മുസ്​ലിം ലീഗിൻെറ 'ഹരിത' രാഷ​​്ട്രീയം



മുസ്​ലിം ലീഗിൻെറ വിദ്യാർഥിനി വിഭാഗമായ 'ഹരിത'യുടെ സംസ്​ഥാന ഭാരവാഹികളായ 10 പേർ സംസ്​ഥാന വനിത കമീഷനു മുമ്പാകെ ഒപ്പിട്ടുനൽകിയ പരാതി വലിയ രാഷ്​​ട്രീയവിവാദമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. സഹസംഘടനയായ എം.എസ്​.എഫിെൻറ സംസ്​ഥാന പ്രസിഡൻറും മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയും സ്​ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറി, ദുരാ​േരാപണങ്ങൾ ഉന്നയിക്കുകയും അപമാനിക്കുകയും ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇത്​ മുൻനിർത്തി കോഴിക്കോട് വെള്ളയിൽ പൊലീസ്​ എം.എസ്​.എഫ് സംസ്​ഥാന പ്രസിഡൻറ്​​, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി എന്നിവർക്കെതിരെ കേസെടുത്തിരിക്കുകയാണ്.

ലൈംഗികച്ചുവയോടെയുള്ള സംസാരം (ഐ.പി.സി 354എ), സ്​ത്രീത്വത്തെ അപമാനിക്കൽ (ഐ.പി.സി 509) എന്നിവയാണ് ചുമത്തിയ കുറ്റങ്ങൾ. ഒരു പോഷകസംഘടനയുടെ ഭാരവാഹികൾ മറ്റൊരു പോഷകസംഘടനയുടെ ഭാരവാഹികൾക്കെതിരെ ക്രിമിനൽ നടപടി ചട്ടങ്ങളുമായി മുന്നോട്ടുപോവുന്നത്​ അപൂർവമായ അനുഭവമാണ്. പ്രത്യേകിച്ച്​ മുസ്​ലിം ലീഗ്​ പോലൊരു സംഘടനയിൽ. സ്വാഭാവികമായും എം.എസ്​.എഫിലും മുസ്​ലിം ലീഗിലും ഇത് വലിയ അസ്വസ്​ഥതകൾ സൃഷ്​ടിച്ചിട്ടുണ്ട്.

പാർട്ടിക്കകത്ത് പരിഹരിക്കേണ്ട പ്രശ്നത്തെ പുറത്തേക്കിട്ടു എന്ന ആരോപണം മുസ്​ലിം ലീഗ്​ സംസ്​ഥാന ജനറൽ സെക്രട്ടറിതന്നെ 'ഹരിത'ക്കുനേരെ ഇതിനകം ഉയർത്തിയിട്ടുണ്ട്. എന്നാൽ, ജൂൺ 23നുതന്നെ പാർട്ടിക്ക് ഇതുസംബന്ധമായി പരാതി നൽകിയിരുന്നുവെന്നും അത് പാർട്ടി ഗൗരവത്തിൽ എടുക്കാത്തതുകൊണ്ടാണ് വനിത കമീഷനെ സമീപിക്കേണ്ടിവന്നതെന്നുമാണ് 'ഹരിത' നേതാക്കളുടെ വിശദീകരണം. പരാതി പറഞ്ഞവർക്കൊപ്പമാണ്​ താൻ എന്ന് എം.എസ്​.എഫ്​ അഖിലേന്ത്യ വൈസ്​ പ്രസിഡൻറും ഹരിതയുടെ മുൻ സംസ്​ഥാന അധ്യക്ഷയുമായ ഫാത്തിമ തെഹ്​ലിയ ബുധനാഴ്ച വാർത്തസമ്മേളനം വിളിച്ച്​ വ്യക്തമാക്കി. 'ഹരിത'യെ അനുകൂലിച്ച് പല എം.എസ്​.എഫ്​ ജില്ല കമ്മിറ്റികളും രംഗത്തുവരുന്നുമുണ്ട്. പാർട്ടി മുഖപത്രവുമായി ബന്ധപ്പെട്ട് പാണക്കാട് കുടുംബത്തിൽനിന്നുതന്നെ ഒരാൾ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമർശനം ഉന്നയിച്ചതി​​െൻറ പശ്ചാത്തലത്തിൽ രൂപപ്പെട്ട പ്രതിസന്ധിയും വിവാദങ്ങളും ഒഴിഞ്ഞുവരുന്നതിനിടെയാണ് പുതിയ വിവാദം.

'ഹരിത'യുടെ സംസ്​ഥാന ഭാരവാഹികളായ പത്തു പേർ ഒരു പരാതി ഒപ്പിട്ടുനൽകിയിട്ട് ലീഗ് നേതൃത്വം ഗൗരവത്തിലെടുത്തില്ലെങ്കിൽ അത് വലിയ വീഴ്ചയാണ്. അത് പിന്നീട് വനിത കമീഷനിലും പൊലീസ്​ സ്​റ്റേഷനിലും എത്തിയത് പാർട്ടിക്ക്​ നാണക്കേടുമാണ്. വനിത കമീഷന് പരാതി കൊടുത്തതി​െൻറ പേരിൽ ഹരിതയെ മരവിപ്പിച്ചുനിർത്താൻ സംസ്​ഥാന നേതൃത്വം എടുത്ത തീരുമാനം കാര്യങ്ങളെ കൂടുതൽ കുഴപ്പത്തിലാക്കുകയേ ഉള്ളൂ. ശ്രദ്ധയോടെ കൈകാര്യംചെയ്യേണ്ട ഒരു വിഷയത്തെ അങ്ങേയറ്റം അലസമായി കൈകാര്യം ചെയ്തതി​​െൻറ വിനയാണ് ലീഗ് നേതൃത്വം ഇപ്പോൾ അനുഭവിക്കുന്നത്.

'ഹരിത'യുമായി ബന്ധപ്പെട്ട വിവാദത്തിന് രണ്ടു പശ്ചാത്തലങ്ങളുണ്ട്. ഒന്ന്, ലീഗി​െൻറ സംഘടന സംവിധാനവുമായി ബന്ധപ്പെട്ടതാണ്. നേര​േത്ത സൂചിപ്പിച്ച, മുഖപത്രവിവാദത്തിലെ നടപടികൾ നോക്കുക. പാണക്കാട് തങ്ങളുടെ മകൻ ലീഗ് സംസ്​ഥാന ആസ്​ഥാനത്ത് വാർത്തസമ്മേളനം നടത്തുന്നു. അവിടെ ഒരാൾ കയറി വന്ന് അദ്ദേഹത്തെ അസഭ്യം വിളിക്കുന്നു. പിന്നീട് ചേർന്ന ലീഗി​​െൻറ ഉന്നതാധികാര സമിതി അസഭ്യം വിളിച്ചയാളെ പുറത്താക്കുന്നു.

പുറത്താക്കാൻ അങ്ങനെയൊരാൾ പാർട്ടിയിൽതന്നെ ഇല്ല എന്ന പ്രസ്​താവനയുമായി പാർട്ടിയുടെ പ്രാദേശിക നേതൃത്വം രംഗത്തുവരുന്നു. അതിനിടെ, പുറത്താക്കാൻ തീരുമാനമെടുത്ത ഉന്നതാധികാര സമിതിയുടെ ഭരണഘടന സാധുത എന്തെന്ന ചോദ്യം ഉയരുന്നു. മൊത്തത്തിൽ സംഘടന സംവിധാനമെന്നത് എന്തൊക്കെയോ കാട്ടിക്കൂട്ടലായി മാറിയ അനുഭവം. 'ഹരിത' വിവാദത്തിലെയും ഏറ്റവും പ്രധാനപ്പെട്ട ഘടകം കുത്തഴിഞ്ഞതോ പ്രവർത്തനരഹിതമോ ആയ സംഘടന സംവിധാനമാണ്.

മുസ്​ലിം സമുദായത്തിലെ പെൺകുട്ടികൾ നേടിയെടുത്ത വലിയ വളർച്ചയും ഉത്കർഷയും ലീഗ് നേതൃത്വം കാണാതിരിക്കുന്നു എന്ന തോന്നലുളവാക്കുന്നതാണ് അവരുടെ പല സമീപനങ്ങളും. 'ഹരിത'യുടെ ഉത്തരവാദപ്പെട്ട പെൺകുട്ടികൾ രേഖാമൂലം ഒരു കത്ത് തരുമ്പോൾ അത് ഗൗരവത്തിലെടുക്കേണ്ടതാണ് എന്ന് നേതൃത്വത്തിന് തോന്നാതെ പോയത് എന്തുകൊണ്ടായിരിക്കും? നേതൃത്വത്തെ ധിക്കരിച്ച് അവർ വനിത കമീഷനിലേക്കു പോയിട്ടുണ്ടെങ്കിൽ അതിനർഥം അവർ സ്വയം സംസാരിക്കാനും പ്രതിനിധാനംചെയ്യാനും കഴിയുന്ന ആളുകളാണ് എന്നതാണ്. അങ്ങനെ സ്വയം സംസാരിക്കുകയും ആത്മാഭിമാനം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു തലമുറയോട് പഴയ പുരുഷാധിപത്യ സമീപനങ്ങളുമായി ഇടപഴകാൻ കഴിയില്ല. ന്യൂനപക്ഷ രാഷ്​ട്രീയം കൈകാര്യംചെയ്യുന്ന ലീഗിനാണ് മറ്റാരേക്കാളും ലിംഗരാഷ്​​ട്രീയവും മനസ്സിലാവേണ്ടത്. പക്ഷേ, അത് അവർ മനസ്സിലാക്കുന്നുണ്ടോ? 

Tags:    
News Summary - The 'haritha' politics of the Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.