‘ഭൂമുഖത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷം’ എന്നാണ് നമ്മുടെ അയൽരാജ്യമായ മ്യാന്മറിലെ റാഖൈൻ സംസ്ഥാനത്തെ റോഹിങ്ക്യൻ വംശജരായ മുസ്ലിംകളെ ഐക്യരാഷ്ട്ര സഭ തന്നെ വിശേഷിപ്പിച്ചത്. ഭരണകൂടത്തിെൻറയും ബുദ്ധമത തീവ്രവാദികളുടെയും നേതൃത്വത്തിൽ പതിറ്റാണ്ടുകളായി അതിക്രൂരമായ പീഡനങ്ങളാണ് ആ ജനവിഭാഗം അനുഭവിച്ചു വരുന്നത്. 20 ലക്ഷത്തോളം വരുന്ന ആ ജനതയിൽ പകുതിയിലേറെ പേരും -ഏതാണ്ട് 12 ലക്ഷത്തോളം- ഇതിനകം അഭയാർഥികളായി കഴിഞ്ഞു. സൗദി അറേബ്യ, പാകിസ്താൻ, ബംഗ്ലാദേശ്, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലായാണ് ഇത്രയും വരുന്ന അഭയാർഥികൾ വർഷങ്ങളായി കഴിയുന്നത്. എട്ട് ലക്ഷത്തോളം റോഹിങ്ക്യകളാണ് ഇപ്പോൾ റാഖൈനിൽ കഴിയുന്നത്. അവരാണ് ഭരണകൂടത്തിെൻറ വ്യവസ്ഥാപിത അതിക്രമങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. ലോകത്ത് ഒരു രാഷ്ട്രവും തിരിഞ്ഞുനോക്കാനില്ലാത്ത ഏറ്റവും പതിതരായ വിഭാഗമായി അവർ മാറിയിട്ട് വർഷങ്ങളായി. മ്യാന്മർ പൗരത്വം പോലും അവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. സ്വന്തം രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്, അവരുടെ മതം വേറെയായത് കൊണ്ട് മാത്രം പൗരത്വം നിഷേധിക്കുന്ന അനുഭവം ലോകത്ത് അപൂർവമായിരിക്കും. എന്നിട്ടുപോലും അതിനെതിരെ ലോക മനസ്സാക്ഷി ഉയർന്നില്ല എന്നത് ഗൗരവപ്പെട്ട കാര്യമാണ്. റോഹിങ്ക്യൻ മുസ്ലിംകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വിശദമാക്കുന്ന റിപ്പോർട്ട് 2013ൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തിറക്കിയിരുന്നു. ഇത്രയും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ ഭൂമിയിൽ ഒരിടത്ത് വ്യവസ്ഥാപിതമായി നടന്നിട്ടും രാഷ്ട്രാന്തരീയ സമൂഹം അതിനോട് കാണിക്കുന്ന കടുത്ത നിസ്സംഗതയെ പുറത്തുകാണിക്കുന്ന ആ റിപ്പോർട്ടിെൻറ തലക്കെട്ട് തന്നെ ‘ആൾ യൂ കാൻ ഡൂ ഇൗസ് പ്രേ’ എന്നാണ്.
റോഹിങ്ക്യകളെക്കുറിച്ച് ഇപ്പോൾ വീണ്ടും ചർച്ച ചെയ്യാൻ കാരണമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ റോഹിങ്ക്യകൾക്കെതിരായ ആക്രമണം മ്യാന്മർ സൈന്യവും ബുദ്ധ തീവ്രവാദികളും ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഒരാഴ്ചക്കിടെയുണ്ടായ സൈനിക നടപടിയിൽ അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടുവെന്നാണ് വിവിധ അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരണസംഖ്യ ഇതിലും എത്രയോ അധികം വരുമെന്നാണ് റോഹിങ്ക്യൻ സംഘടനകൾ പറയുന്നത്. പതിനായിരക്കണക്കിന് ആളുകൾ ഇതിനകം നാടുവിട്ടു കഴിഞ്ഞു. പലരും നെൽപാടങ്ങളിലും കാടുകളിലും കഴിയുന്നതായും വാർത്തകളുണ്ട്. ഭക്ഷണം, വെള്ളം, പുതപ്പ് തുടങ്ങിയ പ്രാഥമിക സൗകര്യങ്ങളില്ലാതെ ജീവിതത്തിനും മരണത്തിനുമിടയിൽ പോരടിക്കുകയാണ് അഭയംതേടിയലയുന്ന ആ ജനം.
റാഖൈൻ സംസ്ഥാനത്തെ അവസ്ഥകളെ കുറിച്ച് പഠിക്കാൻ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ഉപദേശക സമിതിയുടെ തലവൻ കോഫി അന്നാൻ തെൻറ പഠന റിപ്പോർട്ട് സമർപ്പിച്ച് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. മ്യാന്മർ ഭരണകൂടം റാഖൈനിലെ റോഹിങ്ക്യകൾക്ക് നേർക്ക് നടത്തുന്ന വ്യവസ്ഥാപിത വിവേചനങ്ങളുടെയും ക്രൂരതകളുടെയും നേർചിത്രമാണ് ആ റിപ്പോർട്ട്. അപകടകരമായ സാഹചര്യത്തിലൂടെയാണ് റാഖൈൻ പ്രദേശം കടന്നുപോവുന്നതെന്നും ഈ സ്ഥിതി തുടരാൻ പാടില്ലെന്നും റിപ്പോർട്ട് പുറത്തുവിടവെ കോഫി അന്നാൻ പറഞ്ഞിരുന്നു. എന്നാൽ, അന്താരാഷ്ട്ര സമൂഹത്തിെൻറ ഭാഗത്തുനിന്നുണ്ടാവുന്ന ചെറിയ പ്രതികരണങ്ങളെ ഗൗരവത്തിലെടുക്കാൻ ഓങ്സാൻ സൂചി എന്ന മുൻ നൊബേൽ സമാധാന പുരസ്കാര ജേതാവ് നേതൃത്വം നൽകുന്ന മ്യാന്മർ ഭരണകൂടം തയാറാവുന്നില്ല. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിന് പുല്ലുവില കൽപിച്ചുകൊണ്ടാണ് അവർ വീണ്ടും റോഹിങ്ക്യകൾക്കെതിരായ ആക്രമണം പുനരാരംഭിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും വിഷയത്തിെൻറ ഗൗരവാവസ്ഥ ഉൾക്കൊണ്ട് ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. പക്ഷേ, മനുഷ്യരായിപോലും പരിഗണിക്കപ്പെടാതെ ക്രൂരമായ ആക്രമണത്തിന് വിധേയമാവുന്ന ആ ജനതക്ക് വേണ്ടി ഉച്ചത്തിൽ ശബ്ദിക്കാൻ ആരും രംഗത്ത് വരുന്നില്ല എന്നതാണ് ദുഃഖകരം. സ്വന്തമായി ഒട്ടേറെ പ്രശ്നങ്ങളിൽപെട്ടുഴലുന്ന, പല കാര്യങ്ങളിലും പരസ്പരം കലഹിക്കുന്ന മുസ്ലിം രാഷ്ട്രങ്ങൾ അങ്ങേയറ്റം നിസ്സംഗമായാണ് റോഹിങ്ക്യകൾക്കെതിരായ വംശീയ അതിക്രമങ്ങളെ നോക്കിക്കാണുന്നത്. വിദൂരത്ത് നിൽക്കുന്ന തുർക്കി മാത്രമാണ് പ്രശ്നത്തിൽ പരിമിതമായ രീതിയിലെങ്കിലും ഇടപെടുന്നത്. മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ സന്നദ്ധ സംഘടനകൾ പ്രശ്നത്തിൽ ഇടപെടാൻ ഭരണകൂടത്തിനുമേൽ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും അത് വലിയ ഫലങ്ങൾ സൃഷ്ടിച്ചു തുടങ്ങിയിട്ടില്ല. റാഖൈൻ സംസ്ഥാനം അതിർത്തി പങ്കിടുന്ന ബംഗ്ലാദേശ് എന്ന മുസ്ലിം രാജ്യമാകട്ടെ, അതിക്രൂരമായ രീതിയിലാണ് റോഹിങ്ക്യകളോട് പെരുമാറുന്നത്. അതിർത്തിയിലെ നാഫ് നദി കഷ്ടപ്പെട്ട് നീന്തിക്കയറി എത്തുന്ന അഭയാർഥികളെ മ്യാന്മറിലേക്ക് തന്നെ തിരിച്ചയക്കുകയാണ് ബംഗ്ലാദേശ് സൈന്യം. റോഹിങ്ക്യകൾക്ക് പിന്തുണ നൽകിപ്പോന്നിരുന്ന ബംഗ്ലാദേശിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളെയെല്ലാം അവിടത്തെ ഹസീന വാജിദ് സർക്കാർ നേരത്തെതന്നെ അടിച്ചമർത്തിയിരുന്നു. ക്രൂരയായ ആ ഭരണാധികാരിയിൽനിന്ന് റോഹിങ്ക്യകൾക്ക് നന്മ കിട്ടുമെന്ന് പ്രതീക്ഷിക്കാൻ വയ്യ. മറ്റൊരു അയൽരാജ്യമായ ഇന്ത്യയാവട്ടെ, ഒരു മനുഷ്യാവകാശ പ്രശ്നമെന്ന നിലക്ക് റോഹിങ്ക്യകളുടെ വിഷയത്തെ നോക്കിക്കാണാൻ സന്നദ്ധമായിട്ടില്ല. എന്നല്ല, നമ്മുടെ രാജ്യത്തുള്ള ഏതാനും ആയിരങ്ങൾ മാത്രം വരുന്ന റോഹിങ്ക്യൻ അഭയാർഥികളെ രാജ്യത്തുനിന്ന് പുറന്തള്ളുന്നതിനെ കുറിച്ചാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.
പരിഷ്കൃത ലോകത്തിന് കേട്ടുനിൽക്കാൻപോലും പറ്റാത്തതാണ് റോഹിങ്ക്യകൾ നേരിടുന്ന ക്രൂരതകൾ. ജനാധിപത്യവും നാഗരികതയും ഇത്രമേൽ വികസിച്ചുവെന്ന് പറയുന്ന ഘട്ടത്തിലാണ് ആ ജനത ഇത്രയും അപരിഷ്കൃതമായ ഭരണകൂട ഭീകരതക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. പരിഷ്കൃത ലോകം എപ്പോഴാണ് ഈ പതിത മനുഷ്യരുടെ നിലവിളികൾക്ക് കാതോർക്കുക?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.