‘വെള്ള വംശീയത’യുടെ ഭീകരാക്രമണത്തിൽ ലോകം ഒരിക്കൽകൂടി നടുങ്ങി യിരിക്കുന്നു. തീവ്രദേശീയതയും വംശീയ വിദ്വേഷവും മനുഷ്യനെ ഭീകരനാ ക്കുന്നുവെന്നതിെൻറ മറ്റൊരു ദൃഷ്ടാന്തംകൂടി. ന്യൂസിലൻഡ് ക്രൈസ്റ്റ് ച ർച്ച് നഗരത്തിലെ മസ്ജിദുന്നൂറിലും ലിൻവുഡിലും ജുമുഅ നമസ്കാരത്തിനെത്തിച്ചേർന്ന അമ്പതുപേർക്കാണ് ആസ്ട്രേലിയൻ സ്വദേശി ബ്രൻറൺ ടാറൻറ് എന്ന വെള്ള തീവ്ര ദേശീയവാദിയുടെ വെടിയേറ്റ് ജീവൻ നഷ്ടമായത്. കൊലപ്പെട്ടവരിൽ ഭൂരിഭാഗവും ദക്ഷിണേഷ്യയിൽനിന്നും പശ്ചിമേഷ്യയിൽനിന്നും കുടിയേറിപ്പാർത്തവരും. കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അടക്കം മൂന്ന് ഇന്ത്യക്കാരും ഭീകരാക്രമണത്തിനിരയായി മരണത്തെ വരിക്കേണ്ടിവന്നിരിക്കുന്നു. തൊപ്പിയിൽ കാമറ ഘടിപ്പിച്ച് ആക്രമണം ലൈവായി സമൂഹമാധ്യമങ്ങളിലൂടെ ടെലികാസ്റ്റ് നിർവഹിച്ചു നടത്തിയ വംശീയാക്രമണത്തെ വെടിവെപ്പ്, കൂട്ടക്കുരുതി തുടങ്ങിയവയിൽ എന്തു പേരിട്ട് വിളിക്കണമെന്ന് ആലോചനകൾ പടിഞ്ഞാറൻ മാധ്യമങ്ങളിൽ നടക്കുന്നതിനിടെ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ സംശയരഹിതമായി പ്രഖ്യാപിച്ചു; സംഭവം ഭീകരാക്രമണമാണ്. ആസൂത്രിതവും തീവ്ര വലതുപക്ഷ നിലപാടുകളുടെ അടിസ്ഥാനത്തിലുള്ളതുമാണ്. ഇരകളായവരിലേെറയും കുടിയേറ്റക്കാരാണ്. ന്യൂസിലൻഡിെന സ്വന്തം നാടായി സ്വീകരിച്ചവർ. തീർച്ചയായും ഇതവരുടെ നാടാണ്. ഈ ക്രൂരത ചെയ്തയാൾ ഞങ്ങളിൽ പെടില്ല എന്ന്. തീർച്ചയായും ആക്രമണാനന്തരം പ്രധാനമന്ത്രി ജസീന്ത സ്വീകരിച്ച നിലപാടുകൾ പ്രതീക്ഷാനിർഭരവും ഇത്തരം ആക്രമണങ്ങൾ അഭിമുഖീകരിക്കുന്ന ഭരണാധികാരികൾക്ക് ഏറെ മാതൃകാപരവുമാണ്.
ന്യൂസിലൻഡിലെ വംശീയാക്രമണം ഒറ്റപ്പെട്ടതോ മാനസികവിഭ്രാന്തിക്കടിപ്പെട്ടയാളുടെ ആക്രമേണാത്സുകതയോ അല്ല. കേവലമായ കുടിയേറ്റവിരുദ്ധതയുടെ പ്രതിഫലനവുമല്ല അത്. ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാംഭീതിയുടെ അനന്തരഫലമാണ് ഇൗ നിഷ്ഠുരാക്രമണം. സമീപകാലത്തായി യൂറോപ്പിലും അമേരിക്കയിലും കരുത്താർജിക്കുന്ന വെള്ള വംശീയ മേൽക്കോയ്മാവാദം അതിെൻറ അടിപ്പടവായി വർത്തിക്കുകയും ചെയ്തിരിക്കുന്നു. ടാറൻറ് തോക്കെടുത്തത്, ‘മഹത്തായ മാറ്റം’ എന്നു പ്രഖ്യാപിക്കുന്ന 74 പേജ് വരുന്ന പ്രത്യയശാസ്ത്രവാദങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചും 2011ൽ നോർവേയിൽ 77 പേരെ കൊന്നൊടുക്കിയ ആൻഡേഴ്സ് ബ്രെഹ്കിെൻറ ആശീർവാദം നേടിയുമാണ്. കടുത്ത മുസ്ലിംവിരുദ്ധതയുടെയും വെള്ള അപ്രമാദിത്വത്തിെൻറയും ഉച്ചിയിലാണയാൾ ജീവിച്ചിരുന്നത്. മാനിഫെസ്റ്റോയിൽ അയാൾ എഴുതുന്നു, ‘‘എെൻറ ഭാഷയുടെ വേരുകൾ യൂറോപ്യനാണ്. എെൻറ സംസ്കാരം യൂറോപ്യനാണ്. എെൻറ രാഷ്ട്രീയ വിശ്വാസം യൂറോപ്യനാണ്. എെൻറ തത്ത്വശാസ്ത്രങ്ങൾ യൂറോപ്യനാണ്. എെൻറ സ്വത്വം യൂറോപ്യനാണ്. സർവോപരി എെൻറ രക്തം യൂറോപ്യനാണ്.’’ കൂട്ടക്കൊലക്ക് വാഹനമോടിച്ചുവരുമ്പോൾ അയാൾക്ക് ഹരംപകർന്ന സംഗീതം 1992-95 കാലയളവിൽ ബോസ്നിയൻ വംശീയ ഉന്മൂലനത്തിൽ സെർബിയൻ അർധസൈനികർ ഉപയോഗിച്ച മാർച്ച് പാട്ടാണ്. വെള്ളക്കാരുടെ സ്വത്വബോധത്തിെൻറ പുതിയ പ്രതീകമായ ട്രംപാണ് ആരാധനാപുരുഷൻ. വെള്ളക്കാരുടെ സമഗ്രാധിപത്യം സ്വപ്നംകാണുന്ന കറുത്തവരെയും മുസ്ലിംകളെയും ലിബറലുകളെയും ശത്രുക്കളായി പ്രഖ്യാപിക്കുന്ന തീവ്രവംശീയവാദ രാഷ്ട്രീയത്തിൽ അണിചേർന്ന ഭടനാണയാൾ. ട്രംപും മരീൻ ല്പെനും നൈജർ ഫരാഷുമെല്ലാം തെരുവിൽ നിരന്തരം പ്രഘോഷണം ചെയ്തുകൊണ്ടിരിക്കുന്ന, വലതുപക്ഷ മാധ്യമങ്ങൾ ലോകമാസകലം പ്രചരിപ്പിക്കുകയും ചെയ്യുന്ന നുണകളും അർധസത്യങ്ങളുംതന്നെയാണ് ടാറൻറിെൻറ മാനിഫെസ്റ്റോയിലുള്ളത്. ന്യൂസിലൻഡ് സംഭവത്തോടുള്ള ട്രംപിെൻറ പ്രതികരണം അത് ഒറ്റപ്പെട്ടതാെണന്നും ലോകത്ത് വെള്ളക്കാരുടെ തീവ്രദേശീയത അപകടകരമായി വർധിക്കുന്നുവെന്ന് കരുതുന്നില്ലെന്നുമാണ്. 20 ശതമാനത്തിലേെറയാണ് കറുത്തവർക്കും മുസ്ലിംകൾക്കുമെതിരായ വംശീയാതിക്രമങ്ങൾ അമേരിക്കയിൽ മാത്രം വർധിച്ചത്. ഇത് ഉൾക്കൊള്ളാത്തത് ട്രംപും കൂട്ടരും മാത്രമാണ്. ക്രൈസ്റ്റ് ചർച്ച് ആക്രമണത്തിന് വെള്ള വംശീയ ഭീകരാക്രമണമെന്നല്ലാതെ മറ്റൊരു വാക്കും അനുയോജ്യമല്ലെന്ന് വാഷിങ്ടൺ പോസ്റ്റ് ട്രംപിന് മറുപടി നൽകേണ്ടിവന്നത് ടാറൻറ് പ്രതിനിധാനം ചെയ്യുന്നത് ട്രംപ് നയിക്കുന്ന വെള്ളക്കാരുടെ വംശീയ അപ്രമാദിത്വ രാഷ്ട്രീയത്തെ ആയതുകൊണ്ടാണ്.
