ഇന്ത്യയുടെ സങ്കടത്തോൽവി


ഓരോ ഇന്ത്യക്കാരനും കിനാവുകണ്ട ലോകകപ്പ് ഏകദിന ക്രിക്കറ്റ് കിരീടം ഇന്ത്യക്ക് സ്വന്തം തട്ടകത്തിൽ കൈമോശം വന്നു. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഗാലറികളിൽ ഞായറാഴ്ച നിറഞ്ഞിരുന്ന കാണികളെയും ലോകമെങ്ങും സ്ക്രീനുകളിൽ കളി വീക്ഷിക്കാനിരുന്ന കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികളെയും നിരാശരാക്കി രോഹിത് ശർമയും കൂട്ടരും ഒരിക്കൽകൂടി പടിക്കൽ കലമുടച്ചു. ഞായറാഴ്ച നടന്ന ഫൈനലിൽ ഇന്ത്യ ആസ്ട്രേലിയയോട് ദയനീയമായി തോറ്റു. കളിക്കളത്തിൽ അസാധാരണമായ കരുത്തും ആത്മവിശ്വാസവും പ്രകടമാക്കിയ കങ്കാരുനാട്ടുകാർ കപ്പെന്ന ലക്ഷ്യത്തിലേക്ക് ഒറ്റമനസ്സുമായി പടനയിച്ചപ്പോൾ മൂന്നാം കിരീടമെന്ന മോഹവുമായി വന്ന നീലക്കുപ്പായക്കാർക്ക് അടിതെറ്റി. കിരീട സമ്മർദങ്ങളെ അതിജയിക്കാനാവാതെ ബാറ്റിങ്ങിൽ തകർന്നുപോയ ഇന്ത്യയുടെ ബാറ്റർമാർ പടുത്തുയർത്തിയ ചുരുങ്ങിയ സ്കോർ ബൗളിങ് നിരക്ക് പ്രതിരോധിക്കാനുമായില്ല.

1983ൽ കപിൽദേവിന്‍റെ ചെകുത്താന്മാർ ക്രിക്കറ്റിന്റെ മക്കയായ ലോഡ്സിൽ ആദ്യമായി കപ്പുയർത്തിയത് അത്ഭുതക്കാഴ്ചയായിരുന്നു. ഏകദിന മത്സരങ്ങളിൽ ബാലാരിഷ്ടത മാറിയിട്ടില്ലാത്ത കപിൽദേവും കൂട്ടരും അന്ന് കരുത്തരായ വെസ്റ്റിൻഡീസിനെ കെട്ടുകെട്ടിച്ചാണ് ക്രിക്കറ്റ് ലോകത്ത് വിസ്മയക്കാഴ്ചയായി മാറിയത്. പരിമിത ഓവർ ക്രിക്കറ്റിൽ അന്നു തുടങ്ങിയ ജൈത്രയാത്രക്കിടയിൽ പക്ഷേ, പിന്നീടൊരിക്കൽ മാത്രമേ ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടാനായുള്ളൂ. 2011ൽ ധോണിയുടെ സംഘം സ്വന്തം മണ്ണിൽ ശ്രീലങ്കയെ തോൽപിച്ച് ചൂടിയ കിരീടം.

ലോകകപ്പ് ചാമ്പ്യൻഷിപ്പിന് തുടക്കമിടുമ്പോൾ ഏറ്റവും കൂടുതൽ ജയസാധ്യത കൽപിക്കപ്പെട്ട ടീം ആതിഥേയർ തന്നെയായിരുന്നു. കളിച്ച 10 മത്സരങ്ങളിലും എതിരാളികളെ നിഷ്പ്രഭരാക്കിയാണ് നമ്മൾ ഫൈനലിലെത്തിയതും. എന്നാൽ, ആസ്ട്രേലിയയെപ്പോലൊരു പൂർണകായ പ്രഫഷനൽ ടീമിനോട് കിടപിടിക്കാൻ പോന്ന തന്ത്രമൊരുക്കുന്നതിൽ ടീം ഇന്ത്യ പൂർണമായും പരാജയപ്പെട്ടു. ഫൈനൽ വരെ ഉജ്ജ്വലമായി ബാറ്റേന്തിയും പന്തെറിഞ്ഞും വിജയങ്ങളിൽനിന്ന് വിജയങ്ങളിലേക്കു നയിച്ചവരിലാർക്കും നിർണായക ദിവസം ഒറ്റയാൻപോരാട്ടത്തിലൂടെ ടീമിനെ കരപിടിച്ചുകയറ്റാനായില്ല.

ലോകക്രിക്കറ്റിൽ ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റാണ് ആറാം കിരീടവുമായി ആസ്ട്രേലിയ മടങ്ങുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരമിക്കലിനടുത്തെത്തിയ അരഡസനിലേറെ കളിക്കാരുമായി ഇന്ത്യയിലെത്തിയ കങ്കാരുക്കൾ സാധ്യതാപട്ടികയിൽ നന്നേ പിറകിലായിരുന്നു. ദക്ഷിണാഫ്രിക്കയിലും ന്യൂസിലൻഡിലും പരമ്പര തോറ്റ നാണക്കേടും വയസ്സൻപടയെന്ന പരിഹാസവുമായി ലോകകപ്പിനെത്തിയ പാറ്റ് കമ്മിൻസും സംഘവും ആദ്യം ഇന്ത്യയോടും തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയോടും തോറ്റശേഷം ഒമ്പതു കളികളിലെ തുടർജയങ്ങളുമായാണ് ലോകത്തെ ഞെട്ടിച്ചത്. പോരാട്ടവീര്യമാണ് ആസ്ട്രേലിയയുടെ മുഖമുദ്ര. എല്ലാവരാലും എഴുതിത്തള്ളിയാലും സാധ്യതകളുടെ കച്ചിത്തുരുമ്പിൽ പിടിച്ചുകയറാൻ കെൽപുള്ളവരാണ് അവർ. ലോകകപ്പിന്റെ ചരിത്രത്തിലുടനീളം അവരുടെ ഇത്തരം വിജയമുദ്രകളുണ്ട്. 1987ൽ ഇന്ത്യയിലാണ് അവർ ആദ്യമായി കിരീടം ചൂടിയത്. 1999 മുതൽ 2007 വരെ തുടർച്ചയായി മൂന്നു തവണ കപ്പ് ജയിച്ച് ഹാട്രിക് നേട്ടം കൈവരിച്ചു, 2015ൽ വീണ്ടും കിരീടമുയർത്തി.

20 വർഷം മുമ്പ് ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സിൽ നടന്ന ഫൈനലിലേറ്റ തോൽവിക്ക് മധുരമായി കണക്കുതീർക്കണമെന്ന ഇന്ത്യയുടെ സ്വപ്നമാണ് ഫൈനലിൽ പൊലിഞ്ഞത്. ഒരു ടീമെന്ന നിലയിൽ ഇത്രയേറെ ഒത്തിണക്കത്തോടെ കളിച്ചവർ ലോകകപ്പ് കിരീടം അർഹിച്ചിരുന്നു. ഇനിയൊരു ലോകകപ്പിന് പാഡ് കെട്ടാനാവാത്ത നായകൻ രോഹിത് ഉൾപ്പെടെ പലർക്കും കപ്പ് വിജയത്തിന്റെ മേമ്പൊടിയും ആവശ്യമായിരുന്നു. ടീമിലെ ഓരോ താരവും സ്വന്തം ഉത്തരവാദിത്തം നിർവഹിച്ചതോടെ ആധികാരികമായിരുന്നു ഫൈനലിലേക്കുള്ള ഇന്ത്യയുടെ യാത്ര. ഒരാൾ വീഴുന്നിടത്ത് മറ്റൊരാൾ ടീമിനെ കൈപിടിച്ചുയർത്തുന്ന ടീം ടോട്ടാലിറ്റിയുടെ പൂർണത. സമാനതകളില്ലാത്ത നേട്ടങ്ങളിലേക്ക് ബാറ്റ് വീശിയ വിരാട് കോഹ്‍ലിയും മാസ്മരികമായി പന്തെറിഞ്ഞ മുഹമ്മദ് ഷമിയും റെക്കോഡ് പുസ്തകത്തിലെ കണക്കുകളിലേറെയും തിരുത്തിക്കുറിച്ചപ്പോൾ അവർക്കൊപ്പംനിന്ന് അടരാടി മികവിന്റെ വഴിയിലായിരുന്നു കെ.എൽ. രാഹുലും ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും രവീന്ദ്ര ജദേജയും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും കുൽദീപ് യാദവുമെല്ലാം. പക്ഷേ, ഫൈനലിൽ ട്രാവിസ് ഹെഡെന്ന ഓസീസ് ഓപണറുടെ അത്യുജ്ജ്വലമായ ചെറുത്തുനിൽപ് ഇന്ത്യയുടെ കിനാവുകൾ തച്ചുടച്ചു.

ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക ഭരണകൂടമായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ കീഴിൽ ഇന്ത്യയുടെ ലോകകപ്പ് ആതിഥേയത്വവും പ്രശംസ പിടിച്ചുപറ്റുന്നതാണ്. അതിവേഗ ക്രിക്കറ്റിന്റെ ആവേശലഹരിയിൽ ഏകദിന മത്സരങ്ങളുടെ വീര്യം ചോരുന്നുവെന്ന ആശങ്കകൾക്കിടയിലാണ് ഈ ലോകകപ്പ് അരങ്ങേറിയത്. ഒരു വേള ഏകദിന ഫോർമാറ്റിൽ ഇത് അവസാനത്തെ ലോകകപ്പായിരിക്കുമെന്ന പ്രവചനം പോലുമുണ്ടായി. തുടക്കത്തിൽ കാണികൾ കുറഞ്ഞത് സന്ദേഹങ്ങൾക്ക് ആക്കംകൂട്ടിയെങ്കിലും കളി മുറുകുമ്പോഴേക്കും ഗാലറികളിൽ ആവേശം നിറഞ്ഞിരുന്നു. എല്ലാ റെക്കോഡുകളും തകർക്കുന്നതാണ് ടെലിവിഷൻ, മൊബൈൽ കാഴ്ചക്കാരുടെ എണ്ണം. എന്നാൽ, ചാമ്പ്യൻഷിപ്പിന്റെ ദൈർഘ്യവും മത്സരങ്ങളുടെ ആധിക്യവും വേദികളുടെ എണ്ണവും ഏകദിന ക്രിക്കറ്റിന്റെ ഘടനയിലും രൂപത്തിലും അനിവാര്യമായ മാറ്റം ആവശ്യപ്പെടുന്നുണ്ട്.

Tags:    
News Summary - world cup cricket india editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT