കോവിഡ് മഹാമാരിക്കാലത്ത് കേരളം രാജ്യത്തിനു സമ്മാനിച്ച മികച്ച അതിജീവന പാഠങ്ങളിലൊന്നാണ് എസ്.എസ്.എൽ.സി പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിനും തീർത്ത മഹനീയ മാതൃക. രോഗ വ്യാപനംമൂലം മിക്ക സംസ്ഥാനങ്ങളും കേന്ദ്ര ബോർഡുകളും പരീക്ഷകൾ നടത്താനാകാതെ കുഴങ്ങുകയും നിയമ വ്യവഹാരങ്ങളിൽ കുരുങ്ങുകയും ചെയ്ത സാഹചര്യത്തിലും കുറ്റമറ്റരീതിയിൽ പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും നിർവഹിക്കാനായി എന്നത് അത്ര നിസ്സാര കാര്യമല്ല. അധ്യാപകരും വിദ്യാർഥികളും വിദ്യാഭ്യസ വകുപ്പും സർക്കാറും എല്ലാം ഒത്തു ചേർന്ന് സ്വായത്തമാക്കിയ ഈ ചരിത്ര വിജയം അവരുടെ നിശ്ചയദാർഢ്യത്തിെൻറയും പരിശ്രമത്തിെൻറയും സദ്ഫലം തന്നെയാണ്. അതുകൊണ്ടുതന്നെ, കോവിഡ് വ്യാപനത്തിെൻറ രൂക്ഷതയിലും 4,21,887 വിദ്യാർഥികൾക്കുവേണ്ടി 2947 സെൻററുകൾ പരീക്ഷക്കായി സജ്ജമാക്കുകയും സമയബന്ധിതമായി ഫലം പ്രഖ്യാപിക്കുകയും ചെയ്തുവെന്നത് അഭിമാനാർഹവും അഭിനന്ദനീയവുമായ കാര്യമാണ്. ഈ മഹത്തായ ചരിത്ര നിർമിതിയിൽ പങ്കാളികളായ എല്ലാവർക്കും 'മാധ്യമ'ത്തിെൻറ ഹൃദ്യമായ ആശംസകൾ. 2236 കുട്ടികൾ മാത്രമാണ് ഉപരിപഠനത്തിന് യോഗ്യത നേടാനാകാതെ ഈ പരീക്ഷയിൽ വീണുപോയത്.
അവർ ജീവിതത്തിൽ തോറ്റുപോകാതിരിക്കാനുള്ള ജാഗ്രത സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവർക്കുണ്ടാകണം. തോറ്റവർക്കുകൂടി ജീവിക്കാനും വിജയിക്കാനുമുള്ള വിശാലമായ ലോകമാണ് നമ്മുടേതെന്ന് ഓതിക്കൊടുത്ത്, ചേർത്തുനിർത്തി അവരുടെ മനസ്സിൽ ആത്മവിശ്വാസത്തിെൻറ മഹാസമുദ്രം തന്നെ നിറക്കാൻ നമുക്കാകണം.
വിദ്യാലയങ്ങൾ അടച്ചിടാൻ നിർബന്ധിതമാക്കുകയും വിദ്യാർഥികൾ വീടകങ്ങളിൽ ഒതുങ്ങിക്കൂടുകയും ചെയ്ത ഈ മഹാമാരിക്കാലത്ത് ജൂൺ മുതൽ ഡിജിറ്റൽ ക്ലാസുകൾ ആരംഭിക്കാൻ നമുക്കായി. ഡിജിറ്റൽ പഠനത്തിലെ പരിമിതികളും പോരായ്മകളും ഏറെയുണ്ടായിരുന്നുവെന്നത് വാസ്തവമാണ്.
സുഗമമായ ഓൺലൈൻ സൗകര്യങ്ങളില്ലാതെ നിർധന കുടുംബങ്ങളിലെ കുട്ടികളുടെ മനോവ്യഥകളും പഠനാവശ്യത്തിന് ഡിജിറ്റൽ ഉപകരണങ്ങൾ ലഭിക്കാനാകാത്തതിൽ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവങ്ങളുമെല്ലാം നമ്മുടെ സാമൂഹികബോധത്തെ മുറിവേൽപ്പിച്ചവയാണ്. കക്ഷിരാഷ്ട്രീയ ഭേദെമന്യേ പാവപ്പെട്ട ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ടി.വിയും ഫോണും എത്തിക്കുന്നതിൽ മലയാളികൾ കാണിച്ച ശുഷ്കാന്തിയുടെ കൂടി ആഹ്ലാദകരമായ വിജയമാണ് പരീക്ഷാഫലം 99.47 ശതമാനത്തിലെത്തിയെന്നത്.
കോവിഡിെൻറ ദുരന്തമുഖത്തും വിദ്യാഭ്യാസത്തോടുള്ള നമ്മുടെ പ്രതിബദ്ധത തെളിയിക്കുന്നു സർവകാല റെക്കോഡിട്ട എസ്.എസ്.എൽ.സി പരീക്ഷഫലം എന്ന് വിലയിരുത്തുമ്പോഴും വിദ്യാഭ്യാസ സമ്പ്രദായങ്ങളിലുണ്ടാകുന്ന പിഴവുകളെയും അശാസ്ത്രീയതകളെയും വിസ്മരിക്കാൻ അത് ഇടവരുത്തിക്കൂടാ. എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ വർഷത്തിലെ 41,906ൽ നിന്ന് 1,21,318 ലേക്ക് വർധിച്ചത് അസാധാരണമാണ്. 1,60,258 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡോ അതിന് മുകളിലോ നേടി. ഒരു കുട്ടിക്കുപോലും ഒരു വിഷയത്തിനും ഇക്കുറി ഇ ഗ്രേഡ് ലഭിച്ചിട്ടില്ല. കുട്ടികൾ മത്സരപ്പരീക്ഷകളെ അഭിമുഖീകരിക്കാൻ കരുത്താർജ്ജിച്ചിരിക്കുന്നുവെന്നാണ് ഇതിനർഥമെങ്കിൽ നമ്മുടെ സന്തോഷത്തെ ഇരട്ടിപ്പിക്കുമായിരുന്നു. എന്നാൽ യാഥാർഥ്യം, ഓൺലൈൻ പഠനത്തിന്റെ പരിമിതി മനസ്സിലാക്കി ഒരു കുട്ടിയും പിന്നിലായിപ്പോകരുതെന്ന കരുതലിെൻറ പേരിൽ കൂടുതൽ ചോദ്യങ്ങൾ നൽകി അറിയാവുന്ന ഉത്തരങ്ങളെല്ലാം എഴുതാനുള്ള ചോയ്സും അതിനുള്ള മാർക്കും നൽകിയ മൂല്യനിർണയത്തിെൻറ പ്രതിഫലനമാണ്. നവീകരിച്ച ഈ മൂല്യ നിർണയം മിടുക്കരായ കുട്ടികൾക്ക് പരീക്ഷയെ വളരെ ലളിതമാക്കുകയും ശരാശരി വിദ്യാർഥികൾക്കും എളുപ്പത്തിൽ മികച്ച ഗ്രേഡ് നേടാൻ സഹായകരമാകുകയും ചെയ്തു.
വിദ്യാർഥികളുടെ ബൗദ്ധിക ശേഷി മനസ്സിലാക്കുന്നതിനും വിദ്യാഭ്യാസത്തിെൻറ നിലവാരമളക്കുന്നതിനുമുള്ള ഏക ഉരക്കല്ലല്ല പരീക്ഷ സമ്പ്രദായമെന്നത് ശരിതന്നെ. പക്ഷേ, വിദ്യാർഥികളിൽ ഒരു വിഭാഗത്തിനെങ്കിലും തെറ്റായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. വലിയ വിജയ മാർജിനുകളുണ്ടാക്കാൻവേണ്ടി പരീക്ഷാരീതികളിൽ വെള്ളം ചേർക്കുന്നത് താൽക്കാലികമായ ഉൾപ്പുളകങ്ങൾക്ക് ഉപകരിച്ചേക്കും. എന്നാൽ, നിലനിൽക്കുന്ന മത്സരാധിഷ്ഠിത സാമൂഹിക ക്രമത്തിൽ വിദ്യാർഥികൾക്കും സമൂഹത്തിനും കനത്ത നഷ്ടമാണ് ഭാവിയിൽ വരുത്തിവെക്കുക. കോവിഡ് കാലത്ത് നടപ്പിൽ വരുത്തിയ മൂല്യനിർണയ രീതികൾ വിദ്യാഭ്യാസ വകുപ്പും വിദഗ്ധരും നിർബന്ധമായും പുനഃപരിശോധിച്ച് കൂടുതൽ ശാസ്ത്രീയമാക്കേണ്ടതുണ്ട്.
പുതിയ അധ്യയന വർഷത്തിലും വിദ്യാലയങ്ങളുടെ തുറക്കൽ അനിശ്ചിതമായി നിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ പഠനം കുറെക്കൂടി ശക്തവും ശാസ്ത്രീയവുമാക്കിയേ തീരൂ. നിർധന കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾക്കെല്ലാം സുഗമമായ ഓൺലൈൻ പഠനം ഈ അധ്യയനവർഷത്തിൽ ഉറപ്പാക്കാൻ കഴിയണം. പരാജയപ്പെട്ട കുട്ടികളിൽ നല്ലൊരു വിഭാഗവും പട്ടികജാതി പട്ടികവർഗ വിദ്യാർഥികളും ദരിദ്രമേഖലകളിൽനിന്ന് വരുന്നവരുമാെണന്ന് ബോധ്യപ്പെടുത്തുന്നുണ്ട് പത്താം ക്ലാസിലെ ഫലം. ഈ മേഖലയിൽ അധ്യാപകരുടെ വീടുസന്ദർശനങ്ങൾ, വിദ്യാർഥികളുമായുള്ള നിരന്തര സമ്പർക്കങ്ങൾ തുടങ്ങിയവ കോവിഡ് കുറഞ്ഞ പ്രദേശങ്ങളിൽ അനിവാര്യമാണ്. വിദ്യാർഥികളെ ഏറ്റവും നല്ല സാമൂഹിക ജീവികളാക്കുന്നത് പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും വിദ്യാലയങ്ങളിലെ സാമൂഹിക ഇടപഴക്കങ്ങളിലൂടെയുമാണ്. ഒരിക്കലും നികത്താനാകാത്ത ആ നഷ്ടത്തെക്കൂടി അഭിമുഖീകരിക്കാൻ കഴിയുമ്പോഴേ വരുംകാലത്ത് ഈ മഹത്തായ വിജയം ശാശ്വത സന്തോഷമായി നിലനിൽക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.