ഇറാനുമായുണ്ടായിരുന്ന ബഹുരാഷ്ട്ര കരാറിൽനിന്ന് ഏകപക്ഷീയമായി പിൻവാങ്ങിയ േഡാണൾഡ് ട്രംപ് പ്രതീക്ഷക്കൊത്ത് ഉയരുന്നുണ്ടെന്നുതന്നെ പറയണം. തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പിന്തുണച്ച യുദ്ധവ്യവസായികളും ഭീകരതയുടെ പേരുപറഞ്ഞ് അറബ് രാജ്യങ്ങൾക്കുമേൽ അന്യായമായി കടന്നാക്രമിച്ചതിെൻറ കൊതി ഇേപ്പാഴും തീർന്നിട്ടില്ലാത്ത വംശീയവാദികളും ഇത് രണ്ടും വേണ്ടതിലേറെയുള്ള ഇസ്രായേൽ അടക്കമുള്ള രാജ്യങ്ങളും ട്രംപിെൻറ ‘തെരഞ്ഞെടുപ്പ് വാഗ്ദാനം’ പുലരുന്നതുകണ്ട് സന്തോഷിക്കുന്നു. മറുവശത്തുള്ളതാകെട്ട, ഏറ്റവും വലിയ ആയുധശക്തി ഒരു വിവരംകെട്ട നേതാവിെൻറ വിരൽത്തുമ്പിലായിപ്പോയല്ലോ എന്ന് ആശങ്കപ്പെടുന്ന ലോകവും. 2015ലാണ് അന്നത്തെ യു.എസ് പ്രസിഡൻറായിരുന്ന ബറാക് ഒബാമ മുൻകൈയെടുത്ത് ഇറാൻ, ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, ജർമനി, ചൈന, റഷ്യ എന്നിവയെയും യു.എന്നിനെയും ഉൾപ്പെടുത്തി ആണവ കരാർ രൂപപ്പെടുത്തിയത്. ജെ.സി.പി.എ (ജോയൻറ് കോംപ്രഹൻസിവ് പ്ലാൻ ഒാഫ് ആക്ഷൻ) എന്നറിയപ്പെട്ട കരാറനുസരിച്ച് ഇറാൻ ആണവായുധമുണ്ടാക്കാൻ സാധ്യതയുള്ള പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ സമ്മതിച്ചു; മറ്റു രാഷ്ട്രങ്ങൾ ആ രാജ്യത്തിനുമേൽ ഉണ്ടായിരുന്ന ഉപരോധം എടുത്തുകളയുകയും ചെയ്തു. ലോകം ഇതിനെ സ്വാഗതംചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പു കാലത്തും പിന്നീടും ട്രംപിനെ മൂക്കുകയറിട്ടു നിയന്ത്രിക്കുന്ന ഇസ്രായേലി ലോബി ഇത്രകാലവും പ്രവർത്തനനിരതമായിരുന്നു. അടുത്ത കാലത്ത് ട്രംപ് സർക്കാറിൽ കയറിക്കൂടിയ മൈക്ക് മോംപിയോ, ജോൺ ബോൾട്ടൻ തുടങ്ങിയ പലരും അയുക്തികമായ ഇറാൻ വിരോധവും യുദ്ധഭ്രമവും ശീലമാക്കിയവരാണ്. ഏതോ സാങ്കൽപിക ലോകത്തെ ഡോൺ ക്വിക്സോട്ടായി ഉത്തര കൊറിയക്കെതിരെ പോർവിളി ഉയർത്തിയ ട്രംപ്, അത്തരക്കാർക്ക് എളുപ്പം കളിപ്പിക്കാവുന്ന പാവയാണ് താനെന്ന് സ്വയം തെളിയിക്കുകകൂടി ചെയ്തിരിക്കുന്നു. കളി ഇപ്പോൾ കാര്യമായെന്നു മാത്രം. യൂറോപ്യൻ രാജ്യങ്ങൾ ട്രംപിെൻറ പിൻമാറ്റത്തെ എതിർത്ത് രംഗത്തുണ്ട്. അതേസമയം, ഇസ്രായേലും സൗദി അറേബ്യയും യു.എ.ഇയും ട്രംപിെൻറ നടപടിയെ സ്വാഗതം ചെയ്തിരിക്കുന്നു. ശിയ-സുന്നി ഭിന്നതകൾ രൂക്ഷമാക്കുകയെന്ന തന്ത്രം വിജയിക്കുകയാണ് എന്നർഥം.
ഇൗ തീരുമാനത്തിെൻറ പ്രത്യാഘാതം ഗുരുതരമാകുമെന്ന് എടുത്തുപറയേണ്ടതില്ല. അമേരിക്കയുടെ താൽപര്യത്തിനുപോലും എതിരാണത്. ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി പറഞ്ഞപോലെ വല്ലാത്തൊരു ‘സ്വയം അട്ടിമറി’യാണ് ട്രംപിെൻറ ചെയ്തി. യു.എസിെൻറ വിശ്വാസ്യതക്ക് അതേൽപിച്ച ആഘാതവും ചെറുതല്ല. പശ്ചിമേഷ്യയിൽ ഇനിയുമൊരു യുദ്ധത്തിന് വഴിവെക്കുകകൂടി ചെയ്യും ഇൗ നയംമാറ്റം. പ്രത്യാഘാതം ഏറെ ഗൗരവതരമായിരിക്കെ ഇൗ തീരുമാനത്തിന് അടിസ്ഥാനമായ ന്യായങ്ങൾ അങ്ങേയറ്റം യുക്തിരഹിതവും പരിഹാസ്യവുമാണുതാനും. ഇറാഖിനെ ആക്രമിക്കാൻ മുമ്പ് ജോർജ് ഡബ്ല്യു. ബുഷ് ഇറക്കിയ നുണകൾ മറക്കാറായിട്ടില്ല-ഇറാഖ് കൂട്ട നശീകരണായുധം നിർമിക്കുന്നുവെന്നും അൽഖാഇൗദയുമായി ബന്ധമുണ്ടെന്നുമായിരുന്നല്ലോ ആ കള്ളങ്ങൾ. സമാനമായ കള്ളങ്ങൾതന്നെ ട്രംപും ഇറക്കുന്നു. ഇറാൻ ആണവായുധം നിർമിക്കുന്നുണ്ടെന്നും സെപ്റ്റംബർ 11 ഭീകരാക്രമണവുമായി ബന്ധമുെണ്ടന്നും യു.എസിെൻറ തന്നെ അനേകം റിപ്പോർട്ടുകൾ ഇൗ ‘ഭീകരാ’രോപണത്തെ ഖണ്ഡിക്കുന്നുണ്ട്. സെപ്റ്റംബർ 11ലെ ആക്രമണത്തിന് ഉത്തരവാദികളെന്നാരോപിക്കപ്പെടുന്ന അൽഖാഇൗദയുമായോ താലിബാനുമായോ ട്രംപ് പറയുന്ന ബന്ധം ഇറാനുണ്ടെന്നതിന് തെളിവില്ല-ഇറാൻ അവക്കെതിരെ യു.എസിനെ സഹായിച്ചതിന് തെളിവുണ്ടുതാനും. ഇറാൻ ആണവായുധം രഹസ്യമായി നിർമിക്കുന്നുണ്ട് എന്നതാണ് മറ്റൊരു കള്ളം. സി.െഎ.എ ഡയറക്ടറായിരുന്ന പനേറ്റ മുതൽ യു.എസ് നാഷനൽ ഇൻറലിജൻസ് എസ്റ്റിമേറ്റ് അടക്കമുള്ളവരുടെ റിപ്പോർട്ടുകൾ മറിച്ചാണ് പറയുന്നത്. ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗമായ ‘ഷിൻ ബെത്തി’െൻറ തലവനായിരുന്ന യുവാൽ ദിസ്കിനും ഇസ്രായേൽ സേന തലവനായിരുന്ന ബെനി ഗാൻസും പ്രതിരോധ മന്ത്രിയായിരുന്ന യഹൂദ് ബറാകും ഇറാന് ആണവായുധ പദ്ധതിയില്ലെന്ന് ഉറപ്പുപറഞ്ഞവരാണ്. അങ്ങനെയൊരു പരിപാടിയുള്ളതായി ‘തെളിവിെൻറ ശകലം’പോലും ഇല്ലെന്നാണ് ആണവോർജ ഏജൻസി (െഎ.എ.ഇ.എ) തലവനായിരുന്ന അൽ ബറാദി പറഞ്ഞത്. ഇൗയിടെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വലിയ ‘വെളിപ്പെടുത്തലെ’ന്നു പ്രഖ്യാപിച്ച് അവതരിപ്പിച്ച ‘ഇറാൻ ആണവ പദ്ധതിയുടെ തെളിവു രേഖകൾ’ വർഷങ്ങൾ പഴക്കമുള്ള പരസ്യ രേഖകളാണ്-െഎ.എ.ഇ.എ പണ്ടേ പരിശോധിച്ച് തള്ളിക്കളഞ്ഞതും. യൂറോപ്യൻ യൂനിയൻ പ്രതിനിധി ഫെദറിക്ക മൊഗറിനി ചൂണ്ടിക്കാട്ടുന്നപോെല, ഇറാനെതിരെ വിശ്വസിക്കാവുന്ന ഒരു തെളിവും ഇതിലൊന്നുമില്ല.
അസത്യങ്ങൾക്കുമേൽ പടുത്ത ആരോപണങ്ങളും അതനുസരിച്ചെടുത്ത തീരുമാനവും യു.എസിനെ ലോകത്തിനു മുമ്പാകെ പരിഹാസപാത്രമാക്കുന്നു. അതേസമയം, അത് ലോകത്തിന് വരുത്തിവെക്കാവുന്ന അപകടം വെറും തമാശയല്ല. ഇറാനെതിരെ ഏർപ്പെടുത്തുന്ന ഉപരോധം ആഗോള എണ്ണവ്യവസായത്തെയും സാമ്പത്തിക സ്ഥിതിയെയും ദോഷകരമായി ബാധിക്കും. യു.എസ് ഇതുവരെ പയറ്റിയ ‘ഭീകരവിരുദ്ധ ഭീകരത’പോലെ ഇതും കൂടുതൽ ഭീകരത സൃഷ്ടിക്കാനേ സഹായിക്കൂ. ഇറാനുമായി ശക്തമായ സാമ്പത്തിക ബന്ധമുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ സ്വന്തം താൽപര്യവും മനുഷ്യരാശിയുടെ പൊതുതാൽപര്യവും ശക്തമായി ഉയർത്തിപ്പിടിക്കേണ്ട ഘട്ടമാണിത്. യു.എസ് ഭരണകൂടത്തിെൻറ ഏകപക്ഷീയ നടപടികൾ സ്വീകാര്യമല്ലെന്ന് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും കാണിച്ചുകൊടുക്കേണ്ടതുണ്ട്. താൻ തോന്നുംപടി എടുക്കുന്ന ഭ്രാന്തൻ തീരുമാനങ്ങൾ അതേപടി അംഗീകരിക്കേണ്ട ബാധ്യത മറ്റു രാജ്യങ്ങൾക്കില്ലെന്ന് ട്രംപിനെ ബോധ്യപ്പെടുത്തേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ താൽപര്യവും അതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.