ഗവർണറുടെ മര്യാദക്കേടിന് സർക്കാർ കുടപിടിക്കരുത്


ഐക്യകേരളത്തിന്റെ ചരിത്രത്തിൽ കേട്ടു​കേൾവിയില്ലാത്ത സംഭവവികാസങ്ങളാണ് കഴിഞ്ഞദിവസം രാജ്ഭവൻ കേന്ദ്രീകരിച്ച് അരങ്ങേറിയത്. വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപനപ്രസംഗത്തിൽ ഒപ്പുവെക്കില്ലെന്ന് സർക്കാറുമായി പല വിഷയങ്ങളിൽ ഉടക്കിനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തലേദിവസം അറിയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഹരി എസ്. കർത്തയെ ഗവർണറുടെ അഡീഷനൽ പേഴ്സനൽ അസിസ്റ്റന്റായി നിയമിച്ച ഉത്തരവിൽ സർക്കാർ പ്രതിനിധി വിയോജനക്കുറിപ്പ് ചേർത്തതും മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന്റെ പെൻഷൻ വിഷയം ഉയർത്തിയതുമൊക്കെ കാരണം പറഞ്ഞാണ് അദ്ദേഹം നയപ്രഖ്യാപനത്തിൽ ഒപ്പുവെക്കില്ലെന്ന് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും ഗവർണർ വഴങ്ങിയില്ല. ഒടുവിൽ വി​യോജനക്കുറിപ്പ് എഴുതിയ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയതോടെയാണ് അദ്ദേഹം ഒപ്പിടാൻ തയാറായത്. ഇന്നലെ സഭയിലെത്തിയ അദ്ദേഹം കേന്ദ്ര സർക്കാറിനെതിരായ പരാമർശങ്ങളടക്കം നയപ്രഖ്യാപനത്തിലെ മുഴുവൻ ഭാഗങ്ങളും വള്ളിപുള്ളി വിടാതെ വായിക്കുകയും ചെയ്തു.

മ​ന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ ഒപ്പുവെക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ഒപ്പുവെച്ച നയപ്രഖ്യാപനം ഗവർണർതന്നെ സഭയിൽ വായിച്ചുകൊണ്ടാണ് സഭാസമ്മേളനം ആരംഭിക്കുന്നതും. ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെക്കാൻ വിസമ്മതി​ച്ചതോടെ വലിയൊരു ഭരണഘടന പ്രതിസന്ധിയാണ് ഉടലെടുത്തത്. ഒരുവേള, സഭാസമ്മേളനംതന്നെ മുടങ്ങിപ്പോകുമെന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങളെത്തി. സാധാരണഗതിയിൽ, നയപ്രഖ്യാപനത്തിലെ ചില പരാമർശങ്ങളോട് ഗവർണർക്ക് വിയോജിപ്പുണ്ടാവാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ആ ഭാഗങ്ങൾ വിയോജിപ്പ് അറിയിച്ചു വായിച്ചുപോവുകയാണ് പതിവ്. 2020ലെ നയപ്രഖ്യാപനത്തിൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഇതേ ഗവർണർതന്നെ വിയോജിപ്പോടെയാണ് സഭയിൽ വായിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ ഏഴു പതിറ്റാണ്ടായി തുടരുന്ന ആ കീഴ്വഴക്കങ്ങളത്രയും അട്ടിമറിച്ച് പുതിയൊരു ശീലത്തിന് തുടക്കമിടാനാണ് ആരിഫ് മുഹമ്മദ് ഖാൻ ശ്രമിച്ചത്. വാസ്തവത്തിൽ, അദ്ദേഹം ഉന്നയിച്ച വിയോജിപ്പുകളൊന്നും നയപ്രഖ്യാപനത്തിന്റെ ഭാഗമേയല്ല.

എന്നിട്ടും ഇത്തരമൊരു സമീപനം സ്വീകരിച്ചുവെങ്കിൽ അതിന് രാഷ്ട്രീയപരമായ കാരണങ്ങളല്ലാതെ മറ്റൊന്നുമല്ലെന്ന് ധരിക്കണം. ഭരണഘടനയുടെ 153ാം അനുച്ഛേദത്തിലാണ് സംസ്ഥാനത്തിന് ഒരു ഗവർണർ വേണമെന്ന് നിഷ്കർഷിക്കുന്നത്. ഗവർണർ കക്ഷിരാഷ്ട്രീയത്തിന് അതീതനായിരിക്കണമെന്ന് സർക്കാറിയ കമീഷനും പൂഞ്ചി കമീഷനു​മെല്ലാം വിവിധ കാലങ്ങളിൽ ശിപാർശ ചെയ്തതുമാണ്. നിലവിൽ സജീവ രാഷ്ട്രീയത്തിലില്ലാത്ത ഒരാളെ സംസ്ഥാന മുഖ്യമന്ത്രിയുടെകൂടി അഭിപ്രായം പരിഗണിച്ച് നിയമിക്കണമെന്നാണ് വെങ്കട ചെല്ലയ്യ കമീഷൻ ശിപാർശ ചെയ്യുന്നത്. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടശേഷം സജീവ രാഷ്ട്രീയത്തിൽനിന്ന് അകന്നുനിന്നയാളാണ് ആരിഫ് മുഹമ്മദ് ഖാൻ. ആ അർഥത്തിൽ, മുൻ കേന്ദ്രമന്ത്രികൂടിയായ അദ്ദേഹം ഗവർണർ പദവിക്ക് എന്തുകൊണ്ടും അർഹനുമായിരുന്നു. എന്നാൽ, രണ്ടരവർഷം മുമ്പ് രാജ്ഭവനിലെത്തിയതോടെ അദ്ദേഹം അവിടം പുതിയ രാഷ്ട്രീയ ഗോദയാക്കി മാറ്റുന്നതിനാണ് കേരളം പലഘട്ടത്തിൽ സാക്ഷിയായത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാ​ത്രമാണ് കഴിഞ്ഞദിവസത്തെ നാടകീയ സംഭവങ്ങൾ.

