ഗാന്ധി പുരസ്കാരം ഗീത പ്രസിന് നൽകുമ്പോൾ

2021ലെ ഗാന്ധി സമാധാന പുരസ്കാരത്തിന് ഉത്തർപ്രദേശിലെ ഗോരഖ്പുരിലുള്ള മതഗ്രന്ഥ പ്രസാധനാലയമായ ഗീത പ്രസിനെ തിരഞ്ഞെടുത്തിരിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 125ാം ജന്മവാർഷികത്തോടനുബന്ധിച്ച് 1995ൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയതാണ് കോടി രൂപ സമ്മാനത്തുകയുള്ള ഈ ബഹുമതി, അഹിംസയിലധിഷ്ഠിതമായ ഗാന്ധിയൻ മൂല്യങ്ങളിലൂടെ പരിവർത്തനത്തിനു ശ്രമിച്ച വ്യക്തികൾക്കും സംഘടനകൾക്കുമാണ് ഇത് നൽകിവരുന്നത്.

മുമ്പ് പുരസ്കാരത്തിന് അർഹരായവരിൽ ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യസമരശിൽപി നെൽസൺ മണ്ടേല, ആർച്ച് ബിഷപ് ഡസ്മണ്ട് ടുട്ടു, ബംഗാബന്ധു ശൈഖ് മുജീബുറഹ്മാൻ, സാമൂഹികപ്രവർത്തകൻ ബാബാ ആംതെ തുടങ്ങിയ വ്യക്തികളും ഐ.എസ്.ആർ.ഒ, രാമകൃഷ്ണമിഷൻ, ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക്, സുലഭ് ഇന്‍റർനാഷനൽ തുടങ്ങിയ സംരംഭങ്ങളും ഉൾപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ഗീത പ്രസിനെ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. സമാധാനത്തിന്‍റെയും സാമൂഹികസൗഹാർദത്തിന്‍റെയും ഗാന്ധിയൻ മൂല്യങ്ങൾ മുന്നോട്ടുവെക്കുന്നതിൽ ഗീത പ്രസിന്‍റെ സംഭാവനകൾ അനുസ്മരിച്ച പ്രധാനമന്ത്രി ശതാബ്ദി നിറവിൽ നിൽക്കുന്ന സ്ഥാപനം നാളിതുവരെ ചെയ്തുവന്ന സാമൂഹികസേവനത്തിനുള്ള അംഗീകാരമാണ് ഗാന്ധി സമാധാന പുരസ്കാരമെന്നു പ്രകീർത്തിച്ചു.

അതേസമയം, മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് അവാർഡ് പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്നു. ഹിന്ദുത്വ ആചാര്യൻ വി.ഡി. സവർക്കർക്കും ഗാന്ധിഘാതകൻ നാഥുറാം ഗോദ്സെക്കും പുരസ്കാരം നൽകുന്നതുപോലെ അപഹാസ്യമാണ് മോദിസർക്കാറിന്‍റെ പ്രവൃത്തിയെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശിന്‍റെ ആക്ഷേപം. ഇന്ത്യയിൽ ഹിന്ദു മഹാസഭയുടെയും ആർ.എസ്.എസിന്‍റെയും ഹിന്ദുത്വപ്രചാരണത്തിന് മണ്ണൊരുക്കുകയും സംഘ്പരിവാറിന്‍റെ വിഭജനരാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയും ചെയ്ത സംഘടനക്ക് ഗാന്ധിജിയുടെ പേരിലുള്ള സമാധാന പുരസ്കാരം നൽകുന്നതിലുള്ള വിരോധാഭാസമാണ് കോൺഗ്രസ് നേതാവ് ചൂണ്ടിക്കാണിക്കുന്നത്.

അവാർഡുകൾ ഭരണത്തിലിരിക്കുന്നവർ ഇഷ്ടക്കാർക്ക് കൊടുക്കുന്നത് പുതുമയുള്ളതല്ല. 2014ൽ കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നശേഷം ആർ.എസ്.എസ് ബന്ധമുള്ള വിവേകാനന്ദ കേന്ദ്രക്കും ഏകൽ അഭിയാൻ ട്രസ്റ്റിനും ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഗാന്ധിയുമായി വ്യക്തിഗതമായ സൗഹാർദത്തിലിരിക്കുമ്പോഴും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളിൽ നിരന്തരം കലഹിക്കുകയും എതിർപ്രചാരണം നടത്തുകയും ചെയ്ത പ്രസിദ്ധീകരണാലയത്തിന് ഗാന്ധിയുടെ പേരിൽ സമാധാനശ്രമങ്ങൾക്ക് ഏർപ്പെടുത്തിയ അവാർഡ് നൽകുന്നതാണ് വിവാദമുയർത്തിയത്.

1923ൽ ബംഗാളിലെ വണികപ്രമുഖൻ ജയ് ദയാൽ ഗോയങ്ക, ഗോരഖ്പുരിലെ മഹാവീർ പ്രസാദ് പോദ്ദാറുമായി ചേർന്ന് ആരംഭിച്ച ഗീത പ്രസ് കുറഞ്ഞ ചെലവിൽ ഭഗവദ്ഗീതയും രാമചരിതമാനസവും വിശ്വാസികൾക്ക് ലഭ്യമാക്കുകയും ജാതിഭേദാടിസ്ഥാനത്തിലുള്ള യാഥാസ്ഥിതിക ഹിന്ദുമതതത്ത്വങ്ങൾ പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യമിട്ടതെങ്കിലും 1926ൽ ആരംഭിച്ച ‘കല്യാൺ’ മാസികയിലൂടെ അത് വലതുപക്ഷ ഹിന്ദുത്വവാദികളുടെ പ്രചാരണായുധമായി മാറുകയായിരുന്നു.

കല്യാൺ മാസിക ചാതുർവർണ്യം, സതി, ശൈശവവിവാഹം, അയിത്തം, കീഴാളരുടെ ക്ഷേത്രപ്രവേശനം, വിധവാ വിവാഹം എന്നിവയിലെല്ലാം മഹാത്മാ ഗാന്ധിയടക്കമുള്ളവരുടെ പരിഷ്കരണപ്രവർത്തനങ്ങളുടെ മറുപക്ഷത്തായിരുന്നു. ജവഹർലാൽ നെഹ്റു ഗീത പ്രസിനെയും കല്യാൺ മാസികയെയും അകറ്റിനിർത്തിയപ്പോഴും ഗാന്ധിയടക്കമുള്ള കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ കല്യാണുമായും ഗോയങ്കയും പോദ്ദാറുമായും ബന്ധം പുലർത്തി. അതൊന്നും പക്ഷേ, വലതു ഹിന്ദുത്വതീവ്രവാദ പ്രചാരണത്തിലോ മുസ്ലിംവിരുദ്ധ വിദ്വേഷം കുത്തിവെക്കുന്നതിലോ ഒരു ലോപവും വരുത്താൻ ഗീത പ്രസിനെ പ്രേരിപ്പിച്ചില്ല.

വർഗീയകലാപങ്ങൾ കത്തിയാളിയ ഇരുപതുകളിൽ ജന്മമെടുത്ത ‘കല്യാണി’ന്‍റെ തുടക്കക്കുറിയിൽതന്നെ അക്രമരാഹിത്യത്തെ ഭീരുത്വമായി മാറ്റാതെ സംഘബലം പ്രകടിപ്പിക്കാൻ ഹിന്ദുക്കളെ ആഹ്വാനംചെയ്തു. 1939ൽ ഗോരഖ്പുരിൽ കലാപമുണ്ടായപ്പോൾ ഗീത പ്രസിലെ ജീവനക്കാരും അറസ്റ്റിലായി. 1946 മുതൽ ഇന്ത്യാ വിഭജനത്തിന്‍റെ ഘട്ടം പിന്നിടുന്നതുവരെയുള്ള സംഘർഷങ്ങളിൽ ഹിന്ദു-മുസ്ലിം ഭേദചിന്തയെ ഉജ്ജ്വലിപ്പിക്കുന്നതിൽ കല്യാൺ വലിയ പങ്കാണ് വഹിച്ചതെന്ന് ഗീത പ്രസിന്‍റെ ആധികാരിക ചരിത്രകാരൻ അക്ഷയ് മുകുൾ പറയുന്നു. നവഖാലിയിൽ മുസ്ലിംകളെ കൂട്ടി സൗഹാർദയജ്ഞത്തിനു ഗാന്ധി ശ്രമിച്ചത് ഗീത പ്രസ് വക്താക്കൾക്ക് സഹിച്ചില്ല. വിഭജനത്തിൽ പുതിയ രാജ്യത്തെ ഹിന്ദുസ്ഥാനമായി കാണണമെന്ന് ആവശ്യപ്പെട്ട അവർ ഹിന്ദു ഭൂരിപക്ഷ സ്വതന്ത്ര ഇന്ത്യക്ക് ഒരു പന്ത്രണ്ടിന കർമപരിപാടിയും സമർപ്പിച്ചു.

1949ൽ ബാബരി മസ്ജിദിൽ രാംലല വിഗ്രഹം പ്രതിഷ്ഠിച്ചതു തൊട്ട് രാമജന്മഭൂമി പ്രക്ഷോഭത്തിന്‍റെ പ്രചാരണത്തിൽ ഗീത പ്രസ് പങ്കാളിയായി. 1948 ജനുവരി 30ന് നാഥുറാം ഗോദ്സെ ഗാന്ധിയെ വധിച്ചതിനു പിന്നാലെ ഹിന്ദു മഹാസഭയുടെയും ആർ.എസ്.എസിന്‍റെയും കാൽലക്ഷത്തോളം പേർ അറസ്റ്റു ചെയ്യപ്പെട്ട കൂട്ടത്തിൽ പോദ്ദാറും ഗോയങ്കയുമുണ്ടായിരുന്നു. അവരുടെ കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ സുഹൃത്തും രക്ഷാധികാരിയുമായിരുന്ന വ്യവസായി ജി.ഡി. ബിർള പ്രതികരിച്ചത്, ഇരുവരും സനാതന ധർമമല്ല, സാത്താൻ ധർമമാണ് പ്രചരിപ്പിക്കുന്നത് എന്നായിരുന്നു.

2014ലെ തെരഞ്ഞെടുപ്പിൽ ആർക്കു വോട്ടുചെയ്യണം എന്നു ഹിന്ദുവിഭാഗങ്ങൾക്കിടയിൽ ശക്തമായ പ്രചാരണം നടത്തിയിരുന്നു കല്യാൺ. അതിനു ഗാന്ധിയൻ മൂല്യപ്രചാരണത്തിനുള്ള ഗാന്ധിസമാധാന സമ്മാനം നൽകുന്നതിലെ വൈരുധ്യമാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയം കൂടുതൽ വലതുപക്ഷ ധ്രുവീകരണത്തിലേക്കു നീങ്ങുന്നത് ഗീത പ്രസിന്‍റെ രണ്ടാം ഉയിർപ്പിന് ഇടയാക്കിയേക്കാം എന്ന അക്ഷയ് മുകുളിന്‍റെ 2015ലെ പ്രവചനം പുലരുകയാണ് പുതിയ സമ്മാനപ്രഖ്യാപനത്തിലൂടെ. ഹനുമാൻ പ്രസാദ് പോദ്ദാറിനു ഭാരതരത്നം കൊടുക്കാനും മുമ്പൊരു നിർദേശം വന്നിരുന്നുപോൽ. എങ്കിൽപിന്നെ കോൺഗ്രസ് ഇപ്പോൾ കളിയാക്കി പറഞ്ഞത് കാര്യമായി വന്നാലും അത്ഭുതപ്പെടാനില്ല.

Tags:    
News Summary - When Gita Press Awarded Gandhi Peace Prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.