തിരുവോണനാളിൽ നാടിനെ നടുക്കിയ വെഞ്ഞാറമൂട് രാഷ്ട്രീയ കൊലപാതകത്തിൽ മുഖ്യപ്രതികൾ അറസ്റ്റുചെയ്യപ്പെട്ടിരിക്കുന്നു. മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്ന രാഷ്ട്രീയപകയാണ്, ഉത്രാടരാത്രിയിൽ ഡി.വൈ.എഫ്.ഐ പ്രാദേശികനേതാക്കളായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരുടെ ജീവനെടുത്തത്. സി.സി ടി.വി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും സഹിതം പൊലീസ് സമർഥിക്കുന്നത് കോൺഗ്രസ് പ്രവർത്തകരാണ് കൊലയുടെ പിന്നിലെന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തുടക്കംകുറിച്ച സംഘർഷത്തിെൻറ തുടർച്ചയാണ് കൊലപാതകമെന്നും പൊലീസ് ഉറപ്പിക്കുന്നു.
കൃത്യമായ രാഷ്ട്രീയഗൂഢാലോചന ഈ കൊലപാതകങ്ങൾക്കു പിന്നിലുണ്ടെന്നും അതിൽ പങ്കാളികളായവരെയും നിയമത്തിെൻറ മുന്നിൽ ഹാജരാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ, മുഖ്യപ്രതികളുടെ അറസ്റ്റിനുശേഷവും അന്വേഷണം മുന്നോട്ടുപോകുകയും അത് വരുംനാളുകളിൽ കൂടുതൽ വലിയ രാഷ്ട്രീയ വാഗ്വാദങ്ങളിലേക്ക് നയിക്കുകയുംചെയ്യും. മന്ത്രി ഇ.പി. ജയരാജനടക്കം സകല സി.പി.എം നേതാക്കളും ആരോപിക്കുന്നത് ഗൂഢാലോചനയിൽ അടൂർ പ്രകാശ് എം.പിക്ക് പങ്കുണ്ടെന്നാണ്. എന്നാൽ, സി.പി.എം ഗൂഢാലോചനയാണ് കൊലപാതകമെന്നും സി.ബി.ഐ അന്വേഷണം അനിവാര്യമാെണന്നും കെ.പി.സി.സി പ്രസിഡൻറ് പറയുന്നു. സംസ്ഥാന സർക്കാറിെൻറ അന്വേഷണം പക്ഷപാതപരമാണെന്ന നിലപാടിലാണ് കോൺഗ്രസ്.
വെഞ്ഞാറമൂട്ടിലെ ഹീനവും മാപ്പർഹിക്കാത്തതുമായ ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതികൾ അക്രമരാഷ്ട്രീയത്തിലൂടെ അധികാരത്തിലേക്കുള്ള കുറുക്കുവഴി തേടുന്ന നേതാക്കളാെണന്ന് നിസ്സംശയം പറയാം. കേരളത്തിലെ എല്ലാ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയഎതിരാളികളുടെ ചോര വീഴ്ത്തുന്നതിൽ ഒരു അസ്ക്യതയും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല; എല്ലായ്പ്പോഴും പരോക്ഷമായും പ്രത്യക്ഷമായും ന്യായീകരിച്ചിട്ടേയുള്ളൂ.
രാഷ്ട്രീയ കൊലപാതകശേഷമുള്ള ശാന്തിയോഗങ്ങളിൽ അക്രമികളും ആക്രമിക്കപ്പെട്ടവരും ഒരുപോലെ അറുകൊല രാഷ്ട്രീയത്തെ തള്ളിപ്പറയുന്ന പ്രഹസന നാടകങ്ങളൊക്കെയുണ്ടാകും. ഇനി കേരളത്തിൽ രാഷ്ട്രീയത്തിെൻറ പേരിൽ ഒരു ജീവനും വെട്ടിവീഴ്ത്തുകയില്ലെന്നും ഒരു കുടുംബത്തിൽനിന്നും കരളലിയിപ്പിക്കുന്ന ആർത്തനാദമുയരാൻ അനുവദിക്കുകയില്ലെന്നുമുള്ള പ്രതിജ്ഞയൊക്കെ തരാതരം ചൊല്ലിക്കൊടുക്കുകയോ ഏറ്റുചൊല്ലുകയോ ചെയ്തേക്കും. അതിനുശേഷവും കൃത്യമായ ഇടവേളകളിൽ രാഷ്ട്രീയകൊലപാതകങ്ങൾ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കും. കാരണം ലളിതമാണ്. ജനാധിപത്യത്തിെൻറ മറവിൽ മാഫിയ രാഷ്ട്രീയം തിടംവെച്ചു വളർന്നിരിക്കുന്നു.
ഇപ്പോൾ പാർട്ടികളുടെയും നേതാക്കളുടെയും ആത്മസുഹൃത്തുക്കൾ ഗുണ്ടകളും മയക്കുമരുന്ന് കടത്തുകാരും തട്ടിപ്പുകാരും കള്ളക്കടത്തുകാരുമാണ്. കേരളത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയനാടകങ്ങളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതാകുമെന്ന് ആരെങ്കിലും സ്വപ്നം കാണുന്നുവെങ്കിൽ അവർ മൂഢരുടെ സ്വർഗത്തിലാണ്.
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കുശേഷമുള്ള രാഷ്ട്രീയനേതാക്കളുടെ പ്രസ്താവനകൾ ഒന്ന് അപനിർമിച്ചുനോക്കൂ. അടുത്ത കൊലപാതകത്തിനുള്ള ഇന്ധനം സ്വരുക്കൂട്ടുന്നതിെൻറയും കത്തിക്ക് മൂർച്ചകൂട്ടുന്നതിെൻറയും ശബ്ദങ്ങൾ കേൾക്കാനാകും. ഇരട്ടക്കൊല നടന്ന മേഖലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കഴിഞ്ഞതുമുതൽ ഏതു സമയത്തും ചോര വീഴുമെന്ന അവസ്ഥയാെണന്ന് കോൺഗ്രസിെൻറയും സി.പി.എമ്മിെൻറയും േനതാക്കൾക്ക് നന്നായി അറിയാമായിരുന്നു.
അക്രമികളുടെയും കൊല്ലപ്പെട്ടവരുടെയും പേരുകളിൽ പൊലീസ് സ്റ്റേഷനുകളിൽ തുടർച്ചയായ അക്രമസംഭവങ്ങൾക്ക് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുമുണ്ട്. കൊല്ലാനോ കൊല്ലപ്പെടാതിരിക്കാനോ ആയുധവുമായാണവർ എപ്പോഴും തെരുവുകളിലൂടെ സഞ്ചരിച്ചിരുന്നത്. പൊലീസും സി.സി ടി.വി ദൃശ്യങ്ങളും ഇെതല്ലാം സ്ഥിരീകരിക്കുകയും ചെയ്യുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഇപ്പോൾ പ്രതികാരത്തെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും സംസാരിക്കുന്ന രണ്ടുപക്ഷത്തെയും നേതാക്കൾ രംഗത്തുവരാതിരുന്നത്? അവ പരിഹരിക്കുന്നതിന് മുൻകൈ എടുക്കാതിരുന്നത്? ഉത്തരം ലളിതമാണ്;രാഷ്ട്രീയസംഘട്ടനവും അതിന് പറ്റുന്ന യുവാക്കളും നേതൃകളിക്ക് അനിവാര്യമാണ്.
അതുകൊണ്ടുതന്നെ, സംഭവം നടന്ന പ്രദേശത്ത് രണ്ടു കൂട്ടരും അക്രമികൾക്ക് പരസ്പരം പോരാടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടിലെ രാഷ്ട്രീയം കേരളത്തിലെ പല പ്രദേശങ്ങളിലും നിലനിൽക്കുന്ന ജന്മി ജനാധിപത്യത്തിെൻറ നഖചിത്രമാണ്. പെരിയയിലെ ഇരട്ടക്കൊലയിൽ സി.പി.എം എത്രമാത്രം കുറ്റവാളിയാണോ അത്രയും കുറ്റവാളിയാണ് വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലയിൽ കോൺഗ്രസും.
കൊല്ലാനും കൊല്ലപ്പെടാനും ചാവേറുകളെ ഊട്ടിവളർത്തുന്ന, കൊലപാതകരാഷ്ട്രീയത്തിെൻറ കുളിമുറിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ആയുധധാരികളാണ്. ഗുണ്ടരാഷ്ട്രീയ പ്രവർത്തനത്തിന് അറുതിവരാതെ രാഷ്ട്രീയകൊലപാതകം കേരളത്തിൽ അവസാനിക്കുമെന്ന് സ്വപ്നംകാണാൻ പോലുമാകില്ല. ജനാധിപത്യത്തിനോ രാഷ്ട്രീയ ഉണർവിനോ അൽപംപോലും വെളിച്ചം നൽകാതെ, കൂടുതൽ കനത്ത അന്ധകാരം പകർന്ന്, നിനച്ചിരിക്കാത്ത നേരത്ത് വീടുകളെ അനാഥമാക്കി, കുട്ടികൾക്കും സ്ത്രീകൾക്കും നിത്യദുരന്തമായി വെട്ടേറ്റുവീണ് കൃത്യമായ ഇടവേളകളിൽ രക്തസാക്ഷികളായി പരിണമിക്കാനാണ് ഒരുകൂട്ടം ചെറുപ്പക്കാരുടെ വിധി.
രാഷ്ട്രീയപ്രഹസനങ്ങളുടെ നിത്യസ്മാരകങ്ങളായി ഒടുക്കുവാനുള്ളതല്ല ഞങ്ങളുടെ ജീവിതമെന്ന് യുവാക്കൾ ഉറക്കെപ്പറയുന്ന കാലംവരെ ജനാധിപത്യ ചാവേറുകളുടെ ജീവത്യാഗംകണ്ട് കള്ളക്കണ്ണീരൊഴുക്കാനേ പ്രബുദ്ധത നടിക്കുന്ന രാഷ്ട്രീയകേരളത്തിന് സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.