ഒരുവശത്ത് അമേരിക്കൻ സേനയും മറുവശത്ത് താലിബാൻ പോരാളികളും തമ്മിൽ കഴിഞ്ഞ 18 വർഷ മായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞ ഒരു വർഷത്തിലധികമായി ഖത്തറിെൻറ തല സ്ഥാനമായ ദോഹയിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകൾ യുദ്ധവിരാമത്തെയോ സമാധാനക്കര ാറിനെയോകുറിച്ച് ഖണ്ഡിതമായ ഒരു തീരുമാനത്തിലുമെത്താതെ പിരിഞ്ഞതായാണ് വാർത്ത. ഇ രുകൂട്ടർക്കും താന്താങ്ങളുടെ േനതൃത്വവുമായി കൂടിയാലോചനകൾ നടത്തിയേ ഇനി ചർച്ചകൾ തുടരാനാവൂ എന്നാണ് താലിബാൻ വക്താവ് ദബീഹുല്ല മുജാഹിദ് പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തെൻറ കാലാവധി അവസാനിക്കുന്നതിനുമുമ്പ്, അഫ്ഗാനിസ്താനിൽ താലിബാനെതിരെ നടക്കുന്ന സൈനിക ഓപറേഷനിൽ സജീവ പങ്കുവഹിക്കുന്ന 14,000 അമേരിക്കൻ ഭടന്മാരെ പിൻവലിക്കുന്നതിന് വഴിയൊരുക്കാനും അതോടൊപ്പം ആ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ മുൻകൈയെടുത്തുവെന്ന സൽകീർത്തി നേടാനുംവേണ്ടി തുടങ്ങിവെച്ചതായിരുന്നു ദോഹ ചർച്ചകൾ. പക്ഷേ, എട്ടുവട്ടം രണ്ടു കക്ഷികളുമിരുന്ന് ചർച്ചചെയ്തിട്ടും ഫലപ്രാപ്തിയിലെത്തിയില്ല. മാത്രമല്ല, താലിബാൻ അനുദിനം പുതിയ ആക്രമണങ്ങൾ നടത്തുകയും യു.എസ്-അഫ്ഗാൻ സൈനികരെ വധിക്കുകയും പുതിയ പ്രേദശങ്ങൾ പിടിച്ചെടുക്കുകയുമാണ്. രാജ്യത്തിെൻറ പകുതിയിലധികം താലിബാെൻറ പിടിയിലാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഔദ്യോഗിക സേന എല്ലാ മുന്നണികളിലും പ്രതിരോധത്തിലാണ്. ദോഹ ചർച്ചകളിൽ അഫ്ഗാൻ സർക്കാറിന് പ്രാതിനിധ്യം അനുവദിച്ചിരുന്നുമില്ല.
താലിബാെൻറ എതിർപ്പാണ് കാരണം. ബറാക് ഒബാമ പ്രസിഡൻറായിരുന്നപ്പോൾ പിൻവലിച്ച യാങ്കിപ്പടയുടെ ബാക്കിയാണ് ഇപ്പോൾ യുദ്ധരംഗത്തുള്ളവർ. 2001 സെപ്റ്റംബർ 11ന് വേൾഡ് ട്രേഡ് സെൻററിനും പെൻറഗണിനും നേരെ അപ്രതീക്ഷിത ഭീകരാക്രമണം നടത്തിയ അൽഖാഇദ നായകൻ ഉസാമ ബിൻലാദിനെ പിടികൂടാനെന്ന പേരിലാണ് നാറ്റോ സേന കാബൂളിലിറങ്ങുന്നത്. വർഷങ്ങൾക്കുശേഷം ഉസാമ ബിൻലാദിനെ പാകിസ്താൻ അതിർത്തിയിലെ ആബട്ടാബാദിൽ ഒരു വീട്ടിൽ ഒളിഞ്ഞു താമസിക്കവെ പിടികൂടി വധിക്കുന്നതിൽ അമേരിക്ക വിജയിച്ചതോടെ രാജ്യം വിടാൻ അവർക്ക് സുവർണാവസരം ലഭിച്ചിരുന്നതാണ്. പക്ഷേ, കാബൂളിൽ അവരോധിതമായ തങ്ങളുടെ പാവസർക്കാറിനെ താങ്ങിനിർത്തേണ്ട ബാധ്യതയുണ്ടായിരുന്നതിനാൽ, 2001-2014 കാലഘട്ടത്തിൽ ഹാമിദ് കർസായിയുടെയും ശിങ്കിടികളുടെയും രക്ഷക്ക് അമേരിക്കൻ സൈന്യത്തിന് അതികഠിനവും തീർത്തും പ്രതിരോധപരവുമായ ദൗത്യം തുടരേണ്ടിവന്നു.
സ്വദേശി സേനയെ പരിശീലിപ്പിക്കുക എന്ന പ്രഖ്യാപിത ദൗത്യത്തിന് 20,000 പേരെ അവശേഷിപ്പിച്ചു, യാങ്കിപ്പടയിൽ ഗണ്യമായ ഭാഗത്തെ പിൻവലിക്കാൻ യു.എസ് നിർബന്ധിതമായി. അമേരിക്കയിൽതന്നെ വൻ രോഷവും പ്രതിഷേധവും ക്ഷണിച്ചുവരുത്തിയ അഫ്ഗാൻ ദൗത്യത്തിൽനിന്ന് എങ്ങനെയും തലയൂരിയേ മതിയാവൂ എന്ന തിരിച്ചറിവിലാണ് ട്രംപിെൻറ അടിയറവ് ചർച്ചകൾ ആരംഭിച്ചത്. പക്ഷേ, വീണ്ടും വീണ്ടും താലിബാനുമായി ഒരുമിച്ചിരുന്നിട്ടും അമേരിക്കൻ പട പൂർണമായി പിൻവാങ്ങിയിട്ടു മതി മറ്റു കാര്യങ്ങൾ തീരുമാനിക്കാൻ എന്നതാണ് താലിബാെൻറ ഉറച്ച നിലപാട്. അഫ്ഗാനിസ്താനിലെ ഭാവി സർക്കാർ അമേരിക്കൻ പിന്തുണയുള്ള അഫ്ഗാൻ പ്രതിനിധികളും താലിബാനും ചേർന്നതായിരിക്കും എന്ന ഓഫർ അവർക്ക് സ്വീകാര്യമായിട്ടില്ല. അഫ്ഗാൻ മലമടക്കുകളിൽ എത്രകാലവും നിലയുറപ്പിച്ച് പൊരുതാനാവുമെന്ന ആത്മവിശ്വാസവും അമേരിക്കൻ പാവസർക്കാറിന് ജനപിന്തുണയില്ലെന്ന അനുഭവസത്യവുംതെന്നയാണ് കാരണം. ഉപാധികളൊന്നും അംഗീകരിപ്പിക്കാനാവാതെ സ്വന്തം സൈന്യത്തെ അമേരിക്ക പിൻവലിക്കേണ്ടിവരുന്ന സാഹചര്യമാണ് ഉരുണ്ടുകൂടുന്നത്.
താലിബാൻ ഒരിക്കലും പരിഷ്കൃത യുഗത്തിന് ചേർന്ന ചിന്തയോ നടപടികളോ വെച്ചുപുലർത്തുന്ന സമാധാനപ്രേമികളുടെ കൂട്ടമല്ലെന്ന് അവർ കാബൂളിൽ ഭരണത്തിലിരുന്ന കാലത്ത് ലോകം കണ്ടുകഴിഞ്ഞതാണ്. മുസ്ലിം ലോകത്തുതന്നെ മഹാഭൂരിപക്ഷവും അവരെ അനുകൂലിക്കുന്നരോ പിന്താങ്ങുന്നവരോ അല്ല. എന്നിട്ടും അമേരിക്കയെപ്പോലുള്ള ലോകമഹാശക്തിയെ വെല്ലുവിളിക്കാനും വിറപ്പിക്കാനും അവർക്ക് കഴിയുന്നുവെങ്കിൽ അഫ്ഗാനികളുടെ ധീരോദാത്തമായ പോരാട്ടപാരമ്പര്യത്തിലും ഗോത്രവർഗ സംസ്കൃതിയിലുമാണ് അതിെൻറ വേരുകൾ തേടേണ്ടത്. ബ്രഷ്നേവിെൻറ സോവിയറ്റ് പടയെ മുട്ടുകുത്തിക്കാനും പിന്നോട്ടുപായിക്കാനും അഫ്ഗാനികൾക്ക് കഴിഞ്ഞുവെങ്കിൽ യാങ്കിപ്പടയെ അവർ ഭയക്കുമെന്നോ ചകിതരായി പിന്മാറുമെന്നോ കണക്കുകൂട്ടിയേടത്താണ് തെറ്റ്. ഏതു ജനതയുടെയും സ്വാതന്ത്ര്യത്തിന്മേലും ആത്മാഭിമാനത്തിന്മേലും കൈവെക്കുന്നതിനുമുമ്പ് മൂന്നുവട്ടം ആലോചിക്കണം എന്ന ഗുണപാഠവും അത് നൽകുന്നു. എങ്കിൽപോലും അമേരിക്കൻ പിന്തുണയുള്ള കാബൂൾ സർക്കാറിന് പൊരുതിനിൽക്കാൻ കഴിയുമായിരുന്നു വിവിധ ഗോത്രവംശജരുടെ നിസ്വാർഥ പിന്തുണ അവർക്കുണ്ടായിരുന്നെങ്കിൽ. പക്ഷേ, ജനവികാരം മനസ്സിലാക്കാനോ അവരുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ ഫലപ്രദമായി ഒന്നും ചെയ്യാനാവാത്ത വെറും കൂലിപ്പട മാത്രമായ ഒരു സർക്കാറിന് എത്രത്തോളം സ്വയം പ്രതിരോധിക്കാനാവും? ഏതൊരു ശക്തിയുടെ കുടക്കീഴിൽ അവർ അഭയം തേടിയോ ആ വൻ ശക്തിതന്നെ സ്വന്തം താൽപര്യം രക്ഷിക്കേണ്ട ഗതി വന്നപ്പോൾ ഈ പാവകളെ കറിവേപ്പിലയാക്കുന്നതും കാണേണ്ടിവരുന്നു. മനസ്സാക്ഷിവഞ്ചകരും ഒറ്റുകാരുമായ എല്ലാ അവസരവാദികൾക്കുമുള്ള എക്കാലത്തെയും ഗുണപാഠംകൂടിയാണ് അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.