നീതിയുടെ വീണ്ടെടുപ്പാണ് പരിഹാരം




ജനിച്ച നാൾമുതൽ അഫ്ഗാനിസ്​താന്‍റെ അശാന്തി അനുഭവിച്ചുപോന്ന മഅ്സൂമ താജികി കഴിഞ്ഞ ആഗസ്റ്റിൽ പഠനം പാതിനിർത്തി താലിബാനിൽനിന്ന് രക്ഷപ്പെട്ടത് ഏറക്കുറെ സുരക്ഷിതമെന്ന് തോന്നിച്ച യുക്രെയ്നിലേക്കായിരുന്നു. ഇന്ന് വീണ്ടും അതേ അശാന്തി, അതേ നിസ്സഹായത, പഠനമുടക്ക് എല്ലാം നേരിടുന്ന അഭയാർഥിയായിരിക്കുന്നു അവർ. മഅ്സൂമ മാത്രമല്ല, മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ കടുത്ത ഉത്​കണ്ഠയിലാണ്. മറുനാട്ടുകാരോ വിദ്യാർഥികളോ മാത്രവുമല്ല, നേരിട്ടും അല്ലാതെയും ഈ സംഘർഷത്തിന്റെ ദുരിതമനുഭവിക്കുന്നുണ്ട് ലോകത്തിന്റെ പല ഭാഗത്തുമുള്ളവർ. ഒരു യുക്രെയ്ൻ യുദ്ധത്തിൽ മാത്രമല്ലതാനും ഇങ്ങനെ. വ്ലാദിമിർ പുടിൻ എന്ന ഒരാളുടെ അഹന്തയും എടുത്തുചാട്ടവുമാണ് ഇപ്പോഴത്തെ ദുരിതത്തിന് നിമിത്തമായതെങ്കിൽ അത്തരം വേറെയും യുദ്ധഭ്രാന്തന്മാരുടെ ചെയ്തികൾ തന്നെയാണ് ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന മട്ടിൽ വിരാമമില്ലാത്ത അനേകം യുദ്ധങ്ങൾക്ക് കാരണമായത്. ഓരോന്നിലും വിലയൊടുക്കേണ്ടിവന്നത് നിരപരാധികളായ ലക്ഷക്കണക്കിനാളുകളും. യുദ്ധം ഇന്ന് വെറും രാഷ്ട്രീയായുധവും ദുഷ്ട വ്യവസായവും അതിന്റെ കാരണക്കാർക്ക് ചേതമില്ലാത്ത ക്രൂരവിനോദവുമായി തീർന്നിട്ടുണ്ട്. പുടിന്റെ എടുത്തുചാട്ടം അധിനിവേശത്തിന്റെ പ്രത്യക്ഷ കാരണമാണെങ്കിലും ശീതയുദ്ധാനന്തരം അമേരിക്കയും കൂട്ടാളികളും തുടർന്ന ശത്രുതയും നയതന്ത്ര പാളിച്ചകളുമെല്ലാം അതിലേക്ക് നയിച്ച കാരണങ്ങളാണ്. ചുരുക്കത്തിൽ, ഭരണകൂടങ്ങളും നേതാക്കളും ഒരു ഭാഗത്തും ഇരകളാകാൻ വിധിക്കപ്പെട്ട ജനങ്ങൾ മറുഭാഗത്തുമായി നടക്കുന്ന ഒരു ആഗോള ഹിംസാനാടകമായി സൈനിക നീക്കങ്ങൾ രൂപം പ്രാപിക്കുന്നു എന്ന് സമാധാന സംരംഭകരെങ്കിലും കരുതുന്നു. ഐക്യരാഷ്ട്രസഭ മുമ്പേ നിസ്സഹായരാണെങ്കിൽ ഇപ്പോൾ പരിഹാസ്യർകൂടിയായിത്തീർന്നിട്ടുണ്ട്. സമാധാനകാംക്ഷികളുടേതായ കൂട്ടായ്മകൾക്ക് ഈ ദുഃസ്ഥിതി മാറ്റിയെടുക്കാൻ കഴിയേണ്ടതുണ്ട്. അതിന് ഓരോ സംഘർഷത്തിന്റെയും സാഹചര്യവും മൂലകാരണങ്ങളും കൃത്യമായി പരിശോധി​ച്ച് വിലയിരുത്താൻ കഴിയണം.

പൊതുവായ ചില ഘടകങ്ങൾ ആധുനിക യുദ്ധങ്ങൾക്കെല്ലാമുണ്ട്. അവയിലൊന്ന്, മറ്റു പോംവഴികൾ എല്ലാം അടഞ്ഞശേഷം മാത്രം യുദ്ധം എന്ന വിവേകത്തിന്റെ വഴിവിട്ട്, ആദ്യമേ യുദ്ധം എന്ന രീതിയിലേക്കുള്ള മാറ്റമാണ്. ചർച്ചയുടെയും നയതന്ത്രത്തിന്റെയും വഴികൾ തേടാൻ രാഷ്ട്രനേതാക്കളെ നിർബന്ധിക്കുന്ന ഒരു അന്താരാഷ്ട്ര നിയമവും ഇല്ലാതായിരിക്കുന്നു. കൈയൂക്ക് മാത്രം പ്രധാനമാകുമ്പോൾ നീതിയും ന്യായവും അവഗണിക്കപ്പെടുന്നു. നീതി ഇല്ലാത്തിടം യുദ്ധത്തിന് പറ്റിയ മണ്ണാണ് എന്ന തത്ത്വവും ലോകം മറന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം യുദ്ധത്തിന്റെ ഭയാനകതപോലെത്തന്നെ ലോകത്തിന്റെ കപട സമീപനങ്ങളും തുറന്നുകാട്ടുന്നുണ്ട്. യൂറോപ്യൻ രാജ്യമായ യുക്രെയ്ൻ ആക്രമിക്കപ്പെട്ട ഉടനെ ധാർമികരോഷം പൂണ്ട് അപലപിക്കാനിറങ്ങിയ രാജ്യങ്ങളിൽ എത്രയെണ്ണം അഫ്ഗാനിസ്താനിലും ഇറാഖിലും സിറിയയിലും യമനിലും നടക്കുന്ന കശാപ്പുകളെപ്പറ്റി വേവലാതിപ്പെട്ടിട്ടുണ്ട്? റഷ്യ യുക്രെയ്നിലെ രണ്ടു പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ച ഉടനെ അത് 'അസ്വീകാര്യവും നിയമവിരുദ്ധവുമായ കടന്നാക്രമണ'മാണെന്നു പറഞ്ഞ് ഉപരോധം പ്രഖ്യാപിച്ചവരിൽ അമേരിക്കയും യൂറോപ്യൻ യൂനിയനുമെല്ലാമുണ്ട്. എന്നാൽ, മുക്കാൽ നൂറ്റാണ്ടായി ഫലസ്തീനിൽ അധിനിവേശമുറപ്പിച്ച ഇസ്രായേലിന്റെ നിയമലംഘനം അവർക്കെല്ലാം സ്വീകാര്യമാകുന്നു. അമേരിക്ക ഇസ്രായേലിലെ എംബസി ജറൂസലമിലേക്ക് മാറ്റിയത് ഐക്യരാഷ്ട്ര രക്ഷാസമിതി തീരുമാനത്തിന്റെ ലംഘനമായിരുന്നു. ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമാക്കുന്നത് സ്വീകാര്യമല്ലെന്ന് പ്രഖ്യാപിച്ച യൂറോപ്യൻ രാജ്യങ്ങൾക്കുപോലും ഇസ്രായേലുമായി സൈനികക്കരാറുറപ്പിക്കാൻ മടിയുണ്ടായില്ല. ഐക്യരാഷ്ട്രസഭ തന്നെ 'അപാർതീഡ്​' എന്ന് വിശഷിപ്പിക്കുന്ന സയണിസ്റ്റ് വംശവെറിക്കെതിരെ ഉപരോധമേ ഉണ്ടായില്ലെന്നു മാത്രമല്ല, ആ നാടുമായി ബന്ധം പല രാജ്യങ്ങളും മെച്ചപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇന്ന് റഷ്യൻ കടന്നാക്രമണത്തിനിരയായ യുക്രെയിനിന്‍റെ പ്രസിഡന്റ് ​വൊളോദിമിർ സെലൻസ്കി തന്നെയും ഫലസ്തീനോടല്ല ഇസ്രായേലിനോടാണ് ഐക്യപ്പെട്ടു വന്നിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിൽപോലും യുക്രെയ്ൻ പ്രഖ്യാപിച്ചു, ഇസ്രായേലി​ന്റെ 'ഒരേയൊരു തലസ്ഥാന'മായി ജറൂസലമിനെ തങ്ങൾ അംഗീകരിക്കുമെന്ന്. അന്താരാഷ്ട്ര നിയമത്തെ ഇത്ര പച്ചയായി ലംഘിക്കുന്നവർക്ക് എങ്ങനെയാണ് റഷ്യൻ നീക്കത്തെ 'അന്താരാഷ്ട്ര നിയമലംഘന'മെന്ന് വിളിക്കാനാവുക?

നീതിയും നിയമവും രണ്ടു താപ്പിലളന്നാൽ കുടുങ്ങുമെന്ന പാഠം റഷ്യൻ അധിനിവേശം നൽകുന്നുണ്ട്. യുക്രെയ്ൻ ഇരയാണ്; ഫലസ്തീനും മറ്റനേകം സ്ഥലങ്ങളും ഇരയാണ്. നീതിയുടെ പുനഃസ്ഥാപനമാണ് സത്യസന്ധമായ പരിഹാരം. ഇന്ന് ലോകമെങ്ങും നടക്കുന്ന യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾ ഭൂമിയിലെ സകല സമൂഹങ്ങളുടെയും പൊതു ശബ്ദമാണ്. യുക്രെയ്ൻ ഒറ്റപ്പെട്ടുകൂടാ. അതേപോലെ മറ്റനേകം അധിനിവിഷ്ട പ്രദേശങ്ങളും നീതിതേടുന്നുണ്ട്. ഓരോന്നും ലോകത്തിന്റെ മൊത്തം പ്രശ്നമാണ്. കടുത്ത പ്രതിസന്ധികളാണ് ഇതല്ലാതെതന്നെ ഭൂഗോളം നേരിടാൻ പോകുന്നത്. കാലാവസ്ഥ, സമ്പദ്​രംഗം, അഭയാർഥി പ്രശ്നം, ഭക്ഷ്യക്ഷാമം തുടങ്ങിയവയെല്ലാം ആവശ്യപ്പെടുന്നത് വിവിധ രാജ്യങ്ങളുടെ വെവ്വേറെയുള്ള പരിഹാരങ്ങളല്ല, ഭൂമിക്ക് സമഗ്ര പരിഹാരമാണ്. കോവിഡ് മഹാമാരി എന്ന പൊതുപ്രശ്നം നമ്മെ ബോധ്യപ്പെടുത്തിയ ആ പൊതുതത്ത്വമുണ്ടല്ലോ- അവസാനത്തെയാളും സുരക്ഷിതരാകും വരെ ആരും സുരക്ഷിതരല്ല എന്നത്. സമഗ്രമായ പരിഹാരത്തിന് വേണ്ടത് നീതിയിലധിഷ്ഠിതമായ ആഗോള ബന്ധങ്ങളും പക്വമായ രാഷ്ട്രനേതൃത്വങ്ങളുമാണ്. നിർഭാഗ്യവശാൽ, അത് രണ്ടും ഇനി വീണ്ടെടുത്തിട്ടു വേണം.

Tags:    
News Summary - The solution is the recovery of justice feb 28th editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.