അതിദയനീയമാണ് ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലയുടെ ദുരവസ്ഥ. ലോകത്തെ ഏറ ്റവും വലിയ എണ്ണസമ്പന്ന രാജ്യം ഇന്ന് ലോകത്തെ ഒട്ടുമിക്ക ദുരന്തങ്ങളുടെയും വിളനിലമായിരിക്കുന്നുവെന്നാണ് ദിനേന പുറത്തുവരുന്ന വാർത്തകൾ വെളിപ്പെടുത്തുന്നത്. വറുതിയുടെ, പോഷകാഹാരക്കുറവിെൻറ, പകർച്ചവ്യാധികളുടെ പിടിയിലമർന്ന രാജ്യം കൊള്ളയുടെയും കൊലയുടെയും കാര്യത്തിൽ റെക്കോഡ് സ്ഥാപിക്കുകയാണെന്നു മാധ്യമങ്ങൾ പറയുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള പടിഞ്ഞാറൻ വൻശക്തികളുടെ കുടിലമായ സഹായനീക്കങ്ങളെ പുറം കാൽകൊണ്ട് തൊഴിച്ചുമാറ്റി വെനിസ്വേലയെ സ്വന്തം കാലിൽ നിർത്താനുള്ള െബാളിവേറിയൻ വിപ്ലവത്തിന് ചരമമടഞ്ഞ മുൻ പ്രസിഡൻറ് ഉൗഗോ ചാവെസ് തുടക്കം കുറിച്ചതു മുതൽ അതിനെ പരാജയപ്പെടുത്താൻ കച്ചകെട്ടിയതാണ് പാശ്ചാത്യസഖ്യം. അവർക്കു വേണ്ടിയുള്ള വാർത്ത പടക്കലിലെ പൊടിപ്പും തൊങ്ങലുമൊക്കെ ഒഴിവാക്കിയാലും വെനിസ്വേല ലാറ്റിനമേരിക്കയിലെ രോഗിയായി മാറിക്കഴിഞ്ഞുവെന്നത് സത്യം. ഭക്ഷണത്തിെൻറയും മരുന്നിെൻറയും അഭാവം മൂലം 90 ശതമാനം പേരും പട്ടിണിയിലാണ്. 75 ശതമാനം പേർക്ക് ശരാശരി എട്ടുകിലോ തൂക്കം നഷ്ടപ്പെട്ടു. 30 ലക്ഷത്തോളം പേർ നാടുവിട്ടു. ഒരു ലക്ഷം പേർക്ക് 90 പേർ എന്ന നിലയിലാണ് െതരുവു കൊലപാതകങ്ങളുടെ ലോകത്തെ ഏറ്റവും വലിയ നിരക്ക്. അങ്ങനെ 1930കളിലെ അമേരിക്കയിലെ അതിതീവ്ര മാന്ദ്യത്തിെൻറയും സോവിയറ്റ് യൂനിയൻ തിരോധാനകാലത്തെ റഷ്യ, ക്യൂബ, അൽബേനിയ തുടങ്ങിയ രാജ്യങ്ങളുടെയും പതിതാവസ്ഥയിലേക്ക് രാജ്യം കൂപ്പുകുത്തിയെന്നാണ് ചുരുക്കം.
വെനിസ്വേലയെ ഇൗ പതനത്തിലെത്തിച്ചത് ആരെന്ന പഠനം വിരൽ ചൂണ്ടുന്ന ആദ്യ ‘പ്രതി’ ചാവെസ് തന്നെ. നവ ഉദാരീകരണത്തിനെതിരെ വീശിയടിച്ച പിങ്ക് വേലിയേറ്റത്തിൽ ലോകമെങ്ങുമുള്ള യാങ്കി സാമ്രാജ്യത്വവിരുദ്ധരെ ത്രസിപ്പിച്ച ലാറ്റിനമേരിക്കയിലെ ചുവപ്പുനുര പതഞ്ഞ വിപ്ലവത്തിെൻറ മുൻനിര നായകനായിരുന്നു ചാവെസ്. എന്നാൽ, പടിഞ്ഞാറൻ മേലാളർക്കു മുന്നിൽ എണ്ണസമ്പത്തിെൻറ വാതിൽ കൊട്ടിയടക്കുന്നതിൽ കാട്ടിയ വമ്പ് രാജ്യത്തെ നേരാംവണ്ണം പുരോഗതിയിലേക്ക് നയിക്കുന്നതിൽ ചാവെസിന് പ്രകടിപ്പിക്കാനായില്ല എന്ന ശരിയുടെ തുടർച്ചയാണ് ഇപ്പോൾ രാജ്യം അനുഭവിക്കുന്ന ഭീകരദുരന്തം. ചാവെസ് തന്നെ അവസാനകാലത്ത് പിൻഗാമിയായി കൊണ്ടുവന്ന മദൂറോക്ക് മുൻഗാമിയുടെ മിടുക്ക് തെല്ലുമുണ്ടായില്ല. ഭരണരംഗത്ത് പിടിപ്പുകേടും കെടുകാര്യസ്ഥതയും ചാവെസിൽനിന്നു അനന്തരമെടുത്ത മദൂറോയുടെ വരവോടെ ദുരന്തവ്യാപ്തി വെളിപ്പെട്ടു തുടങ്ങി. എണ്ണസമ്പന്നമായ രാജ്യത്തിെൻറ വിഭവസമ്പന്നതയുടെ കരുത്ത് ലോകത്തിനു കാട്ടിക്കൊടുക്കുമെന്നു വെല്ലുവിളിച്ച വിപ്ലവത്തിെൻറ നായകർക്കു പേക്ഷ, അത് ജനക്ഷേമ ഭരണത്തിന് എങ്ങനെ ഉപയോഗപ്പെടുത്തണമെന്നു തിട്ടമില്ലാതെ പോയി. അതോടെ പ്രതീക്ഷ നഷ്ടപ്പെട്ട ജനം തെരുവിലിറങ്ങി. പിന്നെ പരാജയം മൂടിവെക്കാൻ ജനത്തിെൻറ വായ് മൂടിക്കെട്ടാനായി മദൂറോയുടെ ശ്രമം. അതിനായി സൈന്യത്തിെൻറ പിൻബലത്തോടെ തെരഞ്ഞെടുപ്പ് പ്രഹസനം നടത്തി. പ്രതിപക്ഷം പാർലമെൻറിൽ മേൽക്കൈ നേടുന്നുവെന്നു വന്നപ്പോൾ അതിനെ മറികടക്കാനായി, ‘അപകടത്തിലായ ഭരണഘടനയെ രക്ഷിക്കാനെ’ന്നു പറഞ്ഞ് കോൺസ്റ്റിറ്റ്യൂവൻറ് അസംബ്ലിയുണ്ടാക്കി. പാർലമെൻറിെൻറ പ്രവർത്തനം ഫലത്തിൽ മരവിപ്പിച്ചതോടെ മദൂറോയുടെ ഏകാധിപത്യത്തിനെതിരെ ജനം തെരുവു പ്രക്ഷോഭം രൂക്ഷമാക്കി.
ചൊൽപടിയിൽനിന്നു വഴുതിപ്പോയ ലാറ്റിനമേരിക്കൻ നാടുകളിലൊന്നൊന്നായി വലതുപക്ഷ വർഗീയവാദികളും സോഷ്യൽ ഡെമോക്രാറ്റുകളുടെ മേൽക്കുപ്പായം ധരിച്ച ഉദാരസാമ്പത്തികവാദികളുമൊക്കെ അധികാരം വീണ്ടെടുക്കാൻ തുടങ്ങിയതോടെ അമേരിക്കയും സഖ്യകക്ഷികളും കാരക്കാസ് പിടിക്കാനുള്ള നീക്കം സജീവമാക്കിയിരുന്നു. അങ്ങനെയാണ് പതിറ്റാണ്ടു നീണ്ട പഠനത്തിനും പരീക്ഷണങ്ങൾക്കുമൊടുവിൽ തെരുവിൽ വികൃതിസമരങ്ങളുമായി നടന്നിരുന്ന വാൻ ഗ്വാഡോ എന്ന മുപ്പത്തഞ്ചുകാരനെ വെനിസ്വേലയുടെ സ്വയം പ്രഖ്യാപിത പ്രസിഡൻറായി കെട്ടിയിറക്കുന്നത്. യു. എസ് വൈസ് പ്രസിഡൻറ് മൈക് പെൻസ് നേരിട്ടു ഫോണിൽ വിളിച്ചാണ് കഴിഞ്ഞയാഴ്ച ഗ്വാഡോയെ വാഴിച്ചത്. അതിൽ പിന്നെ ‘അസ്ഥിരമായ വെനിസ്വേലയിലെ ജനാധിപത്യ പുനഃസ്ഥാപനത്തിനു നിയുക്തനായ ‘ജനാധിപത്യാവതാരം’ എന്ന നിലക്ക് പാശ്ചാത്യമാധ്യമങ്ങൾ ഇൗ വലതുപക്ഷ പയ്യൻപ്രസിഡൻറിെൻറ അപദാനങ്ങൾ വാഴ്ത്താൻ തുടങ്ങി. അങ്ങനെ കലുഷമായ രാജ്യത്തെ രാഷ്ട്രീയ അരാജകത്വത്തിൽ തലയിട്ടു വെനിസ്വേലയുടെ എണ്ണസമ്പത്തിനു മേൽ അധികാരമുറപ്പിക്കാനാണ് വാഷിങ്ടണിെൻറ നീക്കം. ഇക്കാര്യം യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ തുറന്നു പറയുകയും ചെയ്തു. അമേരിക്കക്കു പിറകെ കാനഡയും യൂറോപ്യൻ യൂനിയനിലെ കുറേ രാജ്യങ്ങളും ഇസ്രായേലും വലതുപക്ഷ ലാറ്റിനമേരിക്കൻ ഗവൺമെൻറുകളുടെ കൂട്ടായ്മയെന്നു പറയാവുന്ന ലിമ ഗ്രൂപ്പുമൊക്കെ പിന്തുണയുമായി രംഗത്തുണ്ട്. അതോടെ മറുഭാഗത്ത് റഷ്യയും ചൈനയും തുർക്കിയും െമക്സിക്കോയും അണിനിരന്നതോടെ വെനിസ്വേല ബാഹ്യ ഇടപെടലിെൻറ ഇരയായി അന്താരാഷ്ട്ര പ്രശ്നമായി വളർന്നിരിക്കുകയാണ്.
സൈന്യത്തിെൻറ ഭൂരിപക്ഷ പിന്തുണ പ്രസിഡൻറ് മദൂറോക്കാണ്. ജനത്തിെൻറ തെരുവ് പിന്തുണയും പാർലമെൻറിെൻറ ഭൂരിപക്ഷവും അമേരിക്കൻ റബർ സ്റ്റാമ്പ് ‘പ്രസിഡൻറി’നും. ഇൗ വടംവലിയാണ് മേഖലയിൽ ആരംഭിച്ചിരിക്കുന്നത്. അക്രമത്തിലേക്കും അരാജകത്വത്തിലേക്കും നീങ്ങാതെ ക്രിയാത്മക ചർച്ചകളിലൂടെ പ്രതിസന്ധിക്ക് രാഷ്ട്രീയപരിഹാരം കാണണമെന്ന് പ്രശ്നത്തിലെ നിലപാട് ഇന്ത്യ വ്യക്തമാക്കുകയുണ്ടായി. വെനിസ്വേലയിൽ സമാധാനവും ജനാധിപത്യവും സുരക്ഷിതത്വവും വീണ്ടും പുലരണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. ലോകത്തെ വൻ എണ്ണനിക്ഷേപങ്ങളിലൊന്നിലെ രാഷ്ട്രീയ അസ്ഥിരത ദുരുപയോഗം ചെയ്യാനിറങ്ങിയ വൻശക്തികളുടെ താൽപര്യങ്ങൾ മറ്റു പലതുമാണ്. അത് തിരിച്ചറിഞ്ഞ് ചെറുക്കാനായാൽ വെനിസ്വേലക്ക് രക്ഷപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.