യുദ്ധത്തിൽ തോൽക്കുക ഭൂമി മുഴുവനുമാണ്




യുക്രെയ്നിൽ റഷ്യ അധിനിവേശം നടത്തിയതിനെ തുടർന്നുള്ള സംഘർഷ സാഹചര്യങ്ങൾ ലോകശ്രദ്ധ പിടിച്ചെടുത്ത സമയത്ത് ഭൂമിയുടെ മൊത്തം പ്രതിസന്ധിയെപ്പറ്റിയുള്ള മറ്റൊരു റിപ്പോർട്ട് ലോകം അറിയാതെപോയി. ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള ഐ.പി.സി.സി (കാലാവസ്ഥ മാറ്റം സംബന്ധിച്ച അന്തർ സർക്കാർ സമിതി)യുടെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് സെക്രട്ടറി ജനറൽ അന്റോണിയോ ഗു​െട്ടറസ് പറഞ്ഞു: 'ഈ റിപ്പോർട്ട് മനുഷ്യദുരിതങ്ങളുടെ അറ്റ്ലസാണ്. കാലാവസ്ഥാ പ്രശ്നത്തിന് പരിഹാരം കാണേണ്ട നേതൃത്വത്തിന്റെ പരാജയത്തെപ്പറ്റിയുള്ള കുറ്റപത്രമാണ്.' കാലാവസ്ഥാ പ്രതിസന്ധി കൈവിട്ടുപോകുന്നതിന്റെ ലക്ഷണങ്ങൾ വസ്തുനിഷ്ഠമായി വിവരിക്കുന്നുണ്ട് റിപ്പോർട്ടിൽ. 67 രാജ്യങ്ങളിൽനിന്നായി 270 ഗവേഷകർ വിശദമായി പഠിച്ച് തയാറാക്കിയതാണ് ഈ റിപ്പോർട്ട്. യൂറോപ്പിലെ യുദ്ധത്തെക്കാൾ പ്രാധാന്യമുള്ളതാണ് ഭൂമിയുടെ മുഴുവൻ പ്രതിസന്ധി വരച്ചുകാട്ടുന്ന ഈ വിവരണമെങ്കിലും അത് പ്രധാന വാർത്തകളുടെ കൂട്ടത്തിൽപോലും നാം കാണുന്നില്ല. ഇത്, മുമ്പുതന്നെ നമ്മെ ഇത്തരം പ്രതിസന്ധിയിൽ കൊണ്ടെത്തിച്ച തെറ്റായ മുൻഗണനകളെക്കുറിച്ചുകൂടി പറഞ്ഞുതരുന്നുണ്ട്. കാരണം, ഇതുവരെ വന്ന കാലാവസ്ഥാ റിപ്പോർട്ടുകളെക്കാളെല്ലാം ഗുരുതര സ്വഭാവം ഇപ്പോഴത്തേതിനുണ്ട്. പരിഹാര ശ്രമങ്ങൾക്ക് വളരെ കുറച്ച് സമയം കൂടി മാത്രമാണ് ബാക്കിയുള്ളതെന്നും, ഇത് അവഗണിച്ചാൽ അടുത്ത റിപ്പോർട്ട് വരുമ്പോഴേക്കും എല്ലാം തിരിച്ചുപിടിക്കാനാകാത്തവിധം കൈവിട്ടുപോയിരിക്കുമെന്നും 195 രാജ്യങ്ങൾ ഒപ്പുവെച്ച റിപ്പോർട്ട് കാര്യകാരണസഹിതം സമർഥിക്കുന്നു. മുമ്പ് പ്രവചിച്ചതിനെക്കാളൊക്കെ ഗുരുതരമാണ് ഇതിനകം അനുഭവപ്പെട്ടുതുടങ്ങിയ പ്രത്യാഘാതങ്ങൾ. പ്രകൃതിക്ഷോഭങ്ങളുടെ എണ്ണവും തീവ്രതയും മുമ്പ് കരുതിയതിനെക്കാൾ കൂടുതലാണ്. കാലാവസ്ഥാ പ്രതിസന്ധിമൂലമുള്ള ദാരിദ്ര്യം, പട്ടിണി, രോഗങ്ങൾ, ജീവിവർഗ നാശം തുടങ്ങിയവയിലെല്ലാം ഈ വർധന കാണുന്നു. ഭൂമിയിലെ കൃഷിയോഗ്യമായ സ്ഥലങ്ങളിൽ എട്ടു ശതമാനത്തോളം ഇല്ലാതാകുന്നതോടെ ഭക്ഷ്യക്ഷാമം രൂക്ഷമാകും. കാലാവസ്ഥ പ്രതിസന്ധി നേരിട്ടു ബാധിക്കാൻ പോകുന്ന പ്രദേശങ്ങളിലാണ് ഭൂമിയിലെ മൊത്തം ജനസംഖ്യയുടെ 40 ശതമാനം (350 കോടി ജനങ്ങൾ) ജീവിക്കുന്നത്. ജീവിവർഗങ്ങളുടെ ആവാസവ്യവസ്ഥകൾ വീണ്ടെടുക്കാനാകാത്ത തകർച്ചയിലേക്ക് വീണുകൊണ്ടിരിക്കുന്നു.

ഈ വിപത്തിന്റെ ഓരത്തുനിന്നുകൊണ്ട് മനുഷ്യൻ ചെയ്യുന്നതെന്താണ്? പരിസ്ഥിതിത്തകർച്ച സൃഷ്ടിക്കുന്ന ഏറ്റവും വലിയ വ്യവസായം യുദ്ധമാണ്. ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് ബോംബുകളിടുന്ന വിനോദത്തിന് കുറവില്ല. ഏഷ്യയിൽനിന്നും മിഡിലീസ്റ്റിൽനിന്നും യൂറോപ്പിലേക്കുകൂടി അത് പടർന്നെന്നു മാത്രം. ഇത് സൃഷ്ടിക്കുന്നത് പരിസ്ഥിതിത്തകർച്ച മാത്രമല്ല, കാലാവസ്ഥ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ ശ്രദ്ധയോ വിഭവങ്ങളോ ആ മേഖലയിലേക്ക് തിരിച്ചുവിടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത ലോകം, അതിന്റെ ശ്രദ്ധയും വിഭവങ്ങളും മറ്റൊരു യുദ്ധത്തിനുവേണ്ടികൂടി ചെലവിടേണ്ടിവന്നിരിക്കുന്നു. പരിസ്ഥിതി ദൂഷണത്തിന് ഏറ്റവും കൂടുതൽ ഉത്തരവാദികൾ സമ്പന്ന രാജ്യങ്ങളും അതിന്റെ ഏറ്റവും വലിയ ഇരകൾ ദരിദ്രരാജ്യങ്ങളുമാണ് എന്നത് സർവാംഗീകൃത സത്യമാണ്. അതുകൊണ്ടുതന്നെ, പരിസ്ഥിതിത്തകർച്ചക്ക് നഷ്ടപരിഹാരമായും അത് മറികടക്കാനുമായി സമ്പന്നരാജ്യങ്ങൾ ദരിദ്രരാജ്യങ്ങൾക്ക് ഓരോ വർഷവും പതിനായിരം കോടി ഡോളർ സഹായമായി നൽകും എന്ന ധാരണ ഒപ്പുവെച്ചിട്ട് പതിറ്റാണ്ടായി. പക്ഷേ, ഒരിക്കൽ പോലും മുഴുവൻ വാഗ്ദത്ത സംഖ്യ ദരിദ്രരാജ്യങ്ങൾക്ക് കിട്ടിയിട്ടില്ല. ഓരോ വർഷവും പതിനായിരക്കണക്കിന് ഡോളർ കുറവുവരുത്തുന്നു. ഏറ്റവും വലിയ പരിസ്ഥിതി ഹത്യക്കാരാകട്ടെ മലിനീകരണത്തോതിൽ ഗണ്യമായ കുറവുവരുത്തിയിട്ടുമില്ല. പുതിയ കാലാവസ്ഥാ റിപ്പോർട്ടിന്റെ പ്രകാശനവേളയിൽ ഗുട്ടെറസ് അതും ഓർമിപ്പിച്ചു: 'മലിനീകരണ രാക്ഷസന്മാർ നമ്മുടെ ഒരേയൊരു വീടായ ഭൂമിക്ക് തീക്കൊടുത്തിരിക്കുകയാണ്.'

ഭൂമിയുടെ രോഗചികിത്സക്ക് പണവും വിഭവവും ശ്രദ്ധയും കണ്ടെത്തേണ്ടവരാണ് മറ്റൊരു യുദ്ധം കൂടി നടത്തുന്നത്. 2030ഓടെ ഒന്നര ഡിഗ്രി സെൽഷ്യസിൽ അന്തരീക്ഷ താപവർധന ഒതുക്കിനിർത്തുക എന്ന ലക്ഷ്യംപോലും പ്രയാസമായ ഘട്ടത്തിലാണ് ആണവശാലകളടക്കം ലക്ഷ്യമിട്ടുള്ള പോരാട്ടം നടക്കുന്നത്. ഭീകരയുദ്ധങ്ങൾ ഉടനടി നിർത്താൻ ന്യായം മറ്റൊന്നുമില്ലെന്നുവന്നാൽപോലും കാലാവസ്ഥാ പ്രതിസന്ധി മാത്രം അതിന് കാരണമാകേണ്ടതാണ്. നാറ്റോ അടക്കമുള്ള സൈനിക സഖ്യങ്ങൾക്കും റഷ്യ ഉൾപ്പെടെയുള്ള അധിനിവേശകർക്കും ഭൂമിയുടെ അവസ്ഥ ബോധ്യപ്പെടേണ്ടതല്ലേ? ആണവശക്തികൾ തമ്മിൽ യുദ്ധം നടന്നാൽ അത് അവസാന യുദ്ധമാകുമെന്നു പറയാറുണ്ട്. പക്ഷേ, രോഗാവസ്ഥയിലുള്ള ഭൂമിക്ക് ഇന്ന് ചെറിയ യുദ്ധങ്ങൾ പോലും താങ്ങാനാകില്ല എന്നതാണ് വസ്തുത. ബദൽ ഇന്ധനങ്ങളിലേക്കുള്ള മാറ്റം പോലെ പ്രധാനമാണ് യുദ്ധം ചെയ്യില്ല എന്ന തീരുമാനം. ഐ.പി.സി.സി റിപ്പോർട്ട് പുറത്തിറക്കുകയും അതിന്റെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഐക്യരാഷ്ട്രസഭ അതിന്റെ പ്രാഥമിക ധർമമായ സമാധാനപാലനത്തിൽ പരാജയപ്പെട്ടതിന്റെ ഫലം നാം അനുഭവിക്കുന്നു. ഭൂമിയെ രാഷ്ട്രീയക്കാരിൽനിന്ന് രക്ഷിക്കാൻ കാലാവസ്ഥ ശാസ്ത്രജ്ഞരെ രംഗത്തിറക്കാനെങ്കിലും കഴിയുമോ എന്നാണ് യു.എന്നിന് ഇനി നോക്കാവുന്നത്.

Tags:    
News Summary - The war will defeat whole earth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.