പൂരിപ്പിച്ചു പൂർത്തിയാക്കാതെ ഒരു ബജറ്റ്​

വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് മൂല്യമുള്ള (അഞ്ച്​ ട്രില്യൺ ഡോളർ) രാജ്യമ ായി ഇന്ത്യയെ പരിവർത്തിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് രണ്ടാം മോദി സർക്കാറി​െൻറ ആദ്യ ബജറ്റ് ധനമന്ത്രി നിർ മല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം മൂന്നു ട്രില്യൺ (മൂന്നു ലക്ഷം കോടി ഡോളർ)എന്ന ലക്ഷ്യം കൈവരിച്ച് ബ് രിട്ടനെ മറികടക്കുക. തുടർന്ന് 3.68 ട്രില്യൺ മൂല്യമുള്ള ജർമനിയേയും 4.87 ട്രില്യൺ മൂല്യമുള്ള ജപ്പാനെയും മറികടന്ന് യഥ ാക്രമം 12.5, 19.39 ട്രില്യൺ സമ്പദ്മൂല്യമുള്ള ചൈനക്കും യു.എസിനും താഴെ എത്തിച്ചേരുക. ഇതിനുള്ള സാമ്പത്തികസമീപനങ്ങളുടെ യും പദ്ധതികളുടെയും തുടക്കമായാണ് ഈ ബജറ്റിനെ ധനമന്ത്രിയും പ്രധാനമന്ത്രിയും സമീപിച്ചിരിക്കുന്നത്. അതുകൊണ്ടാകണം, വരവു ചെലവുകളുടെ യഥാതഥമായ കണക്കുകൾ വെച്ചുള്ള വസ്തുനിഷ്ഠ ബജറ്റിനു പകരം ഒരു സാമ്പത്തിക പ്രകടനപത്രികയുടെ സ്വഭാവമാണ് ഇന്നലെ അവതരിപ്പിച്ച ബജറ്റിനുള്ളത്. വരുമാനം, ചെലവ്, കമ്മി എന്നിവ പ്രതിപാദിക്കാത്തതും പല വിഷയങ്ങളിലും അവ്യക്തവുമായ ബജറ്റാണിതെന്ന മുൻ ധനമന്ത്രി പി. ചിദംബരത്തി​​െൻറ വിമർശം അർഥവത്താണ്​.

മോദി സർക്കാറി​െൻറ രണ്ടാം ഭരണത്തിലെ പ്രധാന ലക്ഷ്യമായ അഞ്ചു ലക്ഷം കോടി ഡോളറി​െൻറ സമ്പദ്മൂല്യത്തിലേക്കുള്ള പ്രയാണത്തിൽ ഏറ്റവും കൂടുതൽ വിലകൊടുക്കേണ്ടിവരുക ആരായിരിക്കുമെന്നും സമ്പദ്ഘടനയിലെ ഫെഡറൽ സ്വഭാവത്തിൽ വരാൻപോകുന്ന പരിക്കുകളുടെ ആഴം എത്രമാത്രമായിരിക്കുമെന്നതിനെ കുറിച്ചുമുള്ള സൂചനകൾ കന്നി ബജറ്റിൽ ചിതറിക്കിടപ്പുണ്ട്. വമ്പിച്ച വിദേശ മൂലധനവും സ്വകാര്യ നിക്ഷേപവുമാകർഷിച്ചുകൊണ്ട് ധനസമാഹരണം ശക്തമാക്കാനാകുമെന്നാണ് സർക്കാറി​​െൻറ കണക്കുകൂട്ടൽ. അതിനായി രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി മുൻ സർക്കാറുകളേക്കാൾ ശക്തമായി വിൽപന ഈ അഞ്ചു വർഷത്തിനുള്ളിൽ നടത്താനാണ് സർക്കാർ പദ്ധതി. ഈ സാമ്പത്തികവർഷം ഒരു ലക്ഷം കോടിരൂപയാണ് ഓഹരി വിൽപനയിലൂടെ ബജറ്റ് ലക്ഷ്യമിട്ടിരിക്കുന്നത്. കൂടാതെ, നേരത്തെതന്നെ സ്വകാര്യമേഖലക്ക് തുറന്നുകൊടുത്ത റോഡ്, റെയിൽ, ​േവ്യാമഗതാഗത മേഖലയിൽനിന്ന് ഒരു ലക്ഷം കോടിയുടെ സ്വകാര്യ, വിദേശ നിക്ഷേപവും വരുന്ന അഞ്ചു വർഷത്തിനുള്ളിൽ സർക്കാർ ഉദ്ദേശിക്കുന്നു. 2030നകം 50 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റെയിൽവേയിൽമാത്രം പ്രതീക്ഷിക്കുന്നത്. റോഡുകൾ മാത്രമല്ല, ആസന്നഭാവിയിൽ തീവണ്ടികളും റെയിൽപാതകളും വിമാനത്താവളങ്ങളും എയർ ഇന്ത്യയുമെല്ലാം സ്വകാര്യ സംരംഭങ്ങളായി പരിവർത്തിക്കപ്പെടുമെന്ന് സാരം. ബഹിരാകാശ വാണിജ്യവത്കരണത്തിനുള്ള മൂലധനവും വിദേശത്തുനിന്നുതന്നെ സ്വീകരിക്കേണ്ടിവരും. ഇത്രയും ഭീമമായ വിദേശ മൂലധനം കരഗതമാക്കാൻ കൊടുക്കേണ്ടിവരുന്ന വിലകളുടെ വ്യാപ്തി പ്രവചിക്കുക ഇപ്പോൾ അസാധ്യമാണ്.

ബാങ്കിങ് മേഖലക്ക് 70,000 കോടിയുടെ മൂലധന സഹായം സമ്പദ് വ്യവസ്ഥക്ക് പെ​െട്ടന്ന് ഉണർവ് നൽകിയേക്കും. ബാങ്കിങ് മേഖലയുടെ ലയനങ്ങൾക്ക് പ്രാധാന്യം കൊടുക്കാനും പൊതുമേഖല ബാങ്കുകൾ എട്ടിൽ പരിമിതപ്പെടുത്താനും ധാരണയായിരിക്കുന്നു. അതിസമ്പന്നരിൽനിന്നുള്ള സവിശേഷ നികുതിയിലൂടെയും പൊതുജനങ്ങളിൽനിന്ന് ഇന്ധന സെസിലൂടെയും ധനസമാഹരണം ഉറപ്പുവരുത്താനാണ് സർക്കാർപദ്ധതി. അടിസ്ഥാനസാധനങ്ങളിൽ പ്രത്യക്ഷ നികുതി താളം തെറ്റിക്കുക സാധാരണക്കാരുടെ ബജറ്റിനെതന്നെയാണ്. പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏർപ്പെടുത്തുന്നതോടെ രൂക്ഷമായ വിലക്കയറ്റമാണ് സംഭവിക്കാൻപോകുന്നത്. സെസ് സ്പെഷൽ എക്സൈസ് ഡ്യൂട്ടിയായി വർധിപ്പിച്ചതിനാൽ സംസ്ഥാനങ്ങൾക്ക് വരുമാനഫലം ലഭിക്കാതെ കേന്ദ്രത്തിലേക്ക് മാത്രമായി പരിമിതപ്പെടും. കേന്ദ്ര വരുമാനത്തിൽ ഇടിവ് വരാതിരിക്കാൻ സംസ്ഥാനങ്ങളുടെ വിഹിതത്തിലും ഈ ബജറ്റ് കുറവുവരുത്തിയിരിക്കുന്നു. കേരളത്തിന് 6000 കോടിയുടെ കുറവ് സംഭവിച്ചിരിക്കുന്നുവെന്നാണ് സംസ്​ഥാന ധനമന്ത്രി തോമസ് ഐസക്കി​െൻറ പരിദേവനം. തൊഴിലുറപ്പ് പദ്ധതി, ആയുഷ്മാൻ ഭാരത് തുടങ്ങി സാധാരണക്കാരന് പ്രയോജനപ്പെടുന്ന ക്ഷേമപദ്ധതികളുടെ വിഹിതവും വെട്ടിക്കുറക്കപ്പെട്ടിരിക്കുന്നു.

കാർഷികമേഖലയിലെ പ്രശ്നപരിഹാരത്തിനുള്ള വൻപദ്ധതികളോ കാര്യമായ പ്രഖ്യാപനങ്ങളോ ഒന്നും തന്നെയില്ല. രാജ്യത്തി​െൻറ പകുതിയിലേറെ പ്രദേശങ്ങൾ അഭിമുഖീകരിക്കുന്ന വരൾച്ച പരിഹരിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ബജറ്റ് നിശ്ശബ്​ദമാണ്. പതിനായിരം കർഷക ഉൽപാദകസംഘങ്ങൾ രൂപവത്കരിച്ചും കാർഷിക, ഗ്രാമീണമേഖലയിൽ 75,000 സംരംഭകരെ വളർത്തിയെടുത്തും കാർഷികമേഖലയെ പുനരജ്ജീവിപ്പിക്കാനാകുമെന്നത് നിലവിലെ സാഹചര്യത്തിൽ അതിരുകവിഞ്ഞ വിശ്വാസമാണ്. പ്രതിരോധ മേഖലയിലെ ഇറക്കുമതി ഉപകരണങ്ങൾക്ക് നൽകുന്ന ഇളവുകളുടെ ഗുണഭോക്താക്കൾ അമേരിക്കയും ഇസ്രായേലുമാണ്. ട്രംപി​െൻറ സമ്മർദ രാഷ്​ട്രീയത്തിന്​ ഫലമുണ്ടായെന്നാണ് നികുതി നിർദേശങ്ങളിലെ സൂചനകൾ.

പ്രധാനമന്ത്രി ആഗ്രഹിക്കുന്ന അഞ്ചു ലക്ഷം കോടി ഡോളർ സമ്പദ് വ്യവസ്ഥയായി രാജ്യം മാറണമെങ്കിൽ പ്രതിവർഷം എട്ടു ശതമാനം സാമ്പത്തിക വളർച്ചനിരക്ക് നിലനിൽക്കണം. സാമ്പത്തിക വളർച്ചയിൽ കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഈ വർഷത്തേത്. അടുത്ത വർഷത്തെ പ്രതീക്ഷിത നിരക്ക് ഏഴു ശതമാനവും. ദേശീയ വരുമാനത്തി​െൻറ 39 ശതമാനമായിരുന്ന നിക്ഷേപം നിലവിൽ 29 ശതമാനമാണ്. ബജറ്റ് പ്രഖ്യാപിക്കുന്നത് അവ 35 ശതമാനത്തിലേക്ക് ഉയർത്തണമെന്നാണ്. 40 ശതമാനത്തിലധികമായാലേ ലക്ഷ്യം നേടാനാകുമെന്ന പ്രത്യാശപോലുമുണരുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ അതത്രെ എളുപ്പമല്ല. ആഗോള സാമ്പത്തികമാന്ദ്യവും ഇന്ത്യ നേരിടുന്ന സവിശേഷ സാമ്പത്തിക പ്രതിസന്ധിയും പ്രധാനമന്ത്രിയും ധനമന്ത്രിയും പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ മൂന്നാമ​െത്ത സാമ്പത്തിക ശക്തിയെന്ന ലക്ഷ്യത്തെ സാക്ഷാത്കരിക്കുക എളുപ്പമ​െല്ലന്നാണ് ബജറ്റിലെ പൂരിപ്പിക്കാതെ ഒഴിച്ചിട്ട കോളങ്ങൾ സൂചിപ്പിക്കുന്നത്​.

Tags:    
News Summary - Union budget 2019-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.