ഗവർണർമാർ വഴി സംസ്ഥാന സർക്കാറുകളുടെ ഭരണനിർവഹണ പ്രക്രിയയിൽ അനാവശ്യമായി കൈകടത്താൻ മോദി സർക്കാർ ഒന്നാം നാൾതൊട്ടേ ശ്രമിക്കുന്നതാണ്. തങ്ങൾക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ ഈ പണി ഏറ്റവും 'കാര്യക്ഷമ'മായി നടത്തുന്നുണ്ട്. കേരളത്തിനു പുറമെ, തമിഴ്നാട്ടിലും മഹാരാഷ്​ട്രയിലും പശ്ചിമബംഗാളിലുമെല്ലാം രാജ്ഭവൻ വഴി 'സമാന്തര ഭരണ'ത്തിനാണ് കേന്ദ്രം ശ്രമിച്ചുപോരുന്നത്. ഈ ദൗത്യത്തിന്റെ ഭാഗമായിത്തന്നെയാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെത്തിയതെന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ആർക്കും എളുപ്പത്തിൽ ബോധ്യപ്പെടും. തെളിച്ചുപറഞ്ഞാൽ, സംഘ്പരിവാർ രാഷ്ട്രീയത്തിനുതന്നെയാണ് അദ്ദേഹം കോപ്പു​കൂട്ടുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ അതിനെതിരെ രംഗത്തുവന്നതു മുതൽ കഴിഞ്ഞയാഴ്ച ഹിജാബിനെതിരെ നടത്തിയ വിവാദ പ്രസ്താവനവരെയുള്ള എത്രയോ ഉദാഹരണങ്ങളുണ്ട്. ഇതിനിടെ, സംസ്ഥാന സർക്കാറുമായി സവിശേഷമായ ചില അഭിപ്രായഭിന്നതകളുമുണ്ടായി. വി.സി നിയമനം രാഷ്ട്രീയപ്രേരിതമായി നടക്കുന്നുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും രാഷ്ട്രീയമൂല്യബോധത്തിൽനിന്നായിരുന്നില്ലെന്ന് ഇതിനകം വ്യക്തമാണല്ലോ.

രാജ്യത്തിന്റെ ഫെഡറലിസത്തെതന്നെ തകർക്കാൻ പര്യാപ്തമാണ് ഗവർണർ നടത്തിക്കൊണ്ടിരിക്കുന്ന ഈ പടപ്പുറപ്പാട്. സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് ഭീഷണിയും വിഘാതവുമാകുന്ന ഈ സമീപനത്തെ തുറന്നുകാണിക്കുക എന്നത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. നിർഭാഗ്യവശാൽ, ആ ഉത്തരവാദിത്തം വേണ്ടവിധം പിണറായി സർക്കാർ നിർവഹിക്കുന്നില്ല. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലുമെല്ലാം ഗവർണറുടെ പ്രതിലോമ രാഷ്ട്രീയനീക്കങ്ങളെ അതതു സർക്കാറുകൾ തുറന്നുകാണിച്ചപ്പോൾ കേരളം പല കാര്യങ്ങളിലും രാജിയാവുകയായിരുന്നു.

ഗവർണറുടെ അഡീഷനൽ പേഴ്സനൽ സ്റ്റാഫ് നിയമനംപോലും അത്തരമൊരു 'വിട്ടുവീഴ്ച'യു​ടെ ഭാഗമായിട്ടായിരുന്നു. വിയോജിപ്പ് പ്രകടിപ്പിച്ചുള്ള ആ നീക്കംപോലും ഗവർണർക്ക് സഹിച്ചില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥനെ ബലികൊടുത്താണ് പിണറായി സർക്കാർ പരിഹാരക്രിയ ചെയ്തത്. ഭരണഘടനാലംഘനം തുടർക്കഥയാക്കിയ ഗവർണറോടുള്ള സർക്കാറിന്റെ ഈ മൃദുസമീപനത്തെ പ്രതിപക്ഷം 'ഡീൽ' എന്ന് വിശേഷിപ്പിക്കുന്നത് മുഖവിലക്കെടുക്കേണ്ടിവരുന്നത് ഈ സാഹചര്യത്തിലാണ്. അതെന്തായാലും, ഗവർണറുടെ ഭരണഘടനാവിരുദ്ധമായ നടപടികൾക്ക് കുടപിടിക്കേണ്ട ബാധ്യതയൊന്നും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറുകൾക്കില്ല. അങ്ങനെ സംഭവിച്ചാൽ, അത് ഭരണഘടനക്കുള്ള ചരമക്കുറിപ്പായി മാറും. 

Tags:    
News Summary - The government should not be blamed for the Kerala governor's disrespect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT