സ്വിറ്റ്സർലൻഡിലെ ദാവോസിൽ ആഗോള രാഷ്ട്രീയ നേതാക്കളും സാമ്പത്തിക സ്ഥാപന പ്രതിനിധികളും ധനിക വ്യവസായികളുമെല്ലാം ഒരിക്കൽകൂടി ഒത്തുകൂടി സമകാലിക ലോകത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക അവസ്ഥകളും പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ചർച്ച ചെയ്തു പിരിഞ്ഞു. ശതകോടീശ്വരന്മാരും ലോകത്തെ മറ്റു വിശിഷ്ടരും ചേർന്ന് ലോകത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന ഭാവത്തിൽ കൂടിയിരിക്കുന്നതിനെക്കുറിച്ച് ‘ഫോറിൻ പോളിസി’ മാഗസിനിലെ മൈക്കൽ ഹെർഷ് നിരീക്ഷിച്ചതിൽ ശരിയുണ്ട്. ഈ പ്രശ്നങ്ങളൊക്കെ നിലനിർത്തിക്കൊണ്ടുപോകുന്ന യഥാർഥ പ്രതികളുടെ കൂട്ടായ്മയെന്നാണ് അദ്ദേഹം ദാവോസ് സംഗമത്തെ വിശേഷിപ്പിച്ചത്.
60 രാഷ്ട്രത്തലവന്മാരും ആഗോള വ്യവസായ പ്രമുഖരും സർക്കാർ-സർക്കാറേതര പ്രതിനിധികളും ഉൾപ്പെടെ 2800 പ്രതിനിധികൾ ദാവോസിൽ ഒത്തുചേരുമ്പോൾ ഉഭയ/ബഹു കക്ഷി ചർച്ചകൾ നടക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ സാമ്പത്തിക കരാറുകളും ഒപ്പിടാറുണ്ട്. തെലങ്കാന സർക്കാർ മൊത്തം ഒപ്പിട്ട 36,500 കോടി രൂപയുടെ വികസന കരാറുകൾ, മഹാരാഷ്ട്ര സർക്കാർ ഒപ്പിട്ട മൂന്നരലക്ഷം കോടി രൂപയുടെ കരാറുകൾ എന്നിവ ഉദാഹരണം.
1971 ജനുവരിയിൽ സ്വിറ്റ്സർലൻഡിലെതന്നെ ജനീവക്കടുത്ത് ഒരു ജർമൻ എൻജിനീയറായ ക്ലൗസ് ഷ്വാബിന്റെ നേതൃത്വത്തിൽ ഒരു സർക്കാറേതര സംഘടനയായി നിലവിൽവന്നതാണ് ലോക സാമ്പത്തിക ഫോറം (വേൾഡ് ഇക്കണോമിക് ഫോറം-ഡബ്ല്യു.ഇ.എഫ്). വ്യാപാര, രാഷ്ട്രീയ, അക്കാദമിക നേതൃത്വങ്ങൾ സംഗമിച്ച് ലോകത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താനും വ്യാപാര-വ്യവസായ അജണ്ടകൾ നിർണയിക്കാനും ലക്ഷ്യമിട്ട ഉച്ചകോടികൾ പത്തെണ്ണം കഴിഞ്ഞിട്ടും ഇതുവരെ എത്രമാത്രം മുന്നോട്ടുപോയി എന്ന് ഓരോ വാർഷിക സമ്മേളനം കഴിയുമ്പോഴും അവലോകനം ചെയ്യേണ്ടതാണ്. അതിലും പ്രധാനമാണ് മേൽപറഞ്ഞ വ്യത്യസ്ത വേദികളുടെ ഏകോപിച്ച പ്രവർത്തനം എന്തുമാത്രം ഫലപ്രദമായി എന്നത്. ഇതിനൊന്നും ഈ വർഷത്തെ ദാവോസ് ഉച്ചകോടിയും ഉത്തരം നൽകുന്നില്ല.
2023 ലെ ദാവോസ് ഉച്ചകോടിയുടെ സമയത്ത് രൂക്ഷമായിരുന്ന യുക്രെയ്ൻ യുദ്ധവും കഴിഞ്ഞ വർഷാവസാനം പൊട്ടിപ്പുറപ്പെട്ട ഫലസ്തീൻ - ഇസ്രായേൽ സംഘർഷവും 2024 ഉച്ചകോടി നടക്കുമ്പോൾ ലോകത്തെ അലട്ടുന്ന രണ്ടു സംഘർഷങ്ങളായി നിലവിലുണ്ട്. എന്നാൽ, ഫലസ്തീൻ പ്രശ്നത്തിന് അന്ത്യം കുറിക്കുന്ന എന്തെങ്കിലും സമീപനരേഖ ദാവോസ് ചർച്ചകളിൽ ഉരുത്തിരിഞ്ഞിട്ടില്ല. യുദ്ധമെന്ന രാഷ്ട്രീയസംഭവം സ്വാധീനിക്കുന്ന സാമ്പത്തിക മണ്ഡലത്തിലും അർഥവത്തായ തുടക്കങ്ങളുണ്ടായില്ല. ഉദാഹരണമായി ഗസ്സയിലെ വീടുകൾ പുനർനിർമിക്കാൻ മാത്രം 15 ബില്യൺ ഡോളർ വേണ്ടിവരുമെന്നു ഫലസ്തീൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് മേധാവി ഡോ. മുഹമ്മദ് മുസ്തഫ പറഞ്ഞെങ്കിലും, സ്ഥിരം സമാധാനത്തിനുള്ള പദ്ധതികൾകൂടി ഉണ്ടെങ്കിലേ പുനർനിർമാണങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്യാൻകഴിയൂ എന്നനിലപാടാണ് അറബ് രാജ്യങ്ങൾതന്നെ എടുത്തത്. പല പ്രതിനിധികളും ഇതര രാഷ്ട്രങ്ങളിൽനിന്നുള്ളവരുടെ എതിർപ്പ് ഭയന്ന് യുദ്ധത്തെക്കുറിച്ച് സംസാരിക്കാൻ വല്ലാതെ ശങ്കിച്ചു.
അതുകൊണ്ട് യുദ്ധം കാരണമായുള്ള ഊർജ-ഭക്ഷ്യ ദൗർലഭ്യമോ അത് വരുത്തുന്ന ഭീമമായ മനുഷ്യവിഭവ നഷ്ടമോ ആ നിലയിൽപോലും ദാവോസിന് ചർച്ചാവിഷയമായില്ല. ഫലസ്തീൻ വിഷയത്തിൽതന്നെ അമേരിക്ക, ഫലസ്തീനും ഇസ്രായേലും രണ്ടു രാഷ്ട്രങ്ങളായി ഒന്നിച്ച് നിലനിൽക്കണമെന്ന അഭിപ്രായം വീണ്ടും കാൽപനികഭാവത്തിൽ ആവർത്തിച്ചെന്നു മാത്രം. പക്ഷേ, അതിനപ്പുറം ചെയ്യേണ്ട വേദികളിലാണ് യു.എസ് റോൾ നിർണായകമാവുന്നത്. അതിന്റെ സൂചനകളും ദാവോസിൽ ദൃശ്യമായില്ല.
ചൈനയെ തുറിച്ചുനോക്കുന്ന സാമ്പത്തിക മാന്ദ്യമാണ് മറ്റൊരു ചർച്ച. ചൈനീസ് സമ്പദ്വ്യവസ്ഥ അവരുടെ ആഭ്യന്തര വിഷയത്തിനപ്പുറമാണിന്ന്. ചൈനയുടെ മേധാവിത്വം ദുർബലമാക്കാൻ അവസരം പാർത്തിരിക്കുന്ന അമേരിക്കയും മറുവശത്തുണ്ട്. 2023 ൽ ചൈന 5.2 ശതമാനം വളർച്ച നേടിയെങ്കിലും അത് കോവിഡ്-പൂർവ വളർച്ചാ നിരക്കിന്റെ ഏറെ താഴെയാണത്രെ.
പാശ്ചാത്യ നിക്ഷേപകർ ഇപ്പോൾ ചൈനയിൽ പഴയ നിക്ഷേപതാൽപര്യം കാണിക്കുന്നില്ല. അവസരം മുതലെടുത്ത് ആ ഇടം ഇന്ത്യ പിടിച്ചടക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ സഹകരണത്തോടെ ഇന്ത്യ നടപ്പാക്കിവരുന്ന ലിംഗനീതിക്കായുള്ള നടപടികൾ ഉച്ചകോടിയുടെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. അന്താരാഷ്ട്ര വേദികളിലെ ഈ തിളക്കത്തിനപ്പുറം ലിംഗനീതിയിൽ ഇന്ത്യ എവിടെയെന്ന ചോദ്യത്തിന് നാട്ടുകാരെതന്നെ വിശ്വസിപ്പിക്കാവുന്ന ഉത്തരം ഇനിയും ദൃശ്യമായിട്ടുണ്ടോ എന്നു സംശയമാണ്. അന്താരാഷ്ട്ര വിഷയങ്ങളിൽ പരസ്പരധാരണയും സൗഹൃദവും സഹകരണവുമാണ് ദാവോസ് പോലുള്ള ഉച്ചകോടികൾ ലക്ഷ്യമിടേണ്ടത്. ഇക്കൊല്ലത്തെ വേൾഡ് ഇക്കണോമിക് ഫോറവും അതിൽ കാര്യമായ എന്തെങ്കിലും സംഭാവന നൽകിയതായി തെളിയിക്കപ്പെട്ടിട്ടു വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.