അറുകൊലകൾക്ക്​ അറുതിയില്ലേ?

എത്രയേറെ സമാധാന പുനഃസ്​ഥാപന സർവകക്ഷിയോഗങ്ങൾ നടന്നാലും കക്ഷികൾ തമ്മിൽ ‘വെടിനിർത്തൽ’ കരാറുകൾ ഒപ്പിട്ടാലും കോടതികൾ നിരവധിതവണ വിലക്കിയാലും നേതാക്കൾ ഉറപ്പുകൾക്കുമേൽ ഉറപ്പുകൾ നൽകിയാലും പ്രതിഷേധ ഹർത്താലുകൾ ആവർത്തിച്ച ാവർത്തിച്ച്​ നിത്യസംഭവമായി മാറിയാലും പ്രബ​ുദ്ധകേരളം അറുകൊല രാഷ്​ട്രീയത്തിൽനിന്ന്​ ഒരിക്കലും മുക്തമാവാൻ ​പോകുന്നില്ലെന്നാ ണോ നാം വിശ്വസിക്കേണ്ടത്​? ഞായറാഴ്​ച രാ​ത്രി കാസർ കോട്​ പെരിയയിൽ കോൺഗ്രസുകാരായ രണ്ടു യുവാക്കൾ -കൃപേഷും ശരത്​ലാലും -മൃഗീയമായി കൊലചെയ്യപ്പെട്ട സംഭവം അറിയാനിടവരുന്ന ഏതു​ കേരളീയനും സ്വയം ചോദിച്ചുപോകുന്ന ചോദ്യമാണിത്​. ടി.പി. ചന്ദ്രശേഖരനെ അമ്പത്തൊന്ന്​ വെട്ടുകൾ വെട്ടി പൈശാചികമായി വധിച്ച അതി ക്രൂരകൃത്യത്തിനെതിരെ സംസ്​ഥാനവ്യാപകമായ പ്രതിഷേധങ്ങളും അപലപനങ്ങളും ഉയർന്നു. മാത്രമല്ല, പൊലീസ്​ കേസിൽ പ ിടിക്കപ്പെട്ടവരെല്ലാം കേരളത്തിലെ ഏറ്റവും വലിയ ഇടതുപക്ഷപാർട്ടിയുടെ സജീവപ്രവർത്തകരോ പ്രാദേശിക നേതാക്കളോ ആണെന്ന വസ്​തുതയും ആ പാർട്ടിയെ പ്രതിരോധത്തിലാക്കിയതിനെ തുടർന്ന്​ സി.പി.എം ഒരിക്കല​ും കൊലപാതക രാഷ്​ട്രീയത്തിൽ ഇടപെടുകയോ അതിനെ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന ഉറപ്പ്​ ഉത്തരവാദപ്പെട്ടവർ നൽകിയിരുന്നതാണ്​. പക്ഷേ, ആ ഉറപ്പുകളെല്ലാം കുറുപ്പി​​െൻറ ഉറപ്പുകളായിമാറാൻ അധിക സമയം വേണ്ടിവന്നില്ല. മുസ്​ലിംലീഗുകാരനായ അരിയിൽ ഷുക്കൂറും കോൺഗ്രസ്​ പ്രവർത്തകനായ ശുഹൈബും കൊലക്കത്തിക്കിരയായി.

ഷുക്കൂർ വധത്തിലെ പ്രതിപ്പട്ടികയിൽ ഏറ്റവുമൊടുവിൽ സി.ബി.​െഎ -സി.പി. എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനെയ​ും ടി.വി. രാജേഷ്​ എം.എൽ.എയെയും ചേർത്തിരിക്കുകയാണ്​. അതു ബി.ജെ.പിയു​ം കോൺഗ്രസും ചേർന്ന്​ നടത്തിയ രാഷ്​ട്രീയ ഒാപറേഷ​​െൻറ ഫലമാണെന്ന്​ സി.പി.എം കുറ്റപ്പെടുത്തുന്നുവെങ്കിലും ഇത്തരം വിശദീകരണങ്ങൾ ജനങ്ങൾ മുഖവിലയ്​ക്കെടുക്കാത്ത സാഹചര്യം പാർട്ടി സൃഷ്​ടിച്ചുവെച്ചിട്ടുണ്ടെന്ന യാഥാർഥ്യം സമ്മതിക്കുന്നതാണ്​ ശരി. ഇപ്പോൾ നടന്ന കാസർകോ​െട്ട ഇരട്ടക്കൊലയിലും സി.പി.എമ്മിന്​ പ​ങ്കുണ്ടെന്നാണ്​ പൊലീസ്​ ​തയാറാക്കിയ പ്രഥമ വിവര റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്​. ഇൻക്വസ്​റ്റിൽ പറയുംപ്രകാരം കൊല അതിക്രൂരമായിട്ടാണ്​ നടത്തിയിരിക്കുന്നത്. നേരത്തേയുണ്ടായ കോൺഗ്രസ്​-സി.പി. എം സംഘർഷത്തി​​െൻറ പരിണതിയാണ്​ പുതിയ മൃഗീയ ഹത്യ എന്ന്​ റിപ്പോർട്ട്​ ചെയ്യപ്പെടു​േമ്പാഴും അത്​ ആസൂത്രിതമാണെന്ന കോൺഗ്രസ്​ നേതാക്കളുടെ ആരോപണം തീരെ കഴമ്പില്ലാത്തതാണെന്ന്​ വാദിക്കാനാവില്ല. സി.പി.എം ഉന്നത നേതാക്കളുടെ അറിവോടെയാണ്​ അത്​ നടന്നതെന്ന കോൺഗ്രസ്​ മുതിർന്ന ദേശീയ നേതാവ്​ എ.കെ. ആൻറണിയുടെ ആരോപണം സി.പി.എം നേതൃത്വത്തി​​െൻറ വസ്​തുനിഷ്​ഠമായ മറുപടി ആവശ്യപ്പെടുന്നതാണ്​. എന്നാൽ, സംഭവം അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന്​ സമ്മതിച്ചുകൊണ്ട്​ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ നടത്തിയ പ്രസ്​താവനയിൽ ക്ഷമാപണ ധ്വനിയാണ്​ നിഴലിക്കുന്നത്​. കൊലപാതകം നടത്തിയവർ പാർട്ടിയിൽ ഉള്ളവരാണെങ്കിൽ അച്ചടക്ക നടപടിയുണ്ടാവുമെന്നും അത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ഉറപ്പു നൽകുന്നു. എന്തെല്ലാം പ്രകോപനങ്ങൾ ഉണ്ടായാലും അക്രമങ്ങളും കൊലപാതങ്ങളും പാടില്ല; സി.പി.എം പ്രവർത്തകർ ഒരു അക്രമവും നടത്താൻ പാടില്ല എന്ന്​ പാർട്ടി സംസ്​ഥാന കമ്മിറ്റി പരസ്യമായി ആഹ്വാനം ചെയ്​തതാണെന്നും കോടിയേരി ഒാർമിപ്പിച്ചിട്ടുണ്ട്​.

നിശ്ചയമായും രാഷ്​ട്രീയ കൊലപാതകങ്ങൾ സി.പി.എമ്മി​​െൻറ മാത്രം ​െറ​േക്കാഡല്ല. ആർ.എസ്​.എസ്​-ബി.ജെ.പി സംഘങ്ങൾ നിരവധി അറുകൊലകൾ നടത്തിയിട്ടുണ്ട്​. യു.ഡി.എഫ്​ ഘടകപാർട്ടികളും തെളിവെള്ളത്തിൽ മുങ്ങാൻ അർഹരല്ല. എങ്കിലും സംസ്​ഥാനം പലതവണ ഭരിച്ച, ഇപ്പോഴും ഭരിക്കുന്ന, നിയമവാഴ്​ച സുഗമമായി നടത്താൻ ചുമതലപ്പെട്ട ഒരു മുന്നണിയിലെ ഏറ്റവും പ്രമുഖ പാർട്ടിയെന്ന നിലയിൽ സി.പി.എമ്മി​​െൻറ ഉത്തരവാദിത്തം സർവോപരി വലുതാണ്​. സെക്രട്ടറി കോടിയേരി ഉറപ്പിച്ചു പറഞ്ഞതാണ്​ പാർട്ടിയുടെ അചഞ്ചല നയമെങ്കിൽ അത്​ അണികളുടെ പെരുമാറ്റത്തിലൂടെയാണ്​ പ്രകടമാവേണ്ടത്​. നിർഭാഗ്യവശാൽ ബലപ്രയോഗത്തെ പാടെ നിരാകരിക്കുന്ന പ്രസ്​ഥാനമായി സി.പി.എമ്മിനെ കാണാൻ ജനങ്ങളെ അനുവദിക്കാത്തതാണ്​ പ്രവർത്തകരുടെ പ്രദർശനം. ഏതെങ്കിലും പ്രവർത്തകർ പ്രകോപിതരായി പെ​െട്ടന്ന്​ പ്രതികരിച്ചതാണ്​ ഗതകാല കൊലപാതകങ്ങളെന്ന്​ വാദിക്കാൻ നേതൃത്വത്തിന്​ സാധ്യമല്ല. മാത്രമല്ല, ക്രൂരമായ കൊലപാതക കേസുകളിൽ ഉൾപ്പെട്ട പ്രവർത്തകരെ സാധ്യമായ വിധത്തിലെല്ലാം രക്ഷപ്പെടുത്താനും അഥവാ ശിക്ഷിക്കപ്പെട്ട്​ ജയിലിലെത്തിയാൽപോലും അവരെ വിടുവിക്കാൻ സർവവിധ തന്ത്രങ്ങളും പയറ്റാനും നേതൃത്വം ഉദ്യുക്​തമാവുന്നതാണ്​ കഴിഞ്ഞകാല അനുഭവം. താനെന്ത്​​ അത്യാചാരത്തിലേർപ്പെട്ടാലും പാർട്ടി കൂടെയുണ്ടെന്ന വിശ്വാസം പ്രവർത്തകർക്കുണ്ടെങ്കിൽ അവരൊരിക്കലും നേർവഴിയെ വരാൻ സാധ്യതയില്ലെന്ന്​ വ്യക്​തം. അതിനാൽ, മറ്റു പാർട്ടികൾക്കുകൂടി മാതൃകയാവുന്നവിധം കൊലപാതകം പോലുള്ള ​മഹാപാതകങ്ങളിൽനിന്ന്​ നിർബന്ധമായും പിന്മാറുന്ന മനുഷ്യോചിതമായ സംസ്​കാരം സി.പി.എം പാർട്ടിയിൽ വളർത്തിയെടുക്കേണ്ടത്​ അവരുടെ തന്നെ ജനസമ്മതിക്കും സ്വീകാര്യതക്കും അനുപേക്ഷമാണ്​. വിശിഷ്യ, നിലനിൽപുപോലും ചോദ്യചിഹ്നമാവുന്ന ഒരു പൊതുതെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ ജനങ്ങളാസകലം വെറുക്കുന്ന ചെയ്​തികൾ പ്രയോഗതലത്തിൽ തള്ളിപ്പറയേണ്ട സാഹചര്യമാണ്​ സി.പി.എം നേരിടുന്നത്​. അതേസമയം, കാസർകോ​െട്ട കൊലക്കുറ്റവാളികളെ പഴുതടച്ച അന്വേഷണത്തിലൂടെ നീതിപീഠത്തി​​െൻറ മുന്നിൽ ഹാജരാക്കുന്നതിൽ സർക്കാറിന്​ സംഭവിക്കാവുന്ന വീഴ്​ച ശക്​തമായി ചോദ്യംചെയ്യപ്പെടുമെന്ന ബോധം ഭരിക്കുന്നവർക്കുണ്ടാവുകയും വേണം.

Tags:    
News Summary - Is there No Ends in Murder - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT