ഏറെ അമാന്തിച്ച ശേഷമായിരുന്നു അയാളുടെ അറസ്റ്റ് നടന്നതുതന്നെ. തുടർന്ന് തടവിലും കേസിലുമൊക്കെ മുന്തിയ വി.ഐ.പി പരിഗണനയും ലഭിച്ചു. കഴിഞ്ഞ ഏപ്രിൽ നാലിന് കേസ് പരിഗണിക്കുന്നതിനിടെ, ആശിഷിന്റെ ജാമ്യത്തിനെതിരെ യു.പി ഗവൺമെന്റ് നിലപാട് സ്വീകരിക്കുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, യോഗി ഗവൺമെന്റ് തയാറായില്ല. ജാമ്യം കൊടുത്തെന്നു കരുതി പ്രതി രക്ഷപ്പെടില്ലെന്നും സാക്ഷികളെ സ്വാധീനിക്കുമെന്ന ഭീഷണിയില്ലെന്നുമായിരുന്നു അവരുടെ നിലപാട്. ഉന്നതകോടതി നിയമിച്ച പ്രത്യേകാന്വേഷണസംഘത്തിന്റെ ഈ നിലക്കുള്ള നിരീക്ഷണങ്ങൾ അടിസ്ഥാനരഹിതമായ മുൻവിധികളാണെന്നായിരുന്നു യോഗിസർക്കാറിന്റെ വാദം. ഇതിൽനിന്നുതന്നെ കേസിന്റെ ഗതിയെന്താവുമെന്ന് സംഭവഗതി പിന്തുടരുന്നയാർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അതറിഞ്ഞു തന്നെയാണ് സുപ്രീംകോടതി വിഷയം ഗൗരവത്തിലെടുത്തതും ജാമ്യം റദ്ദാക്കി, കേസ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടതും.
ഭരണത്തിന്റെയും രാഷ്ട്രീയ സംഘബലത്തിന്റെയും തിണ്ണബലത്തിൽ നീതിന്യായസംവിധാനം പോലും ദുരുപയോഗം ചെയ്യാനും അട്ടിമറിക്കാനുമുള്ള അഹന്തക്കെതിരായ കനത്ത പ്രഹരമാണ് സുപ്രീംകോടതിയുടെ വിധി. തങ്ങളല്ലാത്ത ആരെയും പൊറുപ്പിക്കാത്ത ഫാഷിസ്റ്റ് കക്ഷികളുടെയും ഭരണകൂടങ്ങളുടെയും അതിക്രമത്തിനിരയായി ഒച്ചയമർത്തപ്പെടുന്ന സാധാരണക്കാർക്കു നീതിന്യായക്രമത്തിലുള്ള വിശ്വാസം വീണ്ടെടുക്കാനും നിയമപോരാട്ടത്തിന് മുന്നിട്ടിറങ്ങാനും ഈ വിധി ആവേശം നൽകും, തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.