മനുഷ്യസ്നേഹികളുടെ ധീരശബ്ദം

'ഹിന്ദുത്വം അപകടത്തിൽ' എന്നും മുസ്‍ലിംകൾ ഭീഷണിയാണെന്നുമുള്ള ഹിസ്റ്റീരിയ ദേശവ്യാപകമായി സൃഷ്ടിക്കുന്നതിൽ രാജ്യത്തെ 28 മുതിർന്ന പത്രപ്രവർത്തകർ പ്രകടിപ്പിച്ച ഉത്കണ്ഠ തികച്ചും സന്ദർഭോചിതമാണെന്നേ മതനിരപേക്ഷ ജനാധിപത്യം നിലനിന്നു കാണാനാഗ്രഹിക്കുന്ന ആർക്കും തോന്നൂ. 'ദ കശ്മീർ ഫയൽസ്' എന്ന പേരിലെ സിനിമയുടെ മറവിൽ മുസ്‍ലിംവിരുദ്ധ വികാരം ഇളക്കിവിടുന്നതും ഹിജാബിന്റെ മറവിൽ കർണാടകയിൽ മുസ്‍ലിംസ്ത്രീകളെ ഉന്നംവെച്ചുനടത്തുന്ന വിദ്വേഷപ്രചാരണങ്ങളും തത്തുല്യസംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതി, സുപ്രീംകോടതിയിലെയും വിവിധ ഹൈകോടതികളിലെയും ന്യായാധിപന്മാർ, ഇലക്​ഷൻ കമീഷൻ, മറ്റു ഭരണഘടന സ്ഥാപനങ്ങൾ എന്നിവരുടെ സത്വരശ്രദ്ധ മാധ്യമപ്രവർത്തകർ ക്ഷണിച്ചിരിക്കുന്നത്. പ്രസ്താവനയിൽ ഒപ്പിട്ടവരിൽ 'ദ ഹിന്ദു' പ്രസിദ്ധീകരണങ്ങളുടെ ഡയറക്ടർ എൻ. റാം, മൃണാൾ ​പാണ്ഡെ, 'ടെലഗ്രാഫ്' എഡിറ്റർ ആർ. രാജ​​ഗോപാൽ, 'ദ വയർ' സ്ഥാപക പത്രാധിപർ സിദ്ധാർഥ് വരദരാജൻ, 'കാരവൻ' എക്സിക്യൂട്ടിവ് എഡിറ്റർ വിനോദ് ജോസ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ, വിശിഷ്യ മുസ്‍ലിംകളുടെ നേരെ ആക്രമണം നടത്താൻ വിവിധ കേന്ദ്രങ്ങളിൽനിന്ന് തുറന്ന ആഹ്വാനം മുഴങ്ങുമ്പോൾ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാൻ സത്വരമായി രംഗത്തിറങ്ങണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. 2021 ഡിസംബറിൽ ഹരിദ്വാറിൽ നടന്ന മതസംഗമം മുതൽ മുസ്‍ലിംകളെ നശിപ്പിക്കാനുള്ള മുറവിളി കൃത്യമായി ഉയർന്നുകൊണ്ടിരിക്കുന്നത് അവർ എടുത്തുപറയുന്നു. വിഷലിപ്തമായ ബുള്ളിബായ് ആപ് ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലൂടെ മുസ്‍ലിം സ്ത്രീകളുടെയും പെൺകുട്ടികളുടെയും നേരെ നടത്തുന്ന ആ​ക്രമണങ്ങളെയും പ്രസ്താവനയിൽ പരാമർശിക്കുന്നു.

കർണാടകയിൽ ഹിജാബിനെ ചൊല്ലിയുള്ള വൃത്തികെട്ട വിവാദം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്‍ലിം സ്ത്രീകൾ ദ്രോഹിക്കപ്പെടാനും നിന്ദിക്കപ്പെടാനും വഴിയൊരുക്കിയിട്ടുണ്ടെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ ഓർമിപ്പിക്കുന്നു. 2022 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ഭരണപക്ഷത്തെ താരപ്രചാരകന്മാർ മുസ്‍ലിംകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരെ വിദ്വേഷം ജനിപ്പിച്ചു നാണംകെട്ട രീതിയിൽ മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചതും പ്രസ്താവനയിൽ എടുത്തുപറയുന്നു. കശ്മീർ പണ്ഡിറ്റുകളുടെ ദുരിതങ്ങളും ദുരന്തവും ചൂഷണംചെയ്തു നിർമിച്ചെടുത്ത 'ദ കശ്മീർ ഫയൽസ്' എന്ന പടം സിനിമാഹാളിനകത്തും പുറത്തും മുസ്‍ലിംകൾക്കെതിരെ വെറുപ്പ് ആളിക്കത്തിക്കാൻ അവസരമൊരുക്കിയതാണ് ഒടുവിലത്തെ ഉദാഹരണം.

അതേക്കുറിച്ച വിമർശനത്തെ ഫിലിമിനെ ഇകഴ്ത്താനുള്ള ഗൂഢാലോചനയായി ചിത്രീകരിക്കാനാണ്​ ഭരണകൂടത്തിന്റെ അത്യുന്നതങ്ങളിൽപോലും ശ്രമം നടക്കുന്നത്. മാസങ്ങൾക്കുമുമ്പ് കോവിഡ്-19ന്റെ മറവിലും മുസ്‍ലിംവിരുദ്ധ വിദ്വേഷം പരത്താൻ ജനപ്രതിനിധികളടക്കം വെമ്പൽകൊണ്ട കാര്യം പ്രസ്താവനയിൽ ഓർമിപ്പിക്കുന്നുണ്ട്. ഒരു വിഭാഗം മാധ്യമങ്ങളും ഈ വിദ്വേഷപ്രചാരണ പരിപാടിയിൽ പങ്കാളികളാവുന്നതിലേക്ക് പ്രസ് കൗൺസിലിന്റെയും വാർത്താചാനലുകളുടെയും ഡിജിറ്റൽ അസോസിയേഷന്റെയും വർക്കിങ്​ ജേണലിസ്റ്റ് സംഘടനകളുടെയും ശ്രദ്ധക്ഷണിച്ചുകൊണ്ടാണ് മുതിർന്ന മാധ്യമപ്രവർത്തകരും ഭാരവാഹികളും സംയുക്താഹ്വാനം അവസാനിപ്പിക്കുന്നത്.

സർക്കാറിന്റെ പ്രതികാരനടപടികൾ ഭയന്നോ പ്രലോഭനങ്ങളിൽ വീണോ നിസ്സഹായതയിൽ നിസ്സംഗരായോ രാജ്യം നേരിടുന്ന അത്യന്തം ആപൽക്കരമായ വർഗീയതയുടെ നേരെ മാധ്യമ ഉടമകളും പ്രവർത്തകരും ബുദ്ധിജീവികളും മതേതരത്വത്തിന്റെ വക്താക്കളും കണ്ണടക്കുകയാണെന്ന് നാം സങ്കടത്തോടെ നോക്കിക്കാണുകയാണ്. ആരെങ്കിലും മൗനം ഭഞ്ജിച്ചാൽ അവരെ അർബൻ നക്സലൈറ്റ് മുദ്രകുത്തി യു.എ.പി.എ പ്രയോഗിച്ച് വിചാരണ കൂടാതെ അനിശ്ചിതകാലം കാരാഗൃഹങ്ങളിലടക്കുന്നതും പതിവായിരിക്കുകയാണ്. ആശങ്കജനകമായ ഈ അന്തരീക്ഷത്തിൽ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയുടെ പ്രസക്തിതന്നെ ഇല്ലാതാക്കുന്ന വിനാശകരമായ പോക്കിനെതിരെ വിരൽചൂണ്ടാൻ സന്നദ്ധരായ ചിലരെങ്കിലും രാജ്യത്തുണ്ടെന്ന യാഥാർഥ്യം നൽകുന്ന ആശ്വാസം ചെറുതല്ല.

ആയുഷ്കാലം മുഴുവൻ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും ഒപ്പം രാഷ്ട്രത്തിന്റെ അവിഭാജ്യതക്കും വേണ്ടി ശബ്ദമുയർത്തിയവരാണ് ഉപര്യുക്ത പ്രസ്താവനയിലെ പങ്കാളികളിൽ മിക്കവരും. അവർ നയിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന മാധ്യമങ്ങൾ സർക്കാറിന്റെ ഒരുവിധ സഹായവും കോർപറേറ്റുകളുടെ പരസ്യങ്ങളും കൂടാതെ നഷ്ടം സഹിച്ചും നിലനിൽപിനുവേണ്ടി പൊരുതുന്നവയാണെന്നതും വസ്തുതമാത്രം. പക്ഷേ, യഥാർഥ ദേശസ്നേഹികളുടെയും മനുഷ്യസ്നേഹികളുടെയും ഇരകളുടെയും പിന്തുണയും സഹകരണവും സത്യത്തിനും നീതിക്കും വേണ്ടിയുള്ള വേറിട്ട ശബ്ദങ്ങളെ നിലനിർത്തുന്നു.

അന്യായവും നീതീകരിക്കാനാവാത്തതുമായ കാരണങ്ങളാൽ സർക്കാറിന്റെ പ്രതികാരനടപടികൾക്ക് വിധേയരാവുന്ന നിരപരാധികളുടെ പരാതി പരിഗണിക്കുമ്പോൾ മുദ്രവെച്ച കവറുകൾ ഹാജരാക്കി, പ്രതിഭാഗം അഭിഭാഷകരെ ഇരുട്ടിൽ നിർത്തി അനുകൂല വിധി സമ്പാദിക്കുന്ന ഭരണകൂടഭീകരതയെ ധീരമായി ചോദ്യംചെയ്യുന്ന ന്യായാധിപന്മാരും കോടതികളിലുണ്ടെന്ന അറിവ് സർവോപരി സമാധാനം നൽകുന്നതാണ്. ഈ സാഹചര്യങ്ങളിൽ 28 മുതിർന്ന മാധ്യമപ്രവർത്തകരുടെ ഉറച്ച ശബ്ദം മതന്യൂനപക്ഷങ്ങളുടെ മനോവീര്യം ഉയർത്താൻ നിശ്ചയമായും സഹായകമാണെന്ന് ഉറപ്പിച്ചുപറയാനാവും.

Tags:    
News Summary - The brave voice of philanthropists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT