ഫ്ലാഷ് ബാക്ക്: 2021 ഒക്ടോബർ 24. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ് രണ്ടിൽ ഇന്ത്യ-പാക് പോരാട്ടം. വേദി: ദുബൈ ഇന്റർനാഷനൽ സ്റ്റേഡിയം. അറിയാമല്ലോ, ലോകകപ്പിന്റെ ചരിത്രത്തിൽ ഇരു രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയം ഇന്ത്യക്കായിരുന്നു. ആ ആത്മവിശ്വാസത്തിലാണ് കോഹ്ലിപ്പട കളത്തിലിറങ്ങിയത്. പക്ഷേ, വിധി മറ്റൊന്നായിരുന്നു. ശാഹിൻ ഷാ അഫ്രീദി എന്ന പേസ് ബൗളർക്ക് മുന്നിൽ ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ നിഷ്പ്രഭരായി. എന്നിട്ടും സ്കോർ 151ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാബറും റിസ്വാനും പ്രതിഭാസമ്പന്നരായ ഇന്ത്യൻ ബൗളർമാർക്ക് ഒരിക്കൽ പോലും പിടികൊടുക്കാതെ ലക്ഷ്യം കണ്ടു. ഇന്ത്യ പത്ത് വിക്കറ്റിന് തോറ്റു. പുതിയൊരു ചരിത്രമാണ് സൃഷ്ടിക്കപ്പെട്ടതെങ്കിലും കളിക്കളത്തിൽ ഇതൊക്കെ പതിവാണ്. ഒരു കളിയിൽ പരാജയപ്പെട്ടുവെന്നുവെച്ച് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനുമില്ല. എന്നിട്ടും ഇന്ത്യൻ ഗാലറികളിൽനിന്ന് മുറവിളിയുയർന്നു. പരാജയഭാരം മുഴുവൻ മുഹമ്മദ് ഷമി എന്ന ഒരൊറ്റ കളിക്കാരനുമേൽ കെട്ടിവെച്ചു ‘ആരാധക’ ആൾക്കൂട്ടം.
ആ പേരിൽ തന്നെയുണ്ട് അതിന്റെ കാരണം. നീലക്കുപ്പായമണിഞ്ഞ്, അയാൾ രാജ്യത്തെ ബാബറിന് ഒറ്റുകൊടുത്തുവത്രേ. അന്നുമുതൽ ‘ചാരവേഷ’മാണ് അയാൾക്ക് ഉന്മാദികളായ ആൾക്കൂട്ടം കൽപിച്ചു നൽകിയത്. അതുകൊണ്ടുകൂടിയായിരിക്കുമോ നടപ്പു ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളിൽ അയാൾക്ക് പുറത്തിരിക്കേണ്ടിവന്നത്? അതെന്തായാലും, ആ കെട്ടുപൊട്ടിച്ച് ഷമി ഗ്രൗണ്ടിലിറങ്ങിയപ്പോൾ പിറന്നത് പുതുചരിത്രമാണ്. ലോകകപ്പിലെ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ മുമ്പനായി അയാൾ മാറിയിരിക്കുന്നു.
രണ്ട് വർഷം മുന്നത്തേക്കാൾ രൗദ്രമാണിപ്പോൾ ഇന്ത്യൻ ഗാലറികൾക്ക്. യു.പിയിലും ഹരിയാനയിലുമൊക്കെയുണ്ടായ ഹിന്ദുത്വയുടെ ആൾക്കൂട്ടാക്രമണങ്ങളെ ഓർമിപ്പിക്കും ഗാലറികളിലെ ആക്രോശങ്ങൾ. താരങ്ങൾക്ക് ജയ് വിളിച്ചിരുന്ന കാലത്തുനിന്ന് ‘ജയ് ശ്രീറാമി’ലേക്ക് ആക്രോശമുദ്രാവാക്യങ്ങൾ മാറിയിരിക്കുന്നു; പാക് താരങ്ങൾ ഔട്ടായി പവിലിയനിലേക്ക് മടങ്ങുമ്പോൾ മാത്രമല്ല, ഓറഞ്ച് ജഴ്സിയിൽ നെതർലൻഡ്സ് കളത്തിലിറങ്ങുമ്പോഴും അത് കാവിപ്പടയാണെന്ന് ധരിച്ച് ആർപ്പുവിളിക്കുന്നവരും ഈ ഉന്മാദികളുടെ കൂട്ടത്തിലുണ്ട്.
രാജ്യത്തെമ്പാടുമുള്ള ഹിന്ദുത്വയുടെ കൊലവിളികൾ ഗാലറികളിലേക്കും പടർന്നിരിക്കുന്നു. ആ തെമ്മാടിക്കൂട്ടത്തിന് ഷമിയെ എറിഞ്ഞുകൊടുക്കേണ്ടെന്ന് ഒരുപക്ഷേ ടീം മാനേജ്മെന്റ് ആലോചിച്ചുകാണും. അതോ, ടീമിലെ മുംബൈ ലോബി ‘കളിച്ചതോ’? അതെന്തായാലും, ആദ്യ നാലുകളികളിൽ പുറത്തിരിക്കാനായിരുന്നു യോഗം. ആ കളികളെല്ലാം ജയിച്ചതുകൊണ്ട് ഷമിയുടെ അഭാവം ആരും തിരിച്ചറിഞ്ഞില്ല.
ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ അഞ്ചാം കളിയിൽ അവസരം ഒത്തുവന്നു. അതുവരെയും തോൽവിയറിയാതെ മുന്നോട്ടുപോയ ന്യൂസിലൻഡ് ആയിരുന്നു എതിരാളികൾ. ഷമിയുടെ അഞ്ച് വിക്കറ്റ് മികവിൽ കിവീസിനെ 273 റൺസിന് ചുരുട്ടിക്കെട്ടി ടീം ഇന്ത്യ; ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയും ചെയ്തു. തൊട്ടടുത്ത മാച്ചിൽ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റും ഷമി പിഴുതെടുത്തു. അടുത്ത മത്സരം ശ്രീലങ്കക്കെതിരെയായിരുന്നു. 358 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്കൻ പടയെ 55 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു. ഷമി അഞ്ചോവറിൽ 18 റൺസ് വഴങ്ങി കൊയ്തത് അഞ്ച് വിക്കറ്റ്. വെറും മൂന്ന് കളികളിൽ 14 വിക്കറ്റ് നേട്ടം.
വംശീയതയുടെ ആക്രോശങ്ങൾ ഗാലറികളിലേക്ക് പടരുമ്പോൾ ഷമിയാണ് മറുപടി. വംശീയതയുടെ ഈ ‘കളിയാവേശം’ കുറച്ചുകാലമായി നമ്മുടെ നാട്ടിലുണ്ട്. ഏതാനും വർഷംമുമ്പ്, വംശീയവിദ്വേഷത്തിനെതിരെ രണ്ടുവരി ട്വിറ്ററിൽ കുറിച്ച ഇർഫാൻ പത്താനെയും ഇതേ ആൾക്കൂട്ടം ‘ചാരനാക്കി’. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ വനിത ഹോക്കി ടീം സെമിയിൽ പരാജയപ്പെട്ടപ്പോൾ വന്ദന കതാരി എന്ന സ്ട്രൈക്കറെ ഇക്കൂട്ടർ പഴിച്ചു. വന്ദനയെപ്പോലുള്ള താഴ്ന്ന ജാതിക്കാരെ ടീമിലുൾപ്പെടുത്തിയത് ശകുനപ്പിഴയായെന്ന് വിധിച്ച കളിയെഴുത്തുകാരുണ്ട് നമ്മുടെ നാട്ടിൽ. ദോഷപരിഹാരത്തിനായി വന്ദനയുടെ വീടിനുമുന്നിൽ പടക്കവും പൊട്ടിച്ചു. നമ്മുടെ രാജ്യത്ത് പതിവായി നടക്കാറുള്ള ആൾക്കൂട്ടാക്രമണങ്ങളിലെന്നപോലെ കളിയിൽ തോറ്റാലും അഭിപ്രായ പ്രകടനം നടത്തിയാലും ആൾക്കൂട്ടാക്രമണത്തിനിരയാകേണ്ടി വരുന്നത് ചില പ്രത്യേക വിഭാഗത്തിൽനിന്നുള്ളവർ മാത്രമാണ്. ഹിന്ദുത്വയുടെ ഈ ഹുങ്കിനുനേരെയാണ് ഷമി പന്തെറിഞ്ഞുകൊണ്ടിരിക്കുന്നത്.
പത്ത് വർഷത്തിലധികമായി ടീമിനൊപ്പമുണ്ട്. നിർണായക സമയങ്ങളിലെല്ലാം ടീമിനെ കരകയറ്റിയ ചരിത്രവുമുണ്ട്. ഏറ്റവും കുറഞ്ഞ ഏകദിന മത്സരങ്ങളിൽ നൂറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരമാണ്. 2013ൽ പാകിസ്താനെതിരെയായിരുന്നു അരങ്ങേറ്റം. മൂന്നാം ഏകദിനത്തിൽ അശോക് ദിൻഡെക്ക് പകരക്കാരനായി ടീമിലെത്തിയ ഷമി ആദ്യ മത്സരത്തിൽതന്നെ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ആ വർഷത്തെ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അവിടെയും ഒരൊറ്റ കളിയിലേ പങ്കെടുക്കാനായുള്ളൂ. പക്ഷേ, വിക്കറ്റ് നേട്ടം മൂന്ന്. അതോടെ ടീമിലെ സ്ഥിരസാന്നിധ്യമായി. 2015ലെ ലോകകപ്പിലെ പ്രകടനവും എടുത്തുപറയേണ്ടതാണ്. പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ നാലു വിക്കറ്റെടുത്തായിരുന്നു തുടക്കം. സെമിയിൽ ടീം പുറത്താകുമ്പോഴേക്കും 17 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. 2019ലെ ലോകകപ്പിൽ അഫ്ഗാനിസ്താനെതിരെ ഹാട്രിക് അടക്കം എത്രയോ കരിയർ നേട്ടങ്ങൾ. ആകെ 98 ഏകദിന മത്സരങ്ങൾ; 185 വിക്കറ്റുകൾ. ടെസ്റ്റിലും ട്വന്റി20യിലും ഇതേ പ്രകടനം നടത്തിയിട്ടുണ്ട്. 64 ടെസ്റ്റുകളിൽനിന്ന് 224 വിക്കറ്റുകളാണ് സമ്പാദ്യം. 2014 മുതൽ ഐ.പി.എല്ലിൽ സജീവം. 2014 മുതലാണ് ഐ.പി.എല്ലിൽ സജീവമായത്. ആദ്യ നാല് സീസണുകളിൽ ഡൽഹിക്കൊപ്പമായിരുന്നു. അതുകഴിഞ്ഞ് പഞ്ചാബിൽ. കഴിഞ്ഞ രണ്ട് സീസണുകളിലായി ഗുജറാത്ത് ടൈറ്റൻസിനൊപ്പമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 88 കളികളിൽ 338 വിക്കറ്റാണ് സമ്പാദ്യം.
1990 സെപ്റ്റംബർ മൂന്നിന് യു.പിയിലെ മുറാദാബാദിനടുത്ത അംറോഹയിലെ കർഷക കുടുംബത്തിൽ ജനനം. പിതാവ് തൗസീഫ് അലിയാണ് മകനിലൊരു ക്രിക്കറ്റർ ഒളിഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് മുറാദാബാദിലെ പരിശീലകന്റെയടുത്തു പറഞ്ഞയച്ചത്. അവിടന്ന്, കൊൽക്കത്ത ഡൽഹൗസി ക്രിക്കറ്റ് ക്ലബിലേക്ക്. ക്ലബിനുവേണ്ടിയുള്ള ഉശിരൻ പ്രകടനങ്ങളാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമാക്കി മാറ്റി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ലോകകപ്പിൽ ആദ്യ റൗണ്ടിൽ ഇനിയും രണ്ട് കളികൾ ബാക്കിയുണ്ട്. അത് കഴിഞ്ഞാൽ സെമി; ഈ നിലയിൽ പോയാൽ ഫൈനലും ഉറപ്പ്. വരാനിരിക്കുന്നത് ഷമിയുടെ നാളുകളാണ്. ഗാലറികൾ ‘ചാരനെന്ന്’ വിളിച്ചപ്പോൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച മനുഷ്യനാണിപ്പോൾ വിജയ ചരിത്രത്തിലേക്ക് തുടർച്ചയായി റിവേഴ്സ് സ്വിങ് എറിഞ്ഞുകൊണ്ടിരിക്കുന്നത്. ഷമി അല്ലാതെ പിന്നെ ആരാണ് ഹീറോ?.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.