വംശീയ സഹവർത്തിത്വത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയത്തെയും സാമൂഹികക്രമത്തെയും വികസിപ്പിച്ചുകൊണ്ടുമാത്രമേ യൂറോപ്പിനെ വീണ്ടും ഗ്രസിച്ചുകൊണ്ടിരിക്കുന്ന വെള്ള വംശീയഭൂതത്തെ കൂട്ടിലടയ്ക്കാൻ സാധിക്കൂ. ഹീനമായ മതദ്വേഷത്തെ കുറ്റകൃത്യമായി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. സൗഹൃദങ്ങളെ വെള്ളവും വളവും നൽകി പോഷിപ്പിക്കുകയും വേണം. സ്നേഹം എല്ലായ്പോഴും വിദ്വേഷത്തെ തോൽപിക്കും. മുസ്ലിം സഹോദരങ്ങൾക്ക് ഒരുപാട് സ്നേഹം എന്ന് പൂക്കൾകൊണ്ട് മതിലുകൾ തീർത്ത ന്യൂസിലൻഡ് ജനത പ്രകടിപ്പിച്ചത് സാഹോദര്യത്തിെൻറ രാഷ്ട്രീയമാണ്. ‘‘യു.എസ് പ്രസിഡൻറ് ട്രംപിെനപ്പോലെ അതിർത്തിയിൽ കുടിയേറ്റക്കാരെ തടയാൻ മതിൽ പണിയുന്ന രാഷ്ട്രനേതാവാകാൻ ഞാനില്ല. കുടിയേറ്റക്കാരാണ് രാജ്യത്തെ കെട്ടിപ്പടുത്തത്. അതിനാൽ അഭയാർഥികൾക്ക് നീക്കിവെച്ച ക്വോട്ട ഇരട്ടിയാക്കാനാണ് സർക്കാറിെൻറ തീരുമാന’’മെന്ന ജസീന്തയുടെ പ്രസ്താവന ആ രാഷ്ട്രീയത്തെ അടിവരയിടുന്നു. ഇസ്ലാമിനെക്കുറിച്ചുള്ള അജ്ഞതയും ബോധപൂർവമായ തെറ്റിദ്ധാരണകളും ഇത്തരം ആക്രമണങ്ങളുടെ അടിസ്ഥാനമാണ്. അതുകൊണ്ട്, ഇസ്ലാംഭീതിയുടെ പ്രചാരണത്തെ രാഷ്ട്രീയമായും നിയമപരമായും അഭിമുഖീകരിക്കാൻ യൂറോപ് തയാറാകണം. ഇസ്ലാമും യൂറോപ്പും തമ്മിലും വൈജ്ഞാനികവും സാമൂഹികവുമായ സഹവർത്തിത്വത്തിന് നൂറ്റാണ്ടുകളുടെ ചരിത്രാനുഭവമുണ്ട്. അവക്ക് കൂടുതൽ വ്യാപകത്വം നൽകിയും ഇസ്ലാമിനെ ഭീകരതയുടെ പര്യായമായും മുസ്ലിമിെനയും കറുത്തവനെയും വെള്ളുത്തവെൻറ അപരനായും പ്രതിഷ്ഠിക്കുന്ന വിദ്വേഷപ്രചാരണത്തെ ചെറുത്തുതോൽപിച്ചുകൊണ്ടും മാത്രമേ സമീപകാല വെള്ള വംശീയതയുടെ അടിവേരറുക്കാൻ സാധിക്കൂ. അതിെൻറ സമയം അതിക്രമിച്ചെന്ന് വ്യക്തമാക്കുന്നു ക്രൈസ്റ്റ് ചർച്ചിലെ പള്ളികൾക്കുനേെര നടന്ന ഭീകരാക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.