കഴിഞ്ഞയാഴ്ച, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ഏറ്റവും നഷ്ടം സംഭവിച്ച പാർട്ടിയേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ: ഇന്ത്യൻ നാഷനൽ കോൺഗ്രസ്.
അധികാര വടംവലിയും ആഭ്യന്തരകലഹവും നിമിത്തം പഞ്ചാബിൽ ഭരണം നഷ്ടമായി. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഗോവയിലും വലിയ സാധ്യതയുണ്ടായിരുന്നിട്ടും സംഘടനദൗർബല്യം കാരണം അതൊന്നും പ്രയോജനപ്പെടുത്താനാവാതെ പ്രതിപക്ഷനിരയിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഉത്തർപ്രദേശിലെ കാര്യമാണ് ഏറെ ദയനീയം. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേരിട്ട് നയിച്ചിട്ടും രണ്ട് സീറ്റും 2.33 ശതമാനം വോട്ടും മാത്രമാണ് സമ്പാദ്യം.
പരാജയം തുടർക്കഥയാകുന്നു എന്നതിനൊപ്പം, 'കോൺഗ്രസ് മുക്ത ഭാരതം' എന്ന സംഘ്പരിവാർ സ്വപ്നത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യുന്നു എന്നതാണ് ഏറെ ദൗർഭാഗ്യകരമായ വസ്തുത. രാജ്യത്ത് ഇപ്പോൾ കോൺഗ്രസ് ഭരണം നിലനിൽക്കുന്നത് രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാഫ് പിന്നെയും താഴുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം, കേരളത്തിലും അസമിലുമെല്ലാം പാർട്ടി തോറ്റമ്പി. തുടർച്ചയായ ഈ പരാജയ പരമ്പരകളൊന്നും പാർട്ടിയെയും നേതൃത്വത്തെയും ഒരു പാഠവും പഠിപ്പിക്കുന്നില്ല എന്നതാണ് അതിദയനീയം. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗ തീരുമാനങ്ങളും അനുബന്ധ സംഭവവികാസങ്ങളുമൊക്കെ അക്കാര്യമാണ് അടിവരയിടുന്നത്.
തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ പിഴവ് സംഭവിച്ചെന്നാണ് ഞായറാഴ്ച ഡൽഹിയിൽ ചേർന്ന പ്രവർത്തകസമിതി യോഗം വിലയിരുത്തിയത്. എന്നാൽ, തെരഞ്ഞെടുപ്പിലെ തകർച്ചക്ക് ആരാണ് ഉത്തരവാദിയെന്ന ചോദ്യത്തിലേക്കും തൽസംബന്ധമായ അന്വേഷണങ്ങളിലേക്കും നാല് മണിക്കൂർ നീണ്ട യോഗം പോയില്ല. സംഘടനാ തെരഞ്ഞെടുപ്പ് കഴിയുംവരെ സോണിയ ഗാന്ധി തന്നെ അധികാരത്തിൽ തുടരാനും പരാജയം വിലയിരുത്താൻ വിശദമായ ചിന്താശിബിരം സംഘടിപ്പിക്കാനും തീരുമാനിച്ച് യോഗം പിരിയുകയായിരുന്നു. മറ്റൊരർഥത്തിൽ, തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സവിശേഷമായി ചർച്ച ചെയ്യാൻപോലും നേതൃത്വം തയാറായില്ല; എല്ലാം ചട്ടപ്പടി യോഗനടപടികളിൽ അവസാനിച്ചു.
രണ്ടു ദിവസത്തിനുശേഷം, അസാധാരണമായൊരു നടപടികൂടി ദേശീയ അധ്യക്ഷയുടെ ഭാഗത്തുനിന്നുണ്ടായി. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും പി.സി.സി അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ടു സോണിയ. സാധാരണ, തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന പ്രസിഡന്റുമാർ രാജിവെക്കുന്ന പതിവുണ്ട്. അതിനുമുന്നേ, നടപടിയെന്നോണം സോണിയ ഇവരുടെ രാജി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അതത് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്കെതിരെ പ്രത്യേകിച്ച് നടപടിയൊന്നുമില്ലതാനും.
ഈ പശ്ചാത്തലത്തിലാണ്, നേതൃത്വത്തിലെ വിമതപടയായ 'ജി 23' സംഘത്തിന്റെ വിമർശനങ്ങളെ മുഖവിലക്കെടുക്കേണ്ടിവരുന്നത്. പാർട്ടിയുടെ ജനാധിപത്യസംസ്കാരം നഷ്ടപ്പെട്ടുവെന്നും ഏതാനും സ്വന്തക്കാരുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കോൺഗ്രസ് പ്രസ്ഥാനം അധപ്പതിച്ചിരിക്കുന്നുവെന്നുമാണ് കപിൽ സിബൽ അടക്കമുള്ള നേതാക്കളുടെ വിമർശനങ്ങളുടെ മർമം. ഇവർ ഇത് ആദ്യമായി പറയുന്നതുമല്ല. രണ്ട് വർഷം മുമ്പ്, കപിൽ സിബലും ഗുലാം നബി ആസാദുമെല്ലാം അടങ്ങുന്ന എ.ഐ.സി.സി സംഘം പാർട്ടിയിൽ സമഗ്രമായ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ചത് വലിയ വിവാദമായിരുന്നു. തുടർന്ന്, സോണിയ രാജിവെക്കാൻവരെ തീരുമാനിച്ചതാണ്.
പക്ഷേ, കഴിഞ്ഞദിവസമുണ്ടായതുപോലെ ഒരു പ്രവർത്തകസമിതി യോഗത്തിൽ എല്ലാം കെട്ടടങ്ങി. അതിനുശേഷവും ഇടക്കിടെ ജി23 നേതാക്കൾ ചില വിമതശബ്ദമൊക്കെ ഉയർത്തിയെങ്കിലും നേതൃത്വം അതിന് കാര്യമായ പരിഗണന നൽകിയില്ല. ആ അവഗണനയുടെ കൂടി തിരിച്ചടിയായി ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തിയാൽ തെറ്റാവില്ല.
കോൺഗ്രസിന്റെ ഈ പ്രതിസന്ധി സംഘടനാപരം മാത്രമല്ല, ആശയപരം കൂടിയാണ്. സംഘടനാതെരഞ്ഞെടുപ്പ് നടത്തി എ.ഐ.സി.സി തലപ്പത്ത് പുതുനിര വരുന്നതോടെ ഒരുപക്ഷേ, സംഘടനപ്രശ്നങ്ങൾക്ക് ഒരുപരിധിവരെ അറുതിയായേക്കാം. എന്നാൽ, മാറിയ കാലത്തിനനുസൃതമായി പുതിയ പ്രവർത്തനപദ്ധതികളാവിഷ്കരിക്കാൻ പാർട്ടിക്ക് അപ്പോഴും കഴിയുമോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ ഉയർത്തിക്കാട്ടുന്ന തീവ്രഹിന്ദുത്വത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ പാർട്ടിക്ക് ഒരു വ്യക്തതയുമില്ല എന്നത് ഇതിനകം ബോധ്യപ്പെട്ട വസ്തുതയാണ്. ഒരുകാലത്ത്, അധികാരത്തിൽ തുടരാൻ പുറത്തെടുത്ത മൃദുഹിന്ദുത്വ സമീപനം എന്നതീർത്തും ഋണാത്മകമായ ചെപ്പടിവിദ്യയല്ലാതെ മറ്റൊന്നും ഇക്കാലത്തും അവരുടെ പക്കലില്ല.തീവ്രഹിന്ദുത്വം നാടുഭരിക്കുമ്പോൾ പ്രതിപക്ഷത്ത് എന്തിനാണൊരു മൃദുസമീപനമെന്ന ചോദ്യം പ്രസക്തമാകുന്നത് ഈ സന്ദർഭത്തിലാണ്.
വാസ്തവത്തിൽ, ഫാഷിസത്തിന്റെ ഇരകളെ ദേശീയതലത്തിൽ സംഘടിപ്പിക്കാനും മതേതര പാർട്ടികളെ ഒരു കുടക്കീഴിൽ നിർത്താനുമൊക്കെ ഇന്നും കോൺഗ്രസിന് കെൽപുണ്ട്. എന്നാൽ, അത്തരത്തിലൊരു ക്രിയാത്മക നീക്കത്തെ സംബന്ധിച്ച് ആലോചനപോലും നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല; രാമക്ഷേത്രം, ഹിജാബ് തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിൽ ഹിന്ദുത്വവാദികൾ ഉയർത്തുന്ന വംശീയരാഷ്ട്രീയത്തോട് പലപ്പോഴും പാർട്ടി രാജിയാവുകയും ചെയ്യുന്നു.
ഈ സമീപനത്തോടുള്ള അണികളുടെയും പാർട്ടിയിൽ പ്രതീക്ഷയർപ്പിച്ച മതേതര വിശ്വാസികളുടെയും ആശങ്കയും നിരാശയുമാണ് കപിൽ സിബലും മറ്റും കഴിഞ്ഞദിവസങ്ങളിൽ പങ്കുവെച്ചത്.ആ വിമർശനങ്ങളെ ആർ.എസ്.എസ് പക്ഷപാതിത്വമായി വിലയിരുത്താനാണ് ചില നേതാക്കൾ ശ്രമിച്ചതെന്നുവരുമ്പോൾ, ഇപ്പോഴത്തേത് തീർത്തും അനിവാര്യമായൊരു പതനമാണെന്നുതന്നെ വിലയിരുത്തേണ്ടിവരും. ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ ദൈവം രക്ഷിക്കട്ടെ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.