സംസ്ഥാനത്ത് വിലക്കയറ്റം ജനത്തിനു ദുർവഹമായി മാറുകയാണ്. പെട്രോളിെൻറ, ഡീസലിെൻറ അടിക്കടി വിലവർധനക്കൊപ്പം പാചകവാതക വിലയും കുത്തനെ കൂടിയതിനു പിറകെയാണ് ഉള്ള കഞ്ഞിയിലും മണ്ണുവീഴ്ത്തും വിധത്തിൽ നിത്യോപയോഗസാധന വില വാണംകണക്കെ കുതിക്കുന്നത്. പച്ചക്കറിയായിരുന്നു വിലക്കയറ്റത്തിൽ മുന്നിൽ എങ്കിൽ ഏതാനും നാളുകളായി അരിയടക്കമുള്ള നിത്യോപയോഗസാധനങ്ങളുടെയും വില കയറിത്തുടങ്ങി. പൊതുവിപണി ജനത്തിെൻറ മുതുകൊടിക്കുേമ്പാൾ അവർക്ക് വില നിയന്ത്രിച്ച് ആശ്വാസം പകരേണ്ട സപ്ലൈകോ പോലുള്ള സർക്കാർ സംവിധാനങ്ങളും വില കൂട്ടി വിൽക്കുന്നതിനാണ് ശ്രമിക്കുന്നത്.
പത്തു ദിവസത്തിനിടെ രണ്ടുതവണ സപ്ലൈകോ വില വർധിപ്പിച്ചു. അരി, മല്ലി, മുളക്, തുവരപ്പരിപ്പ്, ചെറുപയർ, വെളിച്ചെണ്ണ, കടുക്, ജീരകം തുടങ്ങിയ പലവ്യഞ്ജനങ്ങൾക്ക് വില കുതിച്ചുകയറിയതിനു പുറമെ തക്കാളി, പച്ചമുളക്, വെണ്ടക്ക, കാബേജ് തുടങ്ങി സാധാരണ പച്ചക്കറിയിനങ്ങളിൽ പലതും നൂറു കടന്നിരിക്കുന്നു. മുരിങ്ങക്കായ മുന്നൂറു കടന്നു മുന്നോട്ടുതന്നെ. ഈ പോക്ക് എവിടംവരെ എന്നതിന് അധികൃതർക്കുമില്ല ഒരു തിട്ടവും എന്നതാണ് കൂടുതൽ ആശങ്കജനകം. ഏറെയും കുടുംബത്തിലെ ഏകാംഗ വരുമാനത്തെ ആശ്രയിച്ചുകഴിയുന്ന കേരളത്തിൽ നിശ്ചിതവരുമാനമില്ലാത്ത സാധാരണക്കാരെയാണ് വിലക്കയറ്റം കൂടുതൽ വലക്കുന്നത്.
കഴിഞ്ഞ മാസങ്ങളിൽ കാലംതെറ്റി പെയ്ത മഴയാണ് കേരളത്തിെൻറ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ഇതോടെ വിളവു കുറയുകയും വിപണിയിൽ ഉൽപന്ന വരവ് മന്ദഗതിയിലാകുകയും ചെയ്തു. ഉൽപാദനം കുറഞ്ഞെങ്കിലും ചോദനയിൽ കുറവൊന്നുമില്ലാതെ വരുേമ്പാൾ സ്വാഭാവികമായും വിലക്കയറ്റമായിരിക്കും ഫലം. കാലാവസ്ഥ വ്യതിയാനം മൂലം കർഷകർ അനുഭവിക്കേണ്ടി വന്ന ചതിയേക്കാൾ ക്രൂരമായിരുന്നു ഇന്ധനവില വർധന അവർക്കുമേൽ അടിച്ചേൽപിച്ചത്. ഇന്ധനവില ക്രമാതീതമായി ഉയരുന്നതോടെ കടത്തുപാധികളായ ലോറികളുടെയും അനുബന്ധവാഹനങ്ങളുടെയും വാടക വർധിക്കുന്നതും വിലക്കയറ്റത്തിനു കാരണമായി വ്യാപാരികൾ പറയുന്നു. ഇക്കാരണങ്ങളാൽ കേരളം വൻതോതിൽ പച്ചക്കറിക്ക് ആശ്രയിക്കുന്ന തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ഇത്തവണ പ്രതീക്ഷിച്ച മട്ടിലായില്ല.
മുല്ലപ്പെരിയാറിൽനിന്നു വിട്ടുകൊടുക്കുന്ന വെള്ളം ഉപയോഗിക്കുന്ന തമിഴ്നാടാണ് പച്ചക്കറിയിൽ കേരളത്തിെൻറ മുഖ്യാശ്രയം. അവിടെ നിന്നു പച്ചക്കറി വാങ്ങി സംഭരിച്ചു വിലക്കയറ്റം പിടിച്ചുനിർത്താമെന്ന പ്രതീക്ഷയിലായിരുന്നു ഗവൺമെൻറ്. ഡിസംബർ രണ്ടിനു കേരളത്തിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഹോർട്ടികോപ്പ് മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ തെങ്കാശിയിലെത്തി തമിഴ്നാട് കൃഷിവകുപ്പുമായും വൻകിട കർഷക കൂട്ടായ്മകളുമായും പച്ചക്കറി വാങ്ങി സംഭരിക്കുന്ന കാര്യം ചർച്ച നടത്തിയിരുന്നു.
മൊത്തവിപണിയിലെ വിലയ്ക്കു പച്ചക്കറി നൽകാൻ അവർ സമ്മതമറിയിച്ചു. ഈ മാസം എട്ടിനു കരാർ ഒപ്പിട്ട് അടുത്തനാൾ തന്നെ പച്ചക്കറി സംഭരിക്കാമെന്ന ധാരണയിൽ ഉദ്യോഗസ്ഥർ പിരിഞ്ഞെങ്കിലും രണ്ടു നാൾ മുമ്പാണ് കരാർ കേരളം കൈമാറുന്നത്. പച്ചക്കറി സംഭരണത്തിന് ഇനിയും കാലതാമസമുണ്ടെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥർ പറയുന്നത്. ഇക്കാര്യത്തിൽ ദുരൂഹത നീക്കി പ്രക്രിയ സുതാര്യവും സുഗമവുമാക്കേണ്ടതുണ്ട്. വെള്ളത്തിനു പകരം പച്ചക്കറി എന്ന പണ്ടേ നിലനിന്നുപോന്ന ധാരണ തമിഴ്നാടുമായി വിളക്കിച്ചേർക്കാൻ സംസ്ഥാന ഭരണകൂടം തയാറാകണം. കേരളത്തിെൻറ ഡിമാൻറ് വർധിക്കുന്നുവെന്നു കണ്ടു തമിഴ്നാട് വിലപേശലിലേക്കു നീങ്ങുന്നുവെന്നാണ് തെങ്കാശിയിൽനിന്നുള്ള മനംമാറ്റവും കാലതാമസവും സൂചിപ്പിക്കുന്നത്.
പച്ചക്കറി ഉൽപാദനം വർധിപ്പിക്കാനുള്ള പല മാർഗങ്ങളും സംസ്ഥാനസർക്കാർ നടപ്പാക്കുന്നുണ്ട്. വിദ്യാലയങ്ങളിലൂടെ വിത്തും തൈകളും നൽകിയും കലാലയങ്ങളിലും െറസിഡൻറ്സ് അസോസിയേഷൻ അടക്കമുള്ള പ്രാദേശികകൂട്ടായ്മകളിലും അടുക്കളത്തോട്ടങ്ങളും പച്ചക്കറി കൃഷിയും സാർവത്രികമാക്കാനുള്ള ബോധവത്കരണവും പരിശീലനവും നൽകിയും ഒരു കൈ നോക്കുന്നുണ്ട്. അതിെൻറ ഫലമെന്നോണം കൂട്ടുകൃഷിസംരംഭങ്ങളുടെ വിളവെടുപ്പുകൾ വലിയ ആഘോഷപൂർവം നടന്നുവരുന്നു. എല്ലാമായിട്ടും നമ്മുടെ പച്ചക്കറിക്ഷാമം തീർക്കുന്നതിെൻറ നാലയലത്ത് ഇതൊന്നും എത്തുന്നില്ല എന്നതാണ് കൗതുകകരം. 20 ലക്ഷം മെട്രിക് ടൺ പച്ചക്കറിയാണ് ഒരു വർഷത്തെ കേരളത്തിെൻറ ഉപയോഗത്തിനു വേണ്ടത്. നമ്മൾ 16 ലക്ഷം ഉൽപാദിപ്പിക്കുന്നു എന്നാണ് കണക്ക്. അത് 20ലേക്ക് എത്തിക്കാൻ കാർഷികസംസ്ഥാനമായ കേരളത്തിന് അത്ര സാഹസപ്പെടേണ്ട കാര്യമില്ലെന്നു തോന്നാം.
നേരത്തേ പറഞ്ഞ ഉത്സാഹപരിപാടികൾ ഗവൺമെൻറ് നടത്തിവരുേമ്പാൾ വിശേഷിച്ചും. അപ്പോൾ ഉൽപാദനത്തിലും സംഭരണത്തിലും കുറെക്കൂടി ശാസ്ത്രീയമായ സംവിധാനമൊരുക്കിയാൽ നില മെച്ചപ്പെടുത്താനാവും എന്നുതന്നെയാണ് കരുതേണ്ടത്. പ്രാദേശികതലങ്ങളിലെ കാർഷിക ഉൽപാദനം ഏകോപിപ്പിക്കാനും ശേഖരണവും സംഭരണവും ശാസ്ത്രീയമായി വിപുലപ്പെടുത്താനുമുള്ള പദ്ധതികൾ അധികവും കടലാസിൽ ഉറങ്ങുകയാണ്. അതിന് ജീവൻ നൽകിയാൽ തന്നെ അയൽക്കൂട്ടങ്ങളുടെയും സഹകരണസംഘങ്ങളുടെയും വിപുലമായ ശൃംഖലയുള്ള കേരളത്തിൽ പച്ചക്കറിയുടെ കാര്യത്തിലെങ്കിലും വലിയൊരു വിപ്ലവത്തിനു കഴിയും.
പ്രഖ്യാപിതപദ്ധതികളുടെ കാര്യക്ഷമമായ വിലയിരുത്തലും പരിഷ്കരണവും നടന്നാൽ സ്വയംപര്യാപ്തതയിലേക്കുള്ള നമ്മുടെ ചുവടിന് ആക്കം വർധിക്കും. എന്നാൽ, ഇപ്പോൾ വന്നുപെട്ട ഈ വിപത്തിൽനിന്നു കരകയറാൻ സർക്കാർ ജനസേവനദൗത്യത്തിന് അടിയന്തരനീക്കം നടത്തണം. സഹകരണസംഘങ്ങളിൽ വിൽപനച്ചന്തകൾ തുറന്നും സപ്ലൈകോയിൽ ജനത്തിന് ആശ്വാസംപകരുന്ന വിലനിലവാരം ഒരുക്കിയും ജനങ്ങളുടെ വയറിെൻറ കത്തലടക്കി ജീവിതം പുകയാതെ നോക്കാനുള്ള ജാഗ്രത സർക്കാർ പുലർത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.