പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങൾ വലിയ പൊട്ടിത്തെറിയിലാണ് കലാശിച്ചിരിക്കുന്നത്. മന്ത്രിമാരടക്കം 50ഒാളം നിയമസഭാംഗങ്ങൾ പരസ്യമായി തള്ളിപ്പറഞ്ഞതിനെ തുടർന്ന് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന് മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു. അമരീന്ദർ മന്ത്രിസഭയിൽ അംഗമായിരുന്ന ചരൺജിത് സിങ് ചന്നിയെയാണ് പി.സി.സി പ്രസിഡൻറ് നവജോത് സിങ് സിദ്ദുവിെൻറയും ഹൈകമാൻഡിെൻറയും ആശീർവാദത്തോടെ തൽസ്ഥാനത്ത് അവരോധിച്ചിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് നാലു മാസം മാത്രം ബാക്കിനിൽക്കെയാണ് ഇൗ നാടകീയ സംഭവങ്ങളത്രയും. അപമാനിതനായാണ് താൻ ഇറങ്ങിപ്പോകുന്നതെന്നും ഹൈകമാൻഡ് തീരുമാനത്തിൽ അതൃപ്തിയുണ്ടെന്നുമറിയിച്ച് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രതിഷേധക്കത്തയച്ചശേഷമാണ് അമരീന്ദർ കസേര വിട്ടിറങ്ങിയതെന്ന കാര്യവും ശ്രദ്ധേയമാണ്. പുതിയ സാഹചര്യത്തിൽ അദ്ദേഹം എന്തു തീരുമാനം കൈക്കൊള്ളുമെന്നത് ദേശീയ രാഷ്ട്രീയം ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഇതിനകംതന്നെ ചില നേതാക്കൾ അദ്ദേഹത്തെ എൻ.ഡി.എയിലേക്ക് ക്ഷണിെച്ചങ്കിലും അതിനോടൊന്നും പ്രതികരിക്കാൻ ക്യാപ്റ്റൻ തയാറായിട്ടില്ല എന്നത് ആശ്വാസകരമെങ്കിലും ഇൗ രാഷ്ട്രീയ അനിശ്ചിതത്വം കോൺഗ്രസിന് അത്ര ഗുണകരമാകില്ലെന്നത് ഉറപ്പാണ്.
മോദി'തരംഗ'ത്തിലും ബി.ജെ.പിയുടെ ഒാപറേഷൻ താമരയിലുെമല്ലാം ചില സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണത്തിന് ഇളക്കംതട്ടിയപ്പോൾ അമരീന്ദറിെൻറ കീഴിൽ പഞ്ചാബ് പാർട്ടിയുടെ സുരക്ഷിത താവളമായി തുടരുകയായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അവിടെ ഭരണത്തുടർച്ചക്കുള്ള സാധ്യതയുമുണ്ട്. അപ്പോഴും പാർട്ടിക്കുള്ളിൽ പലകാരണങ്ങളാൽ അസ്വാരസ്യങ്ങൾ ഉരുണ്ടുകൂടുകയായിരുന്നു. ക്യാപ്റ്റെൻറ ഭരണരീതികളോട് സഹപ്രവർത്തകർക്കുള്ള വിയോജിപ്പ്തന്നെയായിരുന്നു അതിലൊന്ന്. മുഖ്യമന്ത്രി ജനങ്ങൾക്കും പാർട്ടിപ്രവർത്തകർക്കും അപ്രാപ്യനായി മാറിയെന്നത് കുറച്ചുകാലമായി ഹൈകമാൻഡിനു മുന്നിലുള്ള പരാതിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് വിട്ട് സ്വന്തം ഫാംഹൗസിലായിരുന്നു അദ്ദേഹം അധികസമയവും ചെലവിട്ടത്. സർവം ഉദ്യോഗസ്ഥരെ ഏൽപിച്ച് മാറിനിൽക്കുന്നതും പതിവാക്കി. അമരീന്ദറിെൻറ പഴയ ജനസ്വീകാര്യത ചോർന്നുപോയെന്ന് ഹൈകമാൻഡ് നടത്തിയ സർവേയിലും വ്യക്തമായതാണ്. അതിനിടയിൽ, പ്രക്ഷോഭമുഖത്തുള്ള കർഷകരെ തള്ളിപ്പറഞ്ഞതും അദ്ദേഹത്തിനു വിനയായി.
കേവലം കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിനപ്പുറം, മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി വികസിച്ച പോരാട്ടത്തെ തള്ളിപ്പറയുന്നത് കർഷകജനതയെ മാത്രമല്ല, മോദിവിരുദ്ധ പക്ഷത്തെ മൊത്തത്തിൽ എതിരാക്കി മാറ്റും. ഇൗ സാഹചര്യത്തിൽ അമരീന്ദറിനെ മുന്നിൽനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഉചിതമായിരിക്കില്ലെന്ന അഭിപ്രായം ഹൈകമാൻഡിന് മുഖവിലക്കെടുക്കേണ്ടിവന്നു. മറുവശത്ത്, പാർട്ടിക്കുള്ളിലെ അധികാരത്തർക്കങ്ങളും രൂക്ഷമായിരുന്നു. 2017ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉപമുഖ്യമന്ത്രിപദം സ്വപ്നംകണ്ട് പാർട്ടിയിലെത്തിയ സിദ്ദുവുമായുണ്ടായുള്ള അഭിപ്രായഭിന്നതകൾ വലിയ ആഭ്യന്തര സംഘർഷത്തിലേക്ക് പാർട്ടിയെ നയിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ സിദ്ദുവിന് പി.സി.സി അധ്യക്ഷസ്ഥാനം നൽകിയാണ് ആ പ്രതിസന്ധി പാർട്ടി പരിഹരിച്ചത്. രണ്ടു മാസങ്ങൾക്കിപ്പുറം, ഹൈകമാൻഡിെൻറയും സംസ്ഥാന പാർട്ടി നേതൃത്വത്തിെൻറയും നിയമസഭാംഗങ്ങളുടെയും പിന്തുണ സിദ്ദു നേടിയെടുത്തുെവന്നതാണ് അമരീന്ദറിെൻറ രാജിയിൽനിന്നും തുടർസംഭവങ്ങളിൽനിന്നും സാമാന്യമായി മനസ്സിലാകുന്നത്.
ചരൺജിത് സിങ് ചന്നിയുടെ അധികാരാരോഹണത്തിലൂടെ പഞ്ചാബിന് ഇതാദ്യമായി ഒരു ദലിത് മുഖ്യമന്ത്രിയെ ലഭിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. മുമ്പ് കുറഞ്ഞ കാലം നിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്ന ചരൺജിത് സിങ് ചന്നി പാർട്ടിയുടെ ദലിത് മുഖമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരമൊരു നിയമനത്തിന് വലിയ പ്രാധാന്യവുമുണ്ട്. അധികാരത്തിലെത്തിയാൽ ദലിത് വിഭാഗത്തിൽനിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കുമെന്നാണ് എൻ.ഡി.എയുടെ വാഗ്ദാനം. ബി.ജെ.പിയുമായി സഖ്യം പിരിഞ്ഞ ശിരോമണി അകാലിദളും ദലിത് ഉപമുഖ്യമന്ത്രി എന്ന വാഗ്ദാനവുമായി രംഗത്തുണ്ട്. ഇൗ പ്രചാരണങ്ങൾക്കെതിരായ ശക്തവും പ്രായോഗികവുമായ മറുപടിയെന്ന നിലയിൽ ചരൺജിത് സിങ് ചന്നിയുടെ നിയോഗത്തെ കാണുന്നതിൽ തെറ്റില്ല. ദലിത് വിഭാഗത്തിൽപെട്ട സിഖുകാരനായ ചന്നിക്കുപുറമെ, പാർട്ടിയെ നയിക്കുന്ന സിദ്ദുവും ജാട്ട് സിഖാണ്.
സംസ്ഥാനത്തെ 35 ശതമാനത്തോളം വരുന്ന സിഖ് വിഭാഗക്കാരുടെ പിന്തുണ ഉറപ്പാക്കാൻ ഇൗ 'സോഷ്യൽ എൻജിനീയറിങ്' യുക്തിഭദ്രമായേക്കും. എന്നാൽ, പുതിയ സർക്കാറിന് പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള സമയംപോലുമില്ല. അഥവാ, നിലവിൽ സർക്കാറിനെക്കുറിച്ച ജനങ്ങളുടെ ധാരണയെന്താണോ അതേ ധാരണയിൽതന്നെയാകും നാലു മാസങ്ങൾക്കപ്പുറം ജനങ്ങൾ പോളിങ് ബൂത്തിലെത്തുക. മറുവശത്ത്, അമരീന്ദർ പാർട്ടിക്കെതിരെ ഏതെങ്കിലും തരത്തിൽ വാേളാങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇതുപോലൊരു അധികാരത്തർക്കത്തിനൊടുവിലാണ് മധ്യപ്രദേശിൽ പാർട്ടിക്ക് ഭരണം നഷ്ടമായത്. രാജസ്ഥാനിലും ഛത്തിസ്ഗഢിലുമെല്ലാം സമാനമായ പിടിവലികൾ നടന്നുകൊണ്ടിരിക്കുന്നു. മോദിഭരണകൂടത്തിനെതിരെ വിശാല െഎക്യമുന്നണിക്കായി വിവിധ കോണുകളിൽ ചർച്ച പുരോഗമിക്കുേമ്പാഴാണ് അത്തരം ഉദ്യമങ്ങൾക്ക് നേതൃത്വം നൽകേണ്ട പാർട്ടിയിലെ ഇൗ അധികാര വടംവലിയെന്നത് അത്യന്തം നിരാശജനകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.