യു.എൻ: എന്തൊരു നിസ്സഹായത!



ലോകത്തോടുള്ള ഇസ്രായേലിന്റെ വെല്ലുവിളി ഇതിലേറെ പ്രകടമാകാനില്ല. സംഘർഷങ്ങളില്ലാതാക്കാനും സമാധാനം കൈവരുത്താനുമായി കൂടിയാലോചനകൾ നടക്കേണ്ട ലോകവേദിയിൽ വന്നുകൊണ്ട് എല്ലാ മര്യാദയും നിയമവും തെറ്റിച്ച് യുദ്ധകാഹളമൂതുവാൻ ധാർഷ്ട്യം കുറച്ചൊന്നും പോരാ. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ലബനാനിലെ ഹിസ്ബുല്ലക്കും നേതാക്കൾക്കും എതിരെ ആക്രമണത്തിന് വ്യംഗ്യമായി ആഹ്വാനം ചെയ്യുന്നു; ഒരു മണിക്കൂറിനകം ഇസ്രായേലി സൈന്യം പരമാധികാര രാഷ്ട്രമായ ലബനാന്റെ തലസ്ഥാനത്ത് വ്യോമാക്രമണം രൂക്ഷമാക്കുന്നു. ബൈറൂത് നഗരത്തിൽ ഉഗ്രശക്തിയുള്ള 80 ബോംബുകളിടുന്നു. ഹിസ്ബുല്ലയുടെ ആസ്ഥാനമെന്ന പേരിൽ ആറ് സിവിലിയൻ പാർപ്പിട സമുച്ചയങ്ങൾ പരക്കേ തകർക്കുന്നു. വ്യക്തമായ യുദ്ധക്കുറ്റങ്ങൾക്ക് മുമ്പേ പേരെടുത്ത രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നെതന്യാഹു യു.എൻ പൊതുസഭയിലിരുന്നുകൊണ്ട് യുദ്ധം വ്യാപിപ്പിക്കുമ്പോൾ ലോകം പതിവുപോലെ നിസ്സഹായമായി നോക്കിനിന്നു. ഏഴ് പതിറ്റാണ്ടിന്റെ, പ്രത്യേകിച്ച് കഴിഞ്ഞ 12ഓളം മാസത്തെ, ഈ ആഗോള ‘നിസ്സഹായത’യുടെ ഏറ്റവും മൂർച്ചയുള്ള രൂപകമാണ് കഴിഞ്ഞദിവസം യു.എന്നിൽ കണ്ടത്. അന്താരാഷ്ട്ര സംവിധാനങ്ങളെയും നിയമങ്ങളെയും ധിക്കരിക്കുന്ന ഇസ്രായേലും അതിനെ പിന്തുണക്കുന്ന വൻശക്തി രാഷ്ട്രങ്ങളുമാണ് അവർക്കുതന്നെയും ആപൽക്കരമാകാവുന്ന ഈ പരിണതിക്ക് കാരണക്കാർ.

പത്തുദിവസം മുമ്പാണ് ഐക്യരാഷ്ട്ര പൊതുസഭ വൻഭൂരിപക്ഷത്തിൽ ഒരു പ്രമേയം അടിയന്തര പ്രാധാന്യത്തോടെ പാസാക്കിയത്. അധിനിവിഷ്ട ഫലസ്തീൻ ഭൂപ്രദേശങ്ങളിൽനിന്ന് ഒരുവർഷത്തിനുള്ളിൽ പിൻവാങ്ങണമെന്ന് അത് ഇസ്രായേലിനോട് ആവശ്യപ്പെടുന്നു. പ്രമേയത്തെ എതിർക്കാൻ 14 രാജ്യങ്ങളേ ഉണ്ടായുള്ളൂ. അതിനെ പിന്തുണച്ച 124 രാജ്യങ്ങളിൽ, മുമ്പ് ഇസ്രായേലിനെ ശക്തമായി പിന്തുണച്ചുപോന്ന ചിലതുമുണ്ട്. (ഖേദകരമെന്ന് പറയാം, വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന 43 രാജ്യങ്ങളുടെ കൂട്ടത്തിലായി ഇന്ത്യ!). പൊതുസഭയുടെ പ്രമേയത്തിന് ശാസനാധികാരമില്ലെങ്കിലും മുമ്പില്ലാത്തത്ര രൂക്ഷമായ ഭാഷയിൽ അത് ഇസ്രായേലിനെ വിമർശിച്ചു. ഫലസ്തീന് യു.എന്നിൽ വർധിത അധികാരാവകാശങ്ങൾ ലഭ്യമായ സാഹചര്യത്തിൽ കൂടിയാണ് ഈ പ്രമേയം വന്നത്. ലോകജനതയിൽ മഹാഭൂരിപക്ഷത്തിന്റെ വികാരമുൾക്കൊണ്ട പ്രമേയം ഇസ്രായേൽ പതിവുപോലെ അവഗണിച്ചു. നിയമപരമായി അനുസരിക്കാൻ അംഗരാജ്യങ്ങൾക്ക് ബാധ്യതയുള്ള രക്ഷാസമിതി പ്രമേയങ്ങൾതന്നെ 40ഓളം എണ്ണം ഇസ്രായേൽ ധിക്കരിച്ചിട്ടുണ്ടെന്നിരിക്കെ, നിയമബലമില്ലാത്ത പൊതുസഭയുടെ പ്രമേയം എത്ര തീക്ഷ്ണമായാലും ആ രാജ്യത്തിന് പ്രശ്നമാകില്ല. പക്ഷേ, ലോകഹിതം ഇസ്രായേലിനെതിരായിക്കഴിഞ്ഞു എന്ന തിരിച്ചറിവ് നല്ലതാണ്. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ, ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹീം റഈസി, ഇപ്പോൾ ഹസൻ നസ്റുല്ല എന്നിവരെ വധിച്ച രീതി ശരിവെക്കുകയെന്നാൽ ലോകമാകെ അംഗീകരിച്ച നിയമങ്ങൾ പലതും തിരസ്കരിക്കുക എന്നാണർഥമെന്ന് ചില ഭരണകൂടങ്ങളും മനസ്സിലാക്കുന്നു. നാടകീയതക്കും വിജയോന്മാദത്തിനുമപ്പുറം, തെമ്മാടിരാഷ്ട്രവും അതിന്റെ കുറ്റവാളി നേതൃത്വവും ലോകത്തിന് മുമ്പിൽ പ്രതികളായിക്കഴിഞ്ഞു.

ഇപ്പോൾ നടക്കുന്ന യു.എൻ പൊതുസഭയിൽ അനേകം രാജ്യങ്ങൾ ഇസ്രായേലിനെ രൂക്ഷമായ ഭാഷയിലാണ് ശകാരിച്ചത്. ദക്ഷിണാഫ്രിക്ക, ചിലി, സെനഗാൾ, ഹോണ്ടുറസ്, വെനിസ്വേല, നമീബിയ, ബാർബേഡോസ്, സ്ലൊവീനിയ തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്. നെതന്യാഹു പൊതുസഭയിൽ പ്രസംഗിക്കാൻ തുടങ്ങുമ്പോഴേക്ക് പ്രതിഷേധപൂർവം ലോകരാഷ്ട്ര പ്രതിനിധികൾ കൂട്ടമായി എഴുന്നേറ്റുപോയി. ആഗോള പ്രാതിനിധ്യമുള്ള പൊതുസഭക്കല്ല, ഏതാനും ‘ശക്ത’രാഷ്ട്രങ്ങൾക്ക് വീറ്റോ അടക്കം അന്യായ അധികാരമുള്ള രക്ഷാസമിതിക്കാണ് നിയമബലം എന്നതും ഒരു വൈരുധ്യമാണ്. കാലഹരണപ്പെട്ടതും നിർവീര്യമാക്കപ്പെട്ടതുമായ ഐക്യരാഷ്ട്രസഭയുടെ ഘടന പ്രശ്നപരിഹാരത്തിന് പ്രാപ്തമല്ലെന്ന് മാത്രമല്ല, അന്യായത്തിന് കൂട്ടുനിൽക്കാൻ അത് നിർബന്ധിതമാകുന്ന അവസ്ഥയുമുണ്ട്. ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾക്ക് അമേരിക്ക പരിച തീർക്കുന്നു; വൻശക്തികളുടെ കുറ്റങ്ങൾക്ക് യു.എൻ പരിചയാകേണ്ടി വരുന്നു. ഫലസ്തീൻ, ലബനാൻ, സുഡാൻ, യുക്രെയ്ൻ, മ്യാൻമർ, ഹെയ്തി തുടങ്ങി അനേകം ഇടങ്ങളിൽ മനുഷ്യർ കുരുതിക്കിരയാകുമ്പോൾ സംഘർഷം ലഘൂകരിക്കാൻപോലും യു.എന്നിന് കഴിയുന്നില്ല. വൻശക്തികളുടെ അനീതിയോട് യോജിപ്പില്ലാത്ത രാജ്യങ്ങൾ സ്വന്തം നിലക്ക് തീരുമാനമെടുത്ത് മുന്നോട്ടുപോകാൻ ശ്രമിക്കുകയാണ് ഒരു വഴി. ലോകകോടതി, ലോക ക്രിമിനൽ കോടതി തുടങ്ങിയവയുടെ കാര്യക്ഷമത വർധിപ്പിച്ചും രക്ഷാസമിതിയിൽ കൂടുതൽ രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകി പ്രാതിനിധ്യസ്വഭാവം കൈവരുത്തിയും വീറ്റോ അധികാരം (ചുരുങ്ങിയത് ഒറ്റ രാജ്യത്തിന്റെ വീറ്റോ മഹാഭൂരിപക്ഷത്തെ റദ്ദാക്കുന്ന സ്ഥിതിയെങ്കിലും) എടുത്തുകളഞ്ഞും ഇന്നത്തെ ദയനീയാവസ്ഥക്ക് അയവുണ്ടാക്കാൻ കഴിയണം.

Tags:    
News Summary - UN silent on Israel Atrocities